‘ഹോലോങ് ബേ’ എന്ന സ്വപ്നഭൂമിക തേടി ഒരു യാത്ര

ബഹറിനിൽ ജോലി ചെയ്യുന്ന മലയാളിയായ ദീപക് മേനോൻ ആണ് നമുക്കായി ഈ യാത്രാവിവരണം പങ്കുവെയ്ക്കുന്നത്.

സ്വപ്ന ഭൂമിക തേടി ഒരു യാത്ര.. സിനിമയിലും മറ്റു ചിത്രങ്ങളിലും കണ്ടിട്ടുള്ള ‘ഹോലോങ് ബേ’ എന്ന സ്വപ്ന ഭൂമികയാണ് എന്നെ പോരാളികളുടെ നാടായ വിയറ്റ്നാമിലെത്തിച്ചത്. 25 ഡോളർ കൊടുത്തു ഓൺലൈൻ വിസ തരപ്പെടുത്തി. ബഹ്റൈനിൽനിന്നും ദുബായിലേക്കും അവിടെനിന്നും 6 മണിക്കൂർ പിന്നിട്ട യാത്രക്കു ശേഷം , വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിലെ നോയ് ബായ് ( Noi Bai ) ഇന്റർനാഷണൽ എയർപോർട്ടിലെത്തിച്ചേർന്നു. എയർപോർട്ടിൽ നിന്നും പ്രീപെയ്ഡ് ടാക്സിയെടുത് നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലെത്തി കുറച്ചു നേരം വിശ്രമിച്ച്, ദീഘയാത്രയുടെ ക്ഷീണമകറ്റി നഗരം കാണാനിറങ്ങി.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള തലസ്ഥാനമാണ് ‘ഹാനോയ്’. പുരാതന വാസ്തുവിദ്യകൾക്ക് പേരുകേട്ട ഈ നാട്ടിൽ ചൈനീസ് , ഫ്രഞ്ച് സംസ്കാരം എങ്ങും നിഴലിക്കുന്നു. വിറ്റ്നാമീസ് ആണ് ദേശിയ ഭാഷയെങ്കിലും അത്യാവശ്യം ഇംഗ്ലീഷും ഇവർക്ക് മനസിലാകും. ഇന്നാട്ടുകാർ വളരെ എളുപ്പത്തിൽ വിദേശിയരുമായി സൗഹൃദം സ്ഥാപിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം വരുത്തിവച്ച ദാരിദ്ര്യത്തിൽ നിന്നും ഉയർത്തെഴുനേറ്റ ഈ രാജ്യം വളർച്ചയുടെ പാതയിലാണിന്ന്. വിറ്റ്നാമീസ് ഡോങ് ആണ് കറൻസി , ഒരു ഇന്ത്യൻ റുപീ ഏകദേശം 358 ഡോങ് വരും അതുകൊണ്ട് ചിലവുകുറഞ്ഞ സഞ്ചാരത്തിന് പറ്റിയ സ്ഥലമാണിവിടം.

ഇൻഡോചൈനീസ് കമ്യൂണിസ്റ് പാർട്ടി സ്ഥാപകനായ ഹോചിന് മിൻറെ ശവകുടീരമായിരുന്നു ആദ്യ ലക്‌ഷ്യം ഇരുപതാം നൂറ്റാണ്ടിലെ ഈ വിപ്ലവകാരി ഇന്നാട്ടുകാരുടെ വികാരമാണ്, സമയം വൈകിയതുകൊണ്ട് അകത്തേക്ക്‌കടക്കനായില്ല. തൂവെള്ള യൂണിഫോമിട്ട വിയറ്റ്നാമീസ് പട്ടാളക്കാർ കണ്ണുചിമ്മാതെ കാവൽ നിൽക്കുന്ന മന്ദിരത്തിന്റെ പുറത്തുനിന്ന് കുറച്ചു ഫോട്ടോയുമെടുത്ത്, സമീപത്തുള്ള ഒറ്റത്തൂണിൽ നിൽക്കുന്ന ബുദ്ധ ക്ഷേത്രത്തിലേക്ക് നടന്നു.

താമരക്കുളത്തിനു നടുവിൽ ഒറ്റത്തൂണിൽ നിൽക്കുന്ന ഈ ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിലൂടെ അളവറ്റ ഭാഗ്യവും , സന്തോഷവുമുണ്ടാകുമെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം. പെപ്സിയും , ഫാന്റയും മറ്റു ഭക്ഷ്യ വസ്തുക്കളും ഭക്തർ നിവേദ്യമായി അർപ്പിക്കുന്നു. ബുദ്ധമന്ത്രധ്വനികളുയരുന്ന ശാന്തമായ ക്ഷേത്ര പരിസരത്ത് കുറച്ചുനേരമിരുന്നതിനുശേഷം യാത്ര തുടർന്നു . പോകുന്ന വഴിയിൽ ഫ്രഞ്ചുകാർ നിർമിച്ച പ്രസിഡന്റെ കൊട്ടാരവും കണ്ടു ഇരുട്ടുവീഴുന്നതുമുൻപ് ഇന്നത്തെയത്രയുടെ അവസാന ലക്ഷ്യമായ ടെമ്പിൾ ഓഫ് ലിറ്ററേച്ചർലിൽ എത്തിച്ചേർന്നു.

1070ൽ നിർമിച്ച ക്ഷേത്രം ചൈനീസ് തത്ത്വചിന്തകനായ കൺഫ്യൂഷ്യസിനു സമർപ്പിതമാണ്. ഇവിടുത്തെ ആദ്യ സർവകലാശാലകൂടിയാണിത്. മനോഹരമായ പൂന്തോട്ടങ്ങളും , തടാകങ്ങളുമുള്ള ശാന്തമായ പ്രദേശം, ചൈനീസ് ശൈലിയിലുള്ള പഴയ കെട്ടിടങ്ങൾ , ചുറ്റിലും പുൽത്തകിടികൾ. നിരവധി വിദ്യാർത്ഥികൾ ഈ ക്ഷേത്രത്തിൽ താമസിച്ച് പഠിക്കുന്നു. സാമ്പത്തിക , ഭൗതിക നേട്ടങ്ങൾക്കുപരി വ്യക്തി ബദ്ധങ്ങൾക്ക് പ്രാധാന്യം നൽകാനും, സംതൃപ്‌തരും സന്തോഷവാന്മാരുമായി ജീവിക്കാനും പ്രാപ്തരാക്കുന്ന പാഠ്യപദ്ധതി. വില്ലോ മരങ്ങൾ നിഴൽവിരിച്ച വഴിയിലൂടെ ക്ഷേത്രസർവകലാശാല ചുറ്റിനടന്നു കണ്ടു. സന്ധ്യയാവുന്നോടെ സന്ദർശകരെല്ലാം മടക്കയാത്ര തുടങ്ങി. ഞാനും താമസിക്കുന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന ഓൾഡ് ക്വാർട്ടറിലിലേക്ക് മടങ്ങി.

ഇടുങ്ങിയ തെരുവിനിരുവശവും കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ ഓൾഡ് ക്വാർട്ടർ ആണ് ഈ നാടിൻറെ വാണിജ്യഹൃദയം. ജനങ്ങളും, സൈക്കിളുകളും, മോട്ടോർ ബൈക്കുകളും
തിങ്ങി നിറഞ്ഞ വഴികൾ. റോഡിനിരുവശവുമുള്ള പഴകിയ ഫ്രഞ്ചുനിര്മിത കെട്ടിടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ എങ്ങും തെരുവോര ഭക്ഷണശാലകൾ കാണാം. മാംസംവും മത്സ്യവും മൊരിയുന്ന മണം മൂക്കിലേക്ക് തുളച്ചു കയറുന്നു , ഓരോ തെരുവുകളിലും പലവിധ കച്ചവടക്കാർ . ചുറ്റുമുള്ള ഗ്രാമവാസികൾ അവർ നിർമിക്കുന്ന വിവിധ ഉത്പന്നങ്ങളും , പച്ചക്കറികളും, പഴങ്ങളും, വീട്ടിൽനിന്നും പാചകം ചെയ്ത ലഖു ഭക്ഷണവും ഇവിടെ കൊണ്ടുവന്നു വിൽക്കുന്നു. തെരുവോര കച്ചവടക്കാർക്കിടയിലൂടെ തീവണ്ടി കടന്നുപോകുന്നത് കൗതുക കാഴ്ചയാണ്.

സന്ധ്യയാകുന്നോടെ വിയറ്റ്നാം രുചികൾ തേടി തെരുവോര ഭക്ഷണശാലകളിൽ തദ്ദേശീയരും , വിദേശികളും നിറയുന്നു. ഒരു തട്ടുകടയിൽ ഞാനും സ്ഥാനം പിടിച്ചു. വിവിധതരം മസാലകളിൽ പൊതിഞ്ഞ മത്സ്യ മാംസങ്ങൾ കനലിൽ മൊരിയിച്ചു വിൽക്കുന്നു , വലിയ ഡ്രമ്മുകളിൽനിന്നും പൈപ്പുവഴി നാടൻ ബീയറുകൾ പകർന്നു നൽകുന്നു. അരിയിൽ നിന്നും ഉണ്ടാക്കുന്ന വൈനും , മൃഗങ്ങളുടെ രക്തം കൊണ്ടുണ്ടാക്കുന്ന ഒരുതരം സോസേജിനും ആവശ്യക്കാരേറെയാണ് , വിഷ പാമ്പിന്റെ വൈൻ കഴിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്നാണ് ഇന്നാട്ടുകാരുടെ വിശ്വാസം അതുകൊണ്ട് പാമ്പിനെ കൊന്ന് കുപ്പിയിലെ വൈനിൽ ഇട്ടു വിൽക്കുന്നു . പുഴുക്കളും, പുൽച്ചാടി വറുത്തതും തെരുവിൽ സുലഭം. എന്തിനും ഏതിനും വളരെ കുറഞ്ഞവില . ഇതൊക്കെയുണ്ടെകിലും സ്വാദിഷ്ടമായ നമുക്ക് കഴിക്കാവുന്ന ഒരുപാട് ഭക്ഷണങ്ങൾ ഇവിടെ കിട്ടും. മാസങ്ങളോളം ഇവിടെ താമസിച്ചു കുറഞ്ഞ ചിലവിൽ ഭക്ഷണ വൈവിധ്യം ആസ്വദിക്കുന്ന ഒരുപാട് ബാക്ക്പാക് സഞ്ചാരികളുണ്ട്. കുറച്ച് ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിച്ച് ഞാൻ അടുത്ത തെരുവിലേക്ക് നടന്നു.

എവിടെ നോക്കിയാലും മസ്സാജ് പാർലറുകളും, മീനുകളെകൊണ്ട് കാലുവൃത്തിയാക്കുന്ന ഫിഷ് സ്പാകളും. നൈറ്റ് ക്ലബ്ബിലേക്ക് ആളുകളെ കൂട്ടാൻ അത്പവസ്ത്രധാരികളായ വിറ്റ്നാമീസുന്ദരികൾ റോഡിലെങ്ങും മെനുവുമായി തലങ്ങും വിലങ്ങും നടക്കുന്നു. ഡിജെ ക്ലബ്ബുകളിൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാം മറന്നാസ്വദിക്കുന്ന നാട്ടുകാരും വിദേശീയരും. ആർക്കും ആരേയും ശ്രദ്ധിക്കാൻ സമയമില്ല , ഈ ലോകത്തെ ചെറിയ ജീവിതം ആഘോഷമാക്കിതീർക്കുന്ന മനുഷ്യർ . യാത്ര ക്ഷീണമുള്ളതുകൊണ്ട് കുറച്ചു നേരം ഒരു ക്ലബ്ബിൽ ചിലവിട്ടതിനുശേഷം ഹോട്ടലിലേക്ക് നടന്നു.

ഹലോങ് ബേയിലൂടെ ക്രൂയിസ് യാത്രക്കു പോകാനുള്ള ആകാംഷയോടെയാണ് അടുത്ത ദിവസം ഉണർന്നത്. ഫ്ലെമിംഗോ ക്രൂയിസ് കമ്പനിയുടെ വാഹനം അതി രാവിലെ ഹോട്ടലിലെത്തി, മറ്റു യാത്രക്കാർക്കൊപ്പം എക്സ് പ്രെസ്സ് ഹൈവേ യിലൂടെയുള്ള രണ്ടര മണിക്കൂർ യാത്രക്ക് ശേഷം ഹലോങ് എന്ന മനോഹര പ്രദേശത്തെത്തി. വടക്കു കിഴക്കൻ വിയറ്റ്നാമിലെ പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ പ്രദേശമാണ് ഹലോങ് ബേ. മരതക കാന്തിയുള്ള കടലും , ഗോപുരങ്ങൾ പോലെ ആകാശത്തേക്കുയർന്നുനിൽക്കുന്ന നിരവധി പാറക്കെട്ടുകളും , പച്ച പട്ടുപുതച്ച മഴക്കാടുകളും സഞ്ചാരിയുടെ മനസ് നിറക്കുന്നു. ഒരുപാട് ഹോളിവുഡ് സിനമകൾക്കു പശ്ചാത്തലമായിട്ടുണ്ട് ഈ പ്രദേശം .

വിയറ്റ്നാമീസ് പരമ്പരാഗത രീതിയിൽ നിർമിച്ച ‘ഫ്ലെമിംഗോ ക്രൂയിസ് എന്ന ഒരു കൊച്ചു കപ്പൽ ഞങ്ങൾക്കുവേണ്ടി ഇവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു . 38 കാബിനുകളിലായി നൂറോളം അതിഥികളെ ഉൾക്കൊള്ളാനാകുമിതിന്. മുപ്പതുപേർക്ക് ഒരേസമയം ഇരിക്കാവുന്ന ഭക്ഷണശാലയും , സ്പായും , ജിമ്മുംമടക്കം അത്യാധുനിക ആഡംബരങ്ങളെല്ലാമുണ്ടിതിൽ . ചെക്കിൻചെയ്തു അകത്തുകയറി , സൗമ്യമായി പെരുമാറുന്ന ജീവനക്കാർ ഞങളെ സ്വാഗതം ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ തന്നെ ക്രൂയിസ് യാത്ര ആരംഭിച്ചു . കരയിൽനിന്നകലുതോറും ചുറ്റിലും ദൃശ്യവിസ്മയങ്ങൾ, ഒരു മായിക ലോകത്തുകൂടെ സഞ്ചരിക്കുന്നതുപോലെ. കടലിടുക്കിലെ പണ്ടെങ്ങോ തകർന്നുപോയ കൊട്ടാരക്കെട്ടുകളെ അനുസ്മരിപ്പിക്കുന്ന മലമടക്കുകൾക്കിടയിലൂടെ ആദ്യ ലക്ഷ്യസ്ഥാനമായ ‘ഹോയ് ക്യൂൺഗ്’(Hoa Cuong) എന്ന മുക്കുവ ഗ്രാമത്തിലെത്തി.

മനോഹര തീരം , അടിത്തട്ടിലെ വെള്ളിമണൽ കാണുന്ന തെളിഞ്ഞ ജലം . സഞ്ചാരികളിൽ പലരും കയാക്കിങ് , സ്വിമ്മിങ് എന്നീ വിനോദങ്ങളിലേർപ്പെടുന്നു . ചിലർ മലമുകളിലേക്ക് ട്രെക്കിങ് നടത്തുന്നു മറ്റു ചിലർ ക്രൂയിസ് ഡെക്കിലിരുന്നു കോക്ടെയ്ൽസ് ആസ്വദിക്കുന്നു. ഗൈഡ് ഞങ്ങളെ ഒരു കൊച്ചു വള്ളത്തിൽ കയറ്റി ഗ്രാമീണരുടെ കുടിലുകളിലെത്തിച്ചു . 200 റോളം കുടുബങ്ങൾ വലിയ ചങ്ങാടങ്ങൾക്കു മുകളിൽ നിർമിച്ച ഒഴുകുന്ന വീടുകളിലാണ് ജീവിക്കുന്നത്. മത്സ്യബന്ധനമാണ് ഇവരുടെ പ്രധാന തൊഴിൽ. ഇതുവരെ കാണാത്ത ജനങ്ങളും അവരുടെ ജീവിത രീതിയും കണ്ടു. കടൽ തീരത്ത് ക്യാപ്റ്റൻന്റെ നേതൃത്വത്തിൽ സഞ്ചാരികളുടെ പാചകമേള തകൃതിയായി നടക്കുന്നു. കൊതിയൂറുന്ന മത്സ്യവിഭവങ്ങളും ആസ്വദിച്ച്, വൈകുന്നേരംവരെ ആ മനോഹര തീരത്ത് ചിലവഴിച്ചു. സമയം 5 മണിയായിരിക്കുന്നു , ബോട്ടിലേക്ക് സഞ്ചാരികൾ മടങ്ങി തുടങ്ങി , അതിനാൽ ഞാനും തിരിച്ചു നടന്നു.

എല്ലാവരും എത്തിയതോടുകൂടി വീണ്ടും അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പ്രയാണം തുടങ്ങി. . വിഭവ സമൃദ്ധമായ ഭക്ഷണവും , മദ്യവും ഡെക്കിലെ തുറസ്സായ ഭക്ഷണശാലയിൽ പരിചാരകർ വിളംബി തുടങ്ങി. താഴെ പച്ച കടലും മുകളിൽ നക്ഷത്രങ്ങളെയും കണ്ടുകൊണ്ട് ഒരു അവിസ്മരണീയ യാത്ര രാത്രിയേറെയാകുംവരെ ആട്ടവും പാട്ടുമായി സഞ്ചാരികൾ ഒത്തുകൂടി. രാവിലത്തെ നടത്തത്തിന്റെ ക്ഷീണം തീർക്കാൻ അധികം വൈകാതെ ഉറങ്ങാൻ തീരുമാനിച്ചു.

അടുത്ത പ്രഭാതത്തിലെ കാഴ്ച നിഗൂഢതകൾ ഉള്ളിലൊളുപ്പിച്ച പ്രശസ്തമായ വിയറ്റ്നാം ഗുഹകളായിരുന്നു . ക്രൂയിസിൽ നിന്നും ചെറിയ ബോട്ടിൽ ജീവനക്കാർ ഞങളെ ഗുഹകൾക്കുള്ളിലെത്തിച്ചു . ചുണ്ണാബു പാറകളിൽ ലക്ഷകണക്കിന് വർഷങ്ങൾകൊണ്ട് പ്രകൃതിയൊരുക്കിയ അത്ഭുത രൂപങ്ങളാണ് ഇവിടുത്തെ കാഴ്ച . പല വലിപ്പത്തിലും നീളത്തിലുമുള്ള ഗുഹകൾ. കൗതുക കാഴ്ചകൾ കണ്ടുനടന്ന് നേരം പോയതറിഞ്ഞില്ല തിരിച്ചുപോകാൻ സമയമായിരിക്കുന്നു , രാത്രിയോടെ ഹലോങ് ബേയിലേക്കും അവിടെനിന്നും ക്രൂയിസ് കമ്പനിയുടെ വാഹനത്തിൽ ഹോട്ടലിലേക്കും തിരിച്ചെത്തി .

അടുത്ത ദിവസം അതിരാവിലെ തം കോക് ( Tam coc) എന്ന ഗ്രാമത്തിലേക്കായിരുന്നു യാത്ര 3 മണിക്കൂർ യാത്രക്കുശഷം സുന്ദര ഗ്രാമത്തിലെത്തി. നെഗ്ഡോങ് നദിതീരത്തുള്ള നെൽപ്പാടങ്ങളും , അതിന്റെ കാവലാളായി ചുറ്റിലും പർവ്വതങ്ങളും അതി മനോഹര കാഴ്ചയാണ് . നെഗ്ഡോങ് നദിയിലൂടെ സ്ത്രീകൾ കാലുകൊണ്ട് തുഴയുന്ന വള്ളത്തിലൂടെയുള്ള യാത്ര വിവരണാതീതമായിരുന്നു. സഞ്ചാരികൾക്ക് സൈക്കിൾ വാടകക്കുകൊടുത്തും , പഴങ്ങളും , ബിയറും , മറ്റു ആഹാര സാധങ്ങളും വഞ്ചിയിൽ വച്ച് കച്ചവടം നടത്തി ജീവിത മാർഗം കണ്ടെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണർ. ശരിക്കും ഒരു കാല്പനികലോകം. ഇവിടെ നിന്നും തിരിച്ചുപോരാൻ പറ്റാത്ത മാനസികാവസ്ഥയാണ് യാത്രികർക്ക്. അന്ന് രാത്രി അവിടെ ചിലവഴിച്ചു , പിറ്റേന്ന് അതിരാവിലെ ഹാനോയിയിലേക്കു തിരിച്ചു.

വിയറ്റ്നാമിലെ അവസാന ദിവസം വളരെ യാദൃച്ഛികമായാണ് കമ്മ്യൂണിസ്റ് വിപ്ലവകാരികളെ പാർപ്പിച്ചിരുന്ന നരക ദ്വാരം എന്നർത്ഥം വരുന്ന ‘ഹോവാ ലോ’ ജയിൽ സന്ദർശിച്ചത്. ഫ്രഞ്ച് അധിനിവേശത്തിനെതിരെ പോരാടിയ ധീരരായ വിയറ്റ്നാമീസ് സ്വതന്ത്ര സമര പോരാളികളെ അതി ക്രുരമായി പീഡിപ്പിച്ചിരുന്നു സ്ഥലം . 1886 കാലഘട്ടത്തിൽ ഫ്രഞ്ചുകാർ 200 തടവുകാരെ പാർപ്പിക്കനായി നിർമിച്ച ഈ ജയിലിൽ പിന്നീട് 2000 ൽ അധികം ജനങ്ങളെ കുത്തിനിറക്കുകയായിരുന്നു . ഇന്നിതൊരു മ്യൂസിയമാണ് , പക്ഷെ ആ പഴയ കാലഘട്ടം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. തടവുകാരെ പാർപ്പിച്ചിരുന്ന ജയിലറകളും അവർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും , പാത്രങ്ങളും സന്ദർശകർക്കായി പ്രദർശിപ്പിച്ചിരിക്കുന്നു. ജയിലിലെ മങ്ങിയ മഞ്ഞവെളിച്ചത്തിലൂടെ നടക്കുമ്പോൾ , നമ്മൾ അറിയാതെ ആ കാലഘട്ടത്തിലേക്ക് സഞ്ചരിക്കുന്നു , അവരുടെ നിലവിളികളും , ഗന്ധവും അനുഭവിക്കുന്നു , ശരീരത്തിലേക്ക് ഒരുതരം തണുപ്പ് അരിച്ചുകയറുന്നു , ഈറനായ കണ്ണുകളുടെയല്ലാതെ ഒരാൾക്കും അവിടെ നിന്നും ഇറങ്ങാൻ കഴിയില്ല. വിയറ്റ്നാം തന്ന നല്ല ഓർമകൾക്കൊപ്പം മനസിലെവിടയോ ഒരു നൊമ്പരവുമായി എയർപോർട്ടിലേക്ക് തിരിച്ചു.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply