‘സൗജന്യം’ അവസാനിപ്പിച്ച് കെഎസ്ആർടിസിയെ രക്ഷിക്കാൻ ആലോചന..

സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കെഎസ്ആർടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി യാത്രാ സൗജന്യങ്ങൾ അവസാനിപ്പിക്കാൻ അധികൃതരുടെ ആലോചന. വിദ്യാർഥികൾ ഒഴികെയുള്ള വിഭാഗങ്ങളുടെ സൗജന്യ യാത്രകൾക്കു മാത്രം കെഎസ്ആർടിസി കഴിഞ്ഞവർഷം ചെലവഴിച്ചത് 120.79 കോടിരൂപയാണ്. വിദ്യാർഥികൾക്കായി 105 കോടിരൂപയും ചെലവഴിച്ചു. യാത്രാ സൗജന്യങ്ങൾ നൽകി സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്ന സന്ദേശമാണ് കോർപറേഷൻ സർക്കാരിനു നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം സൗജന്യ യാത്രകൾക്കായി കോർപറേഷൻ ചെലവഴിച്ച പണം ഇതു വരെ സർക്കാർ നൽകിയിട്ടില്ല. ഇത് എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ടു കോർപറേഷൻ സർക്കാരിനു കത്തു നൽകി.

സൗജന്യങ്ങൾ അവസാനിപ്പിക്കാതെ കെഎസ്ആർടിസിയെ രക്ഷിക്കാനാകില്ലെന്ന് കെഎസ്ആർടിസിയുടെ പുനസംഘടനയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച പ്രഫ. സുശീൽഖന്നയും വ്യക്തമാക്കിയിരുന്നു. ‘നിർദേശം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഏതൊക്കെ വിഭാഗങ്ങളെ ഒഴിവാക്കണമെന്നു ചർച്ചകളിലൂടെയാണു തീരുമാനിക്കേണ്ടത്’–കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനി, അവരുടെ വിധവ, അന്ധർ, സ്റ്റാൻഡിങ് കൗൺസിൽ ലീഗൽ അഡ്വൈസർ (സംസ്ഥാനതലം, ജില്ലാതലം), എംഎൽഎ, എംപി, മുൻ എംഎൽഎ, എംപി, അർജുന – ദ്രോണാചാര്യ അവാർഡ് ജേതാക്കൾ, കബീർ പുരസ്കാര ജേതാക്കൾ, ഭരണസമിതി അംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ, അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പ്ലസ്ടുതലം വരെയുള്ള വിദ്യാർഥികൾ എന്നിവർക്കാണു സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 35,341 സ്ഥിരം ജീവനക്കാർക്കും 8,549 താൽക്കാലിക ജീവനക്കാർക്കും 38,561 പെൻഷൻകാർക്കും നിബന്ധനകൾക്കു വിധേയമായി സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

സൗജന്യം അവസാനിപ്പിക്കാനായാൽ അത് കെഎസ്ആർടിസിക്ക് ഒരുപരിധിവരെ ആശ്വാസം നൽകും. കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള പ്രതിമാസ അന്തരം 79 കോടിയാണ്. വാർഷിക ടിക്കറ്റ് – ടിക്കറ്റിതര വരുമാനം 1861 കോടിരൂപയാണ്. ചെലവാകട്ടെ 3,631 കോടി.

Source – http://www.manoramanews.com/news/kerala/2017/09/17/ksrtc-to-end-free-rides.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply