കൊച്ചിക്കാര്‍ക്ക് ഇപ്പോഴും യൂബര്‍ ടാക്സി തന്നെ പ്രിയം… കാരണം?

ലോകത്തെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ ഉബര്‍ തന്നെയാണ് ഇപ്പോഴും നിരക്കിന്റെ കാര്യത്തില്‍ കൊച്ചിക്കാര്‍ക്ക് പ്രിയമെന്ന് സര്‍വേ. പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഡീ വാലര്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. പരമ്പരാഗത ടാക്‌സി സര്‍വീസുകളായ ഓട്ടോറിക്ഷ, കാര്‍ ടാക്‌സി എന്നിവയ്ക്ക് ബദലായി അവതരിപ്പിക്കപ്പെട്ട ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭങ്ങളായ ഉബര്‍, ഒല തുടങ്ങിയ ടാക്‌സി സര്‍വീസുകളാണ് കൊച്ചിക്കാരുടെ യാത്രയ്ക്ക് കംഫര്‍ട്ടബിള്‍ മുഖം നല്‍കുന്നതെന്നാണ് സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നടത്തിയ ഇരുപത് ട്രിപ്പുകളുടെ സഹായത്തോടെയാണ് യാത്രാനിരക്കുകള്‍ താരതമ്യം ചെയ്തതെന്ന് ഡീ വാലര്‍ മാനേജിംഗ് ഡയറക്റ്റര്‍ സുധീര്‍ ബാബു മീഡിയ ഇന്‍കിനോട് പറഞ്ഞു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എട്ടു വിദ്യാര്‍ഥികള്‍ ഉബര്‍, ഒല, ഓട്ടോറിക്ഷ, ഓഫ്‌ലൈന്‍ ടാക്‌സി സര്‍വീസുകളിലൂടെ നാല്‍പ്പത്തെട്ട് കിലോമീറ്റര്‍ യാത്ര ചെയ്തു. പകലും രാത്രിയുമായി നടത്തിയ ഈ യാത്രകള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് സര്‍വേ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

വ്യത്യസ്തമായ നാല് ഗതാഗത സംവിധാനങ്ങളിലൂടെ നാല്‍പ്പത്തെട്ട് കിലോമീറ്റര്‍ യാത്ര ചെയ്തപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് യാത്രക്കൂലി ഈടാക്കിയത് ഉബര്‍ ആണ്. യുബര്‍ കിലോമീറ്ററിന് 17.04 രൂപ ഈടാക്കിയപ്പോള്‍ ഔട്ടോറിക്ഷ 17.71 രൂപയും ഒല 20.79 രൂപയും ഓഫ്‌ലൈന്‍ ടാക്‌സി 34 .79 രൂപയുമാണ് ഈടാക്കിയത്. രാത്രിയും പകലും വ്യത്യസ്തമായ നിരക്കുകളാണ് എല്ലാ ടാക്‌സി സര്‍വീസുകളും ഈടാക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു.

കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് ഈടാക്കുന്നത് യുബര്‍ ടാക്‌സി സേവനമാണ്. ഏറ്റവും കൂടുതല്‍ യാത്രാനിരക്ക് ഈടാക്കുന്നത് ഓഫ്‌ലൈന്‍ ടാക്‌സികളും. ഓട്ടോറിക്ഷകളുടെ നിരക്ക് യുബര്‍ ടാക്‌സികളുടെ നിരക്കിനോട് കിടപിടിക്കാവുന്നതാണ് എങ്കിലും യുബറിന്റെ യാത്രാസൗകര്യവും നിരക്കുകള്‍ മുന്‍കൂട്ടി അറിയുവാനുള്ള സൗകര്യവും, ലഭ്യതയും വെച്ച് നോക്കുമ്പോള്‍ നിരക്കുകള്‍ കൂടുതലാണ്.

പരമ്പരാഗത ടാക്‌സി സര്‍വീസുകളില്‍ എകീകൃതമായ നിരക്കില്ല. യാത്രക്കാരെ എങ്ങിനെ വേണമെങ്കിലും ചൂഷണം ചെയ്യാന്‍ ഇത് വഴിയൊരുക്കുന്നു. ഡ്രൈവര്‍മാരില്‍ പലരും യൂണിഫോമുകളോ നെയിം ടാഗുകളോ ധരിക്കുന്നില്ല മീറ്ററുകള്‍ ഉപയോഗിക്കുന്നത് വളരെ അപൂര്‍വം വാഹനങ്ങളില്‍ മാത്രമാണ്. സാങ്കേതികതയുടെ ഉപയോഗം ഓട്ടോറിക്ഷ,ഓഫ്‌ലൈന്‍ ടാക്‌സി സേവനങ്ങളിലേക്ക് കൊണ്ട് വന്നിലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഉബര്‍, ഒല പോലുള്ള ആഗോള ഭീമന്മാര്‍ സംസ്ഥാനത്തെ ടാക്‌സി സേവന രംഗത്തെ പൂര്‍ണമായും കീഴടക്കും

ഉബര്‍ പൂള്‍ പോലുള്ള സേവനങ്ങള്‍ ഓട്ടോറിക്ഷ, ടാക്‌സി സേവനങ്ങളില്‍ വലിയ ആഘാതം സൃഷ്ട്ടിക്കും. പരമ്പരാഗത ശൈലികളില്‍ നിന്നും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സേവനത്തിന്റെ നിരക്കിലും ഗുണമേന്മയിലും വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എങ്കില്‍ ഓട്ടോറിക്ഷകളും ഓഫ്‌ലൈന്‍ ടാക്‌സികളും നിലനില്‍ക്കുകയില്ല

വ്യക്തികള്‍ക്ക് ഇത്തരം സേവനങ്ങള്‍ നടത്തിക്കൊണ്ട് പോകുന്നത് ലാഭകരമല്ലാതാകും. കോര്‍പ്പറേറ്റുകള്‍ മികച്ച സേവനവും നിരക്കുകളും സൗകര്യങ്ങളും ഒരുക്കി ചെറിയ സേവനദാതാക്കളെ വിഴുങ്ങും. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുന്ന ഈ യുഗത്തില്‍ ഒരു ശൈലീമാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൊച്ചിയിലെ ഓട്ടോറിക്ഷ, ടാക്‌സി സേവനങ്ങളെ കോര്‍ത്തിണക്കിയുള്ള ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും മികച്ച സേവനങ്ങളും വരേണ്ടത് അനിവാര്യമാണ്.

സര്‍വേ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍

1. ഓരോ സേവനദാതാവും ഇപ്പോള്‍ യാത്രാനിരക്ക് ഈടാക്കുന്നത് തോന്നിയത് പോലെയാണ്. ടാക്‌സി സേവനങ്ങള്‍ക്ക് ഏകീകൃതമായ യാത്രാനിരക്ക് നിലവിലില്ല. ഇത് ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുന്നു. ഓണ്‍ലൈന്‍ ടാക്‌സി രംഗം കോര്‍പ്പറേറ്റ് വിപണി പിടിച്ചടക്കി കഴിയുമ്പോള്‍ യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയുകയില്ല. ഇത് തടയുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഏകീകൃത യാത്രാനിരക്കുകള്‍ നിശ്ചയിക്കുകയും പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യണം.

2. കേരളത്തിലെ ഓട്ടോറിക്ഷ, കാര്‍ ഉള്‍പ്പെടെയുള്ള ടാക്‌സി സേവനങ്ങള്‍ക്കായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ വികസിപ്പിച്ചെടുക്കണം. എല്ലാ സേവനദാതാക്കളും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാവണം ഇടപാടുകള്‍ നടത്തേണ്ടത്. ഓണ്‍ലൈന്‍ ഓട്ടോറിക്ഷ സേവനം കൂടി നിലവില്‍ വരുന്നതോടെ കോര്‍പ്പറേറ്റ് തലത്തിലല്ലാത്ത ടാക്‌സി സേവനങ്ങള്‍ നേരിടുന്ന പ്രവര്‍ത്തനത്തിലെ ഇടിവ് മറികടക്കാനാകും.

3. ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്ന യാത്രികരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുകയും നടപ്പില്‍ വരുത്തുകയും വേണം. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ യാത്രികരുടെ സുരക്ഷ ഉറപ്പ് നല്‍കുകയും വേണം

4. ഡ്രൈവറുടെ യുണിഫോം, നെയിം ടാഗ് തുടങ്ങിയവ അവര്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

5. യാത്രക്കാര്‍ക്ക് അടിയന്തരമായി ബന്ധപ്പെടാനും പരാതികള്‍ ഉന്നയിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ആവശ്യമായ എല്ലാ ഫോണ്‍ നമ്പറുകളും ടാക്‌സികളില്‍ പ്രദദര്‍ശിപ്പിക്കണം.

6. മീറ്ററുകള്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ജനങ്ങളെ ചൂഷണം ചെയ്യുന്ന വാഹനങ്ങളുടെ ടാക്‌സി പെര്‍മിറ്റ് റദ്ദാക്കണം.

7. പരമ്പരാഗത ടാക്‌സി മേഖലയിലെ സംഘടനകള്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം തുടങ്ങുന്നത് ആലോചിക്കാവുന്നതാണ്. ഓട്ടോറിക്ഷ, കാര്‍ ടാക്‌സികളെ ഉള്‍പ്പെടുത്തി അത്തരമൊരു സംവിധാനം ടാക്‌സി മേഖലയിലെ കുത്തകവത്ക്കരണം തടയുവാനും ടാക്‌സി മേഖലയുടെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായകരമാകും.

Source – http://mediainkonline.com/2017/12/08/kochi-prefers-uber-devalour-survey/

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply