മലബാറിന്‍റെ മണ്ണിലൂടെ ഒരു അഡാറ് മഴ യാത്ര…

വിവരണം – Rinaz Bin Sathar.

മഴക്കാലം ആയാൽ അത് നന്നായി മുതലാക്കുന്നവർ ആണ് നമ്മളിൽ ഏറെയും, കുളത്തിൽ ചാടിയും, പുഴയിൽ നീന്തിയും, പാടത്ത് ചെളിയിൽ ഫുട്ബോൾ കളിച്ചും, മഴയിൽ കുളിച്ചും അങ്ങനെ അങ്ങനെ പല തരത്തിലും. പക്ഷേ അതിനൊക്കെ അപ്പുറം വേറെ തന്നെ അനുഭൂതി തരുന്ന ഒരു പരിപാടി ഉണ്ട്. മഴ നനഞ്ഞ് ഒരു ആടാർ യാത്ര പോവണം, മഴ നനയാൻ മാത്രായിട്ട് ഒരു യാത്ര. അതിന്റെ സുഖം അത് വേറെ തന്നെ ആണ്. 2 കൂട്ടം റൈൻ കോട്ട് അട്ടിക്ക് ഇട്ട് പോയാപ്പോലും ജെട്ടി വരെ നനഞ്ഞ് പാദം തൊട്ട് മൂർധാവ്‌ വരെ കുളിരും കേറി അച്ചടി മെഷീൻ പോലെ നിരപ്പല്ല് കെടന്ന് പെട പെടാന്ന് അടിച്ച് അടിമുടി കെട കെടാന്ന്‌ വെറച്ചും കൊണ്ട് റോഡും കാടും മേടും ചുരവും മലയും താണ്ടണം, പെരുമഴ ആണേലും മുഖത്തു കുത്തുന്ന മഴത്തുള്ളികളെ കണ്ണ് ഇറുക്കി നേരിട്ട് ബൈക്കിൽ പായണം, മഴയിൽ നമ്മളും, മഴ നമ്മളിലും ആലിയണം, മഴയെന്ന അനുഗ്രഹത്തിന്റെ അഴക് അറിയണം. ഇതൊക്കെ അറിയണേൽ അമ്മാതിരി ഒരു യാത്ര പോയി തന്നെ അറിയണം.

ഇതിന്റെ ആ ഒരു ലഹരി അറിയുന്നവർ തന്നെ ആണ് 2017ൽ “മഴ നനയാം യാത്രികനോടൊപ്പം” എന്ന ആശയം മുന്നോട്ട് വെച്ചത്. ആശയത്തെ ഇടം വലം നോക്കാതെ മിക്ക യൂണിറ്റുകളും നെഞ്ചിലേറ്റി. പലയിടത്തും ഒരുപാട് യാത്രികർ ഒരുങ്ങി ഇറങ്ങി നനഞ്ഞു കയറി. അന്ന് കോഴിക്കോട് യൂണിറ്റിന്റെ കൂടെ ഞാനും ഷിന്റിലും നനഞ്ഞ മഴയിലാണ് ‘ഉയരം കൂടുംതോറും മഴയ്ക്ക് സ്വാദും കൂടും’ എന്ന കൊച്ചു യാത്രാ വിവരണം തളിർത്തത്.

ഇക്കൊല്ലം മഴ തിമിർത്തു തുടങ്ങുന്നതിനു മുൻപ് തന്നെ യാത്രികരെയും കൂട്ടി നനയാൻ കണ്ണൂർ യൂണിറ്റ് ഒരുങ്ങിയിരുന്നു. സ്ഥലവും തിയ്യതിയും എല്ലാം പറഞ്ഞുറപ്പിച്ചു പതിവ് പോലെ കാത്തിരുന്നു. കൂടെ തന്നെ മറ്റു യൂണിറ്റുകളും ഒരുക്കത്തിൽ ആയിരുന്നു.

ജൂലൈ 15 ഞായറാഴ്ച പുലർച്ചെ 5 എന്നെ വീട്ടിൽ വന്ന് എടുക്കാം എന്ന് പറഞ്ഞ പ്രമുഖ റൈഡർ ഷീന മോൾ കൃത്യം 5:50 ന് തന്നെ വീട്ടിൽ എത്തി. ഒരു എൻജിനീറിങ് കോളേജ് അസിസ്റ്റന്റ്‌ പ്രൊഫസർ എന്ന നിലയിൽ കൃത്യനിഷ്ഠതയിൽ അവൾ മാതൃക ആയി. ഇനിയിപ്പോ 6:30ന് തലശ്ശേരി ഏത്തണേൽ 40 കിമി 40 മിനിറ്റ് കൊണ്ട് ഓടി പിടിക്കണം. അത് ഏതായാലും നടക്കൂല എന്ന് ഉറപ്പുള്ളത് ഷീനയെ നന്നായിട്ടൊന്ന് സ്മരിച്ചു. വണ്ടീൽ കേറി ഇരുന്ന് പറപ്പിച്ചു. 5-6 കിമി പിന്നിട്ട് തളിപറമ്പ ടൌൺ എത്തിയപ്പോഴേക്കും ആതിഥേയരായ മഴ അന്നത്തെ അതിഥികളെ സ്വീകരിച്ചു തുടങ്ങിയിരിന്നു.

കണ്ണും പൂട്ടി പിൻസീറ്റിൽ ചുരുണ്ട് കൂടിയ ലവൾ 6:40 ന് തലശ്ശേരി കോട്ട വാതിൽക്കൽ എത്തിയപ്പോഴാണ് കണ്ണ് തുറന്നത്. അപ്പോഴേക്കും മഴ ഒന്ന് അടങ്ങിയിരുന്നു. നേരത്തേ എത്തിയ ഷിന്റുമോനും അഥിതി ആയി എത്തിയ മ്മളെ മച്ചാനും എറണാകുളം അഡ്മിനും ആയ ആൽബിച്ചനും ചേർന്ന് രെജിസ്ട്രേഷൻ പരിപാടികൾ ഒക്കെ തുടങ്ങിയിരുന്നു. സ്ഥിരം കുറ്റികളും, പരിചിത മുഖങ്ങളും പുതുമുഖങ്ങളും എല്ലാം ഉണ്ട്. എല്ലാവരോഡും നൈസ് ആയിട്ട് ഒന്ന് കുശലം ഒക്കെ പറഞ്ഞ് പരിചയപ്പെടലുകൾ ഒക്കെ നടത്തി. മഴ നനയാൻ കുഞ്ഞിപ്പെങ്ങളെയും കൂട്ടി വന്ന അർഷകും അപ്പനെയും കൂട്ടി വന്ന ജിഷ്ണുവും പലർക്കും ഒരു കൗതുകമായിരുന്നു. അങ്ങനെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് എല്ലാവർക്കും വേണ്ട യാത്രാ നിർദേശങ്ങളും കൊടുത്ത് മുൻകൂട്ടി പറഞ്ഞ പ്ലാനിൽ ചില അടിപൊളി മാറ്റങ്ങളും എല്ലാവരോടും പറഞ്ഞു. ബൈക്കുകൾ നിരന്നു, നമ്മളെ വണ്ടീടെ ഫ്രന്റ്‌ സീറ്റ്‌ ഷീന മാഡം കൈക്കലാക്കി, വണ്ടി അവൾടെ ആണേലും ഞാൻ അതിന്റെ അഹങ്കാരം ഒന്നും കാണിച്ചില്ല, പിള്ളേർടെ ആഗ്രഹം നടക്കട്ടേന്ന് ഞാനും വെച്ചു. 18 ബൈക്കുകളിൽ ആയി നമ്മൾ ഉൾപെടെ 33 പേർ കൃത്യം 7:30ന് യാത്ര ആരംഭിച്ചു.

പരമാവധി ഹൈവേ ഒഴിവാക്കി ഉള്ള ഓട്ടം ആയിരുന്നു പ്ലാൻ. അതിന് അനുസരിച്ച് ആയിരുന്നു റോഡുകളും തിരഞ്ഞെടുത്തിരുന്നത്. മാഹിയിൽ നിന്ന് എല്ലാവരും ടാങ്കും ഫുൾ ആകി ഓട്ടം തുടർന്നു. പിന്നിലിരുന്ന് കണ കുണാന്ന് ഓരോന്ന് പറഞ്ഞ് ഓളെ പരമാവധി ചൊറ ആകി. ഇടയിൽ ഒരു റെയിൽവേ ഗേറ്റിൽ കുറച്ചു നേരം കട്ട പോസ്റ്റും കഴിഞ്ഞ്, നാട്ടിൻപുറങ്ങളും പിന്നിട്ട് നമ്മൾ കുറ്റ്യാടി ഒരു ഹോട്ടലിൽ പ്രാതലിനായി ഒതുങ്ങി. പപ്പടം പോലത്തെ 2-3 പൊറോട്ട മുട്ട റോസ്റ്റും കൂട്ടി അകത്താക്കി, അടുത്തുള്ളവന്മാര്ടെ പ്ലേറ്റിൽ കയ്യിടാനും മറന്നില്ല. കഴിച്ച് ഇറങ്ങിയപ്പോഴേക്കും കോഴിക്കോട് യുണിറ്റ് മെമ്പരും സ്ഥിരം കുറ്റിയും ആയ കുറ്റ്യാടിക്കാരാൻ പ്രജീഷ് നമ്മളെ യാത്ര ആക്കാൻ വന്നു, പിന്നാലെ തന്നെ കോഴിക്കോട് മെമ്പറും മീഡിയ ടീം മെമ്പറും കുറ്റ്യാടി കാരനും ആയ നന്ദേഷ് മോനും എത്തി. യാത്ര ആക്കാൻ എത്തിയ ഇരുവരെയും കൂടെ കൂട്ടി ഫ്രന്റ്‌ സീറ്റും കൈക്കലാക്കി യാത്ര തുടർന്നു.

നമ്മുടെ ആദ്യ ലക്ഷ്യസ്ഥാനമായ ജാനകി കാട്ടിലേക്ക്. യാത്രാ മദ്ധ്യേ നാദാപുരത്ത് വെച്ച് കൂടെ കൂടിയ കാലിക്കറ്റ്‌ യൂണിറ്റ് മെമ്പറും നേരെ ജാനകി കാടിന്റെ പ്രവേശന കവാടത്തിൽ എത്തിയ അതേ യൂണിറ്റിലെ വേറെ 2 മെമ്പേഴ്സും, പിന്നെ വരുന്ന വഴി വണ്ടി പഞ്ചറായതു കാരണം കൂടെ എത്താൻ പറ്റാതിരുന്ന മ്മളെ യൂണിറ്റിലെ മുന്നാസും അവന്റെ ഫ്രണ്ടും എന്റെ പഴേ ബാച്ച് മേറ്റും ആയ പ്രിയങ്കയും പിന്നെ വയനാട് യൂണിറ്റ് അഡ്മിൻ ആയ മ്മളെ ചങ്ക് പൂക്കോയയും (അനീഷ്‌) അവൻ ആഴ്ചകൾക്ക് മുന്നെ ഒരു താലിമാല കൊണ്ട് കെട്ടിയെടുത്ത അവന്റെ 12 വർഷത്തെ കുത്തഴിഞ്ഞ പ്രണയ കാവ്യത്തിലെ നായിക ജെമിൻ റോസും കൂടി ചേർന്നപ്പോൾ ഇമ്പമേറിയ നമ്മുടെ കൂട്ടത്തിന്റെ അംഗബലം 42 ആയി. എല്ലാവർക്കും ഉള്ള ടിക്കറ്റും മുറിച്ച്‌ എല്ലാവരുടെയും ജംഗമ വസ്തുക്കൾ കൗണ്ടറിൽ ഏൽപ്പിച്ച് അടങ്ങാതെ തിമിർത്തു പെയ്ത മഴയെയും കൂട്ട് പിടിച്ച് കാട് കയറാൻ ഒരുങ്ങി. കേറുന്നതിന് തൊട്ട് മുന്നെ യാത്രികൻ ടീഷർട്ടും കീചെയിനും വിധരണം ചെയ്‌തു. കൂട്ടം കൂടി നിന്ന യാത്രാ ഭ്രാന്തന്മാർ വിട്ടോ എന്ന വാക്ക് കേട്ടതും ആർത്ത് വിളിച്ചും പോർ വിളിച്ചും കാട്ടിലേക്ക് കുതിച്ചു.

എന്തിനെയും ശാന്തരാക്കുന്ന കാട്ടിലേക്ക് ഇരച്ച ഏവരേയും ഉടനടി ശാന്തരാക്കി. മരങ്ങൾ കൊണ്ട് മേൽക്കൂര തീർത്ത പാതയിലൂടെ കാനന ഭംഗി ആസ്വദിച്ചും മഴയുടെ ഇരച്ചിലിനോടും കാട്ടരുവികളുടെ ഇരമ്പലിനോടും ചെറു ജീവികളുടെ ഈറലുകളോടും കാതോർത്തും, പാതകൾക് കുറുകെ കീറി ഒളിക്കുന്ന ചെറു തോടുകൾ മുറിച്ചു കടന്നും, ചാഞ്ഞ മുലത്തണ്ടുകൾക്ക് അടിയിലൂടെ കുമ്പിട്ടു നീങ്ങിയും, ആ മഴയുടെ കുളിരിൽ കോരിത്തരിച്ച് നമ്മൾ മുന്നേറി. പതിവു തമാശകൾ ആയ ചൂടാക്കലും, ഊള ആക്കലും, കളി ആക്കലും, പൊക്കി പറയലും, കുത്തി പറയലും, തളർത്തലും എന്നു വേണ്ട എല്ലാം കൊണ്ടും സമ്പന്നമായ നടത്തം. പുതുമുഖങ്ങളും പരിചിതമുഖങ്ങളും ചെങ്ങായിമാരായി മാറാൻ ഇതൊക്കെ തന്നെ ധാരാളം.

വഴിമധ്യേ കുറച്ചു വിശാലമായ ഒരു തോട് മുറിച്ചു കടക്കവേ അതുവരെ നനയാതെ പരമാവധി ജാക്കറ്റിന് ഉള്ളിൽ കൂടിയ പലരെയും കുളിപ്പിച്ച് എടുത്തു. അവിടെയും ചില വിദഗ്ധർ നനയാതെ രക്ഷപെട്ടു. വഴി അറ്റം വരെ പോയി. ആർക്കും ഒരു മടുപ്പും ഇല്ല. മറ്റു സ്ഥലങ്ങളിലേക്ക് പോവേണ്ട സമയം കൂടി കാണേണ്ടത് കൊണ്ട് അല്പ സമയം അവിടെ ചിലവഴിച്ച് കുറച്ച് ഫോട്ടോസും എടുത്ത്‌ നടത്തം തിരിച്ചു. മേൽ പറഞ്ഞ വിദഗ്ധർ പിന്നേയും രക്ഷപ്പെടാൻ വിട്ടു നടന്നു എങ്കിലും നമ്മൾ ഓരോരുത്തർ ആയി അവരെ പിന്തുടർന്നു. കൃത്യം തോട് എത്തിയപ്പോൾ അവരെ എണ്ണം ഇട്ട് പിടിച്ച് വെള്ളത്തിൽ മുക്കി എടുത്ത്‌ വിട്ടു. എല്ലാം കൊണ്ടും ഏറ്റവും കൂടുതൽ പണി വാങ്ങിയത് പൂക്കോയയും പൊണ്ടാട്ടിയും തന്നെ. എന്നാൽ അർഷുന്റെ കുഞ്ഞിപ്പെങ്ങൾ ചാച്ചി ക്കുട്ടി (സാജിദ) എല്ലാവരുടെയും കയ്യിലും തോളിലും മനസ്സിലും കയറി നിരങ്ങി. എല്ലാവരും പണി വാങ്ങിയപ്പോൾ ചാച്ചിക്കുട്ടി സ്നേഹം വാരി ക്കൂട്ടി. അങ്ങനെ ജാനകികാടും മനസ്സിൽ പതിപ്പിച്ച് എല്ലാവരും അവിടത്തെ പടി ഇറങ്ങി. നന്ദേശിനോടും പ്രജീഷിനോടും യാത്ര പറഞ്ഞ് അടുത്ത ലക്ഷ്യത്തിലേക്ക് കുതിച്ചു.

വണ്ടികൾ ചെന്നു നിന്നത് ഉയരത്തിലുള്ള ഒരു പാലത്തിനു മുകളിൽ ആയിരുന്നു, പാലത്തിന്റെ ഒരു വശത്ത് ഒരു 200 മീറ്റർ അകലെ ആയി, പലത്തിൽ നിൽകുന്ന നമ്മളോട് മുഖാമുഖം നോക്കി നെഞ്ചും വിരിച്ചു തലയെടുപ്പോടെ നിൽക്കുന്ന പെരുവണ്ണാമൂഴി ഡാം. മഴയുടെ കാഠിന്യം കാരണം നാല് ഷട്ടറുകളും തുറന്നിട്ടിരിക്കുന്നു. ശക്തിയിൽ വരുന്ന വെള്ളം പാറകളിൽ തല്ലി ചിന്നി ചിതറി കുത്തി ഒഴുകുന്ന കാഴ്ച മേലെ പാലത്തിന്റെ കൈവരിക്ക് അടുത്ത് ഒരു കപ്പലിന്റെ ഡക്കിൽ എന്ന പോലെ നിന്ന് കണ്ട്‌ ആസ്വദിച്ചു. അപ്പൊ മഴ ഒന്ന് അടങ്ങിയിരുന്നു. പൊടിമഴയുടെ നേരത്ത കുളിരിൽ നമ്മൾ അവിടെ നമ്മുടെ അനുഭൂതികൾ പങ്കിട്ടു. ഒരുമിച്ചും ഒറ്റയ്ക്കും പടങ്ങൾ പിടിച്ച്. വയറിന്റെ കാളലിന് ശമനം വരുത്താനും മഴയിൽ നിന്ന് താൽക്കാലികമായി മാറിയ ഒരു വിശ്രമത്തിനുമായി കണ്ടുവെച്ച അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി.

ഒരു കുടുംബം അവരുടെ സ്വന്തം വീട്ടുപറമ്പിനെ ബുദ്ധിപൂർവം ക്രോഡീകരിച്ച് ഉയരത്തിൽ കെട്ടി ഉണ്ടാക്കിയ ഏറുമാടവും, മണ്ണിൽ തീർത്ത തുരങ്കവും, ഗ്രീൻ ഷീറ്റിൽ പണി കഴിപ്പിച്ച ഇഗ്‌ലൂവും, ക്ലാസിക്കൽ കരവിരുതുകളാലും വസ്തുക്കളാലും കൊണ്ട് അലങ്കരിച്ച തുറന്ന ഔട്ട്‌ ഹൌസും, ടിന്നിങ് സ്പേസും ഒക്കെ ആയി തികച്ചും പ്രകൃതിയോട് ഇണങ്ങി ചേരും വിധം ഒരുക്കിയ ഒരു കൊച്ചു സ്വർഗം, കാ‍ന്താരി തട്ടുകട. ചോറും, 3 കൂട്ടം കറിയും, 5 കൂട്ടം സൈടും, പപ്പടോം, പായസോം എല്ലാം കൂട്ടി മലയാളി തനിമ ചോരാത്ത നല്ല തനി നാടൻ ഇല ശാപ്പാടും കൂടി ആയപ്പോ സംഗതി കയ്യീന്ന് പോയീന്ന്‌ തന്നെ പറയാം. മഴയിൽ അലിയാൻ പോയ ഞാൻ ആ പുളിയിഞ്ചിയിൽ അലിഞ്ഞു പോയി. കണ്ണും പൂട്ടി നല്ല അടി അങ്ങ് അടിച്ചു. ഞാൻ മാത്രല്ല നത്തോലി പോലെ മെലിഞ്ഞവന്മാർ വരെ നല്ല കീറായിരുന്നു. കൈക്ക് ലേശം നീളക്കൂടുതൽ ഉള്ളതു കൊണ്ട് എല്ലാവരുടെ ഇലയിലും എന്റെ കൈ എത്തി. സ്വന്തം ഇലയിൽ ഇല്ലായിട്ടല്ല ട്ടോ, കയ്യിട്ടുവാരലിന്റെ സുഖം വേറെ തന്നെ ആണ്. ചുരുങ്ങിയ സമയം കൊണ്ട് പരമാവധി പായസവും അകത്താക്കി അവിടെ തന്നെ അല്പനേരം വിശ്രമിച്ചു.

മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം അടുത്ത ലക്ഷ്യം കട്ടിപ്പാറ (അമറാഡ്) വെള്ളച്ചാട്ടം ആയിരുന്നു. എന്നാൽ ഈ മഴക്കാലത്ത് നാം ഏവരേയും നടുക്കിയ, പതിനാല് ജീവൻ അപഹരിച്ച കട്ടിപ്പാറ ഉരുൾപ്പൊട്ട് ദുരന്തത്തിന്റെ ഭീതി നിലനിൽക്കുന്ന ആ മണ്ണിലേക്ക് ഇത്രയും പേരെ കൊണ്ട് തൽക്കാലം ഒരു സാഹസത്തിനു മുതിരണ്ട എന്ന തീരുമാനത്തിൽ അതിന് ശേഷം പോവാനിരുന്ന കാരിയാത്തുംപാറയിലേക്ക് മഴയെ കീറി മുറിച്ച്‌ ഞങ്ങൾ കുതിച്ചു. റോഡിൽ ഉടനീളം വെള്ളം ആയിരുന്നു, വെള്ളം കൂടുതൽ ഉള്ള ഭാഗങ്ങൾ തേടി പ്പിടിച്ച് വണ്ടി അതിൽ ചാടിച്ചും ഓടിച്ചും പരസ്പരം വെള്ളം തെറുപ്പിച്ചായിരുന്നു മുന്നേറ്റം. ആവേശം മൂത്ത് കുറച്ച് അധികം വെള്ളത്തിൽ ഇറക്കിയ ബുള്ളറ്റ് ഒരു നിമിഷം കൊണ്ട് പഴേ കടംകഥയിലെ കുതിര ആയോന്ന് ഒന്ന് സംശയിച്ചു. ഏതാണ്ട് എവിടെയോ വെള്ളം കയറിയതാ വണ്ടി ഓഫ്‌. എല്ലാവന്മാരും കൂവി വിളിച്ച് കളിയാക്കി മുന്നോട്ട് കയറി പോയി. ഏതായാലും നിന്ന സ്ഥിതിക്ക് ഷീന മാമിന്റെ ബാഗ് ഒക്കെ ഒന്ന് റെഡി ആകി, അപ്പോഴേക്കും ബുള്ളൂട്ടൻ ഓൺ ആയി.

കുറച്ചകലെ ആയി നമ്മളെ കാത്തിരുന്നവരെ വഴി അറീലെങ്കിൽ വാ പിന്നാലെ പോര് എന്നും പറഞ്ഞ് ഒരു ചെറിയ ഡോസ് തിരിച്ചും കൊടുത്ത് യാത്ര തുടർന്നു. അവിടെ നമ്മളെ വരവേറ്റ കാഴ്ച, ഞാൻ ഉൾപെടെ മുൻപ് അവിടെ പോയിട്ടുള്ളവരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു. ഇരുവശത്തും പച്ച പുല്ല് ഇട്ട മൈതാനം പോലെ, അതിന് മോഡി കൂട്ടാൻ അൽപ്പം വൃക്ഷങ്ങളും നടുവിലൂടെ ശാന്തമായി ഒഴുകുന്ന ഒരു കൊച്ചു അരുവിയും. ഇതൊക്കെ ആണ് ഞാൻ കണ്ട എന്റെ ഓർമകളിൽ ഉള്ള കാരിയാത്തും പാറ. എന്നാൽ ഇത്തവണ നമ്മൾ സാക്ഷി ആയത് അവ ഒന്നനടങ്കം മൂടി, എല്ലാത്തിനെയും വെട്ടിപ്പിടിക്കാൻ എന്നോണം നിറഞ്ഞ് കവിഞ്ഞ് പതഞ്ഞ് പൊങ്ങി കുതിച്ച് പാഞ്ഞൊഴുകുന്ന ഉഗ്രരൂപിണി ആയ മലവെള്ളപ്പാച്ചിലിനാൽ അലംകൃതമായ കാരിയാത്തും പാറയാണ്. ആർക്കായാലും അതിലൊന്ന്‌ ഇറങ്ങാൻ തോന്നും. പക്ഷേ ഇറങ്ങിയാൽ അങ്ങ് അന്റാർട്ടിക്കയിൽ പോയി തപ്പേണ്ടി വരും പൂട എങ്കിലും കിട്ടാൻ.

പ്രകൃതി ഒരുക്കിയ ഈ സൌന്ദര്യത്തെ നന്നായി ആസ്വദിക്കാൻ അല്പം കൂടി സൗകര്യപ്രദമായ തോണിക്കടവിലേക്ക് നമ്മൾ ഏവരും പെട്ടെന്ന് തന്നെ നീങ്ങി. റോഡിന്റെ ഇരുവശങ്ങളിലും ബൈക്കുകൾ നിരത്തി, അവിടെ പാറപ്പുറത്ത് സ്റ്റേജ്‌ പോലെ കെട്ടി ഉണ്ടാക്കിയ വേദിയിലെ കൈവരിയിൽ ചാഞ്ഞു നിന്ന് അതിന്റെ സൌന്ദര്യത്തിൽ അല്പം ലയിച്ചു. മുഖത്ത് വെള്ളം വീണപ്പോഴാണ് ഒന്ന് ഞെട്ടി ഇടം വലം നോക്കിയത്. വിദഗ്ദ്ധർ മെല്ലെ മെല്ലെ വെള്ളത്തിന്റെ ശൗര്യം കുറഞ്ഞ പ്രദേശങ്ങൾ കീഴടക്കി കഴിഞ്ഞിരുന്നു. ആരെങ്കിലും വെള്ളത്തിൽ ഇറങ്ങിയാൽ അമാന്തിക്കുന്ന ശീലം ഒട്ടും ഇല്ലാത്തത് കൊണ്ട് തന്നെ ശടേന്ന് പിന്നാലെ പോവാൻ നോക്കിയെങ്കിലും പാറപ്പുറത്തെ വഴുക്ക് അതിന് അനുവദിച്ചില്ല. പാറപ്പുറത്തെ പിന്നാമ്പുറം കൊണ്ട് ഉമ്മ വെക്കാതിരിക്കാൻ മന്ദം മന്ദം നടന്ന് ഞാനും എന്നെ വെള്ളത്തിന്‌ സമർപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാനുള്ള ആൾ ആയി. കലാപാടികൾക്ക് ആരംഭവും ആയി. വെള്ളം തെറിപ്പിക്കുക, പൊക്കി വെള്ളത്തിൽ ഇടുക, പിടിച്ച് വെള്ളത്തിൽ മുക്കുക, ഇട്ട് ഉരുട്ടുക തുടങ്ങി എല്ലാം അവിടെ അരങ്ങേറി.

ഇടക്കിടെ ഗതിമാറി വന്ന ഓളങ്ങൾ തട്ടുമ്പോൾ വെള്ളത്തിലെ ആ വേഗതയുടെ പേടിപ്പെടുത്തുന്ന ശക്തിയും അറിയുന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ പരിധി വിട്ട് ആഹ്ലാദിക്കാൻ ആരെയും അനുവദിച്ചില്ല. മിക്കപ്പോഴും അല്പനേരത്തേ ആഹ്ലാദങ്ങൾ ആണല്ലോ അലമുറയിൽ അവസാനിക്കാറ്. അതിന് ഒരു അവസരം ഒരുക്കാൻ ആരും തന്നെ തയ്യാറല്ല. നല്ലൊരു കുളിയും പാസ്‌ ആകി കൊറേ ഫോട്ടോസും, ഒരു ഗ്രൂപ്പ്‌ ഫോട്ടോയും ഒക്കെ എടുത്ത്‌ ആടിനെ മേയ്ക്കും പോലെ ആട്ടി എല്ലാത്തിനെയും കരക്ക് കയറ്റി നമ്മളും കയറി. ആദ്യായിട്ട് കുളിച്ചതിന്റെ മനസുകത്തിൽ മുഴുകിയ ആൽബിച്ചൻ എന്നിട്ടും കയറാൻ കൂട്ടാക്കിയില്ല. സംസ്‌കൃതത്തിൽ പറഞ്ഞപ്പോൾ പാവം പെട്ടെന്ന് അനുസരിച്ചു. മഴയിൽ വീണ്ടും ബൈക്കുകൾ നിരന്നു, ആ യാത്രയിലെ അവസാനത്തെയും സുപ്രധാനവും ആയ ഒരിടത്തേയ്ക്ക് ചലിച്ചു. അന്ന് രാത്രിയിലെ ബസിന് ബാംഗ്ലൂർക്ക്‌ തിരിച്ചു ജോലിക്ക് പോവേണ്ടതിനാൽ പൂക്കോയയും പൊണ്ടാട്ടിയും അടുത്ത ജംഗ്ഷനിൽ വെച്ച് യാത്ര പറഞ്ഞു മടങ്ങി.

ഇനി ലക്ഷ്യസ്ഥാനം അങ്ങ് മലമൂട്ടിൽ ആണ്, വളഞ്ഞു പുളഞ്ഞ ചുരത്തിലൂടെ എണ്ണമിട്ട യാത്രികന്റെ ചിഹ്നം പതിപ്പിച്ച മെഷീനുകൾ ആടി ഉലഞ്ഞ് പാട്ടും പാടി അങ്ങനെ മേലോട്ട് കയറി പോയി. കൂട്ടത്തിലെ പട്ടാളം പുരുഷു ഷെഫിൻ ബ്രോ ഇടയ്ക്ക് ചില സാഹസിക പ്രകടനങ്ങൾ ഒക്കെ നടത്തിയിരുന്നെങ്കിലും ആർടെയോ ഭാഗ്യത്തിന് മണ്ണ് പരിശോധിക്കാതെ രക്ഷപ്പെട്ടു. പലപ്പോഴും പിന്നിൽ ഉണ്ടോ എന്ന് ഞാൻ ചോദിച്ച് ഉറപ്പുവരുത്തിയ ഷീനമ്മയും കല പിലാന്ന് ചെലക്കാൻ തുടങ്ങിയത് കൊണ്ട് ഓട്ടത്തിന് ഒന്നൂടെ ഒന്ന് ഉഷാർ കൂടിയിരുന്നു. ചുരത്തിന് ഒടുവിലെ ചെറിയ ഓഫ്‌ റോഡും കഴിഞ്ഞാണ് വണ്ടി ബ്രേക്ക്‌ ഇട്ടത്. ഇനി അല്പം കാട് കാൽനട ആയി കയറണം.

ഇരുവശത്തും മരങ്ങളാലും കുറ്റിച്ചെടികളാലും തിങ്ങി നിറഞ്ഞ നേരിയ തോതിൽ ഇരുട്ട് മൂടിയ കാട്ടു പാതയിലൂടെ പാറക്കെട്ടുകൾ ചവിട്ടി കയറി ഉയരങ്ങളിലേക്ക്‌ കയറി. പാതയുടെ അവസാന ഭാഗത്ത് ഒരു കൊടും കാട്ടിൽ എത്തിയ അനുഭൂധി തരും വിധം മരങ്ങൾ ചില്ലകൾ കൊണ്ടും വള്ളികൾ കൊണ്ടും പന്തൽ ഇട്ടിരുന്നു. പാറകൾക്ക് ഇടയിലെ ഒരു ഇടുങ്ങിയ വഴിയിൽ ആ നടത്തത്തിന് വിരാമം, ഇനി മുന്നിൽ കാണുന്ന പാറപ്പുറത്ത് കയറിയാൽ പുതിയൊരു ലോകമാണ്. കാണാ കാഴ്ചകൾ ഉയരത്തിൽ നിന്ന് കാണാൻ പ്രകൃതി ഒരുക്കിയ പല മായാ ലോകങ്ങളിൽ ഒന്ന്. മലബാറിന്റെ കാനന സൗന്ദര്യത്തിന്റെ മധ്യഭാഗത്തായി സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 2000 അടി ഉയരത്തിൽ നിലകൊള്ളുന്ന, കോടമഞ്ഞാൽ മൂടപ്പെട്ട വശ്യ മനോഹരമായ വയലട വ്യൂ പോയിന്റ്‌. പോയ വർഷം കണ്ടതിലും മനോഹരി ആയി ചമഞ്ഞ് ഒരുങ്ങിയാണ് അവൾ ഇത്തവണ നമ്മളെ വരവേറ്റത്.

പതിവു പോലെ സന്ദർശകർക്ക് തന്റെ താഴ്വാരം ഉടനടി കാണിക്കാൻ അവൾ ഒരുക്കമായിരുന്നില്ല. അവളെ വലയം ചെയ്ത് നിൽക്കുന്ന താഴ്വാര കാഴ്ചകളെ കോട മഞ്ഞിനാൽ മൂടി അവൾ ജാഡ കാട്ടി. മുകളിലെ കാറ്റിലും പൊടിമഴയിലും ലയിച്ച് നമ്മൾ അവിടെ ആർമാദിച്ചു. കാഴ്ചകളുടെ മായാലോകത്തിന്റെ തിരശീല മാറുന്നതും കാത്ത് നമ്മൾ കൊക്കയിലേക്ക് കാലും നീട്ടി നിരന്നിരുന്നു. പലരും പല മൂലയിൽ ലയിച്ച് ഇരുന്നു. പെട്ടെന്ന് ഷിന്റുമോന്റെ വിളിയിൽ എല്ലാവരും ഒരു സ്ഥലത്ത് വട്ടം കൂടി. യാത്രികന്റെ ഉൽഭവത്തെ പറ്റിയും പ്രയാണത്തെ പറ്റിയും ഞങ്ങൾ വിശദീകരിച്ചു. പരസ്പരം പരിചയപ്പെടുത്തി. യാത്രയെ പറ്റി എല്ലാവരും അഭിപ്രായങ്ങളും നിർദേശങ്ങളും പങ്ക് വെച്ചു. അങ്ങനെ സൊറയും പറഞ്ഞ് ഇരുന്ന നേരം, പെയ്ത് ഇറങ്ങിയ ഒരു മഴയെ അനുഗമിച്ച് എത്തിയ കാറ്റിന്റെ കൂടെ തിരശീല പോലെ മൂടി നിന്ന കോട നമ്മളെ തലോടി കൊണ്ട് മുകളിലേക്ക് ഉയർന്നു. ഒരു വേര് പോലെ പടർന്ന് ഇറങ്ങി ഒഴുകുന്ന കുറ്റ്യാടി പുഴയും അതിന്റെ ഓരങ്ങളെ മരങ്ങളാൽ മൂടി കിടക്കുന്ന സുന്ദര കാഴ്ചകളാൽ വരണം വിതയ്ക്കുന്ന താഴ്‌വാരത് അങ്ങിങ്ങായി വെളിച്ചം വീണ് പടർന്നു തുടങ്ങി. പിന്നെ ഒരു കൂട്ടയോട്ടം ആയിരുന്നു. അവ്യക്തതയിൽ മുങ്ങി കിടന്ന ആ താഴ്വാരം വെളിച്ചത്തിൽ കുളിച്ചു കയറുന്ന അത്ഭുധത്തിന് സാക്ഷി ആവാൻ. ഏവരും അതിലേക്ക് കണ്ണും നട്ടിരുന്നാസ്വദിച്ചു.

ഇരുട്ട് മൂടുന്നതിന് മുന്നേ മല ഇറങ്ങണം, എല്ലാവരോടും അടുത്ത യാത്രകളുടെ വിഷധാംശങ്ങൾ പങ്ക് വെച്ചു. പടി ഇറങ്ങി. അവസാനത്തോട് അടുത്തതും ഏവരും ഒരു മന്ദഗതിയിൽ ആയി നടത്തം. ആർക്കും തന്നെ ഈ യാത്ര അവസാനിക്കണ്ടായിരുന്നു. പക്ഷേ അനിവാര്യതയെ മാറ്റി വെക്കാൻ ആവില്ല എന്ന സത്യത്തെ ഉള്കൊണ്ട് ബാക്കി ഉള്ള മടക്ക യാത്രയുടെ അനുഭൂതിയെ വരിക്കാൻ ഒരുങ്ങി. വീണ്ടും വണ്ടികൾ നിരന്നു. ചുരം ഇറങ്ങി വഴിയോരത് നല്ലൊരു ചായക്കടയും നോക്കി നേരെ ഓടി. ഉദ്ദേശിച്ച പോലൊരിടത് ഒതുങ്ങി. ചൂട് ചായയും പത്തിരിയും പഴം പൊരിയും കഴിച്ചു. ചായക്കടക്കാരും നാട്ടുകാരും തങ്ങളുടെ നാട് കാണാൻ വന്നവരെ അതിഥികളെ പോലെ ആദരിച്ചു. സ്നേഹം കൊണ്ട് യാത്ര പറഞ്ഞു. വണ്ടികൾ വീട് എന്ന ലക്ഷ്യത്തിൽ ഓടി. നിരയുടെ പിന്നിൽ തന്നെ പല കഥകളും പറഞ്ഞ് ഞാനും ഷീനയും പിന്തുടർന്നു. ഇടയ്ക്കു വെച്ചു പണി തന്ന മുന്നസിന്റെ വണ്ടി പിണക്കം മാറ്റാത്തതു കാരണം അടുത്തുള്ള ഒരു പെട്രോൾ പമ്പിൽ ഏൽപ്പിച്ച് ഇരുവരെയും പിൻസീറ്റുകളിൽ ഏറ്റി യാത്ര തുടർന്നു. തലശ്ശേരിക്ക് അടുത്ത് ഒരു നാൽക്കവലയിൽ വെച്ച് കൂത്തുപറമ്പ് ഭാഗത്തേയ്ക്ക് ഉള്ളവർ ഷിന്റിലിനെയും തളിപറമ്പ ഭാഗത്തേയ്ക്കുള്ളവർ എന്നെയും അനുഗമിച്ച് രണ്ടായി വഴി തിരിഞ്ഞു. ഏതാണ്ട് 12 മണിക്ക് എന്റെ വീടിനു മുന്നിൽ എന്റെ യാത്രയും അവസാനിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply