കെഎസ്ആര്‍ടിസിയുടെ എം.ഡിയായി ഇനി ടോമിന്‍ തച്ചങ്കരി ഐ.പി.എസ്.

കെഎസ്ആർടിസിയുടെ തലപ്പത്ത് വീണ്ടും അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയാണ് പുതിയ കെഎസ്ആർടിസി എംഡി. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്‍റെ ചുമതലയാണ് നൽകിയത്. കെ.എസ്‌.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ഒരു പരീക്ഷണംകൂടി എന്നാണു മുഖ്യധാരാ മാധ്യമങ്ങള്‍ ഈ അഴിച്ചുപണിയെ വിശേഷിപ്പിക്കുന്നത്.

കെ.എസ്‌.ആര്‍.ടി.സിയെ പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ എം.ഡി. സ്‌ഥാനം ഏറ്റെടുക്കണമെന്നു തച്ചങ്കരിയോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ നഷ്‌ടത്തിലായിരുന്ന മാര്‍ക്കറ്റ്‌ ഫെഡ്‌, കേരള ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ്‌ എന്നിവിടങ്ങളില്‍ മാനേജിങ്‌ ഡയറക്‌ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയിരുന്നു. ഈ പ്രവര്‍ത്തനമികവാണു കെ.എസ്‌.ആര്‍.ടി.സി. യിലേക്കും പരീക്ഷിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്‌. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്‌ഥാനത്തില്‍ കെഎസ്ആർടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

മുന്‍പ് ഗതാഗത കമ്മിഷണറായിരുന്ന വേളയില്‍ ടോമിന്‍ തച്ചങ്കരി മന്ത്രി എ.കെ.ശശീന്ദ്രനുമായി ഇടഞ്ഞതു ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. അതോടൊപ്പം തന്നെ ജന്മദിനത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ ലഡ്‌ഡു വിതരണം ചെയ്‌തതിനെത്തുടര്‍ന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണര്‍ കസേര തെറിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മന്ത്രിയുമായുളള സ്വരചേര്‍ച്ചയില്ലായ്‌മ പരിഹരിച്ചതായി സൂചനയുണ്ട്‌.

നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യും എന്നാണു തച്ചങ്കരിയുടെ നിലപാട്. രാജമാണിക്യം എംഡിയായി വന്നപ്പോള്‍ ഒന്ന് പച്ചപിടിച്ചു തുടങ്ങിയ കെഎസ്ആര്‍ടിസി ഇനി തച്ചങ്കരിയുടെ നിയന്ത്രണത്തില്‍ കൂടുതല്‍ വളരുമോ എന്ന് നാം കാത്തിരുന്നു കാണണം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply