കൃത്യമായ ധാരണയോടെ കെ. എസ്. ആർ.ടി.സിയെ നയിച്ച എം.ജി.രാജമാണിക്യത്തെയും എം. ഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസ് കോർപ്പറേഷനെ പഞ്ചറാക്കുന്നതായി ആക്ഷേപം ശക്തമായി.
കോർപ്പറേഷന് അധികബാദ്ധ്യതയുണ്ടാക്കുന്ന മന്ത്രിയുടെ ഓഫീസിന്റെ പല നിർദ്ദേശങ്ങളും രാജമാണിക്യം നിഷേധിച്ചിരുന്നു. കോടികളുടെ ക്രമക്കേട് നടക്കുമായിരുന്ന പരസ്യക്കരാറിനെയും മന്ത്രിയുടെ ശുപാർശ ഉണ്ടായിട്ടും രാജമാണിക്യം എതിർത്തു.രാജമാണിക്യത്തെ പടിയിറക്കിയതിന് പിന്നാലെ തന്റെ താൽപര്യങ്ങൾ നടപ്പാക്കുകയാണ് മന്ത്രി.

നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും കൈകടത്താൻ മന്ത്രിയുടെ ഓഫീസിനെ രാജമാണിക്യം അനുവദിച്ചിരുന്നില്ല. സെക്രട്ടേറിയേറ്റിലെ സീനിയർ സെക്രട്ടറി ജോകോസ് പണിക്കരെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിക്കാൻ ശ്രമിച്ചെങ്കിലും എം.ഡി തടയിട്ടു.
ഈ നിയമനം കോർപ്പറേഷന് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന് കാട്ടി വകുപ്പ് സെക്രട്ടറിക്ക് അദ്ദേഹം കത്തെഴുതിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. രാജമാണിക്യം പോയതോടെ ഈ തസ്തികയിലും നിയമനത്തിന് നീക്കം തുടങ്ങി. മറ്റ് രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനും നീക്കമുണ്ട്. പുതിയ എം.ഡി വരുമ്പോഴേക്കും കോർപ്പറേഷന്റെ ചെലവ് കൂടും. മാസം തോറും വാങ്ങേണ്ട വായ്പയും കൂടും.

ഒരേ തസ്തികയിൽ മൂന്നുപേർക്ക് ശമ്പളം
കെ.എസ്.ആർ.ടി. സിയിൽ നിലവിൽ ചീഫ് ലാ ഓഫീസർ ഉണ്ടായിരിക്കെ ചട്ടം ലംഘിച്ച് നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി വി.എം.ചാക്കോയെ കൂടി അതേ തസ്തികയിൽ നിയമിച്ചത് വിവാദമായിട്ടുണ്ട്. നിലവിൽ ഈ തസ്തികയിലുള്ളത് കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൽ ഡി.ഷിബുകുമാറാണ്.
അദ്ദേഹത്തിന് മറ്റൊരു ചുമതല നൽകിയപ്പോൾ എസ്. രാധാകൃഷ്ണൻ എന്നയാൾക്ക് ലാ ഓഫീസറുടെ അധികചുമതല കൊടുത്തിരുന്നു. അതിന് പുറമെയാണ് മന്ത്രി ഇടപെട്ട് പുതിയ നിയമനം നടത്തിയത്. ഇതോടെ ഒരു തസ്തികയിൽ മൂന്നുപേർക്ക് ശമ്പളം കൊടുക്കേണ്ട സ്ഥിതിയായി. ശമ്പളത്തിനും പെൻഷനും പണമില്ലാതെ നട്ടംതിരിയുമ്പോഴാണ് ലക്ഷങ്ങളുടെ അധികബാദ്ധ്യത വരുത്തുന്ന നിയമനം.
മന്ത്രിയെ നിഷേധിച്ചപ്പോൾ കോടികളുടെ ലാഭം
ബസ് സ്റ്റാൻഡുകളിലും ഡിപ്പോകളിലും പരസ്യം വയ്ക്കാൻ 1.15 കോടി രൂപയ്ക്ക് മൂന്നുവർഷത്തേക്കാണ് കരാർ നൽകിയിരുന്നത്. കാലാവധി തീരുമ്പോൾ ടെൻഡർ തുകയുടെ 25ശതമാനം അധികം ഈടാക്കി അതേ സ്ഥാപനത്തിന് വീണ്ടും കരാർ നൽകാം.
കാലാവധി കഴിഞ്ഞപ്പോൾ പരസ്യകമ്പനി ഉടമ മന്ത്രിയുടെ ഓഫീസിന്റെ ഒത്താശയോടെ എസ്റ്റേറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കുറഞ്ഞ തുകയ്ക്ക് കരാർ പുതുക്കാൻ ശ്രമിച്ചു.

ക്രമക്കേട് കണ്ടെത്തിയ രാജമാണിക്യം എസ്റ്റേറ്റ് ഓഫീസറെയും സൂപ്രണ്ടിനെയും നീക്കി. കരാറുകാരൻ കോടതിയെ സമീപിച്ചു. എസ്റ്റേറ്റ് ഓഫീസർ പരസ്യ കമ്പനിക്ക് നൽകിയ താത്പര്യപത്രം പരിഗണിച്ച കോടതി, തുക അടയ്ക്കാൻ സാവകാശം നൽകിയെങ്കിലും കരാറുകാരന് തുക അടയ്ക്കാനായില്ല.
ഇതിനിടെ പുതിയ ടെൻഡർ വിളിക്കാൻ രാജമാണിക്യം നിർദ്ദേശിച്ചു. ഇത് മന്ത്രിയുടെ ഓഫീസ് എതിർത്തു. എന്നാൽ ടെൻഡർ നടന്നു. 24 മാസത്തേക്ക് 4.65 കോടി രൂപയ്ക്ക് മറ്റൊരു കമ്പനിക്ക് കരാർ നൽകി. മൂന്ന് കോടിയിലേറെ ലാഭമുണ്ടാക്കുന്ന ഈ കരാർ നടപടികളും രാജമാണിക്യത്തെ തെറിപ്പിക്കാൻ കാരണമായെന്ന് പറയപ്പെടുന്നു.
News – Kerala Kaumudi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog