മധുര, പഴനി ദർശനങ്ങൾ തേടി ഒരു ഓട്ട പ്രദക്ഷണം…

വിവരണം – Vysakh Kizheppattu.

മുൻപ് ജെല്ലിക്കെട്ട് സമരം കാരണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന യാത്രയാണ് മധുര യാത്ര. അത് പൂർത്തിയാക്കണം എന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞത് കാലത്ത് ആയിരുന്നു. എന്നാൽ ഇന്ന് തന്നെ ആകാം എന്ന് പറഞ്ഞു അവനെ വിളിച്ചു വരുത്തി കൂടെ തൃശൂർ നിന്ന് മറ്റൊരു ഗെഡിയെയും പൊക്കി. അവനു പഴനി പോകണം എന്ന് കുറച്ചു ദിവസമായി പറയുന്നുണ്ടായിരുന്നു. എന്നാൽ രണ്ടും ആകാം എന്ന് പറഞ്ഞു രണ്ടുപേരോടും വൈകുന്നേരം ആകുമ്പോഴേക്കും എന്റെ നാട്ടിലേക്കു വരാൻ പറഞ്ഞു. കൃത്യ സമയത് എത്തുന്ന പതിവ് രണ്ടുപേർക്കും ഇല്ലാത്തത് കൊണ്ട് എത്തിയപ്പോൾ രാത്രിയായി. അതിനാൽ രാത്രി ഭക്ഷണം വീട്ടിൽ നിന്ന് കഴിച്ച് കാറും എടുത്തു ഇറങ്ങി. ആദ്യം എങ്ങോട്ടാണ് എന്ന് ഒരു പ്ലാൻ ഉണ്ടായില്ല. രണ്ടായാലും ഒരേ റൂട്ട് ആയതോണ്ട് നേരെ വിട്ടു പാലക്കാട്ടേക്ക്. പോകുന്ന വഴിക്കാണ് കാറിന്റെ ഒരു കണ്ണിനു പ്രശനം ഉണ്ടെന്നു മനസിലായത്.കൂടെ ഉള്ളവർ ഡ്രൈവിങ് പുലികൾ ആയത്കൊണ്ട് ഒറ്റക്കണ്ണ് ഒന്നും അവര്ക് ഒരു പ്രശ്നമായില്ല.

പട്ടാമ്പി ഒക്കെ എത്താറായപ്പോൾ പതിവുപോലെ മഴ പെയ്തു തുടങ്ങി. പക്ഷെ ഇത്തവണ വളരെ ശാന്തമായിരുന്നു. അതികം സമയം കൂടെ നില്ക്കാൻ പറ്റിയില്ല. തുലാവർഷം അല്ലെ തിരക്ക് സമയം ആയതിനാൽ ആകും. കുറച്ചു സമയം കൂടെ നിന്ന് പുള്ളി പോയി. രാത്രി യാത്ര ആയതിനാൽ ഇടക്ക് ഒരു ചായ നല്ലതാണ്. അങ്ങനെ പാലക്കാട് എത്തിയപ്പോൾ മ്മടെ ആനവണ്ടി സ്റ്റാൻഡിനു സമീപം വണ്ടി നിർത്തി ഒരു ചായ കുടിക്കാൻ ഇറങ്ങി . അൽപ സമയം അവിടെ നിന്നതിനു ശേഷം വീണ്ടും യാത്ര തുടർന്നു. അതിർത്തിയിൽ വല്ല ചെക്കിങ്ങോ മറ്റോ ഉണ്ടാകുമോ എന്നാണ് അടുത്ത ആലോചന. പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല എന്നാലും മലയാളികളെ കാണുമ്പോ ചിലർക്ക് എന്തോപോലെ ആണ്. അതിർത്തി കടന്നു കുറച്ചു ദൂരം പോയപ്പോൾ ഒരു പോലീസ്‌കാരൻ കൈ കാണിച്ചു . എവിടേക്കാണ് എന്ന് ചോദിച്ചു വിട്ടു. ഇനിയുള്ള യാത്ര സുഖമുള്ളതാണ്. അതിന്റെ ആദ്യത്തെ കാര്യം റോഡ്‌.കാര്യമായ വളവോ തിരിവോ ഒന്നും ഇല്ലാത്ത നല്ല അടിപൊളി റോഡ്. എത്ര സ്പീഡിൽ പോയാലും അറിയുക പോലും ഇല്ല . റോഡിനു ഇരുവശവും പരന്നു കിടക്കുന്ന സ്ഥലങ്ങൾ. രാത്രിയായത്കൊണ്ട് വാഹങ്ങളും കുറവ്. ഇരുട്ടിനെ കീറിമുറിച്ച് ഒറ്റക്കണ്ണൻ കുതിച്ചുപാഞ്ഞു.

അങ്ങനെ രാത്രി ഒരു മണിയോടെ അടുത്ത് പഴനി അടിവാരത്ത് എത്തി. റോഡിനു വശത്തു വണ്ടി ഒതുക്കി നിർത്തി . അവിടെ നിന്ന് നോക്കുമ്പോൾ ദൂരെ വേലായുധ സ്വാമിയുടെ അമ്പലം പ്രകാശത്തിൽ മുങ്ങി നിൽക്കുന്നതായി കാണാം. അവിടെ നിന്ന് മധുര വരെ 110 കിലോ മീറ്റർ ദൂരം ആണ് ഉള്ളത്. അതിനാൽ തിരിച്ചു വരുമ്പോൾ മുരുകനെ കാണാം എന്ന് കരുതി വണ്ടി നേരെ മധുരയ്ക്ക് വിട്ടു. അവിടെ നിന്ന് ഡിണ്ടിഗൽ വഴിയാണ് മധുര പോകുന്നത്. പഴനി കഴിഞ്ഞുള്ള കുറച്ചു ദൂരം റോഡിൽ ജോലി നടക്കുന്നതിനാൽ അല്പം സൂക്ഷിച്ചേ പോകാൻ കഴിഞ്ഞൊള്ളു . ഡിണ്ടിഗൽ എത്തിയാൽ പിന്നെയുള്ള റോഡ് ഒറ്റവാക്കിൽ ഗംഭീരം എന്ന് പറയാം. പുതുതായി പണിത റോഡ്‌ ആണ്. 85 രൂപയാണ് രണ്ടു വശത്തേക്കും കൂടി ഉള്ള ടോൾ ചാർജ്. രാത്രി ആയതിനാൽ വശങ്ങളിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയില്ല . അതിനാൽ സ്പീഡിന്റെ മീറ്റർ സൂചി മുകളിലേക്കു പോയിക്കൊണ്ടിരുന്നു . ഒരുപക്ഷെ ആദ്യമായാവണം സൂചി 140 ഒക്കെ എത്തുന്നേ . എന്നിട്ട് പോലും യാതൊരു ബുദ്ധിമുട്ടും ഫീൽ ചെയ്തില്ല . ഇത്രയൊക്കെ പറഞ്ഞത് അത്ര നല്ല റോഡ് ആയതിനാൽ ആണ്. അമിത വേഗത ആപത്തായതിനാൽ പിന്നീട് വേഗത അല്പം കുറച്ചു.

അങ്ങനെ പുലർച്ചെ നാലു മണിയോടടുത്ത് ഞങ്ങൾ മധുരയിൽ എത്തി ചേർന്നു . അമ്പലത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ വശത്തു പാർക്ക് ചെയ്തു പുറത്തിറങ്ങി . തൊട്ടടുത്ത് തമിഴ് ഭക്തിഗാനം ഒക്കെ വെച്ച ഒരു ചായക്കട ഉണ്ടാർന്നു . അവിടെ പോയി ഓരോ ചായ കുടിച്ചു കൊച്ചു വർത്തമാനം പറഞ്ഞിരുന്നു . അമ്പലം അപ്പോഴേക്കും തുറന്നിരുന്നു .അതിനാൽ വർത്തമാനം നിർത്തി പ്രഭാത കാര്യങ്ങളിലേക് കടന്നു . അവിടെ അടുത്ത് തന്നെ അതിനുള്ള സൗകര്യം ഉണ്ട് . ഒരാൾക്കു 20 രൂപയാണ് ചാർജ് . വെള്ളം ടാങ്കറിൽ കൊണ്ടുവരുന്നതാണ് അതിനാൽ ആണ് ഇത്ര ചാർജ് എന്നാണ് അവർ പറയുന്നേ. മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം എടുത്തു അത് ഞങ്ങൾക്ക് തന്നെ ഇത്ര രൂപക്ക് തരുന്നു അല്ലെ എന്ന് അവിടത്തെ പയ്യനോട് ചോദിച്ചപ്പോൾ പുറത്തു നല്ല ചിരിയോടെയാണ് അവൻ മറുപടി തന്നെ . എന്തായാലും നമ്മളെ പെട്ടന്ന് ഒന്നും മറക്കാത്ത രീതിയില് ഉള്ള അനുഭവം പ്രസാദിന്(ഇതാണ് പയ്യന്റെ പേര് ) നൽകിയാണ് ഞങൾ അവിടെ നിന്ന് തിരിച്ചു വണ്ടിയിലേക് പോന്നത്.

വേഗം തന്നെ വസ്ത്രം എല്ലാം മാറ്റി ദര്ശനത്തിനായി കോവിലിലേക്ക് .ആകാശം മുട്ടെ നിൽക്കുന്ന ഗോപുരങ്ങളാണ് ആദ്യം നമ്മളെ വരവേൽക്കുന്നത് . അത് കടന്നു ഉള്ളിലേക്കു ചെല്ലുമ്പോൾ നമ്മുക് മനസിലാകും . ജീവിതത്തിൽ ഒരിക്കൽ എങ്കിൽ പോലും ഇതൊന്നും കണ്ടിട്ടില്ലെങ്കിൽ വലിയ നഷ്ടമാണ് എന്ന് . അത് ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ആണ് പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ എല്ലാം . അലങ്കാര പണികൾ ഇല്ലാത്ത ഒരു ശില അവിടെ കാണാൻ നമ്മുക് കഴിയില്ല. ഉള്ളിലേക്കു പോകുന്ന വഴിയുടെ വലത് ഭാഗത്താണ് മ്യൂസിയവും 1000 കാൽ മണ്ഡപവും . ഒന്ന് മെല്ലെ നോക്കി നേരെ ദർശനത്തിനായി നടന്നു . എവിടെ നോക്കിയാലും വിഗ്രഹങ്ങൾ ആണ് കാണാൻ കഴിയുക. പ്രധാനമായും മീനാക്ഷി അമ്മയും ശിവനും ആണ് പ്രതിഷ്‌ഠ . ആദ്യം പോകേണ്ടത് മീനാക്ഷി( പാർവതീദേവി) കോവിലിലേക് ആണ് അതിനു ശേഷമേ ശിവനെ കാണാൻ പാടുകയൊള്ളു. പോകുന്ന വഴിക്കു ഒരു വലിയ ഗണപതി വിഗ്രഹം കാണാം .ദർശനത്തിനു ഉള്ളിലേക്കു കയറുന്ന വഴിയിൽ തന്നെ പാർവതി നിൽപ്പുണ്ട് . എല്ലാവരയുടെയും തലയിൽ കൈ വെച്ച് പാർവതി അനുഗ്രഹം കൊടുക്കുന്നതും കാണാം . 70 വയസുള്ള പിടിയനായാണ് പാർവതി . തലകുലുക്കി അവൾ അങ്ങനെ നിൽക്കുകയാണ് അവിടെ .അതിന്റെ വശത്താണ് കുളം ഉള്ളതും . പാർവതിയെ കുറച്ചു നേരം നോക്കിനിന്ന് നേരെ ഉള്ളിലേക്കു കയറി . തിരക്കൊന്നും തീരെ ഇല്ല . എവിടെ നോക്കിയാലും നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കും . തിരക്ക് ഇല്ലാത്തതിനാൽ സുഖ ദർശനം ആയിരുന്നു .

മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി ആണ് കണക്കായിട്ടുള്ളത് .1623-നും 1655-നും ഇടയിൽ നിർമിച്ചതായി കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഇന്നത്തെ സാങ്കേതിക വിദ്യ പോലും തോൽക്കുന്ന കാര്യങ്ങൾ ഉണ്ട് എന്ന് പറയുമ്പോൾ അത് തന്നെ ആണ് യഥാർത്ഥ അത്ഭുതങ്ങൾ . ഇനി ശിവനെ ആണ് ദർശിക്കാൻ ഉള്ളത് . അവിടെയും തിരക്ക് ഒരു വിഷയം അല്ലാത്തതിനാൽ നന്നായി തൊഴുതു പുറത്തു കടന്നു. ആദിശക്തിയായ പാർവതിയുടെ ഒരു അവതാരമാണ് “മീനാക്ഷി”. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം. പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും ഈ വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുര രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം(ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന “ഭൂഗോൾ ചക്രയിലാണ്” അന്തരീക്ഷത്തിലെ “ഓസോണിന്റെ” സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.

ഇനി കാണാൻ ഉള്ളത് ആയിരം കാൽ മണ്ഡപം ആണ്. അതിപ്രശസ്തമാണ് 1569 ഇൽ നിർമിച്ച മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 തൂണുകളെ ഇവിടെയുള്ളൂ എന്നാണ് അറിയുന്നത് . 5 രൂപയാണ് പ്രവേശന ഫീസ് . മ്യൂസിയവും അതിനകത്തു തന്നെയാണ് . കൊത്തുപണികളാൽ അലങ്കരിച്ചിരിക്കുകയാണ് ഓരോ തൂണുകളും. ശരിക്കും നമ്മളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ . കൂടാതെ ആനക്കൊമ്പിൽ തീർത്ത ക്ഷേത്ര സമുച്ചയത്തിന്റെ മാതൃകയും കൂടാതെ പല വിഗ്രഹ രൂപങ്ങളും പഴയ നാണയ ശേഖരവും പ്രകൃതി നിർമിത നിറങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ചിത്രങ്ങൾ അങ്ങനെ നിരവധി കാഴ്ചകൾ ആണ് അതിനുള്ളിൽ നമ്മളെ വിസ്മയിപ്പിക്കുന്നത്. കാഴ്ചകൾ എല്ലാം കണ്ടു ചിത്രങ്ങൾ പകർത്തി പുറത്തേക്കു കടന്നു . ഇനി മൊത്തം വലം വെച്ച് മറ്റു ഗോപുരങ്ങൾ കൂടി കാണണം . പക്ഷെ വിശപ്പ് അതിനു അനുവദിച്ചില്ല . എന്നെയല്ല കൂടെ ഉള്ള സുഹൃത്തുക്കളെ . അങ്ങനെ അടുത്തുള്ള നല്ല ഒരു ഹോട്ടൽ കണ്ടു കയറി . ഒട്ടു മിക്ക എല്ലാ ഭക്ഷണവും ഉണ്ട് . ഓരോരുത്തരും ഓരോ ഭക്ഷണം ഓർഡർ ചെയ്തു . ഞാൻ പറഞ്ഞത് പൊടി ദോശ ആയിരുന്നു . ആദ്യമായാണ് കഴിക്കുന്നത് . സംഭവം കിടിലൻ ഭക്ഷണം ആണ് . ഇനി പോകുന്നവർ ഇത് കിട്ടുകയാണേൽ കഴിക്കാൻ നോക്കണം .ഇഷ്ടമാകും. അങ്ങനെ ഭക്ഷണം കഴിച്ച് ഗോപുരങ്ങൾ കാണാൻ ഇറങ്ങി . ചെറുതും വലുതും ആയി 14 ഗോപുരങ്ങൾ ഉണ്ട് എന്നാണ് പറയുന്നത് . ഇതിൽ ഏറ്റവും വലുത് 170 അടിയുള്ള തെക്കേ ഗോപുരമാണ്.

1559ലാണ് ഈ ഗോപുരം പണീതീർത്തത്. ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്.ഓരോ ഗോപുരവും വിവിധ നിലകളാലും കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ടും അലങ്കരിച്ചിരിക്കുന്നു. അവിടത്തെ കാഴ്ച്ചകൾ നമ്മളെ തിരിച്ചു പോരാൻ അനുവദിക്കില്ല പക്ഷെ വീണ്ടും വീണ്ടും വരണം എന്ന് മനസ്സിൽ പറയാതെ നമ്മുക് അവിടെ നിന്ന് തിരിക്കാൻ കഴിയില്ല. തിരിച്ചു വണ്ടിയിലേക് നടക്കുമ്പോൾ പ്രസാദ് അവിടെ നിൽപ്പുണ്ടായിരുന്നു . വീണ്ടും വരണം എന്ന് പറഞ്ഞു അവനും യാത്രായച്ചു .

ഇനി ലക്‌ഷ്യം മുരുകനാണ് . നേരെ വണ്ടി എടുത്ത് പഴനി ലക്ഷ്യമാക്കി കുതിച്ചു . വീണ്ടും അതെ ഹൈവേ . രാത്രി നഷ്ട്ടമായ കാഴ്ചകൾ ആസ്വദിച്ച് മുന്നോട്ടു പോയി .നേരെയുള്ള റോഡ് .ഇരുവശവും കൃഷി സ്ഥലങ്ങൾ . അങ്ങ് ദൂരെ മഞ്ഞു മൂടി കിടക്കുന്ന മലനിരകൾ .കാഴ്ചകൾക്ക് നല്ല സൗന്ദര്യം . അല്പം ദൂരം കഴിഞ്ഞപ്പോൾ വഴി ഒന്ന് മാറ്റി . ഒരു എളുപ്പ വഴിയിലൂടെ ആയി യാത്ര . ഗ്രാമത്തിൽ കൂടെ യാണ് വണ്ടി പോകുന്നത് .വലിയ തിരക്കൊന്നും ഇല്ലാത്ത റോഡുകൾ . പക്ഷെ റോഡിൻറെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അവർ കാണിക്കില്ല എന്ന് തോന്നുന്നു .മികച്ച റോഡുകൾ ആണ് എവിടെയും. ഗ്രാമങ്ങൾ ആണ് വഴി നീളെ . ഒരു പക്ഷെ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് കാണിക്കുന്ന കാഴ്ചകൾ ആണ് പല സ്ഥാനങ്ങളിലും കാണാൻ കഴിയുക . ഇരുവശത്തും മരങ്ങൾ ഉള്ളതിനാൽ കാണാൻ തന്നെ നല്ല രസമാണ്. കാഴ്ചകൾ ഒക്കെ കണ്ട് മുരുക സന്നിധിയിൽ എത്തി . അതികം കാത്തു നിൽക്കാതെ നേരെ മല കയറി .

ദ്രാവിഡദൈവമായ സുബ്രഹ്മണ്യന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ദണ്ഡും പിടിച്ചു കൊണ്ട് നിൽക്കുന്ന മുരുകന്റെ പ്രതിഷ്ഠയായതിനാൽ “ദണ്ഡായുധപാണീ ക്ഷേത്രമെന്നും” ഇത് അറിയപ്പെടുന്നു. പൂജക്ക്‌ വേണ്ടി നട അടച്ച സമയത്താണ് അവിടെ എത്തിയത് . ഏകദേശം ഒരു മണിക്കൂറ് കാത്തിരിക്കണം . വശങ്ങളിൽ എല്ലാം ഇരിക്കാനും വെള്ളം കുടിക്കാനും ഉള്ള സൗകര്യം ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല . കൂടാതെ തൊട്ടടുത്തുള്ള ഒരു ഫാമിലിയിലെ ഒരു ചെറിയ പെൺകുട്ടി കാത്തിരിപ്പ് തോന്നിക്കാത്ത രീതിയിൽ ഞങ്ങളെ രസിപ്പിച്ചു .ക്ഷേത്രത്തിന്റെ ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് പഴയ ചേര ശില്പവൈദഗ്ദ്ധ്യത്തിലാണ്. എന്നാൽ ക്ഷേത്രത്തിനു ചുറ്റുമുള്ള, ശില്പചാതുരി പാണ്ഡ്യ കാലഘട്ടത്തെയും, അവരുടെ സ്വാധീനത്തെയും നമ്മളെ ഓർമ്മിപ്പിക്കും. ശ്രീകോവിലിന്റെ മതിലിൽ പഴയ തമിഴ്ലിപിയിൽ ധാരാളം ദൈവികസ്തോത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നതായി കാണാം. ശ്രീകോവിലിനു മുകളിലായി സ്വർണ്ണഗോപുരം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുരുകന്റേയും, ഉപദേവന്മാരുടേയും ശില്പങ്ങൾ ആണ് കൊത്തിവെച്ചിരിക്കുന്നത്.

ശ്രീകോവിലിനരുകിലായി, സുബ്രഹ്മണ്യന്റെ മാതാപിതാക്കളായ പരമശിവന്റേയും, പാർവ്വതിയുടേയും ആരാധനാലയങ്ങളുണ്ട്. അതിനു ചേർന്ന്, പഴനി മുരുക ക്ഷേത്രത്തിലെ മുഖ്യവിഗ്രഹം സ്ഥാപിച്ച ഭോഗ മഹർഷിയുടെ സമാധി സ്ഥാനമാണ്.പതിനെട്ടു സിദ്ധ മഹർഷിമാരിൽ ഒരാളായ ഭോഗരാണ് മുരുകന്റെ വിഗ്രഹം പഴനി മലയിൽ സ്ഥാപിച്ചതെന്നു കരുതുന്നു. “നവപാഷാണത്തിന്റെ” ഒരു പ്രത്യേക മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവല്കരിക്കാനുള്ള പ്രയത്നം തുടങ്ങാൻ കഴിഞ്ഞു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയിൽ പൂർത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങൾ മുഖം പോലെ തന്നെ മനോഹരമാക്കാൻ ശില്പിക്കു സാധിച്ചില്ല.

മലയുടെ മുകളിൽ നിന്നുള്ള പഴനി പട്ടണത്തിന്റെ ദൃശ്യം അതിമനോഹരമാണ്. കയറ്റത്തേക്കാൾ കഠിനമാണ് ഇറക്കം .അതിനാൽ പതിയെ ആണ് മല ഇറങ്ങിയേ . താഴെ നിന്ന് പഞ്ചാമൃതവും വീട്ടിലേക്കുള്ള ഒന്ന് രണ്ടു സാധനവും വാങ്ങി നേരെ വണ്ടിയിലേക് പോയി.റോഡിലൂടെ പോകുന്ന കുതിരവണ്ടികൾ നമ്മളെ പണ്ട് കുഞ്ഞിക്കാദറെ തപ്പി നടന്ന വേലായുധനെ ഓർമിപ്പിക്കും . വണ്ടിയിൽ കയറി ഇനി നാട്ടിലേക്കു ആണ് ഇനി പോകേണ്ടത് . വരുന്ന വഴിക്കു കണ്ട കൊടൈക്കനാൽ ബോർഡ് കുറച്ചു നേരം ഞങളെ ഒന്ന് ചിന്തിപ്പിച്ചു പക്ഷെ അമിതമായാൽ അമൃതവും വിഷം എന്നല്ലേ അതിനാൽ ആ ചിന്ത മടക്കി. ഇനി ലക്‌ഷ്യം ഭക്ഷണം ആണ് . റോഡിൻറെ വശത്തു ബോർഡുകൾ കാണുന്നുണ്ട് പക്ഷെ എല്ലാം അടച്ചിട്ടിരിക്കുകയാണ് എന്ന് മാത്രം . കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു ഹോട്ടൽ കണ്ടു .അവിടെ നിന്ന് ഭക്ഷണവും കഴിച്ചു കുറച്ചു വിശ്രമിച്ചാണ് പിന്നീട് യാത്ര തുടങ്ങിയത് . ആ യാത്രയിലെ ഒരു കാഴ്ച എന്നുള്ളത് കാറ്റാടി പാടങ്ങൾ ആണ് . അടുത്ത് നിന്ന് നോക്കിയാൽ മാത്രമേ അതിന്റെ യഥാർത്ഥ വലിപ്പം മനസിലാകൂ. പാതയുടെ ഗുണം കൊണ്ട് പാലക്കാട് വരെ വേഗത്തിൽ തന്നെ എത്തി . അവിടെ നിന്ന് അങ്ങോട്ടു മാത്രമേ കുറച്ചു ബുദ്ധിമുട്ടു ഉണ്ടായുള്ളൂ . തുടക്കത്തിൽ വന്നു പോയ മഴ വീണ്ടും വന്നു . ഒരു കുശലാന്വേഷണം നടത്തി പുള്ളി വീണ്ടും പോയി .ഒറ്റക്കണ്ണനും നമ്മുടെ റോഡും ആയതിനാൽ സൂക്ഷിച്ചു ഓടിച്ച് വീട് എത്തിയപ്പോഴേക്കും സമയം പ്രതീക്ഷിച്ചതിലും വൈകി ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply