ഓളപ്പരപ്പിലൂടെ ഒരു കൊല്ലം – ആലപ്പുഴ ബോട്ട് യാത്ര

വിവരണം – Vishnu Sreedevi Raveendran.

ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു ശനിയാഴ്ച. ഒരുപാട് കാലം മനസ് കൊതിച്ച ഒരു യാത്ര ആയിരുന്നു കൊല്ലം – ആലപ്പുഴ ബോട്ട് യാത്ര. ഒരു ഹൌസ് ബോട്ട് എടുത്തു കറങ്ങാൻ ആണ് ആഗ്രഹം എങ്കിലും നടക്കില്ല എന്നുറപ്പുള്ളതു കൊണ്ടു മറ്റു വഴികൾ അന്വേഷിച്ചപ്പോഴാണ് കൊല്ലം -ആലപ്പുഴ റൂട്ടിൽ കൊല്ലത്തു നിന്നും രാവിലെ 10. 30 ന് ആലപ്പുഴയ്ക്ക് ബോട്ട് ഉണ്ടെന്നു അറിഞ്ഞത്. അതേ ടൈമിൽ ആലപ്പുഴ നിന്നും കൊല്ലത്തേയ്ക്കും…

രാവിലെ ഓടിപിടിച്ചു അനിയൻ്റെ ശകടത്തിൽ നേരെ കൊല്ലം KSRTC സ്റ്റാൻഡിനു അടുത്തുള്ള ജെട്ടിയിലേക്കു. അവിടെ ചെന്നപ്പോൾ ബോട്ട് പോകാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു. വീക്കെൻഡ് അല്ലാത്തതിനാൽ ബോട്ടിൽ ഒരു തിരക്കും ഇല്ലായിരുന്നു. ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട് ബോട്ടിൽ. പക്ഷെ ടോപ് ടേക്ക് നിറയെ ആളുണ്ടായിരുന്നു. യാത്ര കൂടാതെ ടൂറിസം കൂടെ ഉൾപ്പെടുത്തി ഉള്ളതായതു കൊണ്ടു താരതമ്യേന നല്ല സീറ്റുകളും ചെറിയ ഒരു ബാത്റൂമും കൂടെ ഉണ്ട്‌. സ്രാങ്ക് ഉൾപ്പെടെ 5 ജോലിക്കാർ. അഞ്ചും കട്ട കമ്പനി ആയി ഇറങ്ങുമ്പോഴേയ്ക്കും.

യാത്ര തുടങ്ങുമ്പോൾ മുതൽ വശങ്ങളിൽ കാഴ്ചകൾ ആരംഭിക്കുകയായി. കൊല്ലത്തിന്റെ സ്വന്തം അഡ്വെഞ്ചർ പാർക്ക്‌ തന്നെ ആണ് ആദ്യം കാഴ്ച. പിന്നങ്ങോട്ട് കാഴ്ചകളുടെ ഒരു ഉത്സവമേളം തന്നെയാണ്. പച്ച പുതച്ചു നിൽക്കുന്ന ചെരുവിനുള്ളിൽ കോട്ടപോലെ Raviz. കൈയിൽ വിളക്കുമേന്തി വഴികാട്ടി ആയി കൊല്ലത്തിന്റെ വിളക്കമ്മ, തേവള്ളി പാലം….അങ്ങനങ്ങനെ..

ഓളപ്പരപ്പിൽ വിരിയുന്ന കാഴ്ചകൾക്ക് പൊൻവെയിലിന്റെ തീഷ്ണത കൂടി ആകുമ്പോൾ കായൽ പരപ്പിൽ വജ്രത്തിളക്കം. കാഴ്ചകളെല്ലാം ഒന്ന് പോലും വിടാതെ ആസ്വദിക്കാം. അതിനിടയ്ക്ക് ബോട്ടിൽ വച്ചു വിദേശിയായ പാട്രിക്കിനെ പരിചയപ്പെട്ടു. ഫ്രാൻസ് ആണ് ജന്മം ദേശം. അമൃതാനന്ദമയി അമ്മയുടെ ഒരു ഡൈ ഹാർഡ് ഭക്തനായ പുള്ളിയുടെ യാത്ര അമൃതപുരിക്ക് ആണ്. ഗൂഗിളും പോയ സ്ഥലങ്ങളിലെ ചിത്രങ്ങളും കൊണ്ടു പാട്രിക്കിനെ ഞാൻ മോഹിപ്പിച്ചു. ഇനി ഒരു മാസം കൂടിയേ പുള്ളിക്ക് ഉള്ളു. പക്ഷെ തിരിച്ചു വരും എന്ന് പറഞ്ഞു കൊണ്ടു ഒരു സെൽഫിക്ക് നിന്നും തന്നു പുള്ളി അമൃതപുരിയിൽ ഇറങ്ങി.

പിന്നെ പരിചയപ്പെട്ടത് കാസറഗോഡ് ഉള്ള ഒരു ഇക്കയെയും ഇത്തയെയും ആണ്. അവർ ഈ യാത്രയ്ക്കും ആലപ്പുഴ കാണാനും വേണ്ടി തലേന്ന് രാത്രി ട്രെയിനിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതാണത്രെ. ഒരു പാവം പ്രവാസി… അതെ എന്നെ പോലെ തന്നെ….

കായലിന്റെ തീരത്തുള്ള ഒരു ചെറിയ റസ്റ്റ് ഹൌസിൽ ഉച്ച ഊണിനു (ഊണ്.. ആ കുഴപ്പമില്ല എങ്കിലും റേറ്റ് – 125രൂപ. ഞാൻ veg ആണ് ട്രൈ ചെയ്തത്) ശേഷം ഇളം വെയിലിൽ വീണ്ടും കാഴ്ചകളുടെ വസന്തം. ചവറയും അമൃതപുരിയും പിന്നെ പേരറിയാത്ത കുറെ സ്ഥലങ്ങളും താണ്ടി ബോട്ട് വീണ്ടും മുന്നോട്ട്. തൃക്കുന്നപുഴയ്ക്കു അടുത്തായി ചീപ്പ് ഉണ്ട്. അതെ അങ്ങനെ ആണ് ഞങ്ങടെ നാട്ടിൽ പറയുന്നത്. കായലിൽ നിന്നും തൊടുകളിലേക്കു ഉപ്പു വെള്ളം കേറാതെ ഇരിക്കാൻ കെട്ടി ഉണ്ടാക്കിയത്. ബോട്ട് വരുമ്പോൾ ആദ്യത്തെ ചീപ്പ്‌ തുറന്നു. ബോട്ട് ഉള്ളിലേക്ക് കയറിക്കഴിഞ്ഞാൽ അപ്പോൾ അത് ക്ലോസ് ചെയ്യും. എന്നിട്ട് അടുത്തത് തുറക്കും. അത്രയും നേരം ബോട്ട് ഒരു പെട്ടിക്കു ഉള്ളിൽ എന്ന പോലെ.

മനോഹരമായ കാഴ്ച… തൊടുകളിലൂടെ…. കാഴ്ചകളിലൂടെ…… സായം സന്ധ്യ യെ തലോടി…. തോടിലേക്കു ചാഞ്ഞു നിൽക്കുന്ന മരങ്ങളെ ഉമ്മ വച്ചു.. നിഛലമായ ജലത്തെ തൊട്ടുണർത്തി….. മുന്നിലേക്ക്‌….. സായം സന്ധ്യയിലെ ഗ്രാമ കാഴ്ചകൾ വിട്ടു റിസോർട്ടുകളുടെ ചിത്രങ്ങൾ കണ്ടു തുടങി. ഇടയ്ക്ക് മാത്രം കണ്ടു കൊണ്ടിരുന്ന ഹൌസ് ബോട്ടുകൾ സാധാരണമായി… അണയുന്ന പകൽ വെളിച്ചത്തിൽ കിങ്ങിണി കെട്ടിയവൾ പുഞ്ചിരി തൂകി…. ആലപ്പുഴ…. കിഴക്കിന്റെ വെനീസ്…..

സമയം 6.45. ബോട്ടിലെ ചേട്ടന്മാരോടും പരിചയപ്പെട്ടവരോടും യാത്ര ചോദിച്ചിറകുമ്പോൾ മനസ് ഒരിക്കൽ കൂടി ഈ യാത്രയ്ക്ക് കൊതിച്ചു. രാത്രിയിലും വീശി അടിക്കുന്ന ചൂട് കാറ്റിൽ റൂമിനുള്ളിൽ AC യിൽ ഇരുന്നു ഇതെഴുതുമ്പോളും മനസ് കുളിർക്കുന്നെങ്കിൽ… അതെ ഞാൻ അടുത്ത ലീവ് പ്രതീക്ഷിക്കുകയാണ് … എന്റെ കുടുംബത്തോടൊപ്പം ഉള്ള ഇതേ യാത്രയ്ക്കായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply