കെഎസ്ആര്‍ടിസി ഓണത്തിന് 19 സ്പെഷ്യൽ സർവീസ് ഓടിക്കുമത്രേ..
അതും സൂപ്പർ ഫാസ്റ്റ് ,സൂപ്പർ എക്സ്പ്രസ്, ഡീലക്സ്.. ചിലപ്പോൾ മൾട്ടി ആക്സിൽ വരെ ഓടിച്ചു കളയുമെന്നും എം.ഡി. പറഞ്ഞു. പറഞ്ഞതിൽ ഏറ്റവും പ്രധാനം തമിഴ്നാടിന്റെ അനുവാദം വാങ്ങാത്തതിനാൽ സേലം വഴി സ്പെഷ്യൽ ഇല്ല; പകരം KUTTA (കുട്ട) വഴിയാണത്രേ..
ഏറ്റവും വലിയ പ്രത്യേക എന്താണെന്ന് വച്ചാൽ, ഒരു നാണവും ഇല്ലാതെയാണ് സാർ പറഞ്ഞതെന്നാണ്.
കർണ്ണാടക ആര്‍ടിസി 19 സ്പെഷ്യൽ എറണാകുളത്തിന് മാത്രം ഓടിക്കും.കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ സ്പെഷ്യൽ കൾ കൂടിയാകുമ്പോൾ മൊത്തം സ്പെഷ്യൽ 50 എങ്കിലും ആകും. അതിൽ 80% ഉം A/C(Scania, Volvo, Corona ) സർവീസുകളായിരിക്കും. അതിനിടയിലാണ് സൂപ്പർഫാസ്റ്റും കൊണ്ട് പോകുന്നത്. അത് പോകട്ടെ – നമുക്ക് പരിമിതികളുണ്ട്; അംഗീകരിക്കുന്നു.
” ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ”! എന്നാൽ കുറഞ്ഞത് ഉപ്പിലിട്ടതെങ്കിലും ആവാനുള്ള സാഹചര്യം ഇപ്പോൾ കേരള ആര്‍ടിസി-ക്ക് ഇല്ലേ?
—> കാലാകാലങ്ങളായി യാത്രക്കാർ പറയുന്നതാണ് ” കുട്ട ” വഴി സർവീസ് വേണ്ടെന്ന്. കുട്ട സർവീസിൽ പോന്നാൽ, ഓണത്തിന് വീട്ടിലെ സദ്യ കഴിഞ്ഞ ഇല തൊടിയിലെ കാക്കയും പട്ടിയും നക്കിയാലും വീടെത്തില്ല; തിരിച്ച് ബാംഗ്ലൂർക്കാണെങ്കിൽ ഉച്ചകഴിയും എത്തുമ്പോൾ – ഫലത്തിൽ ഒരു ലീവ് കൂടും.
—>സേലം വഴി സർവീസ് നടത്തുവാൻ തമിഴ്നാടിന്റെ സ്പെഷ്യൽ പെർമിഷൻ കിട്ടാക്കനിയൊന്നുമല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്- അതു കൊണ്ടല്ലേ കർണ്ണാടക തലങ്ങും വിലങ്ങും സ്പെഷ്യൽ സർവീസുകൾ സേലം വഴി ഓടിക്കുന്നത്!?
പണം അടച്ച് താൽക്കാലിക പെർമിറ്റ് സ്വന്തമാക്കിയാൽ പോലും അത് നഷ്ടമാകില്ല -സേലം വഴിയുള്ള വണ്ടികളിൽ സീറ്റില്ലെങ്കിൽ മാത്രമേ യാത്രക്കാർ മറ്റ് മാർഗ്ഗം സ്വീകരിക്കൂ – പോരാത്തതിന് ഹൈ ഫ്ലെക്സി റേറ്റായിരിക്കും എന്നതിനാൽ ഏതൊരു കാരണവശാലും സേലം വഴിയുള്ള സർവീസുകൾ KSRTC-ക്ക് ഗുണമേ ചെയ്യൂ.യാത്രക്കാർക്ക് KSRTC-യുടെ ഏറ്റവും വലിയ ഓണസമ്മാനവും….
—> ആർക്കും കൊടുക്കാതെ… ഓടിക്കാതെ… സർവീസ് സെൻററിലും തിരുവനന്തപുരത്തുമായി വെറുതെ കിടക്കുന്ന സ്കാനിയകളും എന്തുകൊണ്ട് ബാംഗ്ലൂർ സ്പെഷ്യൽ സർവീസിന് ഉപയോഗിച്ച് കൂടാ?(മൈസൂർ-തിരുവനന്തപുരം സ്കാനിയ വേണമെങ്കില്‍ ബാംഗ്ലൂർക്ക് നീട്ടുകയുമാവാം). * വോൾവോ സ്പെയർ ആയിരിക്കും സാറുദ്ദേശിച്ച ആ മൾട്ടി ആക്സിൽ …..!
ഇത്തരം പല മാർഗ്ഗങ്ങൾ മുന്നിലുള്ളപ്പോഴും പഴഞ്ചൻ ചിന്താഗതിയും തുഗ്ലക്ക് പരിഷ്കാരങ്ങളുമായി ഒരു വലിയ പ്രസ്ഥാനത്തിന്റെ തലപ്പത്ത് മാറി മാറി ഇരിക്കുന്നവർ മാല ഒരിക്കലും ഒരു കുരങ്ങനും യോജിക്കില്ലെന്ന് തെളിയിക്കുമ്പോൾ, ചിലപ്പോൾ ബ്ലോഗും യാത്രക്കാരും മാത്രമല്ല – സാക്ഷാൽ കുരങ്ങൻ വരെ വിമർശിച്ചേക്കാം.
—> കെഎസ്ആര്‍ടിസി പൊതുജനത്തിന്റെയല്ലേ?- പിന്നെ അത് പൊതുജനത്തിന് ഉപകാരപ്പെടാത്ത വിധം ഉപയോഗിക്കാൻ നിങ്ങൾക്കെവിടുന്ന് അധികാരം?
—> അല്പമെങ്കിലും ധാർമ്മികത ഓർത്ത് ഈ ഓണം സർവീസ് എങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെട്ടതാക്കൂ സാറന്മാരേ..
*** റേറ്റ് കുറച്ചങ്കിലും ജനങ്ങൾ ഇപ്പോഴും കൈ നീട്ടി സ്വീകരിക്കാത്ത സിൽവർ ലൈൻ ജെറ്റുകളെ സ്പെഷ്യലിന് പ്രതീക്ഷിക്കുന്നു -ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.***
ലേഖകന്‍ – അഖില്‍ ജോയ് പെരുമാലില്‍