മോട്ടോർ വാഹനവകുപ്പ് നിയമനടപടികൾ കർശനമാക്കിയതോടെ മുൻവർഷത്തെ അപേക്ഷിച്ച് റോഡപകടങ്ങൾ 20 ശതമാനം കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം 39,420 അപകടങ്ങളിലായി 4,287 പേരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. 44,108പേർക്കു പരുക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാലാണ് 3,659 പേർ കൊല്ലപ്പെട്ടത്. ഈവർഷം (ജൂലൈ അവസാനംവരെ) 1,352 അപകട മരണങ്ങളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനു കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തത് 2,000 ലൈസൻസുകളാണെന്നും നടപടികൾ കൂടുതൽ കർശനമാക്കാനാണ് ഉദ്യേശിക്കുന്നതെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. അഞ്ചുതവണ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ മൂന്നുമാസമാണ് സസ്പെൻഷൻ കാലാവധി.
അപകടത്തിൽ മരണം സംഭവിച്ചുവെങ്കിൽ ഒരു വർഷത്തേക്കാണു ലൈസൻസ് സസ്പെൻഡ് ചെയ്യുക. മദ്യപിച്ചു വാഹനം ഓടിച്ചാൽ ആറു മാസവും അമിതവേഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു മൂന്നുമാസവുമാണു ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. മൂന്നു പ്രാവശ്യം സസ്പെൻഡ് ചെയ്താൽ ലൈസൻസ് റദ്ദാക്കും. സസ്പെൻഡ് ചെയ്യുന്ന ലൈസൻസിൽ അതു രേഖപ്പെടുത്തും. കുറ്റക്കാർക്കു ക്ലാസ് നൽകിയശേഷമേ ലൈസൻസ് നൽകുകയുള്ളൂ.
മോട്ടോര്‍ ഡ്രൈവിംഗ് ലൈസെന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കുറ്റങ്ങള്‍
∙ മദ്യപിച്ച് വാഹനം ഓടിക്കുന്നത്
∙ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത്
∙ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത്.
∙ ട്രാഫിക് സിഗ്നല്‍ തെറ്റിക്കുന്നത്
∙ അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിക്കുന്നത്
∙ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്
Source – http://www.manoramanews.com/news/spotlight/2017/08/17/traffic-voilations-leads-to-suspension-of-driving-licence-17.html