ജംബുരിലെ ഇന്ത്യക്കാരായ ആഫ്രിക്കൻ വംശജർ..

വിവരണം – Sakeer Modakkalil.

ഫോട്ടോകൾ കണ്ട്‌ തെറ്റിദ്ധരിക്കണ്ട. ഇത് ആഫ്രിക്കയല്ല.. ഇവർ ആഫ്രിക്കക്കാരും അല്ല. ഇത് ഗുജറാത്തിലെ ജംബുർ എന്ന ഗ്രാമം. അവിടത്തെ സിദ്ദികൾ എന്നറിയപ്പെടുന്ന ഗ്രാമീണർ. ഗിർ വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. ഗുജറാത്തിൽ ആദ്യമായി വന്ന ദിവസം തന്നെ ഇവരെ ഞാൻ ശ്രദ്ധിച്ചിരുന്നു. ആഫ്രിക്കക്കാരെ പോലെ തോന്നിക്കുന്ന ഇവർ ടൂറിസ്റ്റുകളാണോ എന്നതായിരുന്നു എന്റെ സംശയം. പിന്നീട് അവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അങ്ങനെ സിദ്ദികളുടെ ‘ ജംബുർ’ എന്ന ഗ്രാമത്തെ കുറിച്ച് അറിയുകയും ചെയ്തു.അങ്ങനെ അവരെ കുറിച്ച് അറിയാൻ നടത്തിയ ഒരു യാത്രയുടെ വിശദംശങ്ങളാണ് ഞാൻ പോസ്റ്റ്‌ ചെയ്യുന്നത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സിദ്ദികളുടെ പൂർവികർ ഇന്ത്യയിൽ എത്തിയത്.
ഇന്ത്യയിൽ പ്രധാനമായും 3 പ്രദേശങ്ങളിലാണ് ഇന്നു സിദ്ദികൾ ഉള്ളത്. 1. ഹൈദരാബാദിൽ 2. കർണാടകയിൽ 3. ഗുജറാത്തിലെ ജുനഗഡ്, ജാംനഗർ പ്രദേശങ്ങളിൽ. സിദ്ധികൾ ഇന്ത്യയിൽ എത്തിയത് പല രീതിയിലാണ് ചിലർ അടിമകളായി എത്തി ചിലർ ഡൽഹി സുൽത്താൻമാരുടെ കാലത്ത് സൈനികരായി എത്തി. എട്ടാം നൂറ്റാണ്ടു മുതൽ സിദ്ദികൾ ഇന്ത്യയിലേക്ക്‌ വരാൻ തുടങ്ങിയിട്ടുണ്ട്. സയ്യിദ് എന്ന വാക്കിൽ നിന്നാണ് അവർക്ക് സിദ്ദി എന്ന പേരു ലഭിച്ചത്. അറബിയിൽ ബഹുമാന സൂചകമായി വിളിക്കുന്ന ഒരു പേരാണിത്. സിദ്ദികളിലെ വലിയൊരു വിഭാഗം മുസ്ലിംകളാണ് എന്നാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട് അവരുടെ കൂട്ടത്തിൽ. ഗുജറാത്തിലെ സിദ്ദികൾ മുഴുവൻ മുസ്ലിംകളാണ്. ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തരായ പല സിദ്ദികളും ഉണ്ട് റസിയ സുൽത്താനയുടെ വിശ്വസ്തനായ ജമാലുദ്ദിൻ യാക്കുത്, അഹ്മെദ്‌നഗർ സുൽതാൻമാരുടെ പ്രധാനമന്ത്രിയായ മാലിക്ക് അംബർ തുടങ്ങിയവർ ഉദാഹരണം.

ജംബുരിലേക്കുള്ള യാത്രയിലുടനീളം ഇടയ്ക്കിടെ സിദ്ധികളെ കാണാം ജംമ്പുറിന് തൊട്ടു മുൻപുള്ള തലാല എന്ന ചെറിയ പട്ടണത്തിൽ നിറയെ ഓട്ടോ ഡ്രൈവര്മാരായും ജോലിക്കാരായും ഒക്കെ സിദ്ദികളെ കാണാം. അവസാനം ഞങ്ങൾ തേടി വന്ന ജംബുരിലെത്തി.. എങ്ങും സിദ്ദിമയം.. ഒരു നിമിഷം ഞങ്ങൾ ആഫ്രിക്കയിലാണോ എത്തിയതെന്ന് തോന്നിപ്പോയി …ഓട്ടോറിക്ഷയിൽ വെടി പറഞ്ഞിരിക്കുന്ന കുറച്ചു ചേട്ടന്മാരെ ആദ്യമേ മുട്ടി. നമ്മൾ നേരെ അങ്ങ് ഗ്രാമത്തിലേക്ക് കയറി ചെന്നാൽ അവരുടെ പ്രതികരണം എങ്ങനെയാവും എന്നറിയില്ലല്ലോ. അവിടേക്ക് കയറാൻ ഒരു തുരുപ്പു ചീട്ട് എന്റെ കയ്യിൽ ഉണ്ടായിരുന്നു. അതാണ്‌ ‘ഹീർബായി ബെൻ ‘ . അവരെ കുറിച്ച് കുറെ വായിച്ചും ഡോക്യൂമെന്ററികൾ കണ്ടും അറിഞ്ഞ ശേഷമാണ് ഈ യാത്ര. അവർ സ്ത്രീ ശാക്തീകരണത്തിന് നൽകിയ സംഭാവനകൾ നമ്മളും അറിയാൻ വേണ്ടി. ഹീർബായി ബെന്നിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ എല്ലാവരും സന്തോഷത്തോടെ വഴി പറഞ്ഞു തന്നു.

വഴിയിൽ ഇരിക്കുന്ന രണ്ടു കുട്ടികളോട് ഫോട്ടോസ് എടുക്കാൻ ചോദിച്ചപ്പോൾ കാശു വേണമെന്ന് പറഞ്ഞു. ഒരു പക്ഷേ മുൻപ് വന്നവർ അങ്ങനെ കൊടുക്കാറുണ്ടായിരിക്കാം. പിന്നീടു ചിലർ ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചപ്പോൾ ചോക്ലേറ്റ് ഉണ്ടോ എന്ന ചോദ്യവും ചോദിച്ചു. ഹീർബായ് അവിടെയില്ല കൃഷി സ്ഥലത്താണെന്നും വൈകുന്നേരം മാത്രമേ വരൂ എന്നായിരുന്നു മറുപടി. അവരെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഈ യാത്ര പൂർത്തിയാവില്ല. അതിനാൽ വല്ലാത്തൊരു നിരാശ തോന്നി. അവരുടെ മകനാണ് ഞങ്ങളെ സ്വീകരിച്ചതു. ഞങ്ങൾ മലയാളികൾ ആണെന്ന് പറഞ്ഞപ്പോൾ അവർ ഫോൺ വിളിച്ചു ഉടനെ വരാമെന്ന് സമ്മതിച്ചു.

ഒരു മണിക്കൂറോളം ഞങ്ങൾ മകനുമായി സംസാരിച്ചിരുന്നു. കാർഷിക സർവകലാശാലയിൽ ജോലി ചെയ്യുന്ന അദ്ദേഹം സിദ്ദികളെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് ഹീർബായി ബെൻ കടന്നു വന്നു. ഗുജറാത്തിയിൽ അവർ തന്റെ ജീവചരിത്രം ഞങ്ങൾക്ക് വിവരിച്ചു തന്നു. മകൻ അത് ഹിന്ദിയിലേക്ക് തർജമ ചെയ്യുന്നുണ്ട്. 26 വർഷങ്ങൾക്കു മുൻപാണ് അവർ ആദ്യമായി സാമൂഹിക സേവന രംഗത്തേക്ക് കടന്നു വന്നത്. ആകാശവാണി റേഡിയോയിലെ ചില പരിപാടികൾ ആണ് അവരുടെ പ്രചോദനം.

കാട്ടിൽ വിറകു പെറുക്കാൻ പോയ സിദ്ധി പെൺകുട്ടികളെ തടഞ്ഞു വെച്ച ( ബലാൽസംഗം ചെയ്യാൻ എന്നാണവർ പറഞ്ഞത് ) ഫോറെസ്റ്റ് ഓഫീസർക്ക് രണ്ടു പൊട്ടിച്ചു കൊണ്ട് അവർ രക്ഷിച്ചു. അവിടെ നിന്നായിരുന്നു ഹിർഭായ് ബെൻ എന്ന സാമൂഹിക പ്രവർത്തകയുടെ ഉദയം. അക്കാലത്തു വിദ്യാഭ്യാസം ഇല്ലാതെ നല്ല വരുമാനം ഇല്ലാതെയൊക്കെ സിദ്ധികൾ കഷ്ടപ്പെടുകയായിരുന്നു. ഹിർഭായ് യുടെ ശ്രമഫലമായി സമൂഹത്തിൽ ബഹുഭാര്യത്വം കുറഞ്ഞു.സ്കൂളുകൾ ശുചിയാക്കി സിദ്ധി കുട്ടികളെ സ്കൂളിലെത്തിക്കാൻ കഴിഞ്ഞു.എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ എടുത്തു. കമ്പോസ്റ്റ് നിർമാണം, കൃഷി, എംബ്രോയിഡറി തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് സ്വയം തൊഴിൽ നേടിക്കൊടുത്തു. ആത്മഹത്യ എന്നത് സിദ്ദികളുടെ ഇടയിൽ ഇല്ലാതായി… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾ നടത്തി. ഇന്നു എല്ലാവരുടെയും ജീവിതത്തിൽ ഒരു വെളിച്ചമാവാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ചെറുതായി രാഷ്ട്രീയത്തിലും പയറ്റിയിട്ടുണ്ട്.

സിദ്ധികൾക്കു വേണ്ടി ഒരു സ്പോർട്സ് അക്കാദമി ആണ് അവരുടെ ഇനിയുള്ള ലക്‌ഷ്യം. ആഫ്രിക്കൻ കരുത്തു കാലുകളിലൊളിപ്പിച്ച അവര്ക്ക് ഇന്ത്യക്ക് വേണ്ടിഒരുപാട് മെഡലുകൾ നേടാൻ സാധിച്ചേക്കും. ഉസൈൻ ബോൾട്ടിന്റെയും മുഹമ്മദ് ഫറയുടേയുമൊക്കെ റെക്കോർഡുകൾ തകർക്കാൻ കഴിവുള്ളവൻ ഈ തെരുവിൽ ഓടിക്കളിക്കുന്നുണ്ടാവാം. അതിനായി ഒരു സ്ഥലം അവർ കണ്ടു വെച്ചിട്ടുണ്ട്. ഒരു കോച്ചിനെയും അടിസ്ഥാന സൗകര്യങ്ങളുമാണ് ഗവണ്മെന്റ് ഒരുക്കേണ്ടത്. സ്ത്രീ ശാക്തീകരണത്തിന് അവർ നൽകിയ സംഭാവനകളെ പരിഗണിച്ചു കൊണ്ട് നിരവധി ദേശീയ അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ അവര്ക്ക് ലഭിച്ചിട്ടുണ്ട്.

ജംബുർ ഗ്രാമത്തിനടുത്തു തന്നെ ഒരു ദര്ഗായുണ്ട്. ‘ നരഗർച്ചി പീർ ബാബ ‘ ദർഗ. സിദ്ധികളുടെയും മറ്റു ഗ്രാമീണരുടെയും പ്രധാന പുണ്യ സ്ഥലമാണിത്. ഗിർ വന മേഖലയിൽ 19 ഗ്രാമങ്ങളിലായി ചിതറിക്കിടക്കുകയാണ് സിദ്ദികൾ അവർ പറഞ്ഞതനുസരിച്ച് വനത്തിനുള്ളിലെ ‘ശിരുവാൻ ‘എന്ന മറ്റൊരു ഗ്രാമത്തിലേക്ക് ഞങ്ങൾ പോയി.അവിടെ ഏതാണ്ടെല്ലാവരും സിദ്ദികൾ ആണ്. പക്ഷേ മുൻകൂട്ടി പെർമിഷൻ ഇല്ലാതെ വന്നതിനാൽ ഫോറെസ്റ്റ് ഓഫീസർ ഞങ്ങളെ തടഞ്ഞു. ഫോട്ടോ എടുക്കാനും അനുവാദം ഇല്ല. അതിനാൽ ആ ഉദ്യമം മതിയാക്കി മടങ്ങേണ്ടി വന്നു. സിദ്ദികളും സിംഹങ്ങളും തമ്മിലുള്ള ബന്ധം അവരുടെ രക്തത്തിൽ ഉള്ളതാണ്. ആഫ്രിക്കയിലും പിന്നെ ഏഷ്യയിൽ ആകെ ഗിർ വനത്തിലും മാത്രമാണ് സിംഹങ്ങൾ ഉള്ളത്. അതിനാൽ പല സിദ്ധികളും ഫോറെസ്റ്റ് ഓഫീസര്മാരായും ഗൈഡുകളായും ഒക്കെ ജോലി ചെയ്യുന്നുണ്ട്. സമൂഹത്തിൽ സിദ്ധികൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വിദ്യാഭാസമില്ലായ്മയാണ് സിദ്ധികളുടെ പിന്നോക്കാവസ്ഥക്കു പ്രധാനകാരണം. കറുത്തവന്റെ നേരെയുള്ള തുറിച്ചു നോട്ടവും ചില കമന്റുകളും അവരെ വേദനിപ്പിക്കാറുണ്ട്. വ്യാജ വാറ്റിന്റെ ഉപയോഗവും കഞ്ചാവും ഗുജറാത്തിലെ മറ്റു യുവാക്കളെ പോലെ തന്നെ സിദ്ധി യുവാക്കളെയും വഴി തെറ്റിക്കുന്നുണ്ട്.

ആഫ്രിക്കൻ വംശം എന്നു പറയുമ്പോൾ ഇവരുടെ സാംസ്കാരിക തനിമയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉയരും. അവരുടെ നൃത്തം സംഗീതം ഒക്കെ ആഫ്രിക്കൻ രീതിയിൽ ആയിരിക്കും എന്ന് എല്ലാവരും പ്രതീക്ഷിക്കും. സിദ്ധികൾ ജന്മാനാ നല്ല സംഗീത വാസന ഉള്ളവരാണ്. സിദ്ദി ധമാൽ എന്ന ഒരു നൃത്തവും ഉണ്ട്. ആഫ്രിക്കൻ ബാണ്ടു പാരമ്പര്യത്തിന്റെ ഭാഗമാണിത്. പക്ഷേ അത് വെറും ഒരു മിമിക്രി ആണെന്നാണ്‌ എനിക്ക് തോന്നിയത്. അടിമകളായി വന്ന ഒരു ജനവിഭാഗത്തിന് അവരുടെ സാംസ്കാരിക തനിമ കാത്തു സൂക്ഷിക്കാൻ ആവില്ലല്ലോ.. ഈയടുത്ത കാലത്ത് തങ്ങളുടെ സാംസ്കാരിക തനിമ തിരികെ കൊണ്ട് വരാൻ നടത്തുന്ന ഒരു ശ്രമമായി മാത്രമേ എനിക്കതിനെ തോന്നിയുള്ളൂ.. ജംബുരിൽ നിന്നു മടങ്ങുമ്പോൾ ഇന്ത്യയുടെ വൈവിധ്യത്തെ ഓർത്തു മനസ്സിൽ അഭിമാനം തോന്നി. ലോകത്തിലുള്ള എല്ലാം ഇന്ത്യയിൽ ഉണ്ട് ഇന്ത്യയിൽ ഇല്ലാത്തതൊന്നും ലോകത്തില്ല എന്ന വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരു യാത്രാനുഭവം.

മുംബൈയിൽ സിദ്ദികൾക്കായുള്ള‌ പ്രത്യേക ജമാഅത്തും (മത സംഘടന) ദർഗ്ഗ (ശവകുടീരം) കളുമൊക്കെ നേരിൽ കാണാനിട വന്നിട്ടുണ്ട്‌. സിദ്ദി മൊഹല്ലകളിലെ ദർഗ്ഗകളിലെ ഖവാലിയും ആചാരങ്ങളും ബാൻഡ്‌ മേളവുമൊക്കെ ഒരു പ്രത്യേക താളത്തിലായിരുന്നു എന്നും ഓർക്കുന്നു. ആഫ്രിക്കൻ കലാ രീതികളാണ്‌ സിദ്ദികളുടെ ചടങ്ങുകളിൽ ഇന്നും കാണാനാവുന്നത്‌. ചുരുണ്ട മുടിയും ഇരുണ്ട നിറവും ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥാരാക്കുന്നു. ആഫ്രിക്കൻ വംശജരെ പോലെ തോന്നിപ്പിക്കുമെങ്കിലും ഇവർ പ്രാദേശിക ഭാഷകളാണ്‌ സംസാരിക്കുന്നത്‌. കല്ല്യാണ ചടങ്ങുകളിലെ ആഘോഷങ്ങളും നൃത്തങ്ങളും വേറിട്ട രീതിയിൽ തന്നെ ഇന്നും കൊണ്ടാടുന്ന സിദ്ദികൾ ഭക്ഷണ രീതിയിലും വ്യത്യസ്തത പുലർത്തുന്നു. നാനാത്വത്തിൽ ഏകത്വം കാത്ത്‌ സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്ത്‌, സിദ്ദികളും അവരുടെ അസ്‌തിത്വം കാത്ത്‌ സൂക്ഷിച്ച്‌ കൊണ്ട്‌ നമ്മുടെ ഇടയിൽ ഇന്ത്യാക്കാരായി ജീവിച്ച്‌ പോരുന്നു.

NB- പോസ്റ്റിലെ പല പദ പ്രയോഗങ്ങളോടും എനിക്ക് തന്നെ യോജിപ്പില്ല. ആരെയും വേദനിപ്പിക്കാനോ മോശമാക്കുവാനോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഇന്ത്യയുടെ വൈവിധ്യം തുറന്ന് കാട്ടുക എന്നത് മാത്രമാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply