പാലക്കയംതട്ടിലേക്ക് നൻപൻമാരുടെ കൂടെ ആക്ടീവയിൽ ഒരു യാത്ര..!!

യാത്ര കഴിഞ്ഞ് അഞ്ചാറുമാസം ആയെങ്കിലും നാട്ടിലുള്ള ഒഴിവുസമയം മുഴുവനായും ഓരോ സ്ഥലങ്ങളിൽ ഊരുതെണ്ടാൻ നടക്കുന്നതിനാൽ ഒരു യാത്രാവിവരണം എഴുതാനുള്ള സമയം കിട്ടിയതേയില്ല.വിദേശത്ത് വന്നു ജോലിക്കിടയിൽ കിട്ടുന്ന അവധിദിവസങ്ങളിൽ നാട്ടിലെ ഓരോ നല്ല നല്ല യാത്രകളെയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഓർമകളാണ് ഞാൻ എന്റെ മനസ്സിൽ നിന്നും കുത്തികുറിച്ച് എഴുതുന്നത് .

സുഹുത്തുക്കൾ ജോലികഴിഞ്ഞ് വന്നതിനുശേഷമുള്ള വൈകുന്നേരങ്ങളിൽ ക്ലബ്ബിൽ വന്ന സൗഹൃദം പങ്കിടൽ ആയിരുന്നു എല്ലാ ദിവസങ്ങളിലും പോലെ അന്നുണ്ടായിരുന്നത്.മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് അന്നത്തെ ദിവസത്തെ പ്രത്യേകത എന്തെന്നാൽ അന്ന് ശനിയാഴ്ച യായിരുന്നു. ആഴ്ചയിൽ 6 ജോലി ദിനങ്ങളിൽ അന്നത്തെത് ആറാമത്തെ ദിവസം ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ നാളെ ജോലിക്ക് പോകേണ്ട എന്ന ഒരു സന്തോഷം കൂടി ആ ദിവസത്തിന് ഉണ്ടായിരുന്നു. നൻപൻ മാരിൽ പലർക്കും പല തരത്തിലുള്ള പ്ലാനിങ്ങുകൾ ആയിരുന്നു ഞായറാഴ്ച കിട്ടിയ അവധി ദിനങ്ങളിൽ ഉണ്ടായിരുന്നത്.

പ്രത്യേകിച്ച് നാളെ ഒരു പരിപാടിയും ഇല്ലാത്ത രണ്ടുമൂന്നു ആൾക്കാർ ഉണ്ടായിരുന്നു ഞാനടക്കം. വെറുതെ വീട്ടിലിരിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടും, പരിപാടിയൊന്നും ഇല്ലാത്ത ആൾക്കാർക്ക് യാത്രയോടുള്ള കമ്പം കുറച്ച് അധികമായതിനാൽ എവിടെയെങ്കിലും ഒരു ട്രിപ്പ് നടത്തിയാലോ എന്ന ചിന്ത പെട്ടെന്നായിരുന്നു ഉയർന്നുവന്നത്. കൂടുതലൊന്നും ആലോചിക്കാതെ യാത്ര ചെയ്യാൻ തീരുമാനിച്ചു. എങ്കിലും എവിടെ പോകും എങ്ങനെ പോകാം എന്നതിനെപ്പറ്റി ആരും ഒന്നുംതന്നെ പറയുകയുണ്ടായില്ല.

സന്ധ്യാസമയങ്ങളിൽ എപ്പോഴും ഉണ്ടാവുന്നതു പോലെയുള്ള സൗഹൃദ സംഭാഷണങ്ങൾ രാത്രി വരെ നീണ്ട അവസാനം എല്ലാവരും വിട പറഞ്ഞു വീട്ടിലേക്കു യാത്രയായി. ഞാൻ രാത്രി ഭക്ഷണം കഴിച്ചു കിടക്കയിൽ കിടന്നു ഫോണിൽ മുഖപുസ്തകം നോക്കി കൊണ്ടിരിക്കുമ്പോഴാണ് കറങ്ങാൻ പോകാം എന്ന അഭിപ്രായം പറഞ്ഞ സുഹൃത്ത് ഫോൺ വിളിച്ചത് . പിന്നെയുള്ള സംസാരം എവിടെ എങ്ങനെ എപ്പോൾ എന്നായിരുന്നു. കൂടുതൽ ദൂരം യാത്ര ചെയ്തു വരാനുള്ള അവധി ഇല്ലാത്തതിനാലും ഒരു ദിവസംകൊണ്ട് പോയി വരാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ച് ആയിരുന്നു പിന്നീടുള്ള സംസാരം.

 

ഒടുവിൽ അങ്ങനെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മലയോര ഭാഗത്തുള്ള ചുരുങ്ങിയ സമയംകൊണ്ട് വളരെ പ്രശസ്തിയാർജ്ജിച്ച പാലക്കയം തട്ട് എന്ന ലൊക്കേഷനാണ് തിരഞ്ഞെടുത്തത്. എങ്ങനെ പോവാം എന്ന് നമ്മൾ മൂന്ന് പേർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല . വേറൊന്നും കൊണ്ടല്ല ഞങ്ങളുടെ രണ്ടുപേരുടെയും കൈയിൽ ഇരുചക്രവാഹനം ഉള്ളതിനാലും,ഞങ്ങൾ തിരഞ്ഞെടുത്ത സ്ഥലത്തേക്ക് പബ്ലിക് വാഹനസൗകര്യം കുറവായതിനാലും, അത്യാവശ്യം കുന്നും മലയും വളവും കയറാൻ ഉള്ളതുകൊണ്ടു കൂടിയാണ് ഞങ്ങൾ ഇരുചക്രവാഹനങ്ങളിൽ തന്നെ പോകാൻ തീരുമാനിച്ചത്.

രാവിലെ ഏകദേശം ഒരു 10 പത്ത് ആകുമ്പോഴേക്കും പുറപ്പെട്ടു വൈകുന്നേരം തിരിച്ചുവരാനുള്ള പ്ലാനിങ് ആയിരുന്നു ഞങ്ങൾ ചെയ്തിരുന്നത് എല്ലാം പറഞ്ഞു തീരുമാനമാക്കി കിടന്നു.പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ലാത്തതിനാൽ തീരുമാനിച്ച സമയം പത്തുമണി ആയതിനാലും രാവിലെ കുറച്ചു നേരം വൈകിയാണ് ഉറക്കമുണർന്നത്.എന്നീറ്റു ദിനചര്യകൾ കഴിഞ്ഞു കുളിയും പാസാക്കി വന്ന് ചായ കുടിക്കാൻ ഇരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛനെ കാണാത്തതുകൊണ്ട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി കേട്ട് ഞാനാകെ ഞെട്ടിത്തരിച്ചുപോയി.

അച്ഛൻ രാവിലെതന്നെ കൂടെ ജോലിചെയ്യുന്ന ആരുടെയോ മകളുടെ കല്യാണം ഉള്ളതിനാൽ വണ്ടിയെടുത്തു പോയിരിക്കുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചുവരും പോലും. പ്ലാനിങ്ങുകൾ മുഴുവൻ തെറ്റിയപോലെ തോന്നി. ചായയൊക്കെ കുടിച്ചു കഴിഞ്ഞു അച്ഛനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അച്ഛൻ പറഞ്ഞു കല്യാണമല്ല വീട്ടിൽ കൂടൽ ആണ് ഒരു പന്ത്രണ്ടര ആകുമ്പോഴേക്കും വരും എന്നു .അതുകേട്ടപ്പോൾ കുറച്ചു സമാധാനമായി 10 എന്നുള്ളത് രണ്ടരമണിക്കൂർ താമസിച്ചു പന്ത്രണ്ടര ആയി എന്ന വ്യത്യാസമല്ലെ വന്നുള്ളൂ. എന്നെ സമാധാനത്തോടെ ഞാൻ ഫോൺ എടുത്തു സുഹൃത്തുക്കളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. സുഹൃത്തുക്കൾ പറഞ്ഞു കാര്യമാക്കേണ്ട അങ്ങനെയെങ്കിൽ ഉച്ചഭക്ഷണം കഴിച്ച് അതിനുശേഷം നമ്മൾക്ക് പുറപ്പെടാം എന്ന് തീരുമാനിച്ചു. പിന്നെയുള്ള സമയം പന്ത്രണ്ടര ആവാൻ ഉള്ള കാത്തിരിപ്പ് ആയി. നൻപൻമാർക്ക് വേറെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതിനാൽ അവർ റെഡിയായി എന്റെ വീട്ടിൽ വന്നു ഇരുന്നു.

കാത്തിരിപ്പിനൊടുവിൽ 12.30 ആയി. എന്നിട്ടും അച്ഛനെ കാണാത്തപ്പോൾ ഞാൻ വീണ്ടും വീണ്ടാം ആവർത്തിച്ച് അച്ഛനെ ഫോൺ ചെയ്തു. 12.30 ന് എത്തും എന്നു പ്രതീക്ഷിച്ചു വീട്ടിൽ വന്ന സുഹൃത്തുക്കൾ അപ്പോഴേക്കു അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയിരുന്നു. അച്ഛൻ എത്തിക്കഴിഞ്ഞാൽ നീ വിളിക്കുക നമ്മക്ക് അപ്പോൾ പോകാമെന്ന് മറുപടിയും പറഞ്ഞു ആണ് അവരെ പോയിരുന്നത്. 12.30 ന് എത്തും എന്ന് പറഞ്ഞ് അച്ഛൻ വീണ്ടും ഒരു മണിക്കൂറിൽ ലൈറ്റായി വന്നത് 1.30-ന് എത്തി യാത്ര ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പും ചെയ്തായിരുന്നു എന്റെ ഇരിപ്പ് . വണ്ടി കൈയിൽ കിട്ടിയതോടെ സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. എല്ലാ തയ്യാറെടുപ്പുകളോടു കൂടിവന്ന അവരും പെട്ടെന്ന് തന്നെ എത്തി.പിന്നെ അധികം താമസിയാതെ ഏകദേശം 2 മണിയോടുകൂടി ഞങ്ങൾ പുറപ്പെട്ടു.

കടലോരമേഖലയിൽ ഉള്ള ഞങ്ങൾക്ക് മലയോര മേഖലയായ പാലക്കയംതട്ട് ലേക്കുള്ള ദൂരം ഏകദേശം 50 km (Google പറഞ്ഞത് )അടുത്ത് ഉണ്ടായിരുന്നു. തളിപ്പറമ്പ് വരെ വളരെ പെട്ടെന്ന് എത്തിയെങ്കിലും അതിനുശേഷമുള്ള കുണ്ടും കുഴിയും വളവും തിരിവും കയറ്റവും മഴപെയ്തു നനവും ഉള്ള റോഡായതിനാൽ സാവധാനത്തിലുള്ള സുരക്ഷിതമായ യാത്രയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. അങ്ങനെ ഞങ്ങളുടെ പതുക്കെയുള്ള യാത്ര കുറെ വളവുകളും തിരിവുകളും കയറ്റങ്ങളും കയറി അവസാനം ചെന്നെത്തിയത് പാലക്കയംതട്ടിന്റെ താഴെ ഭാഗത്ത് ആയിരുന്നു.. മൂന്നുനാല് കടകളും ഒരു ഭാഗത്ത് ഇരുചക്രവാഹനങ്ങളും നാലുചക്ര വാഹനങ്ങൾ പാർക്കുചെയ്യാൻ സംവിധാനമുള്ള ഒരു സ്ഥലം ആയിരുന്നു അത്.എന്റെ കൂടെ വന്ന സുഹൃത്ത് മുന്നൊരിക്കൽ വന്നതിനാൽ കൂടുതൽ സംശയങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ഞങ്ങളുടെ വണ്ടി ആക്റ്റിവ ആയതിനാൽ ഓഫ് റോഡ് റൈഡിനു തുനിഞ്ഞില്ല.

പാർക്കിങ്ങിനു സജ്ജമാക്കിയ സ്ഥലത്ത് ഞങ്ങളുടെ രണ്ടുപേരുടെയും വാഹനം വച്ച് പാർക്കിംഗ്‌ ഫീ (ഒരു വണ്ടിക്കു) 10 രൂപ കൊടുക്കാൻ തുടങ്ങുമ്പോഴാണ് കോരിച്ചൊരിയുന്ന മഴ പെയ്യാൻ തുടങ്ങി. വേഗം തന്നെ പാർക്കിംഗ് ഫീസ് കൊടുത്ത് അടുത്തു ചായക്കടയിലേക്ക് ഓടിക്കയറി എങ്കിലും അത്യാവശ്യം നല്ലവണ്ണം തന്നെ മഴ നനഞ്ഞിരുന്നു മൂന്നുപേരും. മഴഅങ്ങനെ തിമിർത്തു പെയ്തു കൊണ്ടിരിക്കുകയാണ്. ചായക്കടയയിൽ കയറിയതിനാൽ ചായയും കുടിച്ച് മഴ അല്പം കുറഞ്ഞതിനു ശേഷം കയറാമെന്ന് കരുതി അവിടെത്തന്നെ ഇരുന്നു. കടക്കാരനോട് ഓരോ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി ഞങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി തന്നുകൊണ്ടേയിരുന്നു.

ഇപ്പോഴുള്ള സ്ഥലത്തുനിന്നും ഏകദേശം ഒന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ട് പാലക്കയം തട്ട് ഹിൽസ് പോയിന്റ്ലേക്ക്. ടാർ ചെയ്യാത്ത കുണ്ടും കുഴിയും നിറഞ്ഞ ഓഫ് റോഡ് ആയതിനാൽ ഇരുചക്രവാഹനങ്ങളും, കാറുകൾക്കും യാത്ര തീർത്തും ദുഷ്കരം തന്നെ ആയിരുന്നു .താഴെയുള്ള കവല മുതൽ ഇപ്പോൾ നിൽക്കുന്ന സ്ഥലം വരെയുള്ള വഴി വീതി കുറഞ്ഞതും വളവും തിരിവും കുത്തനെ കയറ്റം ഉള്ളതുമായിരുന്നു.

ഇരുചക്രവാഹനങ്ങൾക്കും,കാറുകൾക്കും,ജീപ്പുകളും മാത്രമേ സൗകര്യപൂർവം ഇവിടെ എത്തിപ്പെടാൻ വഴിയുണ്ടായിരുന്നുള്ളൂ എന്നു തോന്നി . താഴെയുണ്ടായിരുന്ന കവലയുടെ പരിസരത്ത് നിന്നും പാലക്കയം തട്ടിന്റെ മുകളിൽ വരെ വരെ ജീപ്പ് ഷട്ടിൽ സർവീസ് നടത്തുന്നുണ്ട് 200 രൂപയാണ് ചാർജ് ഈടാക്കുന്നത്. ഒരാൾ പോയാലും പത്തുപേർ പോയാലും 200രൂപ തന്നെ കൊടുക്കണം. ഇപ്പോഴും മഴ തിമർത്തു പെയ്തു കൊണ്ടിരിക്കുകയാണ്. സമയം ചെല്ലുന്തോറും കാലാവസ്ഥ കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇരുട്ട് കൂടുന്നതും ശ്രദ്ധയിൽ പെട്ടു.

ചായക്കടയുടെ അടുത്ത് തന്നെ രണ്ടുമൂന്ന് ജീപ്പും ജീപ്പിൽ ഡ്രൈവർമാരും സഞ്ചാരികളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ചായ കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ മൂന്നു നാല് ജീപ്പുകൾ വ്യത്യസ്ത സമയങ്ങളിൽ മലമുകളിലേക്ക് യാത്രക്കാരെയും കൊണ്ട് കയറിപ്പോകുന്നത് കണ്ടു. കുടുംബവുമായി വന്നവർ ആയിരുന്നു ജീപ്പിൽ എന്നു എനിക്ക് തോന്നി. ഞങ്ങൾ പോയത് ഒരു ഞായറാഴ്ചയായിരുന്നു. ചായക്കടക്കാരൻ പറയുകയുണ്ടായി ഇപ്പോൾ ഞായറാഴ്ചകളിൽ ഇവിടെ ഒരുപാട് ഫാമിലി അതുപോലെതന്നെ കല്യാണ വീഡിയോ,ഷോട്ട് ഫിലിം എന്നിവ ഷൂട്ട് ചെയ്യാനും ആൾക്കാർ വരുന്നുണ്ട് എന്ന്. സ്വന്തം വാഹനം താഴെയുള്ള കവലയിൽ വച്ച് അവിടെനിന്നും ഷട്ടിൽ സർവീസ് നടത്തുന്ന ജീപ്പുകളിൽ പാലക്കയം തട്ട് മുകളിലേക്ക് പോകുന്ന സഞ്ചാരികൾ ആയിരിക്കുമതെന്നു ഊഹിച്ചു.

ചായ കുടിച്ചുകഴിഞ്ഞതിനാലും മഴ കൂടിക്കൂടി വരുന്നതിനാലും അടുത്തുള്ള ജീപ്പ് ഡ്രൈവറോഡ് മുകളിലേക്ക് പോകാൻ എത്ര രൂപ ചോദിച്ചപ്പോൾ അദ്ദേഹം 200 പറഞ്ഞു. ഞങ്ങൾ മൂന്നുപേരും മാത്രമേയുള്ളൂ എന്നു പറഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു മറ്റാരെങ്കിലും 4,5 ആൾകാർ കൂടെ ഉണ്ടെങ്കിൽ 200 രൂപയിൽ നിങ്ങൾക്ക് എല്ലാവർക്കും കൂടി ഷെയർ ചെയ്താൽ മതിയല്ലോ എന്നു പറഞ്ഞു. ഡ്രൈവർ പറഞ്ഞത് നല്ല ഒരു ആശയമായിരുന്നു എന്ന്തോന്നി. അല്പസമയം കൂടി ഞങ്ങൾ അവിടെ നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ടു ബൈക്കുകളിലായി 4 ചെറുപ്പക്കാർ കോരിച്ചൊരിയുന്ന മഴ നനഞ്ഞു ആസ്വദിച്ചു വരുന്നു. അവർ ചായക്കടയുടെ അരികിലായി ബൈക്ക് ഒതുക്കിനിർത്തി ചായക്കടയിലേക്ക് വന്നു. പിന്നീട് ഞങ്ങൾക്ക് ഉണ്ടായതു പോലുള്ള സംശയങ്ങൾ ചായക്കടക്കാരനോട് അവരും ആവർത്തിച്ചു. അവർക്കും ചായക്കടക്കാരൻ വ്യക്തമായി വിശദീകരിച്ചു കൊടുത്തു.അതിനുശേഷം അവരോട് ജീപ്പിനെ പറ്റിയുള്ള കാര്യങ്ങൾ ഞങ്ങളും വിശദീകരിച്ചുകൊടുത്തു.

മഴപെയ്തു കഴിഞ്ഞതിനുശേഷം മുകളിലേക്കുള്ള പോക്ക് നടക്കുകയില്ല എന്ന് ഉറപ്പുള്ളതിനാൽ അവർ നാലുപേരും ഞങ്ങൾ മൂന്നുപേരും ചേർന്ന് നേരത്തെ സംസാരിച്ച ജീപ്പുകാരനെ അടുത്തേക്കു ചെന്നു. ഞങ്ങൾക്കൊരു സംശയമുണ്ടായിരുന്നു മുഴുവനായും നനഞ്ഞ് കുളിച്ച് അവർ നാലുപേരും പകുതിയിലധികം നനഞ്ഞ ഞങ്ങളെയും ജീപ്പിൽ കയറ്റുമോ എന്നതായിരുന്നു. ഡ്രൈവറുടെ അടുക്കലെത്തി സംസാരിച്ചപ്പോൾ പുള്ളിക്കാരന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല കോരിച്ചൊരിയുന്ന മഴയത്തും ഒരു സവാരി കിട്ടിയതിന്റെ സന്തോഷം ആണ് എന്ന് എനിക്കു തോന്നി.കൂട്ടത്തിൽ സ്വല്പം നനഞ്ഞ രണ്ടുപേർ മുന്നിൽ ഇരിക്കാനും ബാക്കിയുള്ളവരോട് പിറകിൽ ഇരിക്കാനും ഡ്രൈവർ പറഞ്ഞു.അധികം താമസിയാതെ പാലക്കയം തട്ട് മുകളിലേക്കുള്ള യാത്രയാരംഭിച്ചു. കോരിച്ചൊരിയുന്ന മഴ പെയ്തതിനാൽ കുന്നിന്റെ മുകളിലേക്കു പോവുന്നു കല്ലും ചെളിയും ചെമ്മണ്ണു നിറഞ്ഞ പാതയിൽക്കൂടി മഴവെള്ളം കുത്തിയൊലിച്ചു വരുന്നു. മഴവെള്ളം ഒലിച്ചു കുണ്ടിലും കുഴിയിലും നിറഞ്ഞതിനാൽ യാത്ര കൂടുതൽ ദുഷ്കരം ആയിരുന്നു.

ഒരു ഫോർവീൽ ഡ്രൈവിന്റെ ആവശ്യകതയും ജീപ് എന്ന വാഹനത്തിന്റെ ശക്തിയും എന്താണെന്ന് മനസ്സിലായത് അന്നാണ്. ഞങ്ങളുടെ വാഹനത്തിന്റെ സാരഥി ഒരുപാട് തവണ ഷട്ടിൽ സർവീസ് ചെയ്ത എക്സ്പീരിയൻസ് അതുകൊണ്ടാവണം പുള്ളിക്കാരന് യാതൊരു ഭാവഭേദവും മുഖത്ത് കണ്ടില്ല. എന്നിരുന്നാലും ചെളിയും മണ്ണും നിറഞ്ഞു മഴയും കൂടി പെയ്ത പാത ആയതിനാൽ സാരഥി കുറച്ചു ജാഗരൂകനായി ആണ് വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ യാത്രയുടെ ഇടയിൽ തന്നെ സാവധാനത്തിൽ മഴ കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ സമയം ഇരിക്കേണ്ടി വന്നില്ല പാലക്കയം തട്ടിന്റെ ഏറ്റവും മുകളിൽ വാഹനം ചെന്നെത്താൻ സാധ്യമായ സ്ഥലത്ത് കൊണ്ട് നിർത്തി. അപ്പോഴേക്കും മഴ പൂർണ്ണമായും പോയിരുന്നെങ്കിലും നല്ല കോടയും തണുത്ത കാറ്റും ഉണ്ടായിരുന്നു.

ജീപ്പിൽ നിന്നു പുറത്തിറങ്ങിയപ്പോൾ നേരെ പ്രവേശനം കവാടത്തിനു മുന്നിലായിരുന്നു ചെന്നെത്തിയത് 20 രൂപയാണ് പ്രവേശന ഫീസ്. ഞങ്ങൾ പ്രവേശന കവാടത്തിൽ കൂടി അകത്തു കടന്നു ഹിൽ പോയിന്റിലേക്കു സാവധാനത്തിൽ പ്രകൃതിയെ ആസ്വദിച്ചു നടന്നു.ദൂരെയുള്ള കാഴ്ച തീർത്തും ദുഷ്കരമായിരുന്നു മുഴുവനായും കോട വന്ന് നിറഞ്ഞതിനാൽ നല്ല തണുപ്പും അനുഭവപ്പെട്ടു.

ഞായറാഴ്ച ആയതുകൊണ്ടാണെന്നു തോന്നുന്നു പല ഭാഗങ്ങളിലായി കുറേ കുടുംബങ്ങളും കുട്ടികളും പ്രകൃതി ഭംഗി ആസ്വദിച്ചു ഇരിക്കുന്നുണ്ടായിരുന്നു. കുറച്ചുകൂടി മുകളിലേക്ക് നടന്നപ്പോൾ ബാച്ചിലേഴ്സ് പല ഗ്രൂപ്പുകളിലായി വന്നവരും പ്രകൃതി രമണിയമായ കാഴ്ച ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മലയുടെ മുകളിലായി ചെറിയൊരു തട്ടുകട പോലുള്ള സംവിധാനം കണ്ടു. ലഘു ഭക്ഷണ പാനീയം ചൂടു ചായയും എണ്ണക്കടികൾ കിട്ടുന്ന തരത്തിൽ ചെറിയൊരു സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെന്നു തണുപ്പിനെ പ്രതിരോധിക്കാൻ ചൂടോടുകൂടിയ ചായ കുടിച്ചു.

നല്ലവണ്ണം കാറ്റ് വീശുന്നത് കൊണ്ടായിരിക്കണം സാവധാനത്തിൽ കോട കുറയാനും ദൂരക്കാഴ്ച നേരത്തിലും വ്യക്തമായി കാണുവാനും സാദിക്കുന്നുണ്ടായിരുന്നു. ചായ കുടിച്ചതിനുശേഷം ഞങ്ങൾ വീണ്ടും മലയുടെ മുകളിലേക്ക് കയറി. അവസാനം സൂയിസൈഡ് പോയിന്റ് എത്തിയതിനുശേഷം അവിടെനിന്ന് പ്രകൃതിയെ ശരിക്കും ആസ്വദിക്കുകയും കുറെ ഫോട്ടോസ് സെൽഫി എടുക്കുകയും ചെയ്തു. കോടമഞ്ഞ് നിറഞ്ഞത് കൊണ്ടായിരിക്കണം താഴെയുള്ള കാഴ്ചകൾ പൂർണമായും കണ്ട് ആസ്വദിക്കാൻ ഞങ്ങൾക്കു പറ്റിയില്ല. തെളിഞ്ഞ കാലാവസ്ഥയിൽ കണ്ണൂർ ജില്ലയുടെ വ്യക്തമായ ദൂരക്കാഴ്ച ഈ മലയിൽ നിന്നും സാധ്യമാണ്. തളിപ്പറമ്പ് പട്ടണവും കണ്ണൂർ നഗരത്തിന്റെ പല ഭാഗങ്ങളും കാലാവസ്ഥ അനുകൂലമായാൽ അറബിക്കടലിന്റെ സൗന്ദര്യവും പാലക്കയം തട്ടിൽ നിന്നു ആസ്വദിക്കാൻ സാധിക്കും.

കേരള ടൂറിസം വകുപ്പ് ഏറ്റെടുത്ത ഈ പ്രദേശത്ത് സഞ്ചാരികളുടെ വിനോദത്തിനുവേണ്ടി ചെറിയതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.പ്രകൃതിയെ നോവിക്കാതെ തന്നെ മലമുകളിൽ വാഹനം എത്തിച്ചേരും എന്നതാണ് ഈ മലയുടെ മറ്റൊരു പ്രത്യേകത. തളിപ്പറമ്പ് താലൂക്കിലെ നടുവിൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു പാലക്കയം തട്ട് പശ്ചിമഘട്ടമലനിരകൾ ഉൾപ്പെടുന്ന പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവ ഇനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും ഇവിടെയുണ്ട്. സമുദ്രനിരപ്പിൽനിന്നും ഏകദേശം 3500 അടിയാണ് പാലക്കയം തട്ടിന്റെ ഉയരം.

പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിച്ചു നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല മഴ പെയ്തതു കൊണ്ടും കോടമഞ്ഞ് നിറഞ്ഞതു കൊണ്ടും പെട്ടെന്ന് തന്നെ ഇരുട്ടു വന്നു മൂടാൻ തുടങ്ങിയിരുന്നു . കോരിച്ചൊരിയുന്ന മഴയിലും മൂടൽമഞ്ഞിലും പ്രകൃതിസൗന്ദര്യത്തെ ആസ്വദിച്ചു നിന്ന ഞങ്ങൾക്ക് സമയം പോയതറിഞ്ഞില്ല. കൂടുതൽ സമയം നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരിച്ചുപോകേണ്ട വഴികളെ കുറിച്ച് ഓർത്തപ്പോൾ കൂടുതൽ സമയം നിൽക്കാൻ മനസ്സ് അനുവദിച്ചില്ല.

അധികം താമസിയാതെ തന്നെ ഞങ്ങൾ പാലക്കയംതട്ടിനോട് വിടപറഞ്ഞു യാത്രയായി. മലകയറാൻ ഞങ്ങൾ ജീപ്പ് സഹായം തേടിയെങ്കിലും തിരിച്ചു മലയിറങ്ങുമ്പോൾ ഞങ്ങൾ മൂന്നുപേരും പ്രകൃതിരമണീയതയുടെ സൗന്ദര്യത്തെ ആസ്വദിച്ച നിമിഷങ്ങൾ പരസ്പരം കൈമാറി സാവധാനത്തിൽ താഴേക്ക് നടന്നു. 15 നിമിഷംകൊണ്ട് ഞങ്ങളുടെ ഇരുചക്രവാഹനം പാർക്ക് ചെയ്ത് സ്ഥലത്തെത്തി. വാഹനം സ്റ്റാർട്ട് ചെയിതു പോവാൻ തുന്നിഞ്ഞപ്പോഴാണ് വന്നതിനെക്കാളും കൂടുതൽ ദുഷ്കരം തിരിച്ചുപോക്ക് ആണെന്ന് മനസ്സിലായത്.

മഴ പെയ്തതിനാൽ കോടമഞ്ഞ് നിറഞ്ഞതും സൂര്യൻ അസ്തമിച്ചതിനാൽ കൂരിരുട്ട്മാത്രം. വാഹനത്തിന്റെ പ്രകാശം തെളിയിച്ചെങ്കിലും ഒന്നും തന്നെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ഇടുങ്ങിയ റോഡും കുണ്ടുംകുഴിയും മഴ പെയ്തതിനാൽ തെന്നി വീഴാനുള്ള സാധ്യതയും പോരാത്തതിന് കുത്തനെയുള്ള ഇറക്കങ്ങളും ഹെയർ പിൻവളവുകളും. പെട്ടെന്ന് തന്നെ പ്രശസ്തിയാർജിച്ച ടൂറിസ്റ്റ് സ്ഥലം ആയിട്ടും വഴിവിളക്കുകളും അപായ സിഗ്നലുകളും ഒന്നും തന്നെയുണ്ടായിരുന്നില്ല . ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്രയും പ്രശസ്തിയാർജ്ജിച്ച സ്ഥലമായതുകൊണ്ട് ആയിരിക്കണം ടൂറിസം വകുപ്പിനും മരാമത്ത് വകുപ്പിനും പാലക്കയം തട്ടിലേക്കു സൗന്ദര്യപാതയോരങ്ങളും വെളിച്ചംപൂരിതവുമായി നിർമിക്കാനുള്ള സാവകാശം കിട്ടാഞ്ഞത് കൊണ്ടായിരിക്കാം. എത്രയും പെട്ടെന്ന് ഇതിനുള്ള പരിഹാരം അധികൃതർ കാണുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ ഞങ്ങൾ മലയിറങ്ങി.

എന്റെ യാത്രകൾ അവസാനിക്കുന്നില്ല…യാത്രാവിവരണം പൂർണമായും വായിച്ച് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എഴുത്തിൽ തെറ്റുകളും കുറവുകളും ഉണ്ടെകിൽ തിരുത്തി തരണമെന്നും വിനീതമായി അഭ്യർഥിക്കുന്നു….

വിവരണം – Pragin Nalambrath‎.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply