മലേഷ്യയുടെ കാവലായി ബാത്തു മലൈ ആണ്ടവൻ..

വിവരണം – Vysakh Kizheppattu.

ജനലുകൾ ഇല്ലാത്ത റൂം ആയതിനാൽ നേരം പുലർന്നതറിയാൻ വാച്ചിനെ തന്നെ ആശ്രയിച്ചു. അവിടെ എത്തിയപ്പോൾ തന്നെ സമയം രണ്ടര മണിക്കൂർ മുന്പിലോട്ട് ആക്കിയിരുന്നു. 9:30 നു ഡ്രൈവർ ഹോട്ടലിൽ വരും അതിനു മുൻപ് എല്ലാം കഴിഞ്ഞു തയ്യാറായി ഇരിക്കണം. കൃത്യ നിഷ്ഠ പാലിക്കണം എന്ന് ഇവിടെ നിന്ന് പോകുമ്പോൾ തന്നെ പറഞ്ഞിരുന്നു. കാലത്തു ഏഴു മണി മുതൽ പ്രഭാത ഭക്ഷണം ഹോട്ടലിൽ ലഭിക്കും. കാലത്തേ പരിപാടി എല്ലാം കഴിഞ്ഞു എട്ടരയോടെ റൂമിൽ നിന്ന് ഇറങ്ങി താഴെ പോയി ഭക്ഷണത്തിനുള്ള കൂപ്പൺ റിസെപ്ഷനിലിൽ നിന്ന് കൈക്കലാക്കി കഴിക്കാൻ വേണ്ടി കയറി.

നമ്മൾ തന്നെ എടുത്തു കഴിക്കണം. ഒരുപാട് വിഭവങ്ങൾ ഉണ്ട്..സുഹൃത് ഹരി പോയാണ് ഭക്ഷണം കൊണ്ടുവന്നത് .പ്രത്യേകിച്ച് വലിയ രുചി ഒന്നും തോന്നിയില്ല. എന്തേലും കഴിക്കണ്ടേ എന്ന് കരുതി ഉള്ളത് കഴിച്ചു. കുടിക്കാൻ വെള്ളം,ജ്യൂസ്,പച്ച പാല് പിന്നെ ചായ ഉണ്ടാക്കാൻ വേണ്ട എല്ലാ സാധനങ്ങളും അങ്ങനെ എല്ലാം അവിടെ ഉണ്ട്. നമ്മുടെ ഇഷ്ടം അനുസരിച്ചു ഉണ്ടാക്കി എടുത്തു കഴിക്കാം. കൂടാതെ പഴങ്ങളും അതിന്റെ കൂടെ കാണാം. ചില വിദേശികൾ പഴം മാത്രം ആണ് കാലത്തു കഴിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവിടെ താമസിക്കുന്നുണ്ട്. എല്ലാവരുടെയും ഭക്ഷണ രീതി വ്യത്യസ്തം.

കൃത്യം 9:30 ആയപ്പോൾ ഡ്രൈവർ വന്നു. നെയ്‌സൺ എന്നാണ് പുള്ളിയുടെ പേര്. ഇന്ത്യൻ വംശജനാണ്. മലയക്കാരും ചീനന്‍മാരും കഴിഞ്ഞാല്‍ മലേഷ്യയിലെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യന്‍ വംശജരാണ്. ഭൂരിപക്ഷവും തമിഴ് ജനത. അമ്പതു വയസിനു മുകളിൽ പ്രായമുള്ള ഒരു ഫ്രീക്കൻ ചേട്ടൻ. ആദ്യമായി പോകുന്ന സ്ഥലം Batu Caves ആണ്. ബാത്തു മലൈ മുരുകന്‍ മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന ആരാധന മൂര്‍ത്തിയാണ്. കൂടാതെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും. ഹോട്ടലിൽ നിന്ന് 20 മിനിട്ടു യാത്രയാണ് അവിടെക്കുള്ളത്.

കാറിൽ കയറിയപാടെ ഡ്രൈവർ സംസാരം ആരംഭിച്ചു. തമിഴും ഇംഗ്ലീഷും ആണ് സംസാര ഭാഷ. വണ്ടി ഓടിക്കുന്നതിനേക്കാൾ ശ്രദ്ധ ഞങളുടെ അടുത്ത് സംസാരിക്കുന്നതിൽ ആണ്. ശനിയും ഞായറും കോലാലംപുർ പൊതു അവധി ആണ്. അതിനാൽ റോഡിലെ തിരക്കുകൾ വളരെ കുറവായിരുന്നു. ഈ രണ്ടു ദിവസങ്ങൾ ആണ് അവിടെ യാത്ര ചെയ്യാൻ കൂടുതൽ നല്ലത് അല്ലാത്തപക്ഷം റോഡിലെ തിരക്ക് നേരിടേണ്ടി വരും അത് നല്ലപോലെ നമ്മുടെ സമയം കളയും. ദൂരെ നിന്ന് തന്നെ ആണ്ടവൻ കുടികൊള്ളുന്ന മലയും 140 അടിയുള്ള മുരുകൻ പ്രതിമയും നമ്മുക് കാണാൻ കഴിയും.

സ്ഥലം അടുക്കും തോറും തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിലേക്കു പോകുന്ന ഒരു അനുഭവമാണ്. ചുറ്റും മാലകളും പൂക്കളും ഒക്കെ വിൽക്കുന്ന ചെറിയ കടകൾ. ഡ്രൈവർ വണ്ടി അകത്തേക്കു എടുത്തു കുറച്ചു മാറി പാർക്ക് ചെയ്തു. പട്ടണത്തിൽ നിന്ന് വടക്കു മാറിയുള്ള ബാത്തു മലയിൽ പ്രകൃതിദത്തമായ ഗുഹയിൽ ആണ് ഈ മുരുകൻ കോവിൽ. താഴെയുള്ള വേൽമുരുകന്റെ കൂറ്റൻ പ്രതിമയാണ് ഈ കോവിലിന്റെ മുഖമുദ്ര. പച്ചപ്പ്‌ നിറഞ്ഞ ബാത്തു മലയുടെ പശ്ചാത്തലത്തിൽ സ്വർണവർണമായി നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ ഒരു മനോഹര കാഴ്ച തന്നെയാണ്. വണ്ടിയിൽ നിന്ന് ആദ്യം പോയത് ഈ മനോഹര കാഴ്ച് ക്യാമറയിൽ പകർത്താൻ ആയിരുന്നു.

മൂന്നു വർഷം കൊണ്ടാണ് ഈ ശില്പത്തിന്റെ പണി പൂർത്തിയാക്കിയത്. പ്രതിമയുടെ അടുത്ത് നിന്നാണ് മുകളിലേക്കുള്ള പടികൾ ആരംഭിക്കുന്നത്. കുത്തനെയുള്ള 272 പടികൾ ആണ് കയറാൻ ഉള്ളത്. മരം കൊണ്ടുള്ള പടികൾ ആയിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത് പിന്നീടാണ് അത് കോൺക്രീറ്റ് പടികൾ ആയി മാറ്റിയത്. അല്പം പടികൾ കയറി തിരിഞ്ഞു നോക്കിയാൽ ഉള്ള കാഴ്ച മനോഹരമാണ്. പട്ടണത്തിനു കാവലായി മുരുകൻ നിൽക്കുന്ന കാഴ്ച . പടികൾ കയറിയാൽ ചുണ്ണാമ്പു കല്ലിൽ പ്രകൃതി ഒരുക്കിയ ഗുഹാമുഖം. അത് കഴിഞ്ഞാൽ വിശാലമായ തളത്തിലേക്കാണ്. ചുറ്റും മുരുകനും ഗണപതിയും മറ്റു മൂർത്തികളെയും കാണാം. മുകളിലേക്കു നോക്കിയാൽ ചുണ്ണാമ്പു പാറയിൽ നിന്നും തൂങ്ങി നിൽക്കുന്ന രൂപങ്ങൾ. ഒറ്റ ഫ്രെമിൽ ഒതുക്കാൻ കഴിയാത്ത മനോഹര കാഴ്ചകൾ.

പല സ്ഥലത്തും നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ട്..ഇനിയും കുറച്ചു പടികൾ കയറിയാൽ ആണ് മുരുകന്റെ കോവിൽ കാണുക. മുകൾ ഭാഗം തുറന്നതാണ്. വെള്ളത്തുള്ളികളോടെ താഴേക്ക് പതിക്കുന്ന സൂര്യ രശ്മികൾ. ചെറിയ കോവിലാണ് ഇവിടെ ഉള്ളത്. കോവിലിനു മുന്നിൽ കുരങ്ങന്മാരും പ്രാവുകളും ഒരുപാട് ഉണ്ട് .അവിടെ വരുന്ന ഭക്തർ നല്കുന്ന ഭക്ഷണത്തിനായി തല്ലുകൂടുകയാണ് ഇവ രണ്ടും. വിനോദ സഞ്ചാര കേന്ദ്രം ആയതിനാൽ ആകണം അമ്പലത്തിൽ കയറാൻ ചിട്ടകൾ ഒന്നും തന്നെയില്ല. ദിവസവും നാലായിരത്തിലധികം ആളുകൾ സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്.

1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. രണ്ടു വർഷത്തിന് ശേഷം തൈപ്പൂയം ആഘോഷവും ആരംഭിച്ചു. എന്നാൽ ഇന്ന് തമിഴ് നാടിനെ വെല്ലുന്ന ആഘോഷമാണ് തൈപൂയത്തിനു ഇവിടെ നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിക്കുന്ന ആഘോഷത്തിൽ പത്തു ലക്ഷത്തിലധികൾ ആളുകൾ പങ്കെടുക്കുന്നു എന്നാണ് കണക്കുകൾ .കൂടാതെ മലേഷ്യയിൽ തൈപ്പൂയം ഒരു പൊതു അവധി കൂടിയാണ്. മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹ/മല ആയാണ് ബാത്തു മല അറിയപ്പെടുന്നത്.അതിൽ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ്. ഗുഹയിലെ കാഴ്ചകൾ നമ്മുടെ കണ്ണുകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരിച്ചിറങ്ങുന്ന വഴിയിൽ താഴെ പിരിഞ്ഞു പോകുന്ന രണ്ട് വഴികളുണ്ട്. ഡാർക്ക് കേവ്സ് എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളായ ഗുഹാചിലന്തികളും, തേളുകളും, വവ്വാലുകളും മറ്റ് ജീവികളും വസിക്കുന്ന ഇവിടേക്ക് അധികൃതർ അഡ്വന്‍ച്വര്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. കൂടാതെ റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മലയുടെ മറ്റൊരു വശത്തു വലിയ ഒരു ഹനുമാൻ പ്രതിമയും നമ്മുക് കാണാൻ കഴിയും. അതിനടിയിലാണ് രാമകഥകള്‍ ആലേഖനം ചെയ്ത രാമായണ ഗുഹ. കാഴ്ചകളുടെ മറ്റൊരു ലോകമാണ് ഈ ബാത്തു മല സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്.സമയക്കുറവു മൂലം അധികം സമയം ചിലവഴിക്കാൻ ഞങ്ങളക്ക് സാധിച്ചില്ല..പ്രകൃതി ഒരു സംഭവമാണ്. ഇങ്ങനെ ഒരുപാട് അത്ഭുതങ്ങൾ ലോകത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്. ചിലതെങ്കിലും കാണാൻ സാധിച്ചാൽ നാം ഭാഗ്യവാന്മാരാണ്. കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രകൃതി ഒരുക്കിയ കാഴ്ചക്ക് വിരാമമിട്ടുകൊണ്ട് മനുഷ്യൻ നിർമിച്ച മറ്റൊരു വിസ്മയനഗരത്തിലേക് ഞങ്ങൾ അവിടെ നിന്ന് യാത്ര തിരിച്ചു ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply