ഇത് മേക്കപ്പല്ല; തനിയെ വളർന്ന താടി അലങ്കാരമാക്കി ഒരു പഞ്ചാബി സുന്ദരി…

താടിയും മീശയും വച്ച് ആണ്‍വേഷം കെട്ടുന്ന പെണ്‍കുട്ടികളെ സിനിമയിലും നാടകത്തിലുമൊക്കെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ താടിയും മീശയും വളര്‍ത്തി നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ബ്രിട്ടനില്‍ ജീവിക്കുന്ന പഞ്ചാബി വംശജയായ ഹര്‍നാം കൗര്‍. കുട്ടിക്കാലം മുതല്‍ ഇതിന്റെ പേരില്‍ കേട്ട പരിഹാസവും ആക്ഷേപവുമെല്ലാം മറന്ന്, തന്റെ താടിയും മീശയും ഒരു സംഭവമാക്കിയിരിക്കുകയാണ്‌ ഹര്‍നാം.

പതിനൊന്നാം വയസുമുതല്‍ ഹര്‍നാമിന്റെ മുഖത്തും നെഞ്ചത്തുമൊക്കെ പുരുഷന്‍മാരെ പോലെ രോമം വളര്‍ന്നു തുടങ്ങി. പുരുഷ ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന രോഗമാണ് ഇതിന് കാരണമായത്. സ്‌കൂളിലും കോളേജിലുമൊക്കെ ഇതിന്റെ പേരില്‍ ഒരുപാട് പരിഹാസം കേട്ടതായി ഹര്‍നാം പറയുന്നു. പലപ്പോഴും ക്രൂരമായിരുന്നു കൂട്ടുകാരുടെ പരിഹാസം.ഇതോടെയാണു മകളെ സലൂണിൽ കൊണ്ടു പോയി രോമം നീക്കം ചെയ്യിക്കാൻ അമ്മ തീരുമാനിച്ചത്. എന്നാൽ വാക്സിങ്ങിന്റെ വേദനയെക്കാളും ഹർനാമിനെ തളർത്തിയത് തൊട്ടടുത്ത ദിവസം പൂര്‍വാധികം കട്ടിയോടെ വളരുന്ന മുടി കണ്ടപ്പോഴാണ്. തൊലി ചുട്ടുപൊള്ളുംവരെ വാക്സിങ് തുടര്‍ന്നു. വാക്സിങ്ങും ഷേവിങ്ങും ത്രെഡിങ്ങുമൊക്കെയായി ദിനങ്ങൾ കടന്നുപോയി. ആകാശത്തിനു കീഴിലുള്ള ചീത്തവാക്കുകളെല്ലാം ദിവസവും അവൾ കേട്ടു. ഇതുകേട്ട് ആത്മഹത്യ ചെയ്താലോ എന്നു വരെ ഹര്‍നാം ചിന്തിച്ച ഒരു കാലമുണ്ടായിരുന്നു. ജീവിതം തന്നെ മടുക്കുന്നുവെന്നു തോന്നിത്തുടങ്ങിയതോടെ പതിനഞ്ചാം വയസ്സിൽ ഹർനാം സ്കൂൾ പഠനം നിർത്താൻ തീരുമാനിച്ചു.

 

എന്നാല്‍, പതിനാറാം വയസുമുതല്‍ ആ ചിന്തയെല്ലാം ഹര്‍നാം ഉപേക്ഷിച്ചു. “തന്നെ കളിയാക്കുന്നവര്‍ക്കെല്ലാം ജീവിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ടു തനിക്കായിക്കൂടാ?” അങ്ങനെയാണ് താടി നീക്കാനായി പാർലറുകളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. തല മറയ്ക്കാൻ ഒരു ടർബനും ധരിച്ചു തുടങ്ങി. അതു പൂർണമായും മതവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു. മുടി മുറിക്കാന്‍ പാടില്ലെന്ന സിഖ് ആചാരപ്രകാരം, താടിയും മീശയും നീട്ടി വളര്‍ത്തിത്തുടങ്ങി. ഒപ്പം തന്റെ താടിമീശയെ സ്‌നേഹിച്ചും തുടങ്ങി. ആ സ്‌നേഹം തന്നെയാണ് റോക്ക് ആന്റ് റോള്‍ ബ്രൈഡ് എന്ന വിവാഹബ്ലോഗിലൂടെ ഫോട്ടോഷൂട്ടിലേക്കും എത്തിയത്.
അര്‍ബന്‍ ബ്രൈഡ്‌സ്‌മെയിഡ് ഫോട്ടോഗ്രാഫി എന്ന സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ ലൂയിസ കോള്‍ഥേഴ്‌സ്റ്റാണ് ഹര്‍നാമിന്റെ താടിസ്‌നേഹം കണ്ട് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്. ദക്ഷിണ ലണ്ടനിലെ സ്റ്റുഡിയോയില്‍, വധുവിന്റെ ആടയാഭരണങ്ങളണിഞ്ഞ് ഹര്‍നാം ക്യാമറയ്ക്കു മുന്നിലെത്തി.

തന്റെ ശരീരം, തന്റെ ഇഷ്‌ടം എന്നൊക്കെപ്പറഞ്ഞു പലരുടെയും വായടപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ചിലരൊക്കെ വീണ്ടും വീണ്ടും കുത്തിനോവിച്ചു. തന്നെക്കാണുമ്പോൾ അരോചകമായി തോന്നുന്നെന്നും താടി നീക്കം ചെയ്യണമെന്നും പറഞ്ഞു. നിനക്കു നല്ലൊരു ജോലി ലഭിക്കില്ലെന്നും വിവാഹം കഴിക്കാൻ കഴിയില്ലെന്നും വരെ പറഞ്ഞവരുണ്ട്. പക്ഷേ അവയൊന്നും ഹർനാമിനെ തളർത്തിയില്ലെന്നു മാത്രമല്ല അവൾ കൂടുതൽ കരുത്തോടെ മുന്നേറുകയും ചെയ്തു. ഇന്ന് അറിയപ്പെടുന്ന മോഡലും ഇൻസ്റ്റഗ്രാം സ്റ്റാറുമൊക്കെയായ ഹർനാം ഫ്രീലാൻസ് ആയി ബോഡി കോൺഫിഡൻസ് ആന്റി ബുള്ളിയിങ് അഡ്വക്കറ്റ് ആയി ജോലി ചെയ്യുന്നുമുണ്ട്.

ഇതോടെ ഏറ്റവും നീളത്തില്‍ താടിയുള്ള ചെറുപ്പക്കാരിയെന്ന ഗിന്നസ് ബഹുമതി ഹർനാമിനെ തേടിയെത്തി. കൗറിന്റെ ആറ് ഇഞ്ച് നീളത്തിലുള്ള താടിയാണ് ലോക റെക്കാഡിന് അര്‍ഹമായിരിക്കുന്നത്. 282 ദിവസം കൊണ്ടാണ് കൗര്‍ ഇത് വളര്‍ത്തിയെടുത്തത്.നേട്ടത്തെക്കുറിച്ച് ഹര്‍നാം പറയുന്നത് ഇങ്ങനെ: ‘ഞാനിന്ന് ഗിന്നസ് ലോക റെക്കാഡ് ജേതാവാണ്. താടിയുള്ള യുവതിയെന്ന ബഹുമതിയില്‍ അത്യന്തം അഭിമാനവും കൊള്ളുന്നു.’

ത്വക്ക് ക്യാന്‍സര്‍ തടയാന്‍ താടിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടന നടത്തുന്ന താടി സൗന്ദര്യ ചിത്രപ്രദര്‍ശനത്തില്‍ മത്സരിക്കാന്‍ ഇടം നേടിയ അറുപത് പേരില്‍ ഏക വനിത കൂടിയാണ് ഹര്‍നാം. പരിഹസിക്കുന്നവരെ വെല്ലുവിളിച്ച് നിരവധി ഫാഷന്‍ഷോകളിലും ഹര്‍നാം പങ്കെടുത്തിട്ടുണ്ട്. എല്ലാത്തിനുമുള്ള മറുപടിയെന്നോണമാണ് താന്‍ ഗിന്നസ് പുരസ്‌കാരത്തെ കാണുന്നതെന്നും ഹര്‍നാം പ്രതികരിച്ചു.

മുഖത്തൊരു പാടോ കുരുവോ വന്നാൽ അപ്പോൾ ആശങ്കപ്പെടുന്ന മുഴുവൻ പെൺകുട്ടികളും കണ്ടുപഠിക്കേണ്ടതാണ് ഹർനാമിനെ. ഇക്കാലമത്രയും പലരും തന്റെ ശരീരത്തിലെ വൈകല്യം പോലെ താടിവളർച്ചയെ കണ്ടപ്പോൾ അതിലൊന്നും അടിയറവു പറയാതിരുന്നതാണ് ഹർനാമിന്റെ വിജയം. മറ്റു പെൺകുട്ടികളിൽനിന്നു വ്യത്യസ്തയായി നടക്കേണ്ടി വന്നപ്പോഴും അവള്‍ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ അഭയം തേടിയില്ല, പകരം വാശിയോടെ സമൂഹത്തിനു മുന്നിലേക്കിറങ്ങി ‘ഇതാണു ഞാൻ’ എന്നു ധീരതയോടെ പറഞ്ഞു. താടി വച്ചു സ്ത്രീവേഷങ്ങളിലും പുരുഷവേഷങ്ങളിലുമെല്ലാം മോഡലിങ് ചെയ്തു. ലണ്ടൻ ഫാഷൻ വീക്കിൽ താടിയുമായി റാംപ് വോക് ചെയ്ത ഏക പെൺകുട്ടി എന്ന ബഹുമതിയും ഹർനാമിനു സ്വന്തം. ഇന്ന് ഹർനാം മാത്രമല്ല, ഹർനാം കൗറിന്റെ പാത പിന്തുടർന്ന് നിരവധി സ്ത്രീകൾ ഇത്തരത്തിൽ താടിയും മീശയും വളർത്തുന്നുണ്ട്. അതെ ഹർനാം ഒരു മാറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു.

കടപ്പാട് – sbs.com, മനോരമ ഓൺലൈൻ, മറ്റു മാധ്യമങ്ങൾ.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply