ക്രച്ചസിന്റെ കരുത്തില്‍ കൊടുമുടികള്‍ താണ്ടിയവന്.
മൂന്നാര്‍ മുതല്‍ സ്കോട്ട്ലന്‍ഡ് വരെ കാടും മലയും താണ്ടിയിട്ടുള്ള നീരജ് ജോര്‍ജ് ബേബിക്ക് ( Neeraj George ) ഒരു കാല് ഇല്ലാത്തത് ഒരു കുറവേ അല്ല.
മഴമേഘങ്ങള്‍ക്കും മീതെ, മലമുകളില്‍ ചെറുപുഞ്ചിരി തൂകി നില്ക്കുന്ന യുവാവ്. ഫെയ്സ്ബുക്കില്‍ വൈറലായ ഒരു ചിത്രം. കിട്ടിയ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കും കണക്കുണ്ടായിരുന്നില്ല. ചിത്രത്തിന്റെ ദൃശ്യഭംഗിക്കായിരുന്നില്ല, ഒരു കാലിന്റെ മാത്രം ബലത്തില്‍ അതുപോലൊരിടത്ത് എത്തിച്ചേര്‍ന്ന മനക്കരുത്തിനായിരുന്നു ആളുകളുടെ അഭിനന്ദനമത്രയും. ഒപ്പം, ആരാണ് അയാള്‍ എന്ന ചോദ്യവും സമൂഹമാധ്യമത്തില്‍ ഉയര്‍ന്നു.
ഇത് ആലുവ സ്വദേശിയായ നീരജ് ജോര്‍ജ് ബേബി. സമുദ്രനിരപ്പില്‍ നിന്ന് ആറായിരം അടി ഉയരമുള്ള കുറങ്ങണി മലമുകളില്‍ നില്ക്കുന്ന ചിത്രമാണത്. ക്രച്ചസിന്റെ ബലത്തില്‍ കാട്ടുപാതയിലൂടെ 12 കിലോമീറ്റര്‍ താണ്ടിയാണ് അയാള്‍ അവിടെ വരെ എത്തിച്ചേര്‍ന്നത്..
എന്നാല്‍ നീരജിന്റെ ജീവിതനേട്ടങ്ങള്‍ക്കു മുന്നില്‍ കുറങ്ങണിയുടെ ഉയരം ഒന്നുമല്ല.
എട്ടാമത്തെ വയസില്‍ അംഗപരിമിതനായ നീരജ്, 30-ാമത്തെ വയസിലേക്ക് കൈനിറയെ നേട്ടങ്ങളാണ് സ്വന്തമായുള്ളത്. കാടും മലയും ധാരാളം കയറിയിട്ടുണ്ട്. മൂന്നാര്‍ മുതല്‍ അങ്ങ് സ്കോട്ട്ലാന്‍ഡ് വരെ. ബാഡ്മിന്റണില്‍ കൈവരിച്ച നേട്ടങ്ങള്‍ അതിനും മുകളിലാണ്. കോളേജില്‍ പഠിക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവാന്മാരായ എതിരാളികളെ കളിച്ച് തോല്പിച്ചു.
പിന്നീട് നിരവധി ദേശീയ മത്സരങ്ങളില്‍ തിളങ്ങി. ഏഴ് തവണ അംഗപരിമിതര്‍ക്കായുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതി സ്വന്തമാക്കി…
മലകയറി.. മൂന്നാര്‍ മുതല്‍ സ്കോട്ട്ലന്‍ഡ് വരെ…
കോളേജില്‍ പഠിക്കുന്ന കാലം തൊട്ട് നീരജ് കാടും മലയും കയറിത്തുടങ്ങിയതാണ്. സുഹൃത്തായ ശ്യാം സുന്ദറായിരുന്നു അന്നൊക്കെ ട്രെക്കിങ്ങുകളിലെ സഹചാരി. അന്ന്, വയനാട്ടിലെ തിരുനെല്ലിയില്‍ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. അവിടെ, മലമുകളിലെ പക്ഷിപ്പാതാളത്തില്‍ പണ്ട് കാഴ്ചശക്തിയില്ലാത്ത ഒരാള്‍ കയറിയിരുന്നു എന്ന് ഗൈഡ് പറഞ്ഞു. ഒരു കൈ നോക്കാമെന്ന് കരുതി നീരജ് അങ്ങ് കയറി.
പിന്നീട് ഒരുതവണ ഇടയ്ക്കല്‍ ഗുഹയില്‍ ചെന്നപ്പോള്‍, കയറണോ എന്ന് അധികൃതര്‍ ചോദിച്ചു. മറ്റു സന്ദര്‍ശകരുടെ കാലുകളുടെ വേഗത്തെ തോല്പിച്ചാണ് നീരജ് അതിനുള്ള മറുപടി നല്‍കിയത്.
ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും 27 കിലോമീറ്റര്‍ നീളുന്ന മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങ് ഇന്നും നീരജിന് മറക്കാനാവാത്ത ഒരനുഭവമാണ്. ബോബന്, കിരണ്‍ ന്നിവരായിരുന്നു പ്രചോദനം. നിഷാന്ദും നിഖിലും പകര്‍ന്ന ആത്മവിശ്വാസത്തില്‍, കോയമ്പത്തൂരില്‍ നിന്ന് രണ്ടുദിവസം കൊണ്ട് പൂണ്ടി, ഏഴുമല എന്നിവിടങ്ങള്‍ താണ്ടി വെള്ളിയാങ്കരി മലമുകളില്‍ കയറി.
നാട്ടിലെ യാത്രകള്‍ നല്കിയ കരുത്തില്‍ സ്കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജ് കീഴടക്കി. ഹിമാലയം കയറണമെന്ന ആഗ്രഹം ഇപ്പോഴും ആഗ്രഹമായി തന്നെ തുടരുന്നു. ..
നീരജിനു മുൻപിൽ ശിരസ്സ് നമിക്കുന്നു.. ബിഗ് സല്യൂട്ട് ….. രണ്ടുകാലുള്ളവരേക്കാള് ഉയരത്തില്‍ നിങ്ങളെത്തിയിരിക്കുന്നു, നീരജ്.
പോവുക, ഇനിയും കൂടുതല്‍ ദൂരങ്ങളിലേക്ക്, ഉയരങ്ങളിലേക്ക്..! താങ്കളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കട്ടെ എന്ന പ്രാർത്ഥനയോടെ….. പ്രണയമാണ് യാത്രയോട്..