ധനുഷ്‌കോടിയിലെ തിളങ്ങുന്ന കടലും തിളയ്ക്കുന്ന വെയിലും..

കസിന്‍സുമൊത്ത് യാത്ര പോകുക എന്നത് ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ്. കുറെ ചര്‍ച്ചയ്‌ക്കൊടുവില്‍ ഒരുപോക്കങ്ങു പോയി. കൊച്ചിയില്‍ നിന്നും ധനുഷ്‌കോടിക്ക്. കൊച്ചി-രാമേശ്വരം ട്രെയിന്‍ സര്‍വീസ് തന്നെ നിര്‍ത്തിയതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ കണക്ഷന്‍ ട്രെയിന്‍ ബുക്ക് ചെയ്തു, നേരിട്ട് ട്രെയിന്‍ ഇല്ലാത്തതിനാല്‍ എറണാകുളം-കന്യാകുമാരി, കന്യാകുമാരി-മധുര-രാമേശ്വരം. പോകാന്‍ നേരം നമ്മുടെ ഒരു കൂട്ടുകാരന്‍ അഖിലും വന്നു. പോകുന്ന ദിവസം രാത്രി പനമ്പിള്ളി നഗറില്‍ എല്ലാവരും കാണാമെന്നു പറഞ്ഞു.

ഞാനും ഉണ്ണിയും കൂടി അവന്റെ ബൈക്കില്‍ അവിടെയെത്തുമ്പോള്‍ നിഖിലും അപ്പുവും അവിടെ നില്‍പ്പുണ്ടായിരുന്നു. അല്‍പ്പം കഴിഞ്ഞ് അഖിലും എത്തി. അപ്പോള്‍ കാറിനു വിട്ടാലോ എന്നായി പ്ലാന്‍, പക്ഷേ ഡ്രൈവിങ്ങ് ആര്‍ക്കും പറ്റില്ല. ഒടുവില്‍ കാറും ബൈക്കും എന്റെ പത്രമോഫീസിന്റെ കോമ്പൗണ്ടില്‍ സൈഡാക്കി നേരെ സൗത്ത് റെയില്‍വേസ്റ്റേഷനിലേക്ക്. ടിക്കറ്റ് കണ്‍ഫേം ആയില്ല. ഒടുവില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തിരുവനന്തപുരത്തേക്ക്. അകമ്പടിക്ക് ഗംഭീരമഴ, നല്ല തിരക്ക്. വെളുപ്പിന് 4 മണിക്ക് തിരുവനന്തപുത്തെത്തി. രാവിലെ 10.15നാണ്കന്യാകുമാരി എക്‌സ്പ്രസ്. ഒടുവില്‍ കുളിയും മൊബൈല്‍ ചാര്‍ജ്ജിങ്ങുമായി സമയം തള്ളിനീക്കി. ട്രെയിനെത്തി തിരക്ക് വളരെ കുറവ്.

തെളിഞ്ഞ അന്തരീക്ഷത്തില്‍ ദേവി കന്യാകുമാരി ഞങ്ങളെ സ്വാഗതം ചെയ്തു. ബാക്ക്പാക്കുകള്‍ എല്ലാം ക്ലോക്ക് റൂമില്‍വെച്ച് വാലറ്റും കാമറയും മാത്രമെടുത്ത് ഞങ്ങള്‍ തീരത്തേക്കിറങ്ങി. വെട്ടിത്തിളങ്ങുന്ന കടല്‍, തലയുയര്‍ത്തി തിരുവള്ളുവരും വിവേകാനന്ദപ്പാറയും. 2മണിവരെ തീരത്ത് കറങ്ങി. ഭക്ഷണം കഴിച്ച് ശേഷം ഫെറിസര്‍വീസില്‍ പാറയിലേക്ക്. ഒരാള്‍ക്ക് 40രൂപ. പാറയിലിറങ്ങി, നല്ല കാറ്റ് മുടിയിഴ കോതിപ്പിടിപ്പിക്കുമ്പോള്‍ ചൂടറിയുന്നേയില്ല. വിവേകാനന്ദപ്രതിമ കണ്ടു. ധ്യാനമുറിയില്‍ അല്പസമയം കണ്ണടച്ചിരുന്നു. പിന്നെ കന്യാകുമാരി ദേവിയുടെ കാല്‍പ്പാട് എന്നു ഭക്തര്‍ വിശ്വസിക്കുന്ന പാദമണ്ഡപത്തിന്റെ വരാന്തയില്‍ കരിങ്കല്‍ത്തറയില്‍ ആദ്യം ഞങ്ങള്‍ ഇരുന്നു, പിന്നെ കിടന്നു അങ്ങിനെ കടല്‍ക്കാറ്റേറ്റ് മയങ്ങി.

കണ്ണു തുറന്നപ്പോള്‍ സമയം അഞ്ച്. അസ്തമയം കാണാന്‍ പാറയില്‍ നിറയെ ആളുകള്‍. ആകാശം മേഘാവൃതമായിരുന്നു, അസ്തമയം നിരാശപ്പെടുത്തി. എന്നാലും ഉറങ്ങിയതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും പ്രകടം. ദേഹത്താകെ ഉപ്പിന്റെ അംശം കുളിക്കാന്‍ മുറിയെടുക്കാന്‍ സമയമില്ല, രാത്രി 10നാണ് രാമേശ്വരം ട്രെയിന്‍. കേപ്-രാമേശ്വരം എക്‌സ്പ്രസ് 22622 ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ച തിരക്ക് കുറയും. സ്റ്റേഷനിലെത്തി കുളിച്ചു. പാഴ്‌സല്‍ ഭക്ഷണം കഴിച്ചു.

ട്രെയിന്‍ വരുന്ന ലക്ഷണമൊന്നുമില്ല. ദൂരെ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിട്ടുമുണ്ട്. ഇവിടെയും കണ്‍ഫേം ആകാത്ത ടിക്കറ്റിനെച്ചൊല്ലി ആരും സങ്കടപ്പെട്ടില്ല. ഒടുവില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ അടുത്ത് പോയി നോക്കിയപ്പോള്‍ അത് തന്നെ ഞങ്ങളുടെ ട്രെയിന്‍, സ്‌റ്റേഷനില്‍ തിരക്കേറുന്നു. ഒടുവില്‍ ട്രെയിനില്‍ കേറിയിരിക്കാന്‍ തീരുമാനമായി. പക്ഷേ വിചാരിച്ച തിരക്കുണ്ടായിരുന്നില്ല. കന്യാകുമാരി-രാമേശ്വരം എട്ടുമണിക്കൂറാണ് യാത്ര. മൊബൈല്‍-കാമറ ബാറ്ററികള്‍ വറ്റിയിരുന്നു. എക്‌സറ്റന്‍ഷന്‍ കോഡ് ഉപയോഗിച്ച് എല്ലാ മൊബൈലുകളും ചാര്‍ജ്ജിലേക്കിട്ടു, ബാക്ക്പാക്ക് സീറ്റിനടിയിലേക്ക് തള്ളി ഉറങ്ങാന്‍ കിടന്നു. മധുരയിലെത്തിയപ്പോള്‍ 2.30.

ഇന്ത്യയുടെ തെക്കേ മുനമ്പ് നോക്ക് ട്രെയിന്‍ കുതിച്ചു തുടങ്ങി മണ്ഡപം സ്റ്റേഷനെത്തിയപ്പോള്‍ 4.10. വിശാലമായ കടല്‍പ്പരപ്പ്, പാമ്പന്‍ വിളക്കുമാടത്തിലെ വെളിച്ചവും കണ്ടു തുടങ്ങി. സൂര്യന്റെ വരവറിയിച്ച് ആകാശം നീലയും മഞ്ഞയും കലര്‍ന്നു മനോഹരമാകാന്‍ തുടങ്ങുന്നു. ട്രെയിനിന്റെ വേഗത നന്നെ കുറഞ്ഞു, പാമ്പന്‍ പാലത്തിലേക്കു കയറുന്നതു കൊണ്ടാണ്. ഇ ശ്രീധരന്റെ എഞ്ചിനീയറിങ്ങ് വിരുതില്‍ പാമ്പന്‍പാലമങ്ങനെ കടലില്‍ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. ഇരുമ്പുപാലത്തിലൂടെ ആഴിക്കു മീതെ ട്രെയിൻ ഉലഞ്ഞു നീങ്ങി.

പാമ്പനില്‍ നിന്നും 10 കിലോമീറ്റര്‍ കൂടി പോയാല്‍ ക്ഷേത്ര നഗരമായ രാമേശ്വരമായി. അവിടെയെത്തി ഗോയ്ബിബോ ബുക്ക് ചെയ്ത ഹോട്ടലിലേക്കു വിളിച്ചു. അപ്പോഴാണ് അറിയുന്നത് അത്പാമ്പന്‍ റൂട്ടിലാണെന്ന്‌എന്ന്. അവിടെ പോയാല്‍ വരാന്‍ ബുദ്ധിമുട്ടായതിനാല്‍ നേരെ ക്ഷേത്രത്തിനടുത്തേക്കു വിട്ടു. രാമേശ്വരത്തെ ഒരു സമ്പൂര്‍ണ ക്ഷേത്ര നഗരി എന്നു വിളിക്കാം. ദ്രാവിഡ വാസ്തു വിദ്യയുടെ പൂര്‍ണത കാണാം രാമേശ്വരം ക്ഷേത്രത്തില്‍ 12ാം നൂറ്റാണ്ടിലെ ഈ നിര്‍മ്മിതിക്കു മുന്നില്‍ അന്തം വിട്ടു നിന്നു പോകും. രാമേശ്വരം ക്ഷേത്രത്തിലെ ഒരു കിലോ മീറ്ററിലധികം വരുന്ന ഇടനാഴി വാസ്തുവിദ്യയിലെ തന്നെ അത്ഭുതമാണ് (കൺകൾ ഇരണ്ടാൽ പാട്ടിൽ ഈ ഇടനാഴി ഉണ്ട് )ക്ഷേത്രം ആചാരം എന്നിവയിലൊന്നും താത്പരകക്ഷികള്‍ അല്ലാത്തതിനാല്‍ എല്ലാം കണ്ടു ചുറ്റി നടന്ന് തീര്‍ത്ത് പുറത്തിറങ്ങി, തൊഴാനൊന്നും നിന്നില്ല. (പ്രവേശിക്കുമ്പോള്‍ കയറുന്ന കവാടം ഏതെന്ന് ശ്രദ്ധിക്കുക, അകത്തു കടന്നാല്‍ തിരിച്ചിറങ്ങുമ്പോള്‍ വഴിതെറ്റിപ്പോകും) വെയിൽ ചൂട് കൂടിത്തുടങ്ങി ഞങ്ങൾ ക്ഷേത്രം വിട്ടിറങ്ങി, ഞങ്ങളെ പ്രേതനഗരമായ ധനുഷ്‌കോടി കാത്തിരിപ്പുണ്ടായിരുന്നു.

രാമേശ്വരത്തു നിന്നും കഴുത്തറുപ്പന്‍ വിലയ്ക്ക് ഭക്ഷണവും കഴിച്ച് നേരെ 23ാംനമ്പര്‍ ബസ്സില്‍ ധനുഷ്‌കോടിയിലേക്ക്, ടിക്കറ്റ് 22രൂപയാണ്. മാന്നാര്‍ ഉള്‍ക്കടലിലേക്ക് നീണ്ടുകിടക്കുന്ന രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണിത്. കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രവുമാണ്. തുറമുഖ പട്ടണമായിരുന്നു ധനുഷ്‌കോടിയെ 1964ല്‍ ഉണ്ടായ ചുഴലിക്കാറ്റ് കശക്കിയെറിയുകയായിരുന്നു. അതിനുശേഷം ഇന്നും കാര്യമായ ജനവാസമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങളും ഭയപ്പെടുത്തുന്ന മൂകതയുമായി വെള്ള മണല്‍പ്പായ വിരിച്ച് നീണ്ടു നിവര്‍ന്നു കടലിന്റെ തലോടലുമേറ്റു കിടക്കുകയാണ് ധനുഷ്‌കോടി.

വിശാലമായ മണല്‍പരപ്പുകള്‍ക്കു നടൂവിലൂടെയുള്ള റോഡിലൂടെ ബസ് തെക്കോട്ടു പോകുന്തോറും ബസ്സിലെ തിരക്ക് കുറഞ്ഞു വന്നു. ഞാനും അഖിലും നിഖിലും ഉണ്ണിയും അപ്പുവും വേറെ നാലു പേരും മാത്രമായി ധനുഷ്‌കോടിയെത്തിയപ്പോള്‍. തിളങ്ങുന്ന കടലും തിളയ്ക്കുന്ന വെയിലും കാതില്‍ ചൂളമിടുന്ന കാറ്റും. ഇവിടെയെത്തിയപ്പോള്‍ ലോകം രണ്ടു നിറങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയതു പോലെ കണ്ണെത്താ ദൂരത്തില്‍ മണല്‍പരപ്പും വെട്ടിത്തിളങ്ങുന്ന നീല കടലും. കടല്‍ വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ നല്ല തണുപ്പ്, അതുവരെ തോന്നിയ ചൂടെല്ലാം ആ തണുപ്പില്‍ മറന്നു. അടിത്തട്ട് കാണാവുന്ന ബംഗാള്‍ കടല്‍ നോക്കി നില്‍ക്കെ എവിടെ നിന്നോ ഒരു പറ്റം പേരറിയാത്ത മീനുകള്‍ നീന്തിവന്നു, ഒരു പേടിയുമില്ലാതെ അവ തീരത്തു കൂടി നീന്തുന്നു. അവയെ ഓടിക്കാന്‍ ഒരു മലയാളി ഫ്രീക്കന്‍ ലേയ്‌സിന്റെ ചുവന്ന പാക്കറ്റില്‍ മണല്‍ നിറച്ചെറിഞ്ഞു. മാലിന്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ കടല്‍പ്പരപ്പില്‍ വലിയൊരു അശ്ലീലമായി ആ പ്ലാസ്റ്റിക് കവര്‍ ദൂരേക്കൊഴുകി.

ഇന്ത്യയുടെ അറ്റത്തേക്ക് നടക്കണ്ടേ, ഉണ്ണി ചോദിച്ചു. നടന്നു തുടങ്ങി, കാറ്റിനു ശക്തിയും കൂടി. കാറ്റിന്റെ കരുത്തില്‍ മണല്‍ പൊങ്ങിപ്പറക്കുന്നു, കാലുകളില്‍ സൂചി പോലെ മണല്‍ത്തരികൾ വന്നു കുത്തുന്നു. കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടി നടന്നു ധനുഷ്‌കോടി പോയന്റിലെത്തി. ഇവിടെ നിന്നും നോക്കിയാല്‍ ശ്രീലങ്കയിലെ തലൈമാന്നാര്‍ കാണാം. ബൈനോക്കുലറില്‍ കൂടി വ്യക്തമായി കാണാം.

ഇവിടെ ബംഗാള്‍ കടല്‍ ശാന്തമാണെങ്കില്‍ രൗദ്രമാണ് ഇന്ത്യന്‍ മഹാസമുദ്രം. വെയില്‍ച്ചൂട് കൂടിക്കൂടി വന്നു, ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തു കൂടി ഞങ്ങള്‍ നടന്നു. മനുഷ്യവാസമില്ലാത്ത കണ്ണെത്താ മണല്‍പരപ്പുകള്‍, 1964ലെ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ തന്നെ എവിടെയും. മണല്‍പരപ്പുകളില്‍ ഇടയ്ക്ക് വേലിയേറ്റങ്ങളില്‍ കടല്‍ തീര്‍ക്കുന്ന കൊച്ചു ജലാശയങ്ങളില്‍ മീന്‍പിടിക്കുന്ന കുട്ടികള്‍. ഇടയ്‌ക്കൊരിടത്ത് മണല്‍മാഫിയയുടെ ടിപ്പറുകളും കണ്ടിരുന്നു. ധനുഷ്‌കോടിയില്‍ സ്ഥിരം കടകള്‍ പോലും ഇല്ല. മീന്‍ബോക്‌സ് കമിഴ്ത്തിയിട്ട് അതിനു മുകളില്‍ വെച്ചാണ് കച്ചവടം, തണലിന് മെടഞ്ഞ ഒരു ഓലകാണും. ഇങ്ങോട്ടുള്ള യാത്രയില്‍ വെള്ളം കരുതിയിരിക്കണം, കാരണം ഇവിടെ നിന്നും ലഭിക്കുന്ന കുപ്പിവെള്ളത്തിന്റെ നിലവാരം ഒട്ടും നല്ലതല്ല.

കടല്‍തീരത്തുകൂടി നടക്കുമ്പോള്‍ പൊലീസ് പിടിച്ചാല്‍ പതറാതെ സംസാരിക്കുക, കൈക്കൂലിക്കു വേണ്ടി വിരട്ടല്‍ തന്നെയാണിത്. വെയിലിനു ചൂടുകൂടുന്നു, ഞങ്ങള്‍ക്കു പോകാനുള്ള സമയമാകുന്നു. ധനുഷ്‌കോടിയോടു വിടപറഞ്ഞിടങ്ങുമ്പോള്‍ സമയം രണ്ടര.  രാമേശ്വരത്തെത്തി കുളിച്ചു, റൂമില്‍ നിന്നും ലഗേജ് എടുത്ത് സ്‌റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിന്‍ വിട്ടുപോയി. ഇനി മധുര ലോക്കല്‍ട്രെയിന്‍ തന്നെ ശരണം. അതു വന്നപ്പോള്‍ 4.30, മധുരയെത്തിയപ്പോള്‍ 8.30. ഞങ്ങള്‍ക്കു പോകേണ്ട ട്രെയിന്‍ വിട്ടു പോയി. നേരെ ആറപ്പാളയം ബസ്റ്റേഷനെത്തിയപ്പോള്‍ മഴ. മൂന്നാര്‍ വഴി എറണാകുളത്തേക്കിറങ്ങാന്‍ തീരുമാനിച്ചു.

മൂന്നാറിലെ സുഹൃത്തിനെ വിളിച്ച് മഴയുണ്ടോ എന്ന് തിരക്കിയപ്പോള്‍ അവിടെയും മഴ. പൂപ്പാറ വഴി യാത്ര ഒഴിവാക്കാനായിരുന്നു എനിക്ക് താത്പര്യം. ഒടുവില്‍ വേറെ വഴിയില്ലാതെ ഭക്ഷണവും കഴിച്ച് മധുരയില്‍ നിന്നും തേനിയിലേക്ക്. തമിഴ്‌നാട്ടിലെ റോഡിന്റെ ഗുണത്താല്‍ 70 കിമീ വെറും ഒന്നരമണിക്കൂറില്‍ തേനിയെത്തി. തേനിയിലെത്തിയപ്പോള്‍ വെളുപ്പിന് ഒരുമണിക്കെടുക്കേണ്ട ആനവണ്ടി നടുവൊടിഞ്ഞ് കിടക്കുന്നു. ഒടുവില്‍ 2 മണിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വണ്ടിയില്‍ പൂപ്പാറ വഴി മൂന്നാര്‍. ബോഡിചുരമെല്ലാം ഡ്രൈവര്‍ പറത്തിയാണിറക്കിയത്.

പുറത്ത് കനത്ത മഴയിലൂടെ പൊട്ടിപ്പൊളിഞ്ഞ റോഡുവഴി ബസ്സ് വെച്ചു പറത്തിയ അയാളെ നമിക്കാതെ വയ്യ. ഒടുവില്‍ മൂന്നാറെത്തിയപ്പോള്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസം. (കെഎസ്ആര്‍ടിസി തന്നെയാണ് സേഫ്) കൊത്തിവലിക്കുന്ന തണുപ്പില്‍ ആശ്വാസം പോലെ നമ്മുടെ ചുവന്ന ആനവണ്ടി മഞ്ഞിനെ വകഞ്ഞു മാറ്റിയെത്തി. നേരെ കോതമംഗലം-എറണാകുളം. അഖിലിനെ ആലപ്പുഴക്ക് കയറ്റി വിട്ട് ഞങ്ങള്‍ നാലുപേരും വണ്ടികളെടുത്ത് നേരെ വീട്ടിലേക്ക്, അവിടെ വിളിച്ചിട്ട് ഫോണെടുക്കാത്തിതിന് വലിയ വഴക്കുകള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാനുണ്ട്. (വിവരണം – സിറില്‍ കൃഷ്ണന്‍).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply