കെഎസ്ആർടിസി ‘ചിൽ ബസ്സു’കൾക്ക് ഗംഭീര തുടക്കം – കളക്ഷൻ 24 ലക്ഷം..

കെഎസ്ആർടിസിയുടെ പുതിയ ചിൽ ബസ് സർവീസുകളുടെ പരീക്ഷണ ഓട്ടം വൻ വിജയത്തിലേക്ക്. തിരുവനന്തപുരം – എറണാകുളം റൂട്ടിൽ മാത്രം ചില ബസ് സർവ്വീസിൻ്റെ കഴിഞ്ഞ ആറു ദിവസംകൊണ്ട് നേടിയ കളക്ഷൻ 24 ലക്ഷം രൂപയോളമാണ്. ദിവസേന ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഈ സർവ്വീസിന്റെ കളക്ഷൻ. 14 എസി ലോഫ്‌ളോർ ബസ്സുകൾ ഉപയോഗിച്ച് ഇരുപതോളം ഷെഡ്യൂളുകൾ ആണ് കെഎസ്ആർടിസി ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം മുതൽ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ചിൽ ബസ് സർവ്വീസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് ഒന്ന് മുതൽ തിരഞ്ഞെടുക്കപ്പെട്ട മറ്റു റൂട്ടുകളിൽക്കൂടി ചില ബസ് സർവ്വീസുകൾ ആരംഭിക്കും. ഇതോടെ കെഎസ്ആർടിസിയുടെ വരുമാനത്തിൽ വാൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിൽ സർവ്വീസ് നടത്തുന്ന ഹെഡ് റസ്റ്റ് ഇല്ലാത്ത ബസുകളിൽ വൈകാതെ തന്നെ അവ ഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി. സീറ്റുകളുടെ എണ്ണം കൂട്ടുവാനും സാധാരണ സീറ്റുകൾ ഒക്കെ കുഷ്യൻ സീറ്റുകൾ ആക്കി മാറ്റുവാനും ഉദ്ദേശ്യമുണ്ടെന്നു കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

സാധാരണയായി തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ നോക്കിയായിരിക്കും ചില ബസ്സുകൾ കൂടുതലായും ഓപ്പറേറ്റ് ചെയ്യുക. ഏഴു ബസ്സുകൾ വീതമാണ് എറണാകുളം, തിരുവനന്തപുരം ഡിപ്പോകളിൽ നിന്നുമായി ചിൽ ബസ് എന്ന പേരിൽ സർവ്വീസ് നടത്തുന്നത്. കോഴിക്കോട് – എറണാകുളം റൂട്ടിൽ ചിൽ ബസ് സർവീസുകൾക്ക് ദിവസേന ഏഴു ലക്ഷത്തോളം രൂപയാണ് കളക്ഷൻ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന ചിൽ ബസ്സുകൾക്ക് തിരക്കേറിയ സമയങ്ങളിൽ നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്. തിരക്കേറിയ സമയം നോക്കി എറണാകുളം – തിരുവനന്തപുരം റൂട്ടിൽ അരമണിക്കൂർ ഇടവിട്ടുള്ള സർവ്വീസുകളും പരിഗണനയിൽ ഉണ്ടെന്നു തച്ചങ്കരി പറയുന്നു. ചിൽ ബസ്സുകളുടെ വരവോടെ ഈ റൂട്ടുകളിൽ ബസ്സുകളിൽ യാത്രക്കാർക്ക് സീറ്റു ലഭിക്കുന്നില്ലെന്ന പരാതികൾക്ക് കുറവുണ്ടായിട്ടുണ്ട്. എറണാകുളം – കോഴിക്കോട് സർവ്വീസുകൾ കൂടി വന്നതോടെ വടക്കൻ ഭാഗത്തേക്കുള്ള യാത്രക്കാർക്കും അതൊരാശ്വാസം തന്നെയാണ്.

എന്തായാലും ചിൽ ബസ്സുകളെ യാത്രക്കാർ നെഞ്ചിലേറ്റിയ മട്ടാണ് ഇപ്പോൾ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ഹബ്ബുകൾ കേന്ദ്രീകരിച്ചാണ് ചിൽ ബസ്സുകൾ പ്രധാനമായും സർവീസുകൾ നടത്തുക. ആലപ്പുഴ-തിരുവനന്തപുരം നാലര മണിക്കൂറും ആലപ്പുഴ-എറണാകുളം ഒന്നരമണിക്കൂറുമാണ് യാത്ര സമയമായി കണക്കുകൂട്ടുന്നത്. ചിൽ ബസ്സ് ടിക്കറ്റുകൾ ഓൺലൈനായും ബുക്ക് ചെയ്യാമെന്നുള്ളതു കൊണ്ട് യാത്രക്കാർക്ക് വളരെയേറെ ഉപകാരപ്രദമാണ് ഇവ. ആഗസ്ത് ഒന്നുമുതൽ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും സർവീസുകൾ ആരംഭിക്കും. രാവിലെ അഞ്ച് മണിക്കാരംഭിക്കുന്ന സർവീസ് ആലപ്പുഴ വഴിയും അഞ്ചരക്ക് ആരംഭിക്കുന്ന സർവീസ് കോട്ടയം വഴിയുമായിരിക്കും. പിന്നീട് ഓരോ ഒരു മണിക്കൂർ ഇടവിട്ടും എസി ലോഫ്ലോർ ബസ്സുകൾ സർവ്വീസുകൾ നടത്തും. കോഴിക്കോട് നിന്ന് പാലക്കാടേക്കും കാസർഗോഡേക്കും രണ്ടു മണിക്കൂർ ഇടവിട്ടാകും ചിൽ ബസ്സുകൾ സർവീസ് നടത്തുക. എറണാകുളത്ത് നിന്ന് മൂന്നാര്‍, കുമളി, തൊടുപുഴ എന്നിവടങ്ങളിലേക്കും തിരുവനന്തപുരം- പത്തനംതിട്ട റൂട്ടിലും ചിൽ ബസ്സുകൾ സർവീസ് നടത്തും.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply