മറക്കാനാവാത്ത ഒരു വയനാടൻ യാത്രയും പീസ് വില്ലേജ് സന്ദർശനവും..

വിവരണം – Zuhair Siddeeq.

മറക്കാനാവാത്ത ഒരു യാത്ര ! വയനാട്ടിൽ കുടുംബത്തോടൊപ്പം സവാരിക്ക് പോയി ഒരു ദിവസം സന്തോഷമായി അവിടെ ചെലവഴിച്ചു മടങ്ങവേയുണ്ടായ മറക്കാനാവാത്ത അനുഭവം ആണ് താഴെ കുറിക്കുന്നത്.. വയനാട്ടിൽ ഞാൻ ഉണ്ടെന്ന് അറിഞ്ഞ എന്റെ സുഹൃത്ത് അവനെ സന്ദർശിക്കാൻ നിർബന്ധിച്ചു. മടക്ക യാത്ര വൈകിയതിനാൽ പിന്നീടാവാം എന്ന് കുറെ പറഞ്ഞു നോക്കിയെങ്കിലും അവൻ അതിന് കൂട്ടാക്കിയില്ല. എന്റെ സഹപാഠിയും നാട്ടുകാരനുമായ സുഹൃത്ത് ആയിരുന്നു അത്. അതുകൊണ്ട് തന്നെ ആ നിർബന്ധത്തിന് വഴങ്ങി ഞാൻ ലൊക്കേഷൻ ഷെയർ ചെയ്യാൻ പറഞ്ഞു. എന്റെ മാപ്പിൽ അത് പിൻ ചെയ്ത് വണ്ടി അങ്ങോട്ടേക്ക് തിരിച്ചു.

പിൻ ചെയ്ത സ്ഥലം എത്തിയപ്പോഴാണ് അറിഞ്ഞത് അത് ഒരു വീടല്ല മറിച്ച് അവർ നിർമ്മിച്ച ഒരു റിസോർട് ആണെന്ന്.  റിസോർട് ആണോ എന്ന ചോദ്യത്തിന് അതെ പക്ഷെ നമ്മുടെ റിസോർട് അല്ല എന്നുള്ള ഒരു വ്യക്തമല്ലാത്ത മറുപടി ലഭിച്ചു. ആ ഗേറ്റും പുഴയുടെ അരികിൽ സ്ഥിതി ചെയ്യുന്ന ആ കെട്ടിടവും കണ്ടപ്പോൾ ഞാൻ എന്റെ മനസ്സിനോട് തറപ്പിച്ചു പറഞ്ഞു ഇത് റിസോർട് തന്നെ ആയിരിക്കും എന്ന്. അകത്തു കയറിയ നമ്മെ അബ്ദുള്ളക്ക എന്ന ഒരാൾ സ്വാഗതം ചെയ്തു. അതിന്റെ അകത്തു കയറുമ്പോൾ നാം ധരിച്ച ചെരുപ്പ് അഴിച്ചുവെച്ച് വേറെ ചെരുപ്പ് ധരിക്കാൻ തന്നു.അതൊക്കെ ഇട്ട് നമ്മോട് ആ ഇക്ക ചോദിച്ചു “എന്നാൽ നമുക്ക് ഇവിടെയൊക്കെ നടന്ന് കണ്ടാലോ? ” എന്ന്.

പീസ് വില്ലജ് (Peace Village) – തല ഉയർത്തി പേര് വായിച്ചപ്പോൾ അറിഞ്ഞു അതിന്റെ പേര് പീസ് വില്ലജ് (Peace Village) ആണെന്ന്. ആരോരുമില്ലാത്ത ദുരിത ജന്മങ്ങളെ സ്വസ്ഥ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അവർ നിർമിച്ചതായിരുന്നു അത്. അകത്തു കയറിയ നമ്മൾ അവിടെയുള്ള സജ്ജീകരണങ്ങൾ കണ്ട് കുറച്ച് നേരത്തേക്ക് സ്തംപിച്ചു പോയി. മനസ്സാക്ഷിയുള്ള ഏതൊരുവനെയും കണ്ണ് നനയിപ്പിക്കും ആ കാഴ്ച. ആ കെട്ടിടം വളരെ ഭംഗിയായി പുഴയരികിൽ നിർമ്മിച്ച് അതിനെ പത്തായി വേർതിരിച്ചിരുന്നു.. നോക്കാൻ ആരുമില്ലാത്തവരും , ശുശ്രൂകിക്കാൻ കൂട്ടാക്കാത്തവരും, മക്കൾ ഉപേക്ഷിച്ച മാതാപിതാക്കൾക്കും , പ്രസവിച്ചു മാതാവ് ഉപേക്ഷിച്ചു പോയ പിഞ്ചു കുഞ്ഞുങ്ങളും എന്നിങ്ങനെയുള്ളവർക്കൊക്കെ ജീവൻ തിരിച്ചു നൽകാനും ഒരു കുടക്കീഴിൽ സംരക്ഷിക്കാനും എന്റെ സുഹൃത്തും കുടുംബവും നിർമിച്ചതായിരുന്നു ആ കെട്ടിടം.

സമയം ഇല്ല ,പിന്നീട് വരാം എന്ന് പറഞ്ഞു നമ്മൾ മടങ്ങിയിരുന്നെങ്കിൽ ജീവിതത്തിലെ വലിയൊരു നഷ്ടം ആയിരുന്നേനെ എന്ന തിരിച്ചറിവ് ആ നിമിഷം ഞങ്ങൾക്കുണ്ടായി.

അതിൽ ഒരുക്കിയ 10 തണൽമരങ്ങൾ ! 1. മടിത്തട്ട് – ഉപേക്ഷിക്കപ്പെട്ട നവജാത ശിശുക്കളുടെ സംരക്ഷണ കേന്ദ്രം. 2. മലർവാടി – അനാഥ/തെരുവ് ബാല്യങ്ങളുടെ പുനരധിവാസ ഗേഹം. 3. ആശ്വാസം – മാറാരോഗികൾക്ക് സാന്ത്വനവും കരുതലും.വീടുകളിൽ ചെന്ന് പരിചരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ. 4. പുഞ്ചിരി – മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് കൗൺസിലിങ് സെന്റർ. 5. മുക്തി – ലഹരിക്ക് അടിമപ്പെട്ടവരുടെ ഡി അഡിക്ഷൻ സെന്റർ. 6. സ്നേഹതീരം – ഉറ്റവരില്ലാത്ത അഗതികളുടെ സ്‌നേഹവീട്. 7. കരുണാലയം – ഭിന്നശേഷിയുള്ളവരുടെ അഭയകേന്ദ്രം. 8. കളരി – സേവന /ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തല്പരരായ വിദ്യാർത്ഥികൾക്ക് പരിശീലനം. 9. പ്രതീക്ഷ – സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം. 10. കൂട് – സേവനമനസ്കർക്ക് കുടുംബ സമേതം വന്ന് താമസിക്കാവുന്ന കോട്ടെജുകൾ.

അകത്തു കയറി അവിടെയുള്ള ഓരോ അന്തേവാസിയുടെയും അരികിൽ ചെന്ന് അവിടെയുള്ള ഉമ്മയോടും, ഉപ്പയോടും, അമ്മയോടും, അച്ഛനോടും, അനിയത്തിമാരോടും,ചേച്ചിമാരോടും, അനിയൻ ചേട്ടൻമാരോടുമൊക്കെ സുഖ വിവരങ്ങളും, തമാശകളും ഒക്കെ പറഞ്ഞു കുറെ നേരം അവിടെ ചിലവഴിച്ചു.അവരെ ഒരു അഗതിയായിട്ടു കാണാതെ മതം, ജാതി, പണം, നിറം എന്നുള്ള ഒരു വിവേചനവും കാണിക്കാതെ ഒരു കുടുംബമായി കാണുന്നു എന്നാണ് അവിടെയുള്ള സവിശേഷത .സമയം വൈകി എന്നുള്ള ചിന്തയൊക്കെ നമ്മൾ അവിടെ മാറ്റി വെച്ച് അവരുടെ കൂടെ കുശലം പങ്കിട്ടു. ഓരോരുത്തരുടെ കഥയും, അവർ അവിടെ എത്തിപ്പെടാനുള്ള കാരണവും അവർ കേൾക്കാതെ അബ്ദുള്ളക്ക നമ്മോട് മെല്ലെ പറഞ്ഞു തന്നു.വളരെ വേദനിപ്പിക്കുന്നതും മനസ്സ് അലിയിച്ചു കളയുന്നതുമായ കഥകൾ ആയിരുന്നു ഓരോരുത്തരുടെയും.

അവിടെ കണ്ട മറ്റൊരു സവിശേഷത അവിടെയുള്ള അന്തേവാസികൾക്ക് കൃഷി, വായന എന്നിങ്ങനെ ഓരോരുത്തർക്കും ഇഷ്ടമുള്ള വിനോദം അവർക്ക് വേണ്ടി ഒരുക്കികൊടുത്തിരുന്നു എന്നുള്ളതാണ് . വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി സഹകരിച്ചു ചികിത്സയും 6 കിടക്കകളുള്ള CCU യൂണിറ്റും അവിടെ പ്രവർത്തിച്ചു വരുന്നു. അവിടെയുള്ള സൗകര്യങ്ങളും സജ്ജീകരങ്ങളും അവിടെ അവരെ പരിചരിക്കുന്ന നേഴ്സ്മാരെയും ഒക്കെ പരിചയപ്പെട്ടു സന്തോഷം പങ്കിട്ടു. അങ്ങനെ എല്ലാരോടുമൊപ്പം ഫോട്ടോയും ഒക്കെ എടുത്ത് അവരോടൊക്കെ വിട പറഞ്ഞ് നമ്മൾ തിരികെയുള്ള യാത്രക്കായി തയ്യാറെടുത്തു..

സൃഷ്ടാവിന്റെ എത്ര അളവറ്റ അനുഗ്രഹമാണ് നാം അർഹിക്കാതെത്തന്നെ നമ്മുക്ക് കിട്ടിയിട്ടുള്ളത് എന്നുള്ള തിരിച്ചറിവോടെ നാം വീട്ടിലേക്കുള്ള യാത്ര പുറപ്പെട്ടു. ആ സമയം നബി(സ) യുടെ ഈ വചനം എന്റെ മനസ്സിൽ തറച്ചു. “നിങ്ങളുടെ അനുഗ്രഹം അറിയാൻ ,നിങ്ങൾ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക” എന്നെ അവിടെ വരെ എത്തിച്ച എന്റെ സുഹൃത്തിനും കുടുംബത്തിനും ഒരുപാട് അനുഗ്രഹങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ..

NB: അത് നിർമ്മിച്ചതോടെ അവർ അവരുടെ കടമ നിറവേറ്റി, ഇനി അതിന്റെ പ്രവർത്തനം നമ്മൾ ഓരോരുത്തരുടെയും കടമയാണ് !

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply