യൂറോപ്പിലെ സ്വർഗ്ഗതുല്യമായ ഒരു ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ?

നമുക്കൊരുമിച്ചൊരു യാത്ര പോയാലോ ?.അതും സ്വർഗ്ഗ തുല്യമായ ഒരു ഗ്രാമ ഭംഗിയിലേക്ക് ?. യൂറോപ്പിലെ അതിമനോഹരമായ Hallstatt എന്ന ഒരു കൊച്ചു ഗ്രാമത്തിലേക്കാണീ യാത്ര.

യാത്രയവിവരണവും ചിത്രങ്ങളും –  അബ്ദുൽ റഷീദ്.

യൂറോപ്പ് സന്ദർശിക്കുന്ന അധിക സഞ്ചാരികളും അവിടത്തെ പ്രധാന നഗരങ്ങളെല്ലാം കണ്ടു തിരിച്ചു വരാറാണ് പതിവ്. യൂറോപ്പിലെ ഗ്രാമ ഭംഗി ആസ്വദിക്കാൻ പലരും എന്തുകൊണ്ടോ മുതിരാറില്ല. ഗ്രാമങ്ങളോടുള്ള എന്റെ മുഹബ്ബത്ത് കൊണ്ട് അവിടെയുള്ള നല്ല ഗ്രാമങ്ങൾ കാണണം എന്ന ആഗ്രഹമാണ് Hallstatt എന്ന ഗ്രാമത്തെ പറ്റി അറിയാനും അവിടെയെത്താനും എന്നെ സഹായിച്ചത്. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട Austria യിലാണ് ഈ കൊച്ചു ഗ്രാമം. ജർമനിയിലെ മ്യുണിക്ക് എയർപോർട്ടിനടുത്തുള്ള Salzburg എന്ന romantic നഗരത്തിൽ നിന്നും 70km അകലെയാണ് Hallstatt. റോഡ്, ട്രെയിൻ മാർഗ്ഗം വഴി ഇവിടെയെത്താം . ഓസ്ട്രിയയിലെ Salzburg, Vienna നഗരങ്ങളിൽ നിന്നും ഇവിടേക്ക് പല കമ്പനികളും ഡേ ട്രിപ്പ്‌ നടത്താറുണ്ട്. ഈ കൊച്ചു ഗ്രാമത്തിലെ താമസം അല്പം ചിലവേറിയതായതിനാൽ അധിക സഞ്ചാരികളും ഇത്തരം ഡേ ട്രിപ്പുകളിലാണ് ഇവിടെയെത്താറ്.

റൊമാന്റിക് നഗരമായ Salzburg നിന്നുമാണ് ഞാൻ യാത്ര തുടങ്ങിയത്. Salzkammergut പ്രദേശത്തെ തടാക തീരത്തുകൂടെ Hallstatt ലേക്കുള്ളയാത്ര 2 മണിക്കൂർ നീണ്ട യാത്ര വളരെ മനോഹരമാണ്. എവിടെ നോക്കിയാലും ഒരു ചിത്രകാരൻ തന്റെ ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ പോലെ സുന്ദരമായ ഗ്രാമങ്ങൾ. ചിലയിടങ്ങളിൽ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പരന്ന പുൽമേടുകൾ. ഇവിടെയെല്ലാം തണുപ്പ് കാലത്ത് സ്കീയിങ് മേഖലയാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് അതിനായി എല്ലാ വർഷവും ഇവിടേക്ക് ഒഴുകിയെത്തുന്നത്.

മലകൾക്കും തടാകത്തിനുമിടയിലെ ഒരു കൊച്ചു ഗ്രാമാണ് Hallstatt. ജനസംഖ്യ ആയിരത്തിനു താഴെ. 7000 വർഷങ്ങൾക്കു മുൻപ് മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നത്രെ. ഉപ്പ് ശേഖരം കൊണ്ട് സമ്പന്നമാണീ പ്രദേശം. വലിയൊരു salt mine ഇവിടെയുണ്ട്. നമ്മൾ ഒരു വിലയും കൽപ്പിക്കാത്ത ഉപ്പ് വിറ്റ് സമ്പന്നമായ രാജ്യമാണ് Austria. അവർ ഉപ്പിനെ white gold എന്നാണ് വിശേഷിപ്പിക്കാറ്. അവിടത്തെ salt mine കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. സെറ്റപ്പും സൗകര്യങ്ങളും ഒരു gold mine നെ വെല്ലുന്നവ. ഉപ്പ് ബിസിനസ് ഇത്രയും ലാഭകരമാണെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതെല്ലാം കണ്ടപ്പോൾ എനിക്ക് എന്റെ വല്യാപ്പ പറയാറുള്ള ഒരു പഴംചൊല്ലാണ് ഓർമ്മ വന്നത്. പതിനായിരം രൂപയുടെ ബിരിയാണി ഉണ്ടാക്കിയാലും അതിൽ പത്തു രൂപയുടെ ഉപ്പ് ചേർത്തില്ലെങ്കിൽ ഒന്നിനും കൊള്ളില്ല. അത്രക്കും വലിയ സ്ഥാനമാണ് ഉപ്പിനുള്ളതെങ്കിലും നമ്മളതിനൊരു വിലയും കല്പിക്കാറില്ല. പണ്ട് നാട്ടിലെ കടകളെല്ലാം അടച്ചു പൂട്ടിയാലും ഒരു കള്ളനും വേണ്ടാത്ത ഉപ്പ് പെട്ടിയുടെ സ്ഥാനം കടക്കു പുറത്തായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോൾ കഥയാകെ മാറി. ഇവിടെ ഉപ്പിന് രാജകീയ സ്ഥാനമാണ്. അവരുടെ സമ്പന്നതയിലേക്കുള്ള തുറുപ്പു ചീട്ടും.

Salt mine കണ്ട് പിന്നീട് പോയത് skywalk എന്നറിയപ്പെടുന്ന വ്യൂ പോയിന്റ് കാണാനാണ്. 350 മീറ്റർ ഉഴരത്തിലുള്ള ഇവിടേക്ക് കേബിൾ കാർ കയറി വേണം എത്തിപ്പെടാൻ. മുകളിൽ സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ ഉരുക്കിൽ തീർത്ത V ഷെയ്പ്പിലുള്ള വലിയൊരു പ്ലാറ്റ്ഫോം ഉണ്ട്. നടക്കുമ്പോൾ കുലുങ്ങുന്നത് കൊണ്ട് അതിന്റെ അറ്റത്തോളം പോവാൻ കുറച്ചു ധൈര്യം വേണം. പക്ഷെ അവിടെയെത്തിയാൽ ശൂന്യതയിൽ നിൽക്കുന്ന പ്രതീതിയാണ്. പിന്നെ ചുറ്റും വാക്കുകൾക്കതീതമായ പ്രകൃതി ഭംഗിയും. ശരിക്കുമൊരു സ്വർഗ്ഗം തന്നെ. ഈയൊരനുഭവം മാത്രം മതി കിലോമീറ്ററുകൾ അകലെയുള്ള സഞ്ചാരികളെ വീണ്ടും വീണ്ടും ഈ ഗ്രാമത്തിലേക്ക് ആകർഷിക്കാൻ.

ഇവിടുത്തെ വീടുകൾക്ക് മതിലുകളില്ല. വീടുകൾ ആരും പൂട്ടാറില്ലത്രേ. വാഹനങ്ങൾ ലോക്ക് ചെയ്യുന്നത് മറ്റുള്ളവരെ അപമാനിക്കുന്നതിന് തുല്യം. അത്കൊണ്ട് വാഹനങ്ങളൊന്നും ആരും ലോക്ക് ചെയ്യാറില്ലത്രെ. നമുക്കിതെല്ലാം കെട്ടുകഥകളാണ്. ഞാൻ രാത്രിയിൽ കള്ളനെ പേടിച്ച് ഉറങ്ങാതിരുന്ന കഥകളെല്ലാം ഇവരറിഞ്ഞാലുള്ള reaction ഓർത്ത് ഒരുനിമിഷം അറിയാതെ ചിരിച്ചു പോയി. പിന്നെ ഇത്രയും നല്ല മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന ആശ്ചര്യവും.

പൂക്കളുടെ ഗ്രാമമാണ് Hallstatt. തടിയിൽതീർത്ത വീടുകളെല്ലാം പൂക്കൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. പൂക്കൾ അന്യമാകുന്ന നമ്മൾ കേരളീയർക്ക് അതൊരു നൊസ്റ്റാൾജിക് കാഴ്ച തന്നെ. അവിടത്തെ ഗ്രാമ വഴികൾ എനിക്ക് സമ്മാനിച്ചത് എന്റെ കുട്ടിക്കാലത്തെ ഓർമ്മകളാണ്. പൂക്കളും ശലഭങ്ങളും പാടങ്ങളും അരുവികളും നിറഞ്ഞ ആ നല്ല നാടിന്റെ ഓർമ്മകൾ. ഇന്ന് നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും കോൺക്രീറ്റ് കെട്ടിടങ്ങളാണ്. മലകളും മണ്ണും പാറയുമെല്ലാം നമുക്കിന്ന് ഉപജീവനത്തിനുള്ള ഉപാധികൾ മാത്രം. എന്തിനെയും പണത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന നാം വരാനുള്ള നമ്മുടെ തലമുറകളെ പറ്റിയോ അവരോടു നമുക്കുള്ള കടപ്പാടുകളെ കുറിച്ചോ ഓർക്കാതെ പോകുന്നു.

 

ഗ്രാമ വഴികളിലൂടെ നടന്നു നടന്ന് എത്തിയത് ഒരു വേറിട്ട കാഴ്ചയിലേക്കാണ്. അവിടത്തെ ചർച്ചും അതിനകത്തെ bone ഹൌസും. ചർച്ചിന് പുറത്ത് സുന്ദരമായൊരു സെമിത്തേരിയുണ്ട്. അവിടത്തെ സ്ഥല പരിമിതിയാണ് bone ഹൗസിന് കാരണം. വർഷങ്ങൾക്കു മുൻപ് മരിച്ച ആളുകളുടെ ശവക്കല്ലറകൾ തുറന്നു അവരുടെ തലയോട്ടിയും എല്ലുകളും പെറുക്കിയെടുത്തു bone ഹൌസിൽ ചിട്ടയോടെ അടക്കി വെച്ചിരിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിന് തലയോട്ടികളാണ് bone ഹൗസിലുള്ളത്. ഇതിലെല്ലാം അവരവരുടെ പേരും മരണ വർഷവും രേഖപ്പെടുത്തി ഓരോ കുടുംബങ്ങളായി sort ചെയ്ത് വച്ചിട്ടുള്ള കാഴ്ച അതിശയകരവും കൂടെ ഭയപ്പെടുത്തുന്നതുമാണ്. മെഴുകുതിരി കത്തിച്ചും പ്രാർത്ഥനകളിൽ മുഴുകിയും ഗ്രാമ വാസികൾ തങ്ങളുടെ മുന്ഗാമികളോട് ആദരാഞ്ജലികൾ അർപ്പിക്കുന്നത് bone ഹൗസിലെ കരളലിയിപ്പിക്കുന്ന കാഴ്ചയാണ്, കൂടെ നമ്മെ ചിന്തിപ്പിക്കുന്നതും. ഇത്തരം ഒരു bone house വേറെയെവിടെയെങ്കിലും ഉള്ളതായി എനിക്കറിവില്ല.

വൈകിട്ട് തിരിച്ചു പോകാനൊരുങ്ങുമ്പോൾ ഈ ഗ്രാമത്തിൽ ജനിച്ചവരോടും ജീവിക്കുന്നവരോടും വല്ലാത്ത അസൂയ തോന്നിപ്പോയി. ഈ മനോഹര ഗ്രാമത്തിൽ ഒരു ജന്മമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന പ്രാർത്ഥനയിൽ അവിടെനിന്നും മടങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു ഇനിയും ഈ ഗ്രാമത്തിൽ വരണം. ഇവിടെ രാപ്പാർക്കണം. ജന്മം കൊണ്ട് പുണ്യം കിട്ടിയ ഇവിടത്തെ ഭാഗ്യവാന്മാരുടെ കൂടെ കുറേ സമയം ചെലവഴിക്കണം. ജന്മം കൊണ്ട് കിട്ടാതെ പോയ പുണ്യം യാത്രയിലൂടെ നേടണം….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply