കെ.എസ്.ആര്‍.ടി.സി. ശമ്പളവിതരണ ക്രമക്കേട്; പ്രതികരിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍

കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളവിതരണ ക്രമക്കേടിനെക്കുറിച്ചുള്ള ‘മാതൃഭൂമി’ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.സ്ഥാപനത്തിന് അപകീര്‍ത്തിയുണ്ടാക്കുന്ന വിധത്തില്‍ നവമാധ്യമത്തിലൂടെ പ്രതികരിച്ചു എന്ന കുറ്റംചുമത്തിയാണ് ചീഫ് ഓഫീസിലെ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് സെന്ററിലെ ജീവനക്കാരന്‍ പി.ജെ. കിഷോറിനെ സസ്‌പെന്‍ഡ് ചെയ്തത്.
ഓണശമ്പളത്തോടൊപ്പം രണ്ടായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സും, ഉത്സവബത്തയും ഇരട്ടി നല്‍കിയത് വിവാദമായിരുന്നു. ‘മാതൃഭൂമി’ വാര്‍ത്തയെ തുടര്‍ന്ന് കുറ്റക്കാരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഒരുമാസം പിന്നിടുമ്പോഴും കുറ്റക്കാരെ കണ്ടെത്താനോ നഷ്ടമായതുക പൂര്‍ണമായും തിരിച്ചെടുക്കാനോ കഴിഞ്ഞിട്ടില്ല. ക്രമക്കേട് കാട്ടിയവരെ രക്ഷിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് വന്ന വാര്‍ത്തയാണ് കിഷോര്‍ ഫേസ് ബുക്കിലും, വാട്‌സ്ആപ്പിലും പങ്കിട്ടത്.

‘ഇവിടെ ഇതും ഇതിലപ്പുറവും നടക്കും. ആരുണ്ട് ചോദ്യം ചെയ്യാന്‍’ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അതേസമയം ഒരു കോടിയോളം രൂപ നഷ്ടമായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ ഇതുവരെ കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. അധിക തുക കിട്ടിയ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും ആ തുക കുറവ് ചെയ്യുമെന്നാണ് ആഗസ്തില്‍, കെ.എസ്.ആര്‍.ടി.സി. ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സപ്തംബറിലെ ശമ്പളം നല്‍കിയിട്ടും നഷ്ടമായ തുക പൂര്‍ണമായും തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ജനറല്‍മാനേജര്‍ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ മാനേജ്‌മെന്റിനെ അവഹേളിച്ചതിനാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

News: Mathrubhumi

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply