കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ പോസ്റ്റ് വായിച്ചതിന്റെ പ്രേരണയിൽ ഞാനും സുഹൃത്ത് പ്രവീണുമായി കോവിലൂർക്ക് പോയി. എറണാകുളം K S R TC ബസ്സ് സ്റ്റാൻഡിൽ നിന്നും രാവിലെ 4 മണിക്കുള്ള എറണകുളം – കോവിലൂർ ഫാസ്റ്റ് പാസ്സഞ്ചർ ബസിലാണ് യാത്ര തിരിച്ചത്. എറണാകുളത്തു നിന്നും ആലുവ – പെരുമ്പാവൂര്‍ – കോതമംഗലം – വഴി 7.25 നു അടിമാലിയിൽ എത്തി ചേര്‍ന്നു, അവിടെ നിന്നും ഭക്ഷണം കഴിക്കാനുള്ള സമയം ഉണ്ട്.
അവിടെ നിന്നും പുറപ്പെട്ട ബസ് 8.45 നു മുന്നാറിൽ എത്തിച്ചേർന്നു, അവിടെയും കുറച്ചു വിശ്രമ സമയം ഉണ്ട്.
10 മണിക്ക് മുന്നാറിൽ നിന്നും പുറപ്പെടുന്ന ബസ് മാട്ടുപ്പെട്ടി വഴി പാമ്പാടും ഷോല വനത്തില്ലൂടെ സാഹസിക യാത്ര, വനത്തിൽ നിന്നും വിറകുമായി മടങ്ങുന്ന സ്ത്രീകളെ കാണാം. ബസ് കണ്ടക്ടർ നല്ല പ്രകൃതി ആസ്വാതകൻ കൂടിയാണ്, ബസിൽ പൊതുവെ ആളുകൾ കുറവാണ്, ഓരോ വ്യൂ പോയന്റ് ആകുമ്പോഴും കണ്ടക്ടർ പറഞ്ഞു തരും, ഇന്ന സീറ്റിൽ ഇരുന്നാൽ നല്ലപോലെ കാണാം എന്നുവരെ കണ്ടക്ടർ പറഞ്ഞു തന്നു, രാവിലെയും വൈകുന്നേരങ്ങളിലും ഈ റൂട്ടിൽ ആന, കാട്ടുപോത്ത്, മ്ലാവ് തുറങ്ങിയ വന്യ മൃഗങ്ങളെ കാണാൻ സാധിക്കും. പാമ്പാടും ഷോലയും പിന്നിട്ട ബസ് 11.30 നു കോവിലൂർ എത്തി.
ധാരാളം ചെറിയ കോവിലുകൾ ഉള്ളതുകൊണ്ടാണ് ആ ഗ്രാമത്തിനു കോവിലൂര്‍ എന്ന പേ രുകിട്ടിയതു.
കോവിലൂർ ചെന്നിറങ്ങിയപ്പോൾ നല്ല മഴ. അത്രയും ദിവസം ഇല്ലാതിരുന്ന മഴ ഞങ്ങൾ ചെന്നപ്പോൾ പെയ്തു, മഴ പെട്ടെന്ന് നിന്നു, കേരളം ആണേലും ഒരു തമിഴ് ഗ്രാമത്തിന്റെ രൂപഭംഗിയാണ് കോവിലൂരിനു. സ്ഥലത്തെക്കുറിച്ച് പരിചയം ഇല്ലാത്തതുകൊണ്ട് രണ്ടു പേരുടെ സഹായം ചോദിച്ചു, അവിടെ പഴതോട്ടം എന്നൊരു വ്യൂ പോയിന്റ് ഉണ്ട് അവിടെ നിന്നാൽ കൊവില്ലൂരും വട്ടവടയും നല്ലപോലെ കാണാം എന്ന് അവർ പറഞ്ഞു.
സഹായത്തിനായി ഒരു ഓട്ടോ ഡ്രൈവറെ വിളിച്ചുതന്നു, പേര് വിനോദ്, നല്ലൊരു ചെറുപ്പക്കാരൻ. 300 രൂപ നൽകിയാൽ സ്ഥലങ്ങളെല്ലാം കാണിച്ചുതരാം എന്നുപറഞ്ഞു. ഞങ്ങൾ സമ്മതിച്ചു. വിനോദ് ഞങ്ങളുമായി പഴതോട്ടത്തിലേക്ക് യാത്ര തിരിച്ചു. കോവില്ലൂരിൽ തണുപ്പിന്റെ കാഠിന്യം വളരെ കൂടുതലാണ്, എങ്ങും ഓണത്തിനായി വിളവിറക്കിയ കൃഷിയിടങ്ങൾ, മലയാളികൾ കഴിക്കുന്ന നല്ലൊരു ശതമാനം പച്ചക്കറികളും കോവിലൂർ വട്ടവട ഗ്രാമങ്ങളിൽ നിന്നുമാണ് വരുന്നത്. മലകളിൽ തട്ടുതട്ടുകളായി ആണ് കൃഷി. കോവർ കഴുതയെ ഉപയോഗിച്ചാണ് മല മുകളിലേക്കും തിരിച്ചും ചരക്കുകൾ എത്തിക്കുന്നത്.
പഴതോട്ടം എത്തിയപ്പോൾ വിനോദ് കുറച്ചു സ്ഥലങ്ങൾ കാണിച്ചു തന്നു, ചിലന്തിയാർ പോലുള്ള കുടികൾ ആരുന്നു അത്. ആകെ അഞ്ച് കുടികളാണ് കോവിലൂരിലുള്ളത്. പഴതോട്ടം വ്യൂ പോയിന്റ് ൽ നിന്നും വിനോദ് വേറൊരു വ്യൂ പോയന്റിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും താഴേക്ക് നോക്കുമ്പോൾ ഹോളിവുഡ് ലോക്കെഷനെ അനുസ്മരിപ്പിക്കുന്ന കാഴ്ച്ചയാണ്. കുറച്ചധികം സമയം അവിടെ ചിലവഴിച്ചു. സുഹൃത്ത് പ്രവീണ്‍ ഓടിനടന്നു കാഴ്ച്ചകൾ കാണുന്ന തിരക്കിലാരുന്നു. ദൂരെയുള്ള ഒരു മല ചൂണ്ടിക്കാട്ടി വിനോദ് പറഞ്ഞു അത് പളനി മല ആണെന്ന്. ഞങ്ങളുടെ മുഖത്തെ സംശയം കണ്ടപ്പോൾ വിനോദ് പറഞ്ഞു നിങ്ങൾ ഉദ്ദേശിക്കുന്ന പളനി അല്ലിതെന്നു, ഇത് പളനിമല ഫോറസ്റ്റിലെ ഒരു ഭാഗമാണ്.
വിനോദിന് കോവിലൂരിനെക്കുറിച്ച് നല്ല അറിവാണ്, ആകെ രണ്ടു സ്കൂളുകളെ കൊവിലൂരിലുള്ളൂ, ചെറിയ ഒരു സർക്കാർ ആശുപതി ഉള്ളതാണേൽ ആഴ്ച്ചയിൽ 3 ദിവസമേ തുറക്കുകയുള്ളു. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ വിനോദ് പറഞ്ഞു തന്നു. കാട്ടുപന്നിയുടെ ആക്രമണം ഉള്ളതുകൊണ്ട് കൃഷി നശിക്കുന്നത് നിത്യ സംഭവമാണ്. വിനോദിനും കൃഷിഭൂമിയുണ്ട്, മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് കൃഷി ചെയ്യുന്നത് എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ എന്റെ മനസ്സൊന്നു മങ്ങി, യാത്ര ബുദ്ധിമുട്ടാണ് വട്ടവട- കോവിലൂര്കാരുടെ പ്രധാന പ്രശ്നം, മിക്കവർകും ബൈക്ക് ഉണ്ടെന്ക്കിലും പെട്രോൾ അടിക്കണമെങ്കിൽ 50 കിലോമീറ്റർ ദൂരെയുള്ള മുന്നാർ വരെ പോകണം.
ഉച്ചയ്ക്ക് 2 മണിക്കുള്ള കോവിലൂർ – എറണാകുളം P M S എന്ന പ്രൈവറ്റ് ബസിൽ തിരികെ വരേണ്ടതുകൊണ്ട് ഞങ്ങൾ ചിലന്തിയാർ വഴി തിരികെ കോവിലൂർ എത്തിയപ്പോൾ ഞങ്ങളെയും കാത്തു ബസ് കിടപ്പുണ്ട്. വിനോദിനോട് യാത്ര ചോദിച്ചു കോവിലൂരിൽ നിന്നും മടങ്ങിയ എന്റ മനസ്സിപ്പോളും കോവിലൂരിലാണ്.
യാത്രക്കാരുടെ ശ്രദ്ധക്ക് : 1, കോവല്ലൂരിൽ വരുന്നവർ ഭക്ഷണം കരുതുക. 2, പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുക.
3, സ്വന്തം വാഹനങ്ങളിൽ വരുന്നവർ ശ്രദ്ധാപൂർവ്വം വാഹനങ്ങൾ ഓടിക്കുക, G P S സൌകര്യം ഉപയോകിക്കുക.
4, മാട്ടുപ്പെട്ടി മുതൽ റോഡിൽ വന്യമൃഗങ്ങൾ ക്രോസ് ചെയ്യാൻ സാധ്യതയുണ്ട്, വാഹനം ശ്രദ്ധാപൂർവ്വം ഓടിക്കുക.
5, വന്യമൃഗങ്ങളെ കണ്ടാൽ വണ്ടിയിൽ നിന്നും ചാടിയിറങ്ങരുത്, അപകടമാണ്. 6, കാട്ടിൽകയറി സെൽഫി എടുക്കാനൊന്നും നിൽക്കണ്ട, ചിലപ്പോൾ അടിയന്തിരത്തിനു ആ ഫോട്ടോ ഉപയോഗിക്കേണ്ടിവരും.
© Habeeb Rahman Photography