മലയാളക്കരയുടെ ചരിത്രനഗരമാണ് തലശേരി. മലബാറിന്റെ വാണിജ്യനഗരം. ബിരിയാണിയുടെയും മൊഞ്ചത്തിമാരുടെയും നാട്. പൊതുവെ മൂന്ന് ‘സി’യുടെ നാടാണ് തലശേരി എന്നാണ് അറിയപ്പെടുന്നത്. ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയ്ക്ക് പേരുകേട്ട നഗരം. എന്നാൽ ഇതിൽ മാത്രം ഒതുക്കി നിർത്താവുന്ന പ്രദേശമല്ല ഇവിടം. സഞ്ചാര വെെവിദ്ധ്യങ്ങൾ തേടി അലയുന്നവർക്ക് ഒരു പറുദീസ തന്നെയാണ് തലശേരി.
മാത്രമല്ല വടക്കേ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് തലശേരി. ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുമ്പോഴേക്കും തലശേരിയുടെ പേര് മനസിൽ ഓടിയെത്താറുണ്ട് പലർക്കും. കണ്ണൂർ ജില്ലാ തലസ്ഥാനത്ത് നിന്നും 21 കി.മീ അകലെയാണ് തലശേരി. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശേരിയെ അലങ്കരിക്കുന്നു. തലശേരിക്കോട്ട, മുഴപ്പിലങ്ങാട് ബീച്ച്, ഓവർബറിസ് ഫോളി, ധർമ്മടം തുരുത്ത്, ഗുണ്ടർട്ട് ബംഗ്ലാവ് എന്നിവ ഇവിടം കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നു.
തലശേരിക്കോട്ട: അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശേരിക്കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1705ൽ സ്ഥാപിച്ചതാണ് ഈ കോട്ട. ഭീമാകാരമായ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരംഗങ്ങളും സൂക്ഷ്മമായി കൊത്തുപണി ചെയ്ത വലിയ വാതിലുകളുമുള്ള തലശ്ശേരി കോട്ട ഒരു കാഴ്ച തന്നെയാണ്. ഈ കോട്ട ഒരുകാലത്ത് തലശേരിയുടെ വികസനത്തിന്റെ സിരാകേന്ദ്രമായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്.
മുഴപ്പിലങ്ങാട് ബീച്ച് : മുഴപ്പിലങ്ങാട് എന്ന 5 കിലോമീറ്റർ നീണ്ട സുന്ദരമായ കടൽത്തീരം. കണ്ണൂരിനും തലശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17നു സമാന്തരമായി ആണ് ഈ കടൽ തീരം സ്ഥിതി ചെയ്യുന്നത്. കരിമ്പാറകൾ ഈ കടൽത്തീരത്തിന് അതിർത്തി നിർമ്മിക്കുന്നു. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചും ഏഷ്യയിലെ ഏറ്റവും വലിയ ഡ്രെെവ് ഇൻ ബീച്ചുമാണിത്. കടൽ തീരത്തിനു തെക്കുവശത്തായി കടപ്പുറത്ത് നിന്നും ഏകദേശം 200 മീറ്റർ അകലെ കടലിൽ കാണുന്നതാണ് സുന്ദരമായ ധർമ്മടം തുരുത്ത്.
തലശേരിയിലെ ബ്രിട്ടീഷ് ജഡ്ജിയായ ഇ.എൻ. ഓവർബറി നിർമ്മിച്ച ഓവർബറിസ് ഫോളിയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കൂടാതെ മലയാളത്തിലെ ആദ്യത്തെ ദിനപ്പത്രമായ രാജ്യസമാചാരം തലശേരിയിൽ നിന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്. തലശേരിയിലെ ഇല്ലിക്കുന്നിൽ ഇന്ന് നിലനിൽക്കുന്ന ഗുണ്ടർട്ട് ബംഗ്ലാവും ഇവിടുത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ സർക്കസിന്റെ ജന്മദേശമായാണ് തലശേരി അറിയപ്പെടുന്നത്. തലശേരിക്കാരനായ കീലേരി കുഞ്ഞിക്കണ്ണൻ ഇന്ത്യൻ സർക്കസിലെ ഇതിഹാസമാണ്.
അങ്ങനെ യാത്രയെ സ്നേഹിക്കുന്നവർക്ക്, ഇന്നലെകളെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് തലശേരി എന്നും ഒരു മാതൃക തന്നെയാണ്. തലശ്ശേരി വഴി കടന്നുപോകുന്ന ബസ്സുകളുടെ സമയവിവരങ്ങള്‍ അറിയുവാന്‍ www.aanavandi.com സന്ദര്‍ശിക്കുക.
Source – Kerala Kaumudi.