ഒറ്റയ്ക്ക് പോകുന്ന ബൈക്ക് യാത്രക്കാരെ കാത്തിരിക്കുന്ന അപകടങ്ങള്‍…

ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുള്ള അപകടങ്ങളെപ്പറ്റി ഒരു പാട് സ്ഥലങ്ങളിൽ വായിച്ചിട്ടുണ്ടെങ്കിലും ഏതാനും മണിക്കൂറുകൾ മുൻപ് വരെ അവയെയൊക്കെ വളരെ നിസ്സാരവൽക്കരിച്ചാണ് കണ്ടിരുന്നത്. ആദ്യം ഒരു സ്വയം പരിചയപ്പെടുത്തൽ ആവാം. ഞാൻ അബ്ദുൽ ഫത്താഹ് . സ്ഥിരം സഞ്ചാരിയൊന്നുമല്ല. പക്ഷേ യാത്രകൾ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് കാടുകളും മലകളും തേടിയുള്ളവ. ഇപ്പോൾ കർണാടകയിലെ സുളളിയക്കടുത്തു സിൻഡിക്കേറ്റ് ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്നു . ബാങ്ക് ജോലിയുടെ ഭാഗമായി ദക്ഷിണ കന്നടയിൽ വന്നതു മുതൽ ഇവിടത്തെ കാടുകളോട് പ്രണയം ആണ്.

ഇന്നലെ രാത്രി ഒരു ട്രെയിനിങ്ങ് കഴിഞ്ഞു എന്റെ ബ്രാഞ്ചിൽ നിന്നും 15 കിലോമീറ്റർ അകലെ കടബ ബ്രാഞ്ചിൽ അസിസ്റ്റന്റ് മാനേജരായ സുഹൃത്ത് ദീപക്കിനെ വീട്ടിലാക്കിയിട്ട് അവന്റെ കൂടെ സ്റ്റേ ചെയ്തു രാവിലെ സുബ്രഹ്മണ്യ ക്കു തിരിച്ചതാണ് ഞാൻ. കടബ മുതൽ സുബ്രഹ്മണ്യ വരെ 20 – 25 കിലോമീറ്റർ കാണും. അതിൽ ഭൂരിഭാഗവും ഫോറസ്റ്റാണ്. ഇവിടെ വന്നിട്ടിതു വരെ സുബ്രഹ്മണ്യ റൂട്ടിൽ പോയിട്ടില്ലാത്തതിനാലും അവിടെ നിന്നും ഒരു 15-20 കിലോമീറ്റർ കൂടെ സഞ്ചരിച്ചാൽ മനോഹരമായ ഗാട്ട് സെക്ഷൻ കാണാമെന്നു കേട്ടിട്ടുള്ളതിനാലുമാണ് സുബ്രഹ്മണ്യക്കു വിട്ടത്.

 

കടബ സുബ്രഹ്മണ്യ റൂട്ടു മനോഹരമാണ്. ഇടക്കു കുറേ കാടുമുണ്ട്. വഴിയരികിലെ വാനരന്മാരെയൊക്കെ കണ്ട് പ്രകൃതി ഭംഗി ആസ്വദിച്ചു പോകുന്ന വഴി ഒരു ഫോട്ടൊയെടുക്കാൻ വണ്ടി സൈഡാക്കിയപ്പോഴാണ് എന്റെ ബൈക്കിന്റെ തൊട്ടു പുറകിൽ തൊട്ടു തൊട്ടില്ല എന്ന ദൂരത്ത് ഒരു മനുഷ്യൻ ബൈക്കിൽ വരുന്നത് കണ്ടത്. അയാൾ വണ്ടിയുടെ പുറകിൽ മുട്ടിയാലോന്നു പേടിച്ചു ഞാൻ വണ്ടി നിർത്താനുള്ള പ്ലാൻ ഉപേക്ഷിച്ചു മുന്നോട്ടു നീങ്ങി.

കുറച്ചു ദൂരം സഞ്ചരിച്ചിട്ടും ഈ മനുഷ്യൻ പുറകേ ഒരേ ദൂരം കിപ്പ് ചെയ്തു വരുന്നതു കണ്ടപ്പോൾ എന്തോ പിശകു തോന്നി ഞാൻ ഓവർ ടേക്ക് ചെയ്തു പോകാൻ സിഗ്നൽ കാണിച്ചു. അപ്പോൾ ഇയാൾ എന്റെ വണ്ടിയുടെ പാരലൽ ആയി വന്നു എന്നോട്ടു കന്നടയിൽ എന്തോ ചോദിച്ചു. സുബ്രഹ്മണ്യയിലോട്ടാണോ എന്നോ മറ്റോ. കന്നട ഗോത്തില്ല എന്നു മറുപടി കൊടുത്തപ്പോൾ തമിഴ് തെരിയുമാ എന്നായി. അറിയാമെന്ന പറഞ്ഞപ്പോൾ ധർമ്മസ്ഥലയിൽ പോകുന്നില്ലേ എന്നു ചോദിച്ചു. സുബ്രഹ്മണ്യ നിന്നും 50 കിലോമീറ്റർ ദൂരമുള്ള ക്ഷേത്രമാണ് ധർമ്മസ്ഥല . ഇല്ല എന്നു പറഞ്ഞപ്പോൾ ഞാനെവിടുന്നു വരുന്നു എന്നായി ചോദ്യം. ഞാനാ ചോദ്യം തിരിച്ചു ചോദിച്ചപ്പോൾ ഹാസനിൽ നിന്നു ക്ഷേത്രം കാണാൻ വന്നതാണ്, ബൈക്കിൽ പെട്രോളടിക്കാർ കാശില്ലാ ,അതിനു ഞാൻ 50 രൂപ കൊടുത്തു സഹായിക്കണം എന്നു വളരെ ദയനീയമായ സ്വരത്തിൽ ചോദിച്ചു.

അപ്പോഴാണ് ഞാനിയാളുടെ ബൈക്ക് ശ്രദ്ധിച്ചത് . ഒരു അറുപഴഞ്ചൻ വണ്ടി. ഹാസനിൽ നിന്നു ഹെഡ് ലൈറ്റില്ലാത്ത പുറകിലെ നമ്പർ പ്ലേറ്റ് പൊട്ടിയ ആ പഴയ വണ്ടി ഇത്ര ദൂരം ഓടില്ല . എന്തോ ഒരു പന്തികേടു ഫീൽ ചെയ്തു തുടങ്ങിയതിനാലും ആ കാട്ടുപ്രദേശത്തു വണ്ടി നിർത്തി പഴ്സ് എടുത്താൽ ഇയാൾ പിടിച്ചു പറിച്ചാലോ എന്നുള്ള ഭയം കൊണ്ടും ഞാൻ സ്റ്റുഡൻറാണ് കാശില്ല എന്നു പറഞ്ഞു നോക്കി. പക്ഷേ, ആളു വിടുന്നില്ല. എന്നാൽ സുബ്രമണ്യ എത്തട്ടെ കാശു തരാമെന്നു പറഞ്ഞ് ഞാൻ ബൈക്കിന്റെ സ്പീഡു കൂട്ടി. കുറച്ചു കഴിഞ്ഞ്
കണ്ട ജംഗ്ഷനിൽ ( സുബ്രമണ്യ – ബാംഗ്ലൂർ റോഡും മാംഗ്ലൂർ – സുബ്രമണ്യ റോഡും ചേരുന്ന സ്ഥലത്തു ) വണ്ടി ഒതുക്കി ഒരു കടയിൽ കയറി ഒരു കോളയും കുടിച്ചു ഇവൻ പോകുന്നേൽ പോട്ടെ എന്നും വിചാരിച്ചു ഒരു 15-20 മിനിട്ടു കാത്തു നിന്നു. ഇനി ചോദിച്ചാൽ അയാൾക്കു കൊടുക്കാമെന്നു കരുതി 50 രൂപ പഴ്സിൽ നിന്നു മാറ്റി ഷർട്ടിന്റെ പോക്കറ്റിലോട്ടു വെച്ചു. ആൾ പാസ് ചെയ്തു പോകുന്നത് കണ്ടില്ലെങ്കിലും വേറെ വല്ല യാത്രക്കാരുടെ കയ്യിൽ നിന്നും കാശ് മേടിക്കാൻ പോയിക്കാണുമെന്നു വിചാരിച്ചു ഞാൻ വണ്ടി എടുത്തു.

ഏകദേശം അര കിലോമീറ്റർ കഴിഞ്ഞപ്പോൾ ദേ അയാൾ വീണ്ടും തൊട്ടു പുറകിൽ. ഞാൻ വണ്ടി സ്ലോ ചെയ്തിട്ടു കാശ് നീട്ടി. അപ്പോൾ അടുത്തു പമ്പ് ഇല്ലാ , പമ്പുള്ള സ്ഥലം വരെ ഞാൻ കൊണ്ടു വിടണം എന്നായി ആവശ്യം. നേരത്തെ ഞാൻ വണ്ടി നിർത്തിയ സ്ഥലത്തു പമ്പുണ്ട്, അതയാളും കണ്ടിരിക്കണം. ഇയാളുടെ ലക്ഷ്യം എന്റെ പഴ്സും മൊബൈലും വാച്ചുമൊക്കെയായിരിക്കണം എന്നു മനസ് പറഞ്ഞതു കൊണ്ട് ഞാൻ വണ്ടി വേഗം മുന്നോട്ടെടുത്തു. 100 മീറ്റർ മുൻപിൽ രണ്ടു പേർ റോഡിൽ നിൽക്കുന്നതു കണ്ടു വണ്ടി ചെറുതായി സ്ലോ ചെയ്തതും അതിലൊരാൾ കല്ലോ മറ്റോ എന്റെ നേരെ വലിച്ചെറിഞ്ഞു. എന്റെ ഭാഗ്യം കൊണ്ട് അതെന്റെ മുഖത്തു കൊള്ളാതെ തോളിനു മുകളിലൂടെ പാഞ്ഞു പോയി . പിന്നെ സുബ്രഹ്മണ്യ വരെ ഞാൻ അക്ഷരാർത്ഥത്തിൽ പറക്കുവായിരുന്നു . അവരുടെ ഏറു കൊണ്ടു ഞാനവിടെ വീണിരുനെങ്കിൽ വണ്ടിയടക്കം എല്ലാം പോയേനെ. 3 പേരെ ചെറുത്തു തോൽപ്പിക്കാൻ നമുക്കൊരിക്കലും കഴിയില്ല.

ഇത്തരം വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ മാക്സിമം 2 -3 ബൈക്കു കളിലായി ഒരുമിച്ചു യാത്ര ചെയ്യുക . വഴി ചോദിക്കുന്നത് കടകളിൽ മാത്രം ചോദിക്കുക . ഇങ്ങനെയുള്ള അനുഭവം ഉണ്ടായാൽ നമ്മൾ 2 , 3 പേരുണ്ടെങ്കിൽ പോലും അവരുമായി ഏറ്റുമുട്ടാതിരിക്കുക.യാത്രയിൽ പണം മിനിമം 3 സ്ഥലത്തെങ്കിലുമായി സൂക്ഷിക്കുക. കള്ളന്മാർ നമ്മളേക്കാൾ ബുദ്ധിമാന്മാരാണ്. പഴ്സിൽ അവരുദ്ധേശിച്ച കാശു കണ്ടില്ലെങ്കിൽ അവർ ഒന്നൂടെ തപ്പിയിരിക്കും നമ്മളെ..

By: Abdul Fathah.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply