ചായപ്പൊടി വാങ്ങുവാനായി വാഗമണ്‍ വരെ ഒരു കിടിലന്‍ യാത്ര…

അങ്ങനെ എഞ്ചിനീയറിംഗ് ലൈഫിലെ ഏഴാം സെമസ്റ്റർ പരീക്ഷകൾ തീർന്നു.വീണ്ടും ഒരു അവധി കാലം.കുറെ നല്ല ഓർമകൾ നൽകിയ എഞ്ചിനീയറിംഗ് പഠനകാലം തീരാൻ പോകുന്നതിന്റെ ചെറിയ ഒരു സങ്കടം മാത്രം.
ഇന്നലെ എക്സാം തീർന്നതിന്റെ ക്ഷീണത്തിൽ അതിരാവിലെ 8 മണിക്കു എഴുനേറ്റു.പറയാതെ വയ്യ ,നല്ല തണുപ്പാ രാവിലെ ഇപ്പോൾ. whatsapp മെസ്സജുകൾ ഒക്കെ ഒന്ന് നോക്കി.ക്രിസ്മസിന് പുൽക്കൂട് ഉണ്ടാകണം എന്നായിരുന്നു ഇന്നത്തെ പ്ലാൻ. രാവിലെ ഒരു നല്ല ചായ ഒരു ദിവസത്തേക്കുള്ള ഉന്മേഷം തരും എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.അങ്ങനെ ഒരു ചായ ഉണ്ടാക്കാൻ നോക്കിയപ്പോഴാണു ഞാൻ ആ സത്യം മനസിലാക്കിയത്.ചായപ്പൊടി തീർന്നു.

കഴിഞ്ഞ പ്രാവിശ്യം പ്രമുഖ കമ്പനിയുടെ ചായപൊടി വാങ്ങിയത് 75 രൂപയ്ക്കാണ് ,അതും 250 ഗ്രാമിനു. അങ്ങനെയിരിക്കെ വാഗമണ്ണിന്‌ അടുത്തുള്ള പുള്ളിക്കാനത്തു പോയി ചായപൊടി വാങ്ങാൻ തീരുമാനിച്ചു.
വേറെ ഒന്നും കൊണ്ടല്ല,അവിടെ ഒരു tea ഫാക്ടറിയുണ്ടു,കൂടാതെ വിലക്കുറവും മാത്രമല്ല ഒരു ട്രിപ്പുമാവും.ഞാൻ ചായപൊടി വാങ്ങുവാൻ പോവാണെന്നു അറിഞ്ഞ വീടിനടുത്തുള്ളവരും ഞങ്ങൾക്കും ചായപൊടി വാങ്ങി കൊണ്ടുവന്നെ എന്നു പറഞ്ഞു.സമയം 9 മണിയായി.ഒരു ബാഗ് എടുത്തു.നമ്മുടെ സ്വന്തം ബൈക്കിൽ യാത്ര തുടങ്ങി.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നമ്മുടെ ഷോളിന്റെ വീടെത്തി.നമ്മുടെ വീട്ടുകാരൻ പോലത്തെ കൂട്ടുകാരൻ.ഒരു പണിയുമില്ലാതെ വീട്ടിൽ മടി പിടിച്ചിരുന്ന അവനേം കൂട്ടി എന്‍റെ ചായപൊടി യാത്രയിൽ.

ഒരു റൈഡിനു പറ്റിയ കാലാവസ്ഥ. നേരിയ തണുത്ത കാറ്റ്.ഒത്തിരി ഇഷ്ടപ്പെട്ടു. അങ്ങനെ കാഞ്ഞാർ എത്തി.കുറച്ചു നാൾ മുന്നേ ഞാൻ കാഞ്ഞാർ വഴി വാഗമൺ പോയപ്പോൾ വഴി വളരെ മോശം ആയിരുന്നു.കാര്യം പറഞ്ഞാൽ മൂലമറ്റം കൂടി പോയാൽ നല്ല വഴിയാ എങ്കിലും ഒരു നിമിഷം ഞാൻ കേരളത്തിൽ ആണെന്ന കാര്യം മറന്നു.കാഞ്ഞാർ വഴി തന്നെ പോയി.പണ്ടു ചെറിയ കുഴികൾ ഉണ്ടായിരുന്ന വഴി ആയിരുന്നു, അതിൽ പലതും ഇന്നു കിണറുകളും തോടുകളുമായി .ഇലവീഴാ പൂഞ്ചിറക്ക് പോകണോ എന്നു ഒരു നിമിഷം ചിന്തിച്ചു.വഴി കണ്ടപ്പോൾ തീരുമാനം മാറ്റി.കുറച്ചു ദൂരം കഴിഞ്ഞുള്ള ഒരു വ്യൂ പോയിന്റിൽ നിർത്തി.രണ്ടു മൂന്നു ഫോട്ടോ എടുത്തു.സ്റ്റാറ്റസ് ഒക്കെ ഒന്നു അപ്ഡേറ്റ് ചെയ്തു.അപ്പോഴാണ് 3 ബൈക്കിൽ കുറെ ചേട്ടന്മാർ വന്നതു.അവർ അഞ്ചുപേരുണ്ടായിരിന്നു. മലപ്പുറത്തുനിന്നും ബൈക്കിൽ ഇടുക്കി കാണാൻ വന്നവർ. ജോലിക്കിടയിൽ ഓരോ കാരണം പറഞ്ഞു കറങ്ങാൻ ഇറങ്ങിയതാ.സ്ഥലങ്ങൾ ഒന്നും അവർക്കു അറിയില്ലാത്തത് കൊണ്ടു അവരുടെ കൂടെ വാഗമൺ പോകുവാൻ എന്നെ ക്ഷണിച്ചു. അങ്ങനെ അവരുമൊത്തു റൈഡ് തുടങ്ങി.

പരിചയപ്പെടുത്താൻ മറന്നു. ഷാനു ചേട്ടൻ ,അമൽ ചേട്ടൻ ,ഷാഫിക്ക, ഫവാസിക്ക പിന്നെ നമ്മുടെ ഫ്രീക്കൻ ഷഹീറിക്കയും .ഇവരെല്ലാം മഞ്ചേരിയിൽ ഒരു കടയിലെ സ്റ്റാഫുകളാണ്.അതിൽ ഫവാസിക്ക ദുബായിയിൽ നിന്ന് ലീവിന് വന്നതാ.അങ്ങനെ യാത്ര തുടർന്നു ഞങ്ങൾ ചുംബന വളവിൽ വണ്ടി നിർത്തി. കുറെ ഫോട്ടോസ് എടുത്തു. വീണ്ടും യാത്ര. അങ്ങനെ പുള്ളിക്കാനം എത്തി.എന്‍റെ tea ഫാക്ടറി.അവിടുത്തെ ചായപൊടി നല്ലതാണെന്നു പറഞ്ഞപ്പോൾ അവരും 2-3 കിലോ ചായപൊടി വാങ്ങി.വാഗമൺ കറങ്ങാൻ പോകുന്നതിനാൽ തിരിച്ചു വരുമ്പോൾ ചായപൊടി വാങ്ങാൻ ഞാൻ തീരുമാനിച്ചു.

ഇത്തിരി ദൂരം മുന്നിൽ ഒരു ചെറിയ തടാകം ഉണ്ടു.അവിടേയും ഇറങ്ങി കുറെ ഫോട്ടോസ് എടുത്തു. അങ്ങനെ കുറെ ദൂരത്തെ ബൈക്ക് യാത്രക്കൊടുവിൽ വാഗമൺ എത്തി.നമ്മുടെ ചേട്ടന്മാർക്കു വിശക്കുണ്ടായിരുന്നു.ഞാൻ വരുമ്പോൾ ഭക്ഷണം കഴിക്കുന്ന ഒരു ഹോട്ടൽ ഉണ്ടായിരുന്നു.അവിടെ കയറി.നല്ല ചൂടു പൊറോട്ട എന്നൊക്കെയാ പറഞ്ഞു തന്നതാ കിട്ടിയപ്പോൾ തണുത്തായിരുന്നു.അവരെയും പറഞ്ഞിട്ടു കാര്യം ഇല്ല. നല്ല തണുപ്പാ പുറത്തു.

തങ്ങൾപാറ, അതാണു ഞങ്ങളുടെ ലക്ഷ്യം. അങ്ങോട്ടേക്കുള്ള വഴിക്കു ഒരു മാറ്റവുമില്ല. അന്നും ഇന്നും പൊട്ടിപ്പൊളിഞ്ഞു തന്നെ. തങ്ങൾപാറ ,പണ്ടു കോളേജിലെ കൂട്ടുകാർക്കൊപ്പം വന്നിട്ടുണ്ടെങ്കിലും അന്നു മുകളിൽ കയറാൻ സാധിച്ചിരുന്നില്ല. താഴെ വണ്ടി ഒതുക്കി.ചെറിയ ഒരു പാസ് ഉണ്ടു അവിടെ.500 മീറ്റ ദൂരം കുത്തനെയുള്ള പാറ. ഞങ്ങൾ പതുക്കെ നടക്കാൻ തുടങ്ങി.ആദ്യം ചെറിയ കാറ്റു ഉണ്ടായിരുന്നു.അങ്ങു കയറി ഇത്തിരി ദൂരം ചെന്നപ്പോൾ എന്നെ പറത്തിക്കൊണ്ട് പോകുന്ന രീതിയിലുള്ള കാറ്റ്. പിന്നെ നല്ല ബോഡി weight ഉള്ളതു കൊണ്ടു അങ്ങു അഡ്ജസ്റ് ചെയ്തു.അപ്പോഴാണ് കുറച്ചുപേരു സൈക്കിൾ കൊണ്ടു ആ മല കയറുന്നു.

അവരെ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നതു ഞങ്ങളുടെ കോളേജിലെ ഡ്രാക്കുളയായ ഡോണിനെയാണ്. വേറൊന്നുമല്ല ആളൊരു സൈക്കിൾ പ്രേമിയാണ് അതിലുപരി ആർക്കെങ്കിലും ബ്ലഡ് ആവശ്യമുണ്ടെങ്കിൽ അറേഞ്ച് ചെയ്യുന്ന ഒരു മനുഷ്യ സ്‌നേഹി. സൈക്കിളിൽ വന്നവരെ ഞങ്ങൾ പോയി പരിചയപെട്ടു.അവരെല്ലാം ഇംഗ്ലണ്ടിൽ നിന്നു വന്ന ടൂറിസ്റ്റുകൾ ആയിരുന്നു.4 ദിവസത്തെ ട്രിപ്പ് ആയിരുന്നു അവരുടെ.കുമളി കുട്ടിക്കാനം വാഗമൺ മൂന്നാർ സൈക്കിളിൽ.എന്നെ കൊണ്ടു സാധിക്കില്ല ഇവരെപ്പോലെ സൈക്കിളിൽ ഇത്രയും ദൂരം പോകുവാൻ.അതിൽ കൂടിയുണ്ടായിരുന്ന ഡേവിഡിനും ജൂഡിത്തിനും വാഗമൺ വളരെ ഇഷ്ടമായി.പിന്നീട് ഞങ്ങൾ എല്ലാം ഒരുമിച്ചു മല കയറി.അവസാനം മുകളിൽ എത്തി.The peak എന്നൊക്കെ പറയില്ലേ അവിടെ. അവിടെ കണ്ട കാഴ്ച്ചകൾ എങ്ങനെ വിവരിക്കണം എന്നെനിക്കറിയില്ല. something beyond awesomeness.

ഒരുമണിയോടു കൂടി ഞങ്ങൾ മലയിറങ്ങി.അവിടുത്തെ സെക്യൂരിറ്റി ചേട്ടൻ നേരെ 500 മീറ്റർ പോയാൽ കുരിശുമല എത്തും എന്നു പറഞ്ഞു.വണ്ടിയെടുത്തു നേരെ കുരിശുമല.പകുതി എത്തിയപ്പോൾ റോഡ് തീർന്നു.ഒരു കുറ്റികാട്ടിലേക്കായിരുന്നു ബാക്കി വഴി.അപ്പോഴാണു ഒരു ചേട്ടൻ കാറും കൊണ്ടു വന്നത്‌.വഴി ഇല്ല എന്നു ഞങ്ങൾ പറഞ്ഞു.ആളു നേരെ അങ്ങു പോയി.തിരിച്ചു വന്നപ്പോൾ ഗൂഗിൾ മാപ് വരെ പണി തന്നു തുടങ്ങി എന്നു പറഞ്ഞു ആ ചേട്ടൻ പോയി.അവിടുന്ന് ഞങ്ങൾ മുട്ടകുന്നിലേക്കു തിരിച്ചു.അവിടെ ചെന്നപ്പോൾ തീർത്തും നിരാശ.പ്രതീക്ഷിച്ച പച്ചപ്പൊന്നുമില്ല.അവിടെ കയറാതെ പൈൻ വാലി ലക്ഷ്യമാക്കി നീങ്ങി.പൈൻ വാലി ചെന്നപ്പോൾ ഒരു ബൈക്ക് പാർക്ക് ചെയ്യാൻ പോലും സ്‌ഥലം ഇല്ല അവിടെ.

വഴിയരുകിൽ വണ്ടി ഒതുക്കി ഞങ്ങൾ പൈൻ മരങ്ങളുടെ ഇടയിൽ കൂടെ നടന്നു.എന്താണെന്നു അറിയില്ല എത്ര വന്നാലും ഒരു മടുപ്പും തോന്നുകയില്ലാത്ത സ്ഥലങ്ങളാണ് വാഗമണ്ണിൽ മിക്കതും.ഞങ്ങൾ എല്ലാവരും കുറെ ഫോട്ടോസ് വീണ്ടും എടുത്തു. ഇതൊക്കെയാണല്ലേ പിന്നീട് നോക്കുമ്പോൾ ഒരു സന്തോഷം.അങ്ങനെ അവിടെ നിന്നും ഞങ്ങൾ തിരിച്ചു.ഇനിയുള്ളത് സൂയിസൈഡ് പോയിന്റാ.അപ്പോഴേക്കും സമയം 2 മണി കഴിഞ്ഞായിരുന്നു.5 മണിക്ക് മുന്നേ എനിക്ക് വീട്ടിൽ എത്തേണ്ട ആവശ്യം ഉണ്ടായിരുന്നു.അതുകൊണ്ടു നമ്മുടെ മലപ്പുറം ചേട്ടന്മാരോട് ബൈ പറയേണ്ടി വന്നു.അവരു നേരെ തേക്കടിക്കായിരുന്നു.ഏലപ്പാറ വഴി അവർക്കു പറഞ്ഞു കൊടുത്തു. കുറച്ചു സമയം കൊണ്ടു കുറച്ചു നല്ല ചേട്ടന്മാരെ പരിചയപ്പെടാൻ സാധിച്ചു.ഇനി ധൈര്യമായി പറയാലോ അങ്ങു മലപ്പുറം മഞ്ചേരിയിലും എനിക്ക് പിടി. അല്ലേലും ഞങ്ങൾ തൊടുപുഴക്കാർ ഇങ്ങനെയാ,എവിടെ ചെന്നാലും പരിചയക്കാരുണ്ടാവും ഇല്ലേൽ ഉണ്ടാക്കും.

രണ്ടരയോടു അടുത്തു വാഗമണ്ണിൽ നിന്നു തിരിച്ചു.വന്ന കാര്യം മറന്നു പോകരുത്.ചായപൊടി,കഥയിലെ താരം, അതാണു ഇന്നു വാഗമൺ കറങ്ങാൻ അവസരം ഉണ്ടാക്കിയത്.നാലുമണിയായപ്പോൾ പുള്ളിക്കാനം tea factoryയിൽ എത്തി.ഒട്ടും കുറച്ചില്ല എല്ലാവർക്കുമായി 6 കിലോ 12 പാക്കറ്റ് ചായപൊടി വാങ്ങി.ഡിസ്‌കൗണ്ട് ചോദിച്ചു ,കിട്ടിയില്ല. പുറത്തിറങ്ങിയപ്പോൾ factory കയറി കാണാൻ പറ്റുമോ എന്നു ഒരു ചേട്ടനോട് ചോദിച്ചു. മാനേജർ വരണം എന്നു പറഞ്ഞു. അപ്പോഴിതാ ഒരു കാർ ഞങ്ങളുടെ മുന്നിൽ വന്നു നിർത്തി.നോക്കിയപ്പോൾ factory യുടെ മാനേജർ. ഒട്ടും മടിച്ചില്ല,ചോദിച്ചു. engineering സ്റ്റുഡന്റസ് ആണെന്നു പറഞ്ഞപ്പോൾ ഒരു ഗൈഡിനെ മാനേജർ സർ അറേഞ്ച് ചെയ്തു തന്നു. അങ്ങനെ ഞാനും ഷോളിനും ഫാക്ടറിയുടെ അകത്തേക്ക്.ഞങ്ങളുടെ കൂടെ വന്ന ചേട്ടൻ ഒരു ചെറിയ വർക്കിംഗ് വരെ എഞ്ചിനീറിംഗുമായി ബന്ധപ്പെടുത്തി പറഞ്ഞു തന്നു. ഓരോ conveyer ബെൽറ്റ് മുതൽ furanace വരെ. ഒരു ഇൻഡസ്ട്രിയൽ വിസിറ്റ് കഴിഞ്ഞതു പോലെ ഞങ്ങൾക്കു തോന്നി. വാങ്ങിയ ചായപൊടിയുമായി ഞങ്ങൾ വീട്ടിലേക്കു മടങ്ങി.ഷോളിനെ വീട്ടിൽ കൊണ്ടുപോയി വിട്ട ശേഷം അഞ്ചുമണിയോടുകൂടി ചായപൊടിയുമായി ഞാനും വീട്ടിലെത്തി. സംഭവബഹുലമായ മറ്റൊരു യാത്ര കൂടി അവസാനിച്ചു..

വിവരണം – വര്‍ഗ്ഗീസ് ബെന്നി (https://varghesebenny.blogspot.in) .

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply