ഷോറൂമുകളില്‍ വെള്ളത്തിലായ 17,500 ഓളം കാറുകള്‍ വന്‍ വിലക്കിഴിവില്‍…

കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളെയും ക്ഷണിക്കാതെ വന്ന ഈ പ്രളയം ബാധിച്ചു എന്ന് പറയാം. അതിൽ എടുത്തു പറയേണ്ട ഒന്നാണ് വാഹനവിപണി. വെള്ളപ്പൊക്കത്തിൽ കേടുവന്ന കാറുകളും ബൈക്കുകളുമെല്ലാം സർവ്വീസ് സെന്ററുകൾക്ക് മുന്നിൽ ക്യൂവാണ്. അതിലും കഷ്ടമാണ് വെള്ളം കയറിയ കാർ ഷോറൂമുകളുടെ അവസ്ഥ. ഓണം സീസൺ മുന്നിൽക്കണ്ട് സ്റ്റോക്കുകൾ ഇറക്കി വിൽപ്പന പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം എല്ലാം തകിടം മറിച്ചത്.

ഓണം സീസണ്‍ തുടങ്ങുന്നതിനു മുമ്പുണ്ടായ മഹാപ്രളയം കേരളത്തിലെ വാഹന വിപണിയെയും പിടിച്ചുലച്ചിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് കേരളം. 27 ശതമാനമാണ് കേരളത്തിന്റെ വിപണിവിഹിതം. ഓണം മുന്നില്‍ കണ്ട് സംസ്ഥാനത്തെ വാഹന ഡീലര്‍ഷിപ്പുകള്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. എന്നാല്‍ മഹാപ്രളയത്തില്‍ സംസ്ഥാനത്തെ വിവിധ ഡീലര്‍ഷിപ്പുകളിലായി 17,500 ഓളം കാറുകള്‍ വെള്ളത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. 35 ഓളം ഡീലര്‍ഷിപ്പുകളിലാണ് വെള്ളം കയറിയത്. ഇതുമൂലം ഏകദേശം ആയിരം കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്.

ഓണം സീസണ്‍ ലക്ഷ്യം വെച്ച് കൂടുതല്‍ സ്റ്റോക്ക് കരുതിയതാണ് കനത്ത നഷ്ടത്തിന് ഇടയാക്കിയത്. ഷോറൂമുകളില്‍ സൂക്ഷിച്ചിരുന്നവയില്‍ പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഹാന്‍ഡ് വാഹങ്ങളും വെള്ളത്തില്‍ മുങ്ങി. ഇത് വന്‍ ഡിസ്‌കൗണ്ട് സെയിലിന് വഴിയൊരുക്കുമെന്നാണ് വാഹനലോകത്തു നിന്നുള്ള സൂചന. സ്റ്റീയറിംഗ് ലെവലിന് മുകളില്‍ വെള്ളം കയറിയ കാറുകള്‍ വില്‍ക്കാന്‍ ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയില്ല. തീര്‍ത്തും ഉപയോഗശൂന്യമായ ഇത്തരം വാഹനങ്ങള്‍ ഇരുമ്പുവിലയ്ക്ക് വില്‍ക്കുക മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് മുമ്പിലുള്ള മാര്‍ഗ്ഗം. എന്നാല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്. വെള്ളം കയറിയ കാറുകളുടെ വില്‍പന തടയാനുള്ള നടപടികളും സൗജന്യ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള നടപടികളും നിര്‍മ്മാതാക്കള്‍ സ്വീകരിച്ചു കഴിഞ്ഞു.

2013 ല്‍ എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ചില ഡീലര്‍ഷിപ്പുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് വെള്ളത്തിലായ 250 എസ്യുവികള്‍ കേടുപാടുകള്‍ ശരിയാക്കി 50 ശതമാനം ഡിസ്‌കൗണ്ടിലാണ് ഡീലര്‍ഷിപ്പുകള്‍ വിറ്റഴിച്ചത്. അത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആലോചനയിലാണ് നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

അതിനിടെ പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ ആക്രിവിലയ്‌ക്കു തട്ടിയെടുത്തു മറിച്ചുവില്‍ക്കാന്‍ മാഫിയാസംഘം രംഗത്തെത്തിയിരിക്കുകയാണ്. ഉടമകളുടെ അറിവില്ലായ്‌മയും വിശ്വാസ്യതയും മുതലെടുത്തുള്ള ഈ കൊള്ള വാഹന ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെയും ഒത്താശയോടെയാണത്രെ നടക്കുന്നത്. കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമുള്ള ആക്രി ഏജന്റുമാരുള്‍പ്പെടെ കൊള്ളയ്‌ക്കുണ്ട്‌. പ്രളയത്തില്‍പ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വാഹനഡീലര്‍മാരെ സമീപിക്കുന്നവരാണു ചതിയില്‍പ്പെടുന്നത്‌. ഇത്തരം വാഹനങ്ങള്‍ യാതൊരു പരിശോധനയും നടത്താതെ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച്‌ ഡീലര്‍മാര്‍ കെട്ടിവലിച്ചുകൊണ്ടുപോകും. തുടര്‍ന്ന്‌ വാഹനം ഇന്‍ഷുര്‍ ചെയ്‌തിട്ടുള്ളതിനെക്കാളും കൂടുതല്‍ തുകയുടെ എസ്‌റ്റിമേറ്റുകളാണു അറ്റകുറ്റപ്പണികള്‍ക്ക്‌ ഇടുന്നത്‌. ഇത്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അംഗീകരിക്കില്ല. തുടര്‍ന്ന്‌ അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെന്നു കാട്ടി ആക്രിവിലയ്‌ക്കു ലേലം ചെയ്യാനായി ഇവയെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ “മുഴുവന്‍ നഷ്‌ടഗണത്തില്‍” ഉള്‍പ്പെടുത്തും. ഇതോടെ പത്തുലക്ഷം രൂപ മുടക്കി വാങ്ങിയ വാഹനത്തിന്‌ ഉടമയ്‌ക്കു ലഭിക്കുക ലേലത്തില്‍ ലഭിക്കുന്ന തുച്‌ഛമായ തുക മാത്രമായിരിക്കും. അത്‌ ഒരു ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയില്ലെന്നാണു വാഹനക്കച്ചവടക്കാര്‍ പറയുന്നത്‌.

ആക്രിവിലയ്‌ക്കു വാങ്ങിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഡീലര്‍മാരുടെതന്നെ യൂസ്‌ഡ്‌ കാര്‍ സര്‍വീസിലൂടെ വില്‍ക്കാനാണു നീക്കം. ഇതിലൂടെ ഉടമയ്‌ക്ക്‌ വന്‍ നഷ്‌ടവും ഡീലര്‍മാര്‍ക്ക്‌ വന്‍ ലാഭവുമാണു കൈവരിക. മാത്രമല്ല, പ്രളയത്തില്‍പ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ എന്തൊക്കെ സഹായം നല്‍കുമെന്ന മാര്‍ഗരേഖ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പ്രസിദ്ധീകരിച്ചിട്ടുമില്ല. കേടുപറ്റിയ വാഹനങ്ങള്‍ എങ്ങനെ നന്നാക്കമെന്നു കൂടി പരിശോധിക്കാതെയാണ്‌ ഡീലര്‍മാര്‍ ഇവയെ എഴുതിത്തളളുന്നത്‌. സാധാരണ വര്‍ക്ക്‌ഷോപ്പില്‍ പോയാല്‍ ചുരുങ്ങിയ ചെലവില്‍ നന്നാക്കാന്‍ കഴിയുന്ന കേടുപാടുകള്‍ക്കു പോലും മിക്കവരും ഡീലര്‍മാരെ സമീപിക്കുകയാണ്‌ പതിവ്‌. ഈ വിശ്വാസ്യതയാണു ചൂഷണത്തിനു മുതലാക്കുന്നത്‌.
പൂര്‍ണ നഷ്‌ടം വന്ന വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാല്‍ സംസ്‌ഥാനത്തിന്റെ പുറത്തുപോലും നല്ല വിലയില്‍ വില്‍ക്കാന്‍ കഴിയില്ല. ഓണ്‍ലൈനില്‍ പരിശോധിച്ചാല്‍ നിജസ്‌ഥിതി അറിയാനും കഴിയും. അങ്ങനെ വരുമ്പോള്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ പറയുന്ന രീതിയില്‍ വില്‍ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന നില വരും. ഈ അവസരം മുതലാക്കി ഡീലര്‍മാരുടെ ബിനാമികള്‍തന്നെയാണ്‌ വാഹനങ്ങള്‍ ആക്രിവിലയ്‌ക്ക്‌ വാങ്ങാനെത്തുന്നതെന്നാണ്‌ ആരോപണം.

കടപ്പാട് – മംഗളം , bignewskerala.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply