59 വിദ്യാർത്ഥികളും 3 സാറുമാരും – മണാലിയിലേക്ക് ഒരു കോളേജ് ട്രിപ്പ്…

മനോഹരമായ ഈ യാത്രാവിവരണം നമുക്കായി എഴുതി തയ്യാറാക്കിയത് മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായ അക്ഷയ് ആണ്.

മണാലി യാത്ര, കോളേജിലെ തിരക്കിനിടയിൽ നാട്ടിൽ തന്നെ കൊച്ചു കൊച്ചു യാത്രകൾ ചെയ്ത് സന്തോഷം കണ്ടെത്തുമ്പോഴും, മനസ്സിന്റെ അടിത്തട്ടിൽ ആ സ്വപ്നം മായാതെ കിടന്നിരുന്നു.. ഇപ്പോഴാണ് അവസരം കിട്ടിയത്, കോളേജ് IV കുളു മണാലിയിലേക്ക്, എട്ടു ദിവസം. കേരള സംപർക്ക്ക്രാന്തി എക്സ്പ്രസിൽ ചണ്ഡീഗഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഡൽഹിയിൽ ഇറങ്ങിയാൽ ഒരു നാലഞ്ച് മണിക്കൂർ കൂടുതൽ ബസ്സിൽ ഇരിക്കേണ്ടതുകൊണ്ടും ഡൽഹിയുടെ ട്രാഫിക്ബ്ലോക്ക് സാധ്യതകൾ ഒഴിവാക്കാനും വേണ്ടിയാണ് ചണ്ഡീഗഡിലേക്ക് ടിക്കറ്റെടുത്ത്.. കണ്ണൂരിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഒരാൾക്ക് ₹950രൂപയെങ്ങാനും ആണ്, ഞങ്ങൾ സ്റ്റുഡന്റ്സ് ആയതുകൊണ്ട് അതിന്റെ പകുതി പണത്തിന് (ഏകദേശം ₹475 രൂപക്ക്) ടിക്കറ്റ് കിട്ടി.. ഞങ്ങൾ എന്ന് പറയുമ്പോൾ വയനാട് മാനന്തവാടി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവർഷ മെക്ക് വിദ്യാർത്ഥികൾ 59 പേരും 3 സാറുമാരും. ₹6850 രൂപയാണ് മൊത്തം യാത്രയിൽ ഓരോ ആളുടേയും ബഡ്ജറ്റ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള ഒരു ട്രാവൽസിനെയാണ് ഏൽപ്പിച്ചത്_”Vacation holydays travels”.

സാധാരണ എല്ലാ കോളേജിൽ നിന്നും IV പോകുന്നതു പോലെ ഒരു ടൂറിസ്റ്റ് ബസ്സെടുത്ത് Dj പാട്ടുകളുമിട്ട് കുപ്പിയും കുടിച്ച് ഡാന്സ് ചെയ്ത് പോയിവരുന്നതിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ആദ്യമേ തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെയാണ് സൗത്ത് ഇന്ത്യയുടെ മറ കടന്ന് നോർത്തിലേക്ക് പോകാൻ ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി അപേക്ഷയുമായി ചെന്നത്. സാറുമാർക്കും സൗത്ത് ഇന്ത്യയും ഗോവയുമൊക്കെ പോയി മടുത്തതുകൊണ്ട് പെർമിഷൻ കിട്ടാൻ അധികം പാടുപെട്ടില്ല. എറണാകുളം Director of Technical education (DTE) യിൽ ചെന്നപ്പോഴും പെർമിഷന് പാടുപെട്ടില്ല, അതും OK..

മറ്റ് ഏത് യാത്രയേക്കാളും എന്നെ സ്വാധീനിച്ചിട്ടുള്ളത് തീവണ്ടി യാത്ര തന്നെയാണ്, മറ്റു യാത്രാമാർഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ക്ഷീണവും ചിലവും കുറഞ്ഞ യാത്ര. പക്ഷേ ആഹാരത്തിന്റെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടും.. പുതിയ ആളുകളെ കാണാനും പരിചയപ്പെടാനും തീവണ്ടി യാത്രയേക്കാൾ നല്ലൊരു മാർഗമില്ല. പലതരം ആളുകൾ, വ്യത്യസ്ത സ്വഭാവക്കാർ, പല പല നാടുകൾ, പല പല ഭാഷകൾ, വിവിധ തരം സംസ്കാരങ്ങൾ എല്ലാം പരിചയപ്പെടാൻ തീവണ്ടിയാത്ര തന്നെയാണ് ഉചിതം.. ആദ്യമായാണ് കൊങ്കൺ വഴി യാത്ര ചെയ്യുന്നത്. തുരങ്കയാത്ര ശരിക്കും അമ്പരപ്പിച്ചു. ഏകദേശം രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ ചണ്ഡിഗഡിൽ എത്തി. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ട്രാവൽസുകാർ ഏൽപ്പിച്ച വണ്ടികൾ സ്റ്റേഷനു പുറമേ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മണാലിയിലേക്കുള്ള പാത അത്ര സുഖകരമല്ലാത്തതുകൊണ്ടും ദീർഘദൂരമായതുകൊണ്ടുമാണ് 62 പേരെ ഒരു ബസ്സിൽ കൊള്ളിക്കണ്ട എന്നു തീരുമാനിച്ച് ഒരു ടെംപോ ട്രാവലർ കൂടെ ബസ്സിനൊപ്പം ഏൽപ്പിച്ചത്..

വൈകുന്നേരത്തോടെ സ്റ്റേഷനിൽ നിന്നും ഇറങ്ങി വണ്ടികളിൽ കയറിയിരുന്നു. ഒരു രാത്രി മുഴുവൻ നീണ്ട ബസ് യാത്രയിൽ തണുത്ത ഹിമാചൽ കാറ്റ് ആസ്വദിക്കാൻ രണ്ടും കൽപ്പിച്ച് സൈഡ് വിന്റോ തുറന്നിട്ട് ഞാനിരുന്നു. രാത്രിയായതുകൊണ്ടാണോ അതോ തണുപ്പിന്റെ ലോകമായതുകൊണ്ടാണോ എന്നറിയില്ല, തണുപ്പ് സഹിക്കാതെ അധികം വൈകാതെ വിന്റോ അടഞ്ഞു. എങ്കിലും എല്ലാവരും മയക്കത്തിലേക്കു കടന്ന് ബസ് നിശബ്ദമായപ്പോഴും ഞാൻ ഉറങ്ങാതെ സൈഡ് സീറ്റിൽ ഉണ്ടായിരുന്നു കുറേ നേരം. ഇടക്ക് എപ്പോഴോ കണ്ണടഞ്ഞ് തുറന്നപ്പോഴേക്കും രാവിലെയായിരുന്നു. മണാലിയിലേക്കാണ് നേരെ പോയത്. മണാലിയിൽ നിന്നും ഒരു പത്ത് കി.മീ മുൻപ് ഒരു സ്ഥലത്താണ് അന്ന് സ്റ്റേ. ഏറെ ആകർഷിച്ച സ്ഥലം, ദൂരെ നോക്കുമ്പോൾ മഞ്ഞുപുതച്ച് തലയുയർത്തി ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ഹിമനിരകൾ. ചെറിയ കുടിലുകൾ പോലെ ടെന്റുകൾ അടുത്തടുത്ത് നിൽക്കുന്നുണ്ട്, ഉള്ളിൽ അഞ്ചെട്ടു പേർക്ക് സുഖമായി കിടന്നുറങ്ങാനുള്ള സ്ഥലമുണ്ട്, രാത്രിയിലെ തണുപ്പിൽ നിന്നും രക്ഷ നേടാൻ നല്ല കട്ടിയുള്ള ബെഡ്ഡും പുതപ്പും. ടെന്റിനുള്ളിൽ തന്നെ ബാത്ത്റൂമുമുണ്ട്, ഹീറ്ററിൽ നിന്നും ചൂടുവെള്ളവും കിട്ടും. നമ്മുടെ നാട്ടിൽ ഫ്രീസറിൽ വെക്കുമ്പോൾ കിട്ടുന്ന വെള്ളമാണ് ഇവിടെ സാധാരണയായി കിട്ടുന്നത്. കൈകഴുകുമ്പോൾ രണ്ടു സെക്കന്റ് കഴിഞ്ഞാൽ കൈ മരവിച്ചു തുടങ്ങും. ഭക്ഷണം കഴിച്ച് വായും കൈയ്യുമൊക്കെ കഴുകാൻ കുറച്ച് കഷ്ടപ്പെട്ടു.

നോർത്ത് ഇന്ത്യ ആയതുകൊണ്ടു തന്നെ ഏത് നേരവും ഭക്ഷണവിഭവങ്ങളിൽ ചപ്പാത്തി (റൊട്ടി) നിർബന്ധം.. ടെന്റിൽ ലഗ്ഗേജ് വച്ച് ഫ്രഷ് ആയി ഞങ്ങൾ അവർ ഓഫർ ചെയ്യുന്ന ആക്ടിവിറ്റീസ് ചെയ്യാൻ പോയി. ടെന്റിൽ നിന്നിറങ്ങി നടന്നു, പൈൻ മരങ്ങൾ തിങ്ങിനിൽക്കുന്ന ഒരു കാട്ടിലൂടെ ഞങ്ങൾ നടന്നു. നട്ടുച്ച നേരത്തും കാട്ടിനുള്ളിൽ വായുവിൽ മഞ്ഞിന്റെ സാന്നിധ്യം കണ്ടു. അങ്ങോട്ട് പോയത് ഏതോ ഒരു ഗ്രാമവഴിയിഇലൂടെയാണ്. പോകുന്ന വഴിയിൽ അവിടുത്തെ മോഡലിലുള്ള വീടുകൾക്ക് മുന്നിൽ ഗോമാതാക്കളെ കാണുന്നുണ്ട്. തണുപ്പ് കൊണ്ടാണോ എന്നറിയില്ല, അവയ്ക്ക് നമ്മുടെ നാട്ടിലെ പോലെ നാല് കാലിൽ തീർത്ത തൊഴുത്ത് അല്ല, മനുഷ്യന്മാരുടെ വീടുകളിലാണ് താമസം, രണ്ടു നിലയുള്ള വീട്ടിൽ താഴെ ഗോക്കളും മുകളിൽ മനുഷ്യരും.. നടന്നുനീങ്ങുന്ന ഗ്രാമവഴിയിൽ ഏതൊക്കെയോ അമ്പലങ്ങൾ കാണുന്നുണ്ട്. എല്ലായിടത്തും വർണ്ണാഭമായ മണാലി ഫ്ലാഗ് കാണുന്നുണ്ട്. ചെമ്മരിയാടിൻ കൂട്ടം മേഞ്ഞുനീങ്ങുന്നുണ്ട്, ഒന്ന് അടുത്തുചെന്നുനോക്കിയാലോ എന്നു കരുതി നടന്നപ്പോഴാണ് മുകളിൽ അവയുടെ കാവൽക്കാരനെ കണ്ടത്. രൂപത്തിൽ ചെന്നായയോട് സാമ്യമുള്ള ഒരു നായ. അവിടെ നായ്ക്കളാണ് അവയുടെ ഇടയൻ. പിന്നെ അങ്ങോട്ട് പോയില്ല.

എല്ലാ വീടുകളിലും ഓരോ നായ്ക്കളെ കാണുന്നുണ്ട്, തോട്ടങ്ങളുടെ സംരക്ഷണമാണ് പ്രധാന ജോലി. സീസൺ അല്ലാത്തതുകൊണ്ട് ആപ്പിൾ മരങ്ങളെല്ലാം ഇലകൊഴിഞ്ഞ് ഉണങ്ങിയ പോലെ നിൽക്കുന്നുണ്ട്.. കാട്ടിനുള്ളിലൂടെ ചെറിയ അരുവി ഒഴുകുന്നുണ്ട്. മഞ്ഞ് കുറവായതുകൊണ്ട് വെള്ളം കുറവാണ്, നല്ല ഉരുളൻ കല്ലുകൾ നിറഞ്ഞുകാണുന്നുണ്ട്, തെളിഞ്ഞവെള്ളവും. എന്തുകൊണ്ടെന്നറിയില്ല, അവിടുത്തെ കല്ലുകളൊക്കെ ഗിൽറ്റ് പോലെ തിളങ്ങുന്നുണ്ട്. ആ അരുവിയുടെ മുകളിലൂടെ റിവർക്രോസിംഗും കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. റോക്ക് റിപ്പലിംഗിനായി പൈൻമരങ്ങളുടെ ഒരു കുന്ന് കയറി, മുകളിൽ വലിയൊരു പാറയുണ്ട്. അതിന്റെ മുകളിൽ നിന്ന് കയർ വച്ച് താഴേക്ക് ഇറങ്ങുകയാണ്. കുറേ പേരുള്ളതുകൊണ്ട് സമയമെടുക്കും, ഞാനും ഒരു ചങ്ങായിയും കൂടി ആരും കാണാതെ ബാക്കിയുള്ള കുന്നും പതിയെ കയറി. അരമണിക്കൂർ ട്രെക്കിങ്ങ് കഴിഞ്ഞ് മുകളിലെത്തിയപ്പോൾ മനംമയക്കുന്ന കാഴ്ച, ദൂരെ മഞ്ഞുമല, താഴെ മണാലി സാമ്രാജ്യം, പൊട്ടുതൊട്ടപോലെ വീടുകളും കടകളും. ഏറ്റവും മുകളിൽ ഏതാണ്ട് പരന്ന സ്ഥലമാണ്.

പെട്ടെന്നാണ് ദൂരെ നിന്നും പൈൻമരങ്ങൾക്കിടയിലൂടെ ശബ്ദത്തിൽ കാറ്റുവീശിയത്. കാതിന് സുഖം നൽകിക്കൊണ്ട് കാറ്റ് തെന്നിനീങ്ങി. കുറച്ചു നേരം ശാന്തത ആസ്വദിച്ച് താഴേക്കിറങ്ങി. റോക്ക് റിപ്പലിംഗും കഴിഞ്ഞ് ടെന്റിലേക്ക് നീങ്ങിയപ്പോഴേക്ക് മണാലിയുടെ രാത്രി തണുപ്പ് വന്നുതുടങ്ങിയിരുന്നു. നല്ല തൂവെള്ള ചന്ദ്രൻ മാനത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്. ടെന്റിൽ തീയും കാഞ്ഞ് കുറച്ചുനേരം അങ്ങനെ ഇരുന്നു. പകുതിയോളം പേർക്കേ ശരിയായ ബോധമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ അവശ്യസാധനങ്ങൾ കഴിച്ച് അബോധാവസ്ഥയിൽ എത്തിച്ചേർന്നിരുന്നു. എല്ലാ ബഹളങ്ങളും കഴിഞ്ഞു ശാന്തമായപ്പോൾ വീണ്ടും ഞാനും മറ്റു മുന്നുപേരും ഇരുട്ടിന്റെ മറയിൽ ഗേറ്റിനു പുറത്ത് കടന്നു. ആളൊഴിഞ്ഞ റോഡിൽ ഇടക്ക് വരുന്ന വണ്ടികൾ ഒഴിച്ചാൽ റോഡും ശാന്തം. തണുപ്പ് കുത്തിനോവിക്കുന്ന വഴിയിലൂടെ പതിയെ നടന്നുനീങ്ങി. അവിടെ അമ്പരപ്പിച്ച മറ്റൊരു സംഭവം നായ്ക്കളാണ്. നമ്മുടെ നാട്ടിലെ ചാവാലിപ്പട്ടികളെ പോലെയല്ല, നല്ല ഉശിരും മേനിയഴകുമുള്ളവ, ഒരു നായസ്നേഹിയായതുകൊണ്ടാവാം, അവിടുത്തെ നായ്ക്കളെയെല്ലാം നന്നായി ബോധിച്ചു.. പക്ഷേ ഇരുട്ടിൽ കൂട്ടത്തോടെയുള്ള അവയുടെ കുര കേട്ടതോടെ ടെന്റിലേക്ക് മടങ്ങി. സാൻവിച്ച് പോലെ പഞ്ഞിബെഡിനും പുതപ്പിനുമിടയിൽ കയറിക്കൂടി മയക്കത്തിലേക്കു വീണു..

രാവിലെ മഞ്ഞുമല കയറാനുള്ള ആവേശത്തിൽ നേരത്തേ എണീറ്റു പുറപ്പെട്ടു. വണ്ടി നേരെ പോയത് Sollang valley യിലേക്ക്. മഞ്ഞുമല കയറാനുള്ള ഡ്രസ്സും ബൂട്ടുമൊക്കെ ഇട്ട് സെറ്റായി മഞ്ഞുമലക്ക് നേരെ നടക്കുമ്പാൾ ആ കാണുന്ന വെള്ള മലയുടെ മുകളിൽ എത്തണമെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ തൽക്കാലം അത് സാധ്യമല്ലെന്ന് പതിയെ കയറി തുടങ്ങിയപ്പോൾ മനസ്സിലായി. എങ്കിലും ആവേശം കൈവിട്ടില്ല. പക്ഷേ ഓരോ തവണ മഞ്ഞിനുള്ളിലേക്ക് കാല് പോകുമ്പോഴും ബൂട്ടിനുള്ളിലേക്ക് മഞ്ഞ് കയറി കാൽ മരവിച്ചുകൊണ്ടിരുന്നു. മഞ്ഞിനിടയിൽ ഭാഗ്യവശാൽ കിട്ടുന്ന പാറകളിൽ ഇരുന്ന് ബൂട്ട് അഴിച്ച് ഐസ് കട്ടകൾ ഒഴിവാക്കി മുകളിലോട്ട് ചലിച്ചു കൊണ്ടിരുന്നു. കയറി കയറി കാൽ മരവിച്ച് യാതൊന്നും അറിയാതായപ്പോൾ കയറ്റം നിർത്തി. അവിടെ ഇരുന്നു മഞ്ഞ് എറിഞ്ഞും ചാടിക്കളിച്ചുമൊക്കെ കുറേ പടം പിടിച്ച് അങ്ങനെയിരുന്നു. ആ മഞ്ഞുമലയിൽ പോലും ഉപജീവനത്തിന് വേണ്ടി ചായ കൊണ്ടുനടന്ന് വിൽക്കുന്ന ആളെ കണ്ടപ്പോൾ ദുഃഖവും അഭിമാനവും തോന്നി, ഒരു പണിയുമെടുക്കാതെ ആരോഗ്യത്തോടെ പിച്ചതെണ്ടുന്നവരേക്കാൾ എത്രയോ ഭേദം!! ഉടനെ ഞങ്ങളെല്ലാവരും ഓരോ ചായ വാങ്ങിച്ചു. ഒന്നിന് ₹20 രൂപയാണ്, എങ്കിലും അത്ര ചോദിക്കുന്നതിൽ ഒരു ന്യായമുണ്ട്. അത് ഒരു തരത്തിൽ പറഞ്ഞാൽ വളരെ ഉപകാരപ്രദവുമായിരുന്നു ആ തണുപ്പത്ത്. കാല് ഏതാണ്ട് ചലിക്കാൻ പാകമായപ്പോൾ തിരിച്ചിറങ്ങി. താഴെയെത്തിയപ്പോഴേക്കും കാലിന്റെ അവസ്ഥ തണുത്ത് മരവിച്ച് പരിതാപകരമായിരുന്നു. എന്തായാലും അതൊന്നും കാര്യമാക്കാതെ മഞ്ഞുമല കഴിയുന്നിടത്തോളം explore ചെയ്തു..

തിരിച്ച് ഹോട്ടലിൽ കയറി ഭക്ഷണമൊക്കെ കഴിച്ച് നേരെ Hidimba Temple ലേക്ക് പോയി. പൈൻ മരങ്ങൾക്കിടയിൽ തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ഒരു ക്ഷേത്രം. പ്രാർത്ഥനക്കാണെങ്കിലും, വെറുതെ വന്നിരിക്കാനാണെങ്കിലും, പോസിറ്റീവ് എനർജി മാത്രം നൽകുന്ന ഒരു സ്ഥലം. ശരീരത്തെ തണുപ്പിക്കുമെങ്കിലും മനസ്സിനെ ഒന്ന് ചൂടാക്കാൻ പറ്റിയ സ്ഥലം!! പട്ടികളുടെ സാന്നിധ്യം ഒരുപാടുണ്ടെങ്കിലും ആരേയും ശല്ല്യം ചെയ്യുന്നില്ല. അതും കണ്ടു തിരിച്ചിറങ്ങി നേരെ Mall road ലേക്ക് പോയി. ഷോപ്പിംങ്ങിന് വേണ്ടിയുള്ള സ്ഥലം. പലതരം സാധനങ്ങൾ, തുണിത്തരങ്ങൾ, ഹാന്റ്ക്രാഫ്റ്റ്സ്, ഭക്ഷ്യവിഭവങ്ങൾ,… തുടങ്ങി വേണ്ടതെന്തും. വിലപേശലിന്റെ സ്ഥലം. നമ്മൾ മലയാളികൾക്ക് പിന്നെ വിലപേശാൻ ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ, അതിനിയിപ്പോ ഹിന്ദിയെന്നല്ല ലോകത്തിലെ ഏതു ഭാഷയായാലും പ്രശ്നമേയല്ല!! എല്ലാവരും ആവശ്യത്തിന് സാധനങ്ങളും വാങ്ങി അവിടുത്തെ ഏതൊക്കെയോ സ്പെഷ്യൽ ഫുഡും രുചിച്ച് തിരിച്ച് ഹോട്ടലിലേക്ക് നടന്നു. വീണ്ടും മണാലിയിലെ തണുപ്പിൽ മൂടിപ്പുതച്ച് ഒരു ഉറക്കം.

രാവിലെ എണീറ്റ് പുറപ്പെട്ട് പ്രാതൽ കഴിച്ച് ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് വണ്ടിയിൽ കയറി. മാർച്ച് 1, മണാലിയിൽ ഹോളിയാണ്!! ഹോളിയോടനുബന്ധിച്ച് കടകളൊക്കെ അടവാണ്.. വണ്ടിയിൽ പോകുംവഴി പിള്ളേർ വണ്ടിയിലേക്ക് കളർ വാരിയെറിയുന്നുണ്ട്. ഹോളിയുടെ നാടായ ഉത്തരേന്ത്യൻ മണ്ണിൽ ഒരു ഹോളി ആഘോഷിക്കാൻ തീരുമാനിച്ചു. മണാലിയിൽ നിന്നും നേരെ കുളുവിലേക്കാണ് തിരിച്ചത്. അവിടെ വച്ച് ആഘോഷമുറപ്പിച്ചു. കുളുവിൽ വച്ചാണ് റിവർ റാഫ്റ്റിങ് തീരുമാനിച്ചത്. അവിടെ വണ്ടിയിറങ്ങിയ ഞങ്ങളെ ഉത്തരേന്ത്യക്കാർ വർണ്ണാഭമായ കളറുകളും കൊണ്ട് വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നിറങ്ങളിൽ കുളിച്ച് ആവേശത്തോടെ റാഫ്റ്റിങിലേക്ക് കടന്നു. ഞങ്ങടെ ട്രാവൽസ്കാരൻ മിൻഹാസിന് കുനൽ ഭായിയെ പരിചയമുള്ളതുകൊണ്ട് അവനും ഞങ്ങൾ ഒരു ഏഴു പേരും മൂപ്പരുടെ ബോട്ടിൽ കയറി. മറ്റൊരു ബോട്ടുകളിലും കിട്ടാത്ത ആവേശം ഞങ്ങൾക്ക് കുനൽഭായ് തന്നു. വ്യത്യസ്തമായ പ്രകടങ്ങൾ മൂപ്പര് ഞങ്ങളെക്കൊണ്ട് ചെയ്യിച്ചു. ആ ഒരു ഒറ്റ പരിപാടിയിൽ തന്നെ കുളു മണാലിയോട് വിട പറയുന്നതിന്റെ വിഷമം മാറി. GoPro യിൽ എടുത്ത റാഫ്റ്റിങ് വീഡിയോ ₹1000 രൂപ കൊടുത്താൽ നമുക്ക് തരും. അത് കയറിയ എട്ട് പേരും പിരിവിട്ട് ₹800 രൂപ കൊടുത്ത് മേടിച്ചു. അവിസ്മരണീയമായ മണാലി യാത്ര ആദ്യം മുതൽ അവസാനം വരെ മനസ്സിൽ ഒന്ന് ഓടിച്ച് കണ്ട് അയവിറക്കി!! യാത്ര തിരിക്കാൻ സമയമായി..

തിരിച്ച് നാട്ടിലേക്ക് വരാൻ ഡൽഹിയിൽ നിന്നുമാണ് ട്രൈൻ ടിക്കറ്റ് ബുക്ക് ചെയ്ത് കിട്ടിയത്. നിസ്സാമുദ്ധീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്. കുളു മണാലി ചുറ്റിയ ട്രാവൽസ്കാരുടെ വണ്ടിയിൽ തന്നെ കുളുവിൽ നിന്ന് ഡൽഹി നിസ്സാമുദ്ധീൻ റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രയുടെ അന്ത്യം കുറിച്ചുകൊണ്ട് തിരിച്ച് വണ്ടികയറി. മനസിന്റെ ഉന്മേഷം കൊണ്ടാവും യാത്രയുടെ ക്ഷീണം അറിയുന്നില്ല. ഏതായാലും കുളു_മണാലി, നിന്നെ ഞാൻ ഒരിക്കലും മറക്കില്ല. “ഇനിയും നിന്റടുത്ത് ഞാൻ എത്തും”_ എന്ന് വാക്കുനൽകി കൊണ്ട് മടങ്ങുന്നു…!!

ജീവിതത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഏകദേശം ഒരു വ്യക്തതയായതുകൊണ്ടാവും ഒരു വരവ്കൂടി വരേണ്ടിവരും എന്ന് തോന്നുന്നത്..!! ജീവിതം മടുത്തു എന്ന് തോന്നുന്നവർക്കും നാടുവിട്ടു പോകാൻ നിൽക്കുന്നവർക്കും ഒന്ന് ഉഷാറായി വരാൻ പറ്റിയ സ്ഥലം..!!!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply