ഔളിയിലെ ഗോർസൻ ബുഗയാലെന്ന മഞ്ഞണിഞ്ഞ സ്വർഗ്ഗത്തിലേക്ക്..

യാത്രാവിവരണം – ജയേഷ് പ്രസന്നകുമാർ.

കണ്ടക്ടറുടെ ഉച്ചത്തിലുള്ള ശബ്ദമാണ് കണ്ണു തുറപ്പിച്ചതു. വണ്ടി റിഷികേശിൽ എത്തിയിരിക്കുന്നു. പുതിയ കുറെ ആളുകൾ വണ്ടിയിലേക്ക് കയറി. പുലർച്ചെ അഞ്ചു മണിക്ക് ഡെറാഡൂണിൽ നിന്നും പുറപ്പെട്ട യാത്ര ആണ്. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. ജോഷിമഥിലേക്ക് ഇനി ഒരു പകൽ മുഴുവൻ യാത്ര ബാക്കിയുണ്ട്. ലക്ഷ്യ സ്ഥാനമായ ഔളി അവിടെ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെയാണ്. ഇളം പച്ച നിറത്തിൽ ഒഴുകുന്ന ഗംഗയുടെ ഓരം പറ്റി ബസ് വീണ്ടും ഓടി തുടങ്ങി. മല ചെത്തിയിറക്കിയ വീതി കുറഞ്ഞ റോഡിലൂടെ ഉള്ള യാത്ര ഹൃദയമിടിപ്പ് കുറച്ചു കൂട്ടുക തന്നെ ചെയ്യും. ഒരു കയ്യിൽ കത്തുന്ന ബീഡിയും ഒരു കയ്യിൽ സ്റ്റീയറിങ്ങ് വീലുമായി ഇത്തരം ദുർഘടമായ ഒരു പാതയിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവർ ഒരേ സമയം കൗതുകവും അതോടൊപ്പം ഭീതിയും ഉളവാക്കും. മലയുടെ കൂടൂതൽ ഉയരങ്ങളിലേക്ക് എത്തും തോറും റോഡിന്റെ വീതിയും ദുർഘടതയും കൂടി വന്നു. പലയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡിന്റെ പാതി നഷ്ട്ടപ്പെട്ട നിലയിൽ ആണ്. മഴക്കാലങ്ങളിൽ അപ്പോൾ യാത്ര എത്ര ദുഷ്കരമാണെന്ന് ഓർത്തുപോയി. ഓരോ മണിക്കൂറിലും പതിനഞ്ചു മിനിട്ടെങ്കിലും ബസ് നിർത്തി വിശ്രമിച്ചാണ് ഡ്രൈവർ യാത്ര തുടരുന്നത്.

പൂത്തു നിൽക്കുന്ന കടുകു പാടങ്ങളും, ചെങ്കുത്തായ മലനിരകളും, താഴ്വവാരത്തിലൂടെ ഒഴുകുന്ന ഗംഗയും നീണ്ട ബസ് യാത്രയെ ആസ്വാദൃകരമായ ഒരു അനുഭവമാക്കും. ഹിന്ദുമത വിശ്വാസപ്രകാരം പഞ്ച്പ്രയാഗ് എന്നറിയപ്പെടുന്ന ദേവപ്രയാഗ്, രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്, നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് എന്നീ അഞ്ചു പ്രയാഗുകളും കണ്ടു കൊണ്ടായിരുന്നു യാത്ര പുരോഗമിച്ചത്. ഹിമാലയൻ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന പുണൃ നദികളുടെ സംഗ്ഗമ സ്ഥാനങ്ങളെയാണ് പ്രയാഗ് എന്നു വിളിക്കുന്നത്. ദേവപ്രയാഗ്ഗിൽ വച്ചു ഭഗീരഥി നദിയിലെ ഇളം പച്ച നിറമുള്ള ജലവും അളകനന്ദയിലെ കടുത്ത നീല ജലവും കൂടിച്ചേരുന്നത് വളരെ സുന്ദരമായ ഒരു ദ്യശൃമാണ്. ദേവപ്രയാഗിൽ വെച്ച് ഗംഗ ഞങ്ങളോട് വിടപറയുകയും അളകനന്ദ യാത്രയുടെ അവസാനം വരെ ഞങ്ങളുടെ ഒപ്പം കൂടുകയും ചെയ്തു.

യാത്ര തുടരും തോറും ചിലനേരങ്ങളിൽ അകലെ പ്രതൃക്ഷപ്പെട്ട മഞ്ഞുമൂടിയ ഹിമാലയ പർവ്വത ശിഖരങ്ങൾ ഔളിയിൽ ഞങ്ങളെ കാത്തിരിക്കുന്ന ദൃശൃങ്ങളെക്കുറിച്ച് സൂചനകൾ നൽകി. ഏകദേശം വൈകുന്നേരം അഞ്ചുമണിയോടു കൂടി നീണ്ടയാത്രക്കു ശേഷം ജോഷിമഥിൽ എത്തിച്ചേർന്നു. കടകളും, ഹോട്ടലും സ്കൂളുമൊക്കെയുള്ള ഹിമാലയ താഴ്വവരയിലെ ഒരു ചെറുപട്ടണമാണ് ജോഷിമഥ്. ഇതുകൂടാതെ ഇൻഡോ ടിബറ്റൻ ബോർഡർ പോലിസിന്റെ ഒരു ക്യാംമ്പും ജോഷിമഥിൽ ഉണ്ട്. ജോഷിമഥിൽ നിന്നും റോഡു മാർഗ്ഗം ഔളിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരമുണ്ട് . ഇതു കൂടാതെ കേബിൾ കാറിലും ഔളിയിൽ എത്താം. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ മാത്രമേ കേബിൾ കാർ സർവ്വീസുള്ളു അതുകൊണ്ട് അ രാത്രി ജോഷിമഥിൽ തങ്ങി രാവിലെ കേബിൾ കാറിൽ ഔളിക്ക് പോകാൻ തീരുമാനിച്ചു. ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നു കാണുന്നത് അകലെ മഞ്ഞുമൂടി നിൽക്കുന്ന ഹിമാലയൻ പർവ്വതനിരകളാണ്. അ കാഴ്ച്ച അധികനേരം ആസ്വദിച്ചു പുറത്തു നിൽക്കാൻ പൂജൃം ഡിഗ്രിയും കഴിഞ്ഞ് മുന്നേറികൊണ്ടിരുന്ന തണുപ്പ് അനുവദിച്ചില്ല. നീണ്ട യാത്രയുടെ ക്ഷീണവും തണുപ്പിന്റെ കാഠിന്യവും ഹോട്ടൽ മുറിയിലെ വലിയ കമ്പിളി പുതപ്പിനടിയിലേക്ക് എന്നെ എത്തിച്ചു.

പുലർച്ചെ സ്കൂളിൽ പോകുന്ന കുട്ടികളെ കണ്ടുകൊണ്ടാണ് ദിവസം തുടങ്ങിയത്. ഇത്രയും തണുപ്പത്ത് രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകുന്ന അവരെ കണ്ടു കുറച്ചു ബഹുമാനം തോന്നാതിരുന്നില്ല. പ്രഭാത ഭക്ഷണത്തിനു ശേഷം ഒൻപതു മണിക്കു തന്നെ കേബിൾകാർ സ്റ്റേഷനിൽ എത്താനിരുന്നപ്പോളാണ് മഴ വന്നത്ത് പക്ഷേ വെള്ളത്തിനു പകരം ഐസാണ് പെയ്തത്. കുറച്ച് നേരം ഐസ് പെയ്തതിനു ശേഷം വെള്ളം താഴേക്ക് പെയ്തിറങ്ങുന്ന നമ്മൾ കാണാറുള്ള സാധാരണ മഴയിലേക്ക് രൂപം മാറി. ഞാനും സഹയാത്രികനായ സുഹൃത്തും ചുണ്ടിൽ ഒരു ചെറു ചിരിയുമായി അ പ്രതിഭാസം ആസ്വദിച്ചു ബാൽക്കണിയിൽ നിന്നു.

ഹോട്ടലിൽ നിന്നറങ്ങി ഭക്ഷണം കഴിച്ച് കേബിൾകാർ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ആദൃത്തെ സർവ്വീസ്സ് പോയിരുന്നു. അടുത്ത സർവ്വീസ്സിനു കുറഞ്ഞതു ആറു പേരെങ്കിലും ആവശ്യമായതുകൊണ്ട് ടിക്കറ്റ് എടുത്ത് കാത്തിരുന്നു. ഔളിയിലേക്ക് ഉള്ള യാത്രക്കും മടക്ക യാത്രക്കും കൂടി 750 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് ചാർജ്. മടക്കയാത്ര എത്രദിവസം കഴിഞ്ഞാണെങ്കിലും കുഴപ്പമില്ല ഇതേ ടിക്കറ്റ് തന്നെ നമുക്ക് ഉപയോഗിക്കാം. കുറച്ചാളുകൾക്കൂടി എത്തിച്ചേർന്നതോടെ കേബിൾകാർ സർവ്വീസ്സാരംഭിച്ചു. 15 ഓളം പേർക്കു നിന്നു യാത്ര ചെയ്യാവുന്ന രീതിയിലാണ് കേബിൾകാർ നിർമിച്ചിരിക്കുന്നത്. കാശ്മീരിലെ ഗുൽമാർഗ്ഗിലെ കേബിൾകാർ സർവ്വീസ്സ് കഴിഞ്ഞാൽ ഏറ്റവും നീളം കൂടിയതും ഉയരം കൂടിയതുമായ കേബിൾകാർ സർവ്വീസ് ഔളിയിലേതാണ്. പത്തു ടവറുകളാണ് ഔളിയിലെ കേബിൾകാർ പാതയിൽ ഉള്ളത് അതിൽ എട്ടിലും, പത്തിലും മാത്രമേ സ്റ്റേഷനുകളുള്ളൂ. എട്ടാമത്തെ ടവറിൽ ഇറങ്ങി അവിടെ നിന്നും ചെയർകാറിൽ വേണം ഞങ്ങൾ മുറി ബുക്ക് ചെയ്ത ഔളി റിസോർട്ടിൽ എത്താൻ.

അഞ്ചു ടവറുകൾ പിന്നിട്ടപ്പോൾ വെള്ളപുതച്ച മലച്ചെരിവുകളും, പൈൻമരതലപ്പുകളും കണ്ടു തുടങ്ങിയതോടെ ഉള്ളിൽ ആകാംഷയും സന്തോഷവും പൊന്തിവരാൻ തുടങ്ങി. ഏഴാമത്തെ ടവറു കഴിഞ്ഞ് കുത്തനെയുള്ള മലച്ചെരിവു അവസാനിക്കുന്നയിടത്തു വച്ചു ഔളിയെന്ന മഞ്ഞുപുതച്ചു കിടക്കുന്ന സ്വർഗ്ഗം ഞങ്ങൾ കണ്ടു തുടങ്ങി. എട്ടാമത്തെ ടവറിൽ ഞങ്ങളെ ഇറക്കി കേബിൾകാർ മുന്നോട്ട് പോയി. പുറത്ത് മഞ്ഞ് പെയ്യുകയായിരുന്നു. ചുറ്റും മഞ്ഞല്ലാതെ ഒന്നുമില്ല. ടവറിൽ നിന്ന് കൊണ്ട് ഔളിയുടെ ഭംഗി ആസ്വദിച്ചതിനു ശേഷം താഴേക്ക് ഇറങ്ങി. മുകളിൽ നിന്നും പഞ്ഞിപോലെ മഞ്ഞു പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. കുറച്ചു മഞ്ഞ് വാരി കയ്യിലെടുത്തു നോക്കി, കുറച്ചു ഉരുളയാക്കി എറിഞ്ഞു കളിച്ചു. മഞ്ഞ്! പര്യായം: തുഷാരം, ഹിമം എന്നു പറഞ്ഞു പഠിച്ച സ്കൂൾ കാലഘട്ടത്തിനു ശേഷം എത്ര വർഷമെടുത്തു മഞ്ഞെന്താണെന്ന് കാണാനും അറിയാനും വേണ്ടി. നിയന്ത്രണാതീതമായ സന്തോഷമായതുമൂലം പിന്നീടുള്ള അരമണിക്കൂർ എന്താണ് ചെയ്തതെന്ന് എനിക്കു വലിയ ഓർമ്മയില്ല.

മഞ്ഞിലൂടെ ബാഗും തൂക്കി ചെയർകാർ സ്റ്റേഷൻ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. ഒരാൾക്ക് ടിക്കറ്റ് ചാർജ് 350 രൂപയാണ്. ഒരു ടിക്കറ്റുപയോഗിച്ച് രണ്ടു യാത്രകൾ നടത്താം. ടിക്കറ്റെടുത്ത് ചെയർകാറിൽ കേറി. മഞ്ഞുമൂടി കിടക്കുന്ന മലചെരിവിനു മുകളിലൂടെ ഔളിയുടെയും അകലെ മഞ്ഞുമൂടി നിൽക്കുന്ന ഹിമാലയൻ പർവ്വത നിരകളുടെ മുഴുവൻ ഭംഗിയും കണ്ടുകൊണ്ടുള്ള ചെയർകാർ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് നമുക്ക് സമ്മാനിക്കുക. ചെയർകാർ സ്റ്റേഷനിൽ ഇറങ്ങി മുറി ബുക്ക് ചെയ്ത ഔളി റിസോർട്ടിലേക്ക് നടന്നു. തടികൊണ്ടുണ്ടാക്കി മഞ്ഞ പെയിന്റടിച്ച ഇഗ്ലു ഷേപ്പിലുള്ള കോട്ടേജുകളാണ് ഔളി റിസോർട്ടിലുള്ളത്. കോട്ടേജിനു മുമ്പിലെ വരാന്തയിൽ ഇരിക്കുമ്പോൾ മുമ്പിൽ കാണുന്ന മഞ്ഞ് മൂടിയ ഹിമാലയൻ പർവ്വത ശിഖരങ്ങൾ നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകും. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ഔളിയിലെ ക്രിത്രിമ തടാകവും, സ്കീയിങ്ങ് ട്രാക്കും കാണാൻ ഇറങ്ങി.

ചെയർകാറുപയോഗിച്ചാൽ പെട്ടെന്നു തടാക കരയിൽ എത്താമെങ്കിലും അത്രയും ദൂരം നടക്കാൻ തീരുമാനിച്ചു. എകദേശം ഒരു കിലോമീറ്റർ മഞ്ഞുമൂടിയ മലച്ചെരിവിലൂടെ ഉള്ള നടപ്പ് കുറച്ചു ആയാസകരമാണെങ്കിലും സന്തോഷം പകരുന്ന ഒരു അനുഭവമാണ്. ഇടക്ക് ഹിമാലയൻ പർവ്വത നിരകൾ കണ്ട് മഞ്ഞിൽ കിടന്നൊന്നു വിശ്രമിക്കാനും മറന്നില്ല. സ്കീയിങ്ങ് ട്രാക്കിന്റെ ഓരം പറ്റിയുള്ള യാത്ര മഞ്ഞുമൂടി കിടക്കുന്ന തടാകക്കരയിൽ എത്തിച്ചു.

തടാകക്കരയിൽ ആളുകൾ പലവിധ വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. മഞ്ഞിൽ ഒന്നു തെന്നി നീങ്ങാൻ ആർക്കാണഗ്രഹമില്ലാത്തതു അതുകൊണ്ട് ഒരു മണിക്കൂർ സ്കീയിങ്ങ് പഠിക്കാൻ തീരുമാനിച്ചു. തലയിടിച്ചും നടുവിടിച്ചുമുള്ള ഒരുപാടു വീഴ്ച്ചകൾക്കൊടുവിൽ കുറച്ചു നേരം ബാലൻസ് തെറ്റാതെ തെന്നിനീങ്ങാൻ പഠിച്ചു. ഒരുപാടു തവണ വീണെങ്കിലും പഞ്ഞികെട്ടുപോലുള്ള മഞ്ഞിലേക്കുള്ള വീഴ്ച്ച ഒരു സുഖമുള്ള അനുഭവമാണ്. സ്കീയിങ്ങ് പഠനം നിർത്തി അടുത്തുള്ള ചായയും മാഗിയും കിട്ടുന്ന ചെറു കടയിലേക്ക് നടന്നു. ഔളിയിൽ മറ്റു കടകൾ ഒന്നും ഇല്ലാത്തതു മൂലം ഇത്തരമുള്ള രണ്ടു കടകളാണ് ഭക്ഷണത്തിനൊരു ആശ്രയം. കടയുടെ പുറത്ത് മഞ്ഞിലിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു ചൂട് മാഗിയും എഗ്ഗ് ബുർജിയും കഴിച്ചു കൊണ്ടിരുന്നപ്പോൾ വീണ്ടും മഞ്ഞ് പെയ്യാൻ തുടങ്ങി. പാത്രത്തിലേക്ക് വീണു കൊണ്ടിരുന്ന മഞ്ഞും, മാഗിയും കൂടി സ്പൂണിൽ കോരി വായിലേക്ക് വച്ചപ്പോൾ എന്റെ കണ്ണിലൊരു നനവും ചുണ്ടിലൊരു ചിരിയും ഉണ്ടായി.

ഔളിയിലെ ക്രിത്രിമ തടാകത്തിലെ വെള്ളവും ഉറഞ്ഞു കിടക്കുകയാണ്. സ്കീയീങ്ങ് മത്സരങ്ങൾ ഔളിയിൽ നടത്തുമ്പോൾ ചിലസമയങ്ങളിൽ സ്കീയിങ്ങ് ട്രാക്കിൽ മഞ്ഞ് വളരെ കുറവായിരിക്കും. അത്തരം സന്ദർഭങ്ങളിൽ ക്രിത്രിമമായി മഞ്ഞ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ് തടാകം ഉപയോഗിക്കുന്നത്. അങ്ങനെ ഉണ്ടാക്കിയ മഞ്ഞ് പമ്പു ചെയ്യാനായി സ്ഥാപിച്ചിരിക്കുന്ന കുഴലുകൾ ട്രാക്കിന്റെ പല ഭാഗത്തുമായി കാണാം. വൈകുന്നേരത്തെ ഇളം വെയിലിൽ തിളങ്ങി നിൽക്കുന്ന മഞ്ഞണിഞ്ഞ ഹിമാലയൻ പർവ്വത നിരകളുടെ ഭംഗ്ഗി ആസ്വദിച്ചു ഒരു ചൂട് മസാല ചായയും ഊതി കുടിച്ച് ഔളിയുടെ തണുപ്പിൽ അലിഞ്ഞു.

തണുപ്പിന്റെ ആധികൃം കൂടി വന്നപ്പോൾ മുറിയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കുറച്ചു നേരത്തിനു ശേഷം ഔളിയെ ഇരുട്ടു വിഴുങ്ങിയെങ്കിലും തടി വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മഞ്ഞുമൂടിയ ഹിമാലയ ശിഖരങ്ങൾ വ്യക്തമായി തന്നെ കാണാമായിരുന്നു. എട്ടു മണിയോടെ മൈനസ്സ് 6 ലേക്ക് താഴ്ന്ന താപനില ഞങ്ങളെ ആദൃം മുറിയിലെ ഹീറ്ററിനു മുമ്പിലേക്കും പിന്നീട് കട്ടിലിലെ വലിയ പുതപ്പിനടിയിലേക്കും എത്തിച്ചു.

പിറ്റേന്ന് രാവിലെ ഏഴുന്നേറ്റ് പ്രഭാതക്രിതൃങ്ങളും നടത്തി ആഹാരം കഴിക്കാൻ പോയി തിരിച്ചെത്തിയപ്പോഴേക്കും തലേദിവസം ട്രെക്കിങ്ങിനു കൊണ്ടുപോകാൻ ഏറ്റിരുന്ന ഗൈഡ് ഞങ്ങളെ കാത്ത് മുറിയുടെ മുമ്പിൽ നിൽപ്പുണ്ടായിരുന്നു. ബാഗിൽ ക്യാമറയും, വെള്ളവും എടുത്തുവെച്ച് മുറി പൂട്ടി ഇറങ്ങി. ഔളിയിൽ നിന്നും നാലു കിലോമീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന ഗോർസൻ ബുഗയൽ എന്ന സ്ഥലത്തേക്ക് ആണ് യാത്ര. ബുഗയൽ എന്നാൽ പച്ച പുൽതകിടി എന്നാണർത്ഥം. റിസ്സോർട്ടിൽ നിന്നും മഞ്ഞിലൂടെ ഒന്നര കിലോമീറ്റർ മല കയറി പത്താമത്തെ കേബിൾ കാർ ടവറിന്റെ അടുതെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം വീണ്ടും യാത്ര പുനരാരംഭിച്ചു.

ഗൈഡ് ഞങ്ങൾക്ക് വഴികാട്ടി ഒരു ക്ഷീണവും ഇല്ലാതെ മുന്നിൽ തന്നെ നടക്കുന്നുണ്ട്. യാത്ര ഗോൾഡൻ ഓക്കും ദേവദാരു മരങ്ങളും നിറഞ്ഞ മഞ്ഞുമൂടികിടക്കുന്ന വനത്തിനുള്ളിലേക്ക് കടക്കുമ്പോൾ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ് നമ്മളിലുണ്ടാക്കുക. മഞ്ഞുമൂടിയ വനത്തിനുള്ളിലൂടെ ഉള്ള യാത്ര നമ്മളെ കൊണ്ടെത്തിക്കുന്നത് പടിയാർ ദേവതയുടെ ഒരു ചെറിയ ക്ഷേത്രത്തിനു മുമ്പിലേക്കാണ്. വനദേവതയെ ആണ് സ്ഥലവാസികൾ പടിയാർ ദേവത ഏന്ന് വിളിക്കുന്നത്. ഉത്തരാഖഢിലെ മറ്റു സ്ഥലങ്ങളിലും വനദേവതയെ ആരാധിക്കുന്ന ഇത്തരം ക്ഷേത്രങ്ങൾ ഉണ്ട്. ക്ഷേത്രത്തിനു അടുത്ത് കുറച്ച് പട്ടാളക്കാർ വലിയ മഞ്ഞുകട്ട ഒരു ചെമ്പിലിട്ട് ഉരുക്കി ചായക്കുള്ള വെള്ളം ഉണ്ടാക്കുന്നുണ്ടായിരുന്നു. കുറച്ചാളുകൾ സ്കീ ചെയ്ത് ഞങ്ങളെ കടന്ന് താഴേക്ക് പൊയ്ക്കൊണ്ടിരുന്നു. മുകളിലേക്ക് എത്തും തോറും മഞ്ഞിന്റെ കനം കൂടുകയും കാല് മഞ്ഞിൽ പുതഞ്ഞു പോകാനും തുടങ്ങി.

വനത്തിലൂടെയുള്ള യാത്ര ഞങ്ങളെ കൊണ്ട് എത്തിച്ചത് മഞ്ഞ് മൂടി കിടക്കുന്ന തുറസ്സായ മലച്ചെരിവിലേക്കാണ്. പിന്നെയും മുകളിലേക്ക് നടന്നു മലയുടെ നെറുകയിൽ എത്തി. അവിടെ കണ്ണെത്താ ദൂരത്തോളം മഞ്ഞുമൂടി പരന്നു കിടക്കുന്ന ചെറു കുന്നുകളും താഴ്വ്വാരങ്ങളും. ഗോർസൻ ബുഗയാൽ ഒരു സ്വർഗ്ഗം ആണ് അതിന്റെ സൗന്ദരൃത്തിലേക്ക് നമ്മൾ അറിയാതെ അലിഞ്ഞു ചേരും. ദൂരെ മഞ്ഞുമൂടി നിൽക്കുന്ന നന്ദാദേവി പർവ്വതവും, ദ്രോണഗിരിയും വാക്കുകൾകൊണ്ട് വിവരിച്ചു തരാൻ പറ്റാത്ത വികാരങ്ങളാണ് നമ്മളിൽ ഉണ്ടാക്കുക. പ്രകൃതി വരച്ചിട്ട അ വലിയ ക്യാൻവാസിനു മുമ്പിൽ ഒരു കാഴ്ച്ചക്കാരനായി വെള്ള പട്ടുമെത്തയിൽ ഞാനിരുന്നു.

ഔളിയിലേക്കുള്ള മടക്കയാത്ര പൂർണ്ണ മനസ്സൊടെ ആയിരുന്നില്ല. ഗോർസൻ ബുഗയാലെന്ന സ്വർഗ്ഗത്തോട് വിട പറഞ്ഞുപോരുക ഒട്ടും എളുപ്പമല്ല. വൈകുന്നേരത്തോടെ ഔളിയിലെ മുറിയിൽ തിരിച്ചെത്തി. അങ്ങനെ ഔളിയിലെ ഒരു സുന്ദരമായ ദിവസം കൂടെ അവസാനിച്ചു. പിറ്റേന്നു രാവിലെ ജീവീതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങൾ തന്ന ഔളിയോട് വിട പറഞ്ഞ് ഇറങ്ങി. ഒരിക്കലെങ്കിലും തിരിച്ചു വരുമെന്ന് മനസ്സ് അപ്പോഴും മന്ത്രിക്കുന്നുണ്ടായിരുന്നു.

ഔളിയിൽ എത്തേണ്ട വഴി – ബൈ ഫ്ലൈറ്റ്: കൊച്ചി ടു ഡൽഹി, ഡൽഹി ടു ഡെറാഡൂൺ, ഡെറാഡൂൺ ടു റിഷികേശ് ബൈ ബസ്, റിഷികേശ് ടു ജോഷിമഥ് ബൈ ബസ്, ജോഷിമഥ് ടു ഔളി ബൈ ടാക്സി or കേബിൾകാർ. ബൈ ട്രെയിൻ: കൊച്ചി ടു ഡൽഹി, ഡൽഹി ടു ഹരിദ്വാർ, ഹരിദ്വാർ ടു ജോഷിമഥ് ബൈ ബസ്, ജോഷിമഥ് ടു ഔളി ബൈ ടാക്സി or കേബിൾകാർ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply