മകരവിളക്കിന് കെഎസ്ആർടിസി 1000 ബസുകൾ സർവീസ് നടത്തും

ശബരിമല മകരവിളക്ക് ദിവസം കെഎസ്ആർടിസിയുടെ ആയിരം ബസുകൾ സർവീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരമാവധി വിശ്രമം നൽകാൻ നടപടിയുണ്ടാകും.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണിത്. ബസുകളുടെ എണ്ണം വർധിപ്പിച്ച് ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമം.

പത്തനംതിട്ട ജില്ലാ കളക്ടർ ആർ.ഗിരിജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസി ബസുകൾക്ക് പത്തനംതിട്ടയിൽ നഗരസഭ പാർക്കിംഗ് സൗകര്യമൊരുക്കും.

മകരവിളക്ക് ദിനങ്ങളിൽ അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് ശബരിമലയുടെ അനുബന്ധ പഞ്ചായത്തുകളിൽ പ്രത്യേക സംഘത്തെ രൂപീകരിക്കും.

സന്നിധാനത്ത് എമർജൻസി ഓപ്പറേഷൻ സെന്റർ വേണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന ദുരന്തനിവാരണ അഥോറിറ്റിക്ക് ജില്ലാ കളക്ടർ കത്ത് നൽകും. മകരവിളക്കിന് കൂടുതൽ ആംബുലൻസുകളുടെ സേവനം ഉറപ്പുവരുത്തും. വിവിധ ഇടത്താവളങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ആംബുലൻസുകൾ ഉണ്ടാകും. സന്നിധാനത്തെ ആശുപത്രിയോട് ചേർന്ന് 25 കിടക്കകൾ ഇടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനു ദേവസ്വത്തിന് കത്ത് നൽകും. തിരുവാഭരണ ഘോഷയാത്ര നടക്കുന്ന ദിവസങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തും. മകരജ്യോതി കാണുന്നതിന് തീർഥാടകർ എത്തുന്ന സ്‌ഥലങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തിപ്പെടുത്തും. ഇലവുങ്കൽ, നെല്ലിമല, അയ്യൻമല എന്നിവിടങ്ങളിൽ പൊതുമരാമത്ത് നിരത്തുവിഭാഗം ബാരിക്കേഡുകൾ സ്‌ഥാപിക്കും. ശബരിമലയിലേക്കുള്ള റോഡിലെ തകർന്ന ബാരിക്കേഡുകൾ നന്നാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. മകരവിളക്ക് ദിവസം അയ്യപ്പസേവാ സംഘത്തിന്റെ 500 സ്ട്രെച്ചർ വോളണ്ടിയർമാർ പ്രവർത്തിക്കും.

ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ ജി.ബാബു, വിവിധ വകുപ്പുതല ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കടപ്പാട് – ദീപിക

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply