റിക്ഷാവണ്ടിയിൽ നിന്ന് ഓട്ടോറിക്ഷയിലേക്കുള്ള ദൂരം.. ഓട്ടോയുടെ പിറവി ഇങ്ങനെ…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Siddieque Padappil.

മീശ കടത്താനുള്ള വഴി കിട്ടിയാൽ ഉടൽ മുഴുവൻ കടത്താൻ പറ്റുന്ന ജീവിയാണ്‌ പാറ്റ എന്നാണല്ലോ പറയാർ. ഇത്‌ പോലെ തന്നെയാണ്‌ നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയും, മുമ്പിലെ ഒറ്റച്ചക്രം കയറാനുള്ള ഊടു വഴി കിട്ടിയാൽ മതി, ബാക്കി അത്‌ നുഴഞ്ഞ്‌ കയറിക്കോളും. ട്രാഫിക്ക്‌ കൊണ്ട്‌ വീർപ്പ്‌ മുട്ടുന്ന നമ്മുടെ നഗരങ്ങളിലും ഇടവഴികൾ മറ്റു ടൗണുകളിലും ഈ മൂച്ചക്ര വാഹനത്തിലെ യാത്ര ആശ്വാസമാകുന്നതും ഇതൊക്കെ കൊണ്ട്‌ തന്നെയാണ്‌. സാധാരണക്കാരന്റെ വാഹനമെന്ന് ജനപ്രീതി നേടിയ ഓട്ടോറിക്ഷയെ ആശ്രയിക്കാത്തവരായി ആരുമുണ്ടാകില്ലല്ലോ. ഓട്ടോറിക്ഷ നിരോധനത്തിന്ന് വേണ്ടി പേന ചലിപ്പിക്കുന്നവരുടെ കാലത്ത്‌ ഓട്ടോറിക്ഷാ ചരിത്രത്തിലൂടെ സഞ്ചരിച്ചാല്ലോ..

ആന, കുതിര, കാള, ഒട്ടകം തുടങ്ങിയ മൃഗങ്ങളെയൊക്കെ ആയിരുന്നു പണ്ട്‌ കാലത്ത് യാത്രയ്‌ക്കായി ഉപയോഗിച്ചിരുന്നത്. ആദ്യ യന്ത്രവൽകൃത വാഹനമായ കാർ വ്യാപാരടിസ്ഥാനിൽ നിർമ്മിച്ച, ഏതാണ്ട്‌ അതേ കാലയളവിൽ തന്നെയാണ്‌ റിക്ഷയും ജനിക്കുന്നത്‌. പക്ഷേ അത്‌ ഓട്ടോറിക്ഷയല്ലെന്ന് മാത്രം. മനുഷ്യരാൽ വലിക്കപ്പെടുന്ന റിക്ഷാ വണ്ടികളായിരുന്നു ആദ്യ കാല റിക്ഷ. ഇന്ന് മഷിയിട്ട്‌ നോക്കിയാൽ പോലും ഒരു റിക്ഷയോ ഓട്ടോ റിക്ഷയോ കാണാത്ത ജപ്പാനിലും ഇറ്റലിയിലുമൊക്കെയായിരുന്നു റിക്ഷകളുടെയും ഓട്ടോ റിക്ഷകളുടെയും ജനനം എന്നതാണ്‌ ഏറെ കൗതുകകരം.

റിക്ഷകൾ ആദ്യമായി നിർമിച്ചത് 1869 ൽ ജപ്പാനിലാണ്. ജപ്പാനിലെ യോക്കഹോമയിൽ താമസിച്ചു വന്നിരുന്ന Jonathan Scobie എന്ന അമേരിക്കക്കാരനാണ്‌ റിക്ഷ വണ്ടി എന്ന ആശയത്തിന്ന് പിന്നിലെന്ന് വിശ്വാസിക്കപ്പെടുന്നു. രണ്ട്‌ ചക്രമുപയോഗിച്ച്‌‌, മുകളിൽ കൂട്‌ പോലെ ഒരു മുറിയും ഘടിപ്പിച്ച്‌ അത്‌ വലിക്കാനുള്ള ഘടകവും ചേർത്തുള്ള വണ്ടിയാണ്‌ ജോനതൻ സ്കോബി ആദ്യമായി നിർമ്മിച്ചത്‌. ഈ വണ്ടി വലിച്ച്‌ രോഗിയായ തന്റെ ഭാര്യയെ യോക്കഹോമ നഗരത്തിലൂടെ കൊണ്ട്‌ പോകുമായിരുന്നു. ഇതായിരുന്നു ആദ്യ ആൾ റിക്ഷയുടെ തുടക്കം.

മനുഷ്യന്റെ കായബലത്താൽ ഓടുന്ന വാഹനം എന്നർത്ഥം വരുന്ന ജപ്പാനീസ്‌ വാക്കായ ‘ജിൻ റികി ഷാ jinrikisha’ (jin-human, riki-power, sha-vehicle) എന്ന ജപ്പാനീസ് പദത്തിൽ നിന്നാണ് റിക്ഷ എന്ന വാക്കിന്റെ ഉത്ഭവം. രണ്ട്‌ ചക്രങ്ങളിലുള്ള മനുഷ്യൻ വലിക്കുന്ന ഈ റിക്ഷാ വണ്ടി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. മനുഷ്യനാൽ വലിക്കുന്ന ഈ റിക്ഷാ, പിന്നീട്‌ സൈക്കിൾ വലിക്കുന്ന ‘സൈക്കിൾ റിക്ഷ’ യായും മാറി. 1930 ൽ ഇന്ത്യയിലെ കൽക്കട്ടയിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ റിക്ഷ, രാജ്യത്തെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ഇന്നും വ്യാപകമായി കാണാം. മെക്സിക്കോയിലും ചൈനയിലും നേപ്പാളിലുമൊക്കെ ഒരു തരംഗമായിരുന്ന സൈക്കിൾ റിക്ഷ പക്ഷേ, പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിട്ടുണ്ട്‌. 1991 മുതൽ തൊട്ടയൽ രാജ്യമായ പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ‌ബംഗ്ലാദേശിലെ ഡാക്കയിൽ മാത്രം 4 ലക്ഷത്തിലധികം സൈക്കിൾ റിക്ഷകൾ ഇന്നും യാത്രക്കാരെയും വലിച്ചു കൊണ്ട്‌ പായുന്നുണ്ട്.

വെസ്‌പ-പിയാജിയോ കമ്പനിക്ക്‌‌ വേണ്ടി Corradino D’Ascanio എന്ന ഇറ്റാലിയൻ എയറോനോട്ടിക്കൽ എഞ്ചിനീയറാൺ 1947 ൽ ആദ്യ യന്ത്രവൽകൃത മൂച്ചക്രവാഹനം, അതായത്‌ ഇന്നത്തെ ഓട്ടാറിക്ഷ ഉണ്ടാക്കുന്നത്‌. അക്കാലത്ത്‌ തന്നെ ജപ്പാനിലും യന്ത്രമുപയോഗിച്ചുള്ള റിക്ഷകൾ വ്യാപകമായി കഴിഞ്ഞിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഓട്ടോ റിക്ഷകൾ വ്യാപിക്കാൻ അധിക സമയമെടുത്തില്ല. കാറുകളുടെ നിർമ്മാണം വർദ്ധിച്ചതോടെയും തീവണ്ടികൾ വ്യാപകമായതോട്‌ കൂടിയും 1960 കളുടെ അവസാനത്തിൽ തന്നെ ജപ്പാൻ റോഡുകളിൽ നിന്ന് ഓട്ടോ റിക്ഷകൾ തുടച്ച്‌ നീക്കപ്പെട്ടു. പിന്നീട്‌ പല വികസിത രാജ്യങ്ങളിൽ നിന്നും ഓട്ടോറിക്ഷ പിൻവാങ്ങുകയുണ്ടായി.

പിയാജിയോ ഓട്ടോ റിക്ഷാ മോഡലിൽ നിന്ന് കടം കൊണ്ട്‌ 1957 ലാണ്‌ ഇന്ത്യയിൽ ആദ്യമായി ഒരു ഓട്ടോ റിക്ഷ നിർമ്മിക്കുന്നത്‌. ‘ബച്ച്‌രാജ്‌ ട്രേഡിംഗ്‌ കോർപ്പറേഷൻ’ എന്ന കമ്പനിയാണ്‌ ഇതിന്ന് പിന്നിൽ പ്രവർത്തിച്ചത്‌. പിന്നീട്‌ ഈ കമ്പനി ‘ബജാജ്‌ ഓട്ടോ’ എന്ന പേരിലേക്ക്‌ മാറുകയുണ്ടായി. 1978 ൽ സ്ഥാപിതമായ കേരള ആട്ടോമൊബൈൽസ്‌ ലിമിറ്റഡ്‌ എന്ന പൊതു മേഖല സ്ഥാപനവും കേരളത്തിൽ ഓട്ടോ റിക്ഷാ നിർമ്മിച്ചിരുന്നു. ലാമ്പിയും പിയജിയോ ആപെ യും മഹീന്ദ്രയുമാണ്‌ ഇന്ത്യയിലെ മറ്റു ഓട്ടോ റിക്ഷാ നിർമ്മാതാക്കൾ.

പല രാജ്യങ്ങളിൽ പല പേരിൽ അറിയപ്പെടുന്ന നമ്മുടെ ഓട്ടോ റിക്ഷ ചില രാജ്യങ്ങളിൽ ബേബി ടാക്സി ആണ്‌. തായിലാന്റിലും ഫിലിപ്പിൻസിലും ഇത്‌ ‘ടുക്‌ ടുക്‌’ ആണ്‌. ചിലയിടങ്ങളിൽ ‘ലാപ’ എന്ന് അറിയപ്പെടുന്ന റിക്ഷ, ഇന്തനോഷ്യയിലും ടാൻസാനിയയിലും ‘ബജാജ്‌’ എന്ന ബ്രാന്റ്‌ പേരിൽ തന്നെയാണ്‌ അറിയപ്പെടുന്നത്‌. കേരളത്തിലെ വീതി കുറഞ്ഞ ഇടവഴികളിലേക്ക്‌ അനുയോജ്യമായത്‌ കൊണ്ടും ചെലവ്‌ കുറഞ്ഞ ടാക്സി വാഹനം എന്ന നിലയിലും ഓട്ടോ റിക്ഷ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. പഴയ കാല പെട്രോൾ ഓട്ടോറിക്ഷകൾ CNG ഓട്ടോയ്‌ക്കും ഡീസൽ ഓട്ടോയ്‌ക്കും വഴിമാറി. പഴയ പെട്രോൾ വേർഷനെക്കാൾ ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഓട്ടോയുടെ ശബ്ദം കൂടുകയും ശബ്ദമലിനീകരണം ഏത്‌ കയറ്റമുള്ള മൺപാതകളും അനായാസേന കയറാൻ ഡീസൽ ഓട്ടോകൾക്കാവുന്നുണ്ട്‌. കൂടാതെ സ്ഥലസൗകര്യവും ലഗേജ്‌ ഇടവും കൂടുതലാണ് എന്നതും പുതിയ പിയാജിയോ ആപെ പോലുള്ള ഡീസൽ ഓട്ടോറിക്ഷകളുടെ മെച്ചമാണ്‌.

തങ്ങളുടെ ഓട്ടോയിൽ മികച്ച സൗകര്യങ്ങൾ നൽകി സർവീസ്‌ നടത്തുന്ന ഓട്ടോ ഡ്രൈവർമാരെ ഇന്ത്യയിലെ പല നഗരങ്ങളിലും കണ്ടിട്ടുണ്ട്‌. ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയും വാർത്തകളിൽ നിറഞ്ഞു കാണാറുമുണ്ട്‌. ഇന്ത്യയിലെ മെക്സിക്കൻ അംബാസിഡർ മെൽബ പ്രിയ യുടെ റിക്ഷാ യാത്രാ പ്രിയം ഈ അടുത്ത കാലത്ത്‌ മാദ്ധ്യമശ്രദ്ധ നേടിയ വാർത്തയായിരുന്നു. ഏയ്‌ ഓട്ടോ യും ബാഷയും മലയാളിക്ക്‌ മറക്കാനാവാത്ത ഓട്ടോ അനുഭവം നൽകിയ സിനിമകളായിരുന്നു. പഴയ കാലത്ത്‌ ഡ്രൈവർ സീറ്റിന്റെ പിറകിൽ എഴുതി പിടിപ്പിച്ചിരുന്ന കൊച്ചു കൊച്ചു വാചകങ്ങളും റിക്ഷയുടെ പിറകിലെ ജനാലയിൽ എഴുതിക്കണ്ടിരുന്ന വരികളും മുന്പിലെ വിൻഡ്‌ ഗ്ലാസ്സിന്ന് താഴെ കൊടുക്കുന്ന റിക്ഷയുടെ പേരുകളും ഇന്നും നമ്മുടെ ഓരോരുത്തരുടെയും ഗൄഹാതുരത്വത്തിന്റെ ഭാഗം കൂടിയാണ്‌.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply