ബാല്യത്തിലെ ഒരു O.M.K.V. യാത്രയുടെ ഓര്‍മ്മകള്‍…

ബാല്യത്തിലെ യാത്രകൾ എന്തൊക്കെയായിരുന്നു… ഉല്ലാസ യാത്രകൾ ആയിരുന്നില്ലെന്നു മാത്രം… ദീനത്തിൽ കുതിർന്ന ഉന്മാദയാത്രകളായിരുന്നു… കോട്ടയത്തേക്ക്… ടൗണിലെ പഴയ മെഡിക്കൽ കോളേജിലേക്ക്… ഒടുവിൽ കുട്ടികളുടെ വാർഡിലേക്ക്… ഡോ. വിജയ ലക്ഷ്മിയുടെ… പിന്നെ ആ നഴ്സമ്മമാരുടെ കാരുണ്യത്തിലേക്ക്. ആതുരാലയത്തിലേക്ക് അല്ലാതെ മറ്റൊരു യാത്രയും അന്നെന്റ്റെ ജീവിതത്തിൽ ഇല്ലായിരുന്നു. എന്തിന് ഏറെപ്പറയുന്നു… എഴുത്തു കളരിയിൽ പോയത് അര ദിവസം മാത്രം. പിന്നെ വിദ്യാലയ ഓർമ്മകൾ ഒന്നാം ക്ലാസ്സിൽ ഒരു ദിവസം… അത്ഭുതമെന്ന് പറയട്ടെ നാലാം ക്ളാസ്സിൽ നാലു ദിവസം… പത്താം ക്ലാസ്സിലാണ് പത്ത് ദിവസത്തിലേറെ സ്കൂളിൽ പോയത്.

രാവിലെയും വൈകിട്ടും സ്കൂൾ കുട്ടികൾ കലപില പറഞ്ഞും ചിരിച്ചും അമ്മവീടിന്റ്റെ മുമ്പിലെ പാതയിലൂടെ പോകുമ്പോൾ പൂമുഖത്തെ അരമതിലിൽ തൂണിൽ തലചായ്ച്ചിരുന്ന് ഞാൻ നഷ്ട ബോധത്തോടെ കുട്ടികളുടെ സന്തോഷങ്ങൾ നോക്കിക്കാണുമായിരുന്നു. എനിക്ക് ഇതൊന്നും ആവുന്നില്ലല്ലോയെന്ന ദു:ഖം നെഞ്ചിലൊരു വീർപ്പു മുട്ടലായിരുന്നു. അപ്പോൾ മനസ്സിൽ തോന്നുമായിരുന്നു… ഒരു ദിവസം എനിക്കും ഇങ്ങനെ സ്വന്തമായി പാതയിലൂടെ എങ്ങോട്ടെങ്കിലുമൊക്കെ പോകണമെന്ന്. പക്ഷേ എങ്ങനെ പോകാനാണ്. ചോദിച്ചാൽ അനുവാദം കിട്ടില്ല. അനുവാദമില്ലാതെ പുറത്തേക്കിറങ്ങിയാൽ ബന്ധുക്കളോ നാട്ടുകരോ കൈയോടെ പിടികൂടി വീട്ടിലെത്തിക്കും. എന്തെന്നാൽ ദീനക്കാരൻ ചെക്കനല്ലേ.

ആ ബാല്യകാലങ്ങൾ അമ്മ വീട്ടിലായിരുന്നു… ആലവിളയിലായിരുന്നു… കയ്യാലകളും മുൾപ്പടർപ്പുകളും കക്കുറുമ്പുകളും സൗഭദ്രമാക്കിയ വിശാലമായ അവിടെ… തരിമണലിൽ വെള്ള കുമ്മായം തേച്ചുപിടിപ്പിച്ച ഭവനം. വടക്കു വശത്തു ഒന്നരയാൾ ഉയരത്തിൽ കടന്നു പോകുന്ന മൺപാതയാണ് ആലവിളയെ ബാഹ്യലോകവുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവെ. ആ ഒന്നരയാൾ ഉയരത്തിലേക്ക് കയറി പോകുന്ന പരുക്കൻ സിമെന്റ്റു പടവുകൾ ഒരു ചെക്പോസ്റ്റു പോലെയായിരുന്നു.

ആ പടവുകൾ കയറി മുകളിൽ എത്തിയാൽ വഴിപോക്കർ ആരെങ്കിലും വിളിച്ചു പറയുമായിരുന്നു “കല്യാണി അമ്മോ… ദാ ചെക്കൻ റോട്ടിലിറങ്ങി”. എന്നിട്ട് അവർ ആത്മഗതം പുലമ്പുമായിരുന്നു “എന്നും ദീനോം ദണ്ണോം ഉള്ള ചെക്കനാ… ജീവിച്ചിരിക്കുന്നത് തന്നെ മോലാളീടെ പണം”.

പിന്നെയുള്ള പഴുതുകൾ പുരയിടത്തിന്റ്റെ കിഴക്കു ഭാഗമാണ്. മുള്ളും മൂർഖനും വിലസുന്ന… കശുമാവുകളും പുല്ലാഞ്ഞികളും കാശാവുകളും ഉപ്പനച്ചവും മുള്ളിയുമെല്ലാം ഇഴചേർന്നു നില്ക്കുന്ന… മണൽപ്പാറകൾ കൂടിക്കിടക്കുന്ന കക്കുറുമ്പു ഭേദിക്കുകയെന്നതാണ്. അത് ഭേദിക്കുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. എപ്പോഴും അവിടങ്ങളിൽ പാമ്പുകളും ചുവന്ന ക്രൂദ്ധനേത്രങ്ങളുള്ള കള്ളറാഞ്ചി പക്ഷികളെയും കണ്ടു ഞാൻ മടങ്ങുമായിരുന്നു. അങ്ങനെ തൊടികൾ കടന്നു ഞാൻ തെക്കു ഭാഗത്തെത്തും. അവിടെ രണ്ടാൾ ആഴത്തിൽ കയ്യാലകളായിരുന്നു… അവിടെ തെക്കു പടിഞ്ഞാറെ ഭാഗമാകട്ടെ രണ്ടാൾ ആഴത്തിൽ… കറുത്ത കാട്ടുകല്ലുകൾക്കിടയിൽ ചെറുവയണകളും ചുണ്ണാമ്പു വള്ളികളും പടർന്നു കയറിയ കൂറ്റൻ ആഞ്ഞിലിമരങ്ങളും മാവുകളുമൊക്കെയായിരുന്നു. അവിടെവും പാമ്പുകളുടെ താവളങ്ങളായിരുന്നു.

അതിനും തെക്കു പടിഞ്ഞാറു താഴെ… വെള്ളാരം മണലു നിറഞ്ഞ ഇടങ്ങളിൽ തത്തകൾ ചേക്കേറുന്ന കൊന്ന തെങ്ങിൻ തോപ്പുകളായിരുന്നു. അവയ്ക്കും അപ്പുറം ഭൂമി തട്ടുതട്ടായി താണുതാണു പോകുകയായിരുന്നു…. നമ്പ്യാർകുളങ്ങര വയലുകൾ… പിന്നെ പൊടിക്കാടു പുഞ്ച… വർഷകാലത്ത് വെള്ളപ്പൊക്കം കയറി നിറയുന്ന ആ പുഞ്ച എന്റെ കുഞ്ഞു ഭാവനയിൽ നീണ്ടകരയിലെ പാലത്തിന് അപ്പുറത്തേ കടലിന്റ്റെ ഭാഗം തന്നെയായിരുന്നു. എന്റെ വീടിന് കാതങ്ങൾക്കപ്പുറം കടലായിരുന്നുവെന്നാണ് അന്നൊക്കെ ഞാൻ വിചാരിച്ചിരുന്നത്.

പിന്നെ… പടിഞ്ഞാറു ഭാഗം വഴി വേണമെങ്കിൽ വീടിന് മുമ്പിലൂടെ പോകുന്ന മൺപാതയിലെത്താം. പക്ഷേ ആ ഭാഗത്തേക്കു കുട്ടികളാരും പോകാൻ പാടില്ലായെന്ന് വല്യാമ്മാവന്റ്റെ കർശ്ശന നിർദ്ദേശമുള്ളതിനാൽ അത് ലംഘിക്കാനും മനസ്സു വരില്ലായിരുന്നു. തന്നെയുമല്ല ആ ഭാഗങ്ങൾ വീടിന്റെ കൺദൂരത്തിൽ നിന്നും വളരെ അകലെയുമാണ്. അന്ന് ആ പ്രായത്തിൽ വീട്ടിൽ നിന്നും അകന്ന തൊടികളിൽ നട്ടുച്ചക്ക് പോലും ഏകനായി സഞ്ചരിക്കുന്നത് എനിക്ക് ഭയമായിരുന്നു. അങ്ങനെ മൊത്തത്തിൽ ആലവിളയുടെ അതൃത്തികൾ ഭേദിക്കുന്നത് അക്കാലത്ത് എനിക്ക് നിസ്സാരമായ കാര്യമൊന്നുമായിരുന്നില്ല.

അങ്ങനെ വിഷമിച്ചിരിക്കുന്ന കാലയളവിലാണ് മറ്റൊരു അപകടവും എന്നെ തേടിവന്നത്… ശാന്ത ടീച്ചർ എല്ലാദിവസവും വീട്ടിലേക്കു പഠിപ്പിക്കാൻ വരികയെന്നത്. നേരം വെളുത്താൽ ഉച്ചയാകും വരെ മുമ്പിലെ മൺപാതയിലൂടെ സ്കൂൾ കുട്ടികളും ചന്തയിലേക്ക് പോകുന്നവരും മടങ്ങുന്നവരുമൊക്കെ സജീവമായിരിക്കും. പിന്നെ നാലുമണി കഴിഞ്ഞാൽ സ്കൂൾ കുട്ടികളും മറ്റുള്ളവരുമൊക്കെ പാതയിൽ എപ്പോഴും പ്രത്യക്ഷമായിക്കൊണ്ടിരിക്കും. ശാന്ത ടീച്ചർ വരുന്നതാകട്ടെ പാത ഏറെക്കുറേ ഒഴിയുന്ന മൂന്നു നാലുമണികളിലും. നാലുമണി കഴിയുമ്പോൾ സ്കൂളിൽ നിന്നും മടങ്ങി വരുന്ന എന്റെ സഹോദരിമാരുടെ നാലു കണ്ണുകളും ഇസ്രായേലിന്റ്റെ ‘മൊസാദ്’ പോലെ എന്റ്റെ മേലുണ്ടായിരിക്കും. അപ്പോൾ ആ സമയത്ത് യാത്ര ശരിയാകില്ല. തന്നെയുമല്ല… യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഏകദേശം 4 കിലോമീറ്ററോളം ദൂരം വരുന്ന അച്ഛന്റ്റെ കുടുംബ വീട്ടിലേക്കാണ്. അതും ഇടവഴികളിലൂടെ… വയലിലൂടെ… ബസ്സോടുന്ന ടാറിട്ട റോഡിലൂടെ…

അന്നത്തേ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ‘ഹൈ റിസ്ക് കേസുകൾ’ തന്നെ! വൈകിട്ട് യാത്ര തിരിച്ചാൽ വഴിയിൽ വച്ചെങ്ങാനും സൂര്യൻ ‘ഓഫാ’യി പോകുമോയെന്ന ഭയമാണ് എന്നെ ഏറെ അലട്ടിയിരുന്നത്! ടീച്ചറുടെ അദ്ധ്യാപനം ഒന്നു അവസാനിപ്പിക്കാൻ അറിയാവുന്ന ഉഡായിപ്പൊക്കെ എടുത്തുനോക്കി… ടീച്ചറെ കാണുന്ന ക്ഷണത്തിൽ രോഗമൊക്കെ നടിച്ചു നോക്കി… രക്ഷയില്ല. ടീച്ചർ എന്നേ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലും! എന്തായാലും സ്വന്തമായി ഒരു യാത്ര നടത്തിയിട്ടേ ബാക്കി കാര്യങ്ങളൊക്കെ എന്ന് ഞാനും അങ്ങ് തീരുമാനിച്ചു.

ആദ്യ ശ്രമങ്ങളൊക്കെ അലസി പിരിഞ്ഞു. ടീച്ചർ വരുന്ന വഴിയും എനിക്ക് ഒളിച്ചോടാനുള്ള വഴിയും ഒന്നാണെന്നതായിരുന്നു അതിന് ഹേതു. നല്ല നിക്കറും ഷർട്ടുമൊക്കെ ധരിച്ചുള്ള എന്റെ സെറ്റപ്പുകളും ടീച്ചറെ ഇത്തിരി സംശയാലുവാക്കികാണണം. അന്നൊക്കെ സംഭവിച്ചത് ഇങ്ങനെ ആയിരുന്നു ” ങ്ഹ… നീ എന്താ ഇതുവഴി… എന്നേ തിരക്കിയിറങ്ങിയതാണോ?” എന്നിട്ട് കൈയിൽ പിടിച്ച് എന്നെ പഠനമുറിയിൽ എത്തിക്കുമായിരുന്നു. പോകെപ്പോകെ എനിക്ക് കാര്യം മനസ്സിലായി… അവോയ്ഡ് കോസ്റ്റ്യുമ്സ് ആന്ഡ് മേക്അപ്സ്.

അങ്ങനെ ഒരു ദിവസം… ഒരു നിക്കർ മാത്രം ഇട്ടു… ഒരു ടെർലീൻ ഷർട്ട് എടുത്തു പോക്കറ്റിലിട്ടു. ആരു കണ്ടാലും ചെക്കൻ വെറുതെ വീട്ടു വളപ്പിൽ നില്ക്കുന്നു. ടീച്ചർ വരും മുമ്പെ വീടിന്റെ മുമ്പിലെ പാതയരികിലേക്ക് ചരിഞ്ഞു കിടന്ന ഒരു പേര മരത്തിന്റ്റെ കൊമ്പിൽ കയറി ഇരിപ്പുറപ്പിച്ചു… ഒളിച്ചോടാൻ. അന്ന് ആ പേരമരത്തിൽ നിറയെ പേരക്കകളുണ്ടായിരുന്നു. പഴുത്ത പേരക്കയുടെ സൗരഭ്യവും സ്വാദും ഇന്നും എന്റെ നാവിൻതുമ്പിലുണ്ട്. അതാ ടീച്ചർ വരുന്നു. ടീച്ചർ എന്നെ കണ്ടു… ഞാൻ പേര മരത്തിൽ നിന്നും ഇറങ്ങാൻ പോകുന്നതായും ഭാവിച്ചു. ടീച്ചർ സിമിന്റ്റ് പടവുകളിലൂടെ താഴേക്ക് ഇറങ്ങിയപ്പോൾ ഞാൻ പേര കൊമ്പിൽ നിന്നും മൺപാതയിലേക്ക് ചാടിയിറങ്ങി പതിയെ കിഴക്കോട്ട് ഓടി.

കിഴക്കു ഭാഗത്തെ കക്കുറിമ്പിന്റ്റെ അരികിലൂടെ തെക്കോട്ടേക്ക് ഒരു കാട്ടുപാതയായിരുന്നു. അതിനും കിഴക്കായി കുറ്റിയിൽ കാടായിരുന്നു… ആ നാട്ടിലെ എല്ലാത്തരം മരങ്ങളും ആ കാട്ടിലുണ്ടായിരുന്നു. അടിക്കാടുകൾ സമൃദ്ധമായിരുന്നു. പുല്ലാഞ്ഞികളും ചുണ്ണാമ്പു വള്ളികളും ആ കാട്ടിലെ മരങ്ങളുമായി മരംചുറ്റി പ്രണയത്തിലായിരുന്നു. ഒരു ചെറിയ സ്വകാര്യവനം പോലെ. ആ കാട്ടിൽ വീട്ടുകാരെ ഉപേക്ഷിച്ചു വന്ന നായ്ക്കളും കാട്ടുപൂച്ചകളും കീരികളും പരുന്തുകളും നെയ്കോഴികളും കുളക്കോഴികളുമൊക്കെ ഉണ്ടായിരുന്നു. അമ്മയുടെ ചെറുപ്പത്തിൽ ആ കാട്ടിൽ കുറുനരികളും ഉണ്ടായിരുന്നതായി അമ്മ പറഞ്ഞിട്ടുണ്ട്. കാടിന്റ്റെ ആ ഭാഗം താണ്ടുന്നത് ഞങ്ങൾ കുട്ടികൾക്ക് ഭയമുള്ള കാര്യമായിരുന്നു.

അവിടം ഒറ്റ ശ്വാസത്തിന് ഓടി ഞാൻ ടീച്ചറിന്റ്റെ വീട്ടിലേക്ക് പോകുന്ന വഴിയിലൂടെ വേഗത്തിലെത്തി. അക്കാലത്ത് ആ വഴികളൊക്കെ ആൾതാമസം കുറവായിരുന്നു. ഇതിനിടയിൽ എപ്പോഴൊ നിക്കറിന്റ്റെ പോക്കറ്റിൽ നിന്നും ഷർട്ടെടുത്തിട്ടിരുന്നു. കൊട്ടിലപ്പാട്ടു വീടിനടുത്തെത്തിയപ്പോൾ നടത്തയ്ക്ക് വേഗത കൂട്ടി. ആ വീട്ടുകാരുമായി ഞങ്ങൾക്ക് നല്ല അടുപ്പമുള്ളതാണ്. അവർക്കെന്നെ അറിയാവുന്നതുമാണ്. അതുവഴി മുമ്പൊരിക്കൽ അമ്മയുടെ കൂടെ അച്ഛന്റ്റെ ഭവനത്തിലേക്ക് പോയപ്പോൾ ഞങ്ങൾ കൊട്ടിലപ്പാട്ടു കയറിയിട്ടുള്ളതാണ്. അവർ എന്നെ കണ്ടുപിടിച്ചെങ്കിലോ… കണ്ടാൽ അറസ്റ്റ് ഉറപ്പാണ്. അതുപോലെ ആ ഭാഗത്തു തന്നെയാണ് ടീച്ചറുടെ വീട്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല… കോഴിക്കാലാ വയലിലേക്ക് ഒരോട്ടം വച്ചുകൊടുത്തു.

ഇന്നും ഓർമ്മയുണ്ട് പാകമെത്താത്ത നെൽവയലിന്റ്റെ പച്ചപ്പ്… വരമ്പടിയിലെ ചെറിയ വെളുപ്പും വയലറ്റുമായ പൂക്കൾ… ആ പൂക്കളിൽ നിന്നും തേൻകുടിക്കുന്ന ചെറുശലഭങ്ങൾ… നിന്നു പറക്കുന്ന കല്ലുതൂക്കി തുമ്പികൾ… പിന്നെ ചാട്ടുളി കണക്കെ പറക്കുന്ന മോതിര തത്തകൾ… മൈനകൾ… അന്ന് മൈനകൾ ജോഡിയായിരുന്നോ എന്നൊന്നും നോക്കാനുള്ള അറിവൊന്നുമില്ലായിരുന്നു. അവിടെവിടെയോ ഒരു കുളം ഉള്ളതായി ഓർക്കുന്നു. വരമ്പുകൾക്കിടയിലൂടെ ഒഴുകുന്ന തെളിനീരിൽ ചെറിയ മീനുകൾ ‘ട്വിസ്റ്റ്’ ചെയ്തു പോകുന്നത് നോക്കി നിന്നു. പേടിയോടെ ആ ഒഴുക്കു വെള്ളത്തിലേക്ക് കൈകളിട്ടിളക്കി.

അന്ന്… മുങ്ങി മരിച്ച ജലപ്പിശാശുകളുടെ കഥകളൊന്നും അറിയാത്ത കാലമായിരുന്നു. അതുകൊണ്ട് വെള്ളത്തിനെ ഭയവുമില്ലായിരുന്നു. ആലവിളയിൽ നിന്നും വളരെ കിഴക്ക്… പുതിയ വീട്ടിലേക്കു താമസമായതോടെയാണ് ചുണ്ണാമ്പു യക്ഷികളും ജലപ്പിശാശുകളും ഗഗനചാരികളായ ഗന്ധർവ്വ കിന്നരന്മാരും മനസ്സിലേക്ക് എത്തപ്പെടുന്നത്. കാരണം ഞങ്ങളുടെ പുതിയ വീടിന്റെ ജനാല തുറന്നാൽ കാണുന്നത് ആകാശം മുട്ടി നില്ക്കുന്ന കാവുകളായിരുന്നു… യക്ഷികളുടെയും സർപ്പങ്ങളുടെയും.

മേമ്പൊടിക്ക്… മുങ്ങിമരിച്ച ജലപ്പിശാചുക്കളുള്ള കുളങ്ങൾ… കുളക്കരയിൽ കൂറ്റൻ യക്ഷിപ്പനകൾ… പനയുടെ മൂട്ടിൽ നിന്നും വെള്ളത്തിലേക്ക് പോകുന്ന ചങ്ങലയിൽ ഉണ്ടെന്നു പറയുന്ന ദുർമ്മരണപ്പെട്ട ആത്മാക്കൾ… അഗാധ യാമങ്ങളിൽ പേടിയോടെ കേട്ടിരുന്ന കാലൻകോഴികളുടെ യമദൂതുകൾ. ഈ പില്ക്കാല തീവ്രതകളൊന്നും അന്ന് കോഴിക്കാലാ വയലിൽ വച്ച് എന്റെ അറിവിൽ പെടുന്ന ‘ഹൊറർ സീനു’കളായിരിന്നില്ല. ആകെയുണ്ടായിരുന്ന ഭയങ്ങൾ വഴിമദ്ധ്യേ ആരെങ്കിലും പരിചയക്കാരുടെ അറസ്റ്റ്… അതുപോലെ നിന്ന നില്പിൽ സൂര്യൻ മാനത്തു നിന്നും എങ്ങാനും ‘ഓഫാ’യെങ്കിലോ… അത്രമാത്രമായിരുന്നു.

കോഴിക്കാലാ വയൽ കഴിഞ്ഞാലൊരു കയറ്റമാണ്. ചെറിയ ഉരുളൻ മണൽപ്പാറകൾ നിറഞ്ഞ മൺപാത… കക്കാട്ടു കുറ്റിയിലേക്കുള്ള പാത. ചെരിപ്പിടാത്ത എന്റെ കുഞ്ഞിക്കാലുകൾ വേദനിക്കാൻ തുടങ്ങിയിരുന്നു. അന്ന് കൊട്ടിലപ്പാട്ടു ഇടവഴി കോഴിക്കാലാ വയലിൽ അവസാനിച്ചിരുന്നു. കോഴിക്കാലാ വയലിലെ വഴിയെന്നാൽ വരമ്പായിരുന്നു. ആ വയലു കഴിയുമ്പോൾ കക്കാട്ടു കുറ്റി വഴി. ആ കയറ്റം കയറിപ്പോൾ കിതയ്ക്കാൻ തുടങ്ങി. ശ്വാസകോശം വെറും സ്പോഞ്ജു പോലെയായിരുന്നു. അതുകൊണ്ട് വഴിയരികിലെ പാറപ്പുറത്ത് ഇത്തിരി നേരം വിശ്രമിച്ചു… കിതപ്പകറ്റി.

അങ്ങനെ ഇരിക്കുമ്പോൾ… ഒരിക്കൽ ഇതു വഴി വന്നപ്പോൾ… അമ്മ പറഞ്ഞത് ഓർമ്മ വന്നു. ആ ഭാഗത്തെവിടെയോ ആണ് പള്ളിക്കുടത്തിലെ എസ് കെ സാറിന്‍റെ വീട്. ചിലപ്പോൾ സാർ അവിടെയെങ്ങാനും കണ്ടെങ്കിലോ…? മനസ്സിൽ ആധിയായി. പള്ളിക്കൂടത്തിൽ പോകാത്ത എന്നെ അറിയാൻ വഴിയില്ല. പക്ഷേ അച്ഛന്റെ അടുത്ത സ്നേഹിതനാണ്. സ്കൂളിന്റ്റെ പടിഞ്ഞാറ് വശത്തുള്ള ഞങ്ങളുടെ മില്ലിലും മറ്റും വന്നു സർ അച്ഛനുമായി സംസാരിച്ചിരിക്കാറുണ്ട്. അപ്പോഴെങ്ങാനും എന്നെ കണ്ടിട്ടുണ്ടോ… വേഗം പാറപ്പുറത്ത് നിന്നുമിറങ്ങി ക്ഷീണം വകവക്കാതെ നടന്നു… കക്കാട്ടുകുറ്റി ഇറക്കത്തെത്തി… ടാറിട്ട പ്രധാന വഴിയിലേക്ക് പ്രവേശിച്ചു. നേരെ വടക്കോട്ട് നടന്നു.

ആ വഴിയിൽ ബസ് സർവ്വീസുള്ളതാണ്. രാജാറാം, മൂക്കൻ ബെഡ്ഫോർഡ്, പൊന്നുവീടൻ അതോ ബാലഗോപാൽ… ഏതായാലും ഫർഗോയാണെന്ന് പണിക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു വണ്ടി വരണേയെന്ന് മനസ്സാഗ്രഹിച്ചു. ഒരു മൂക്കൻ ലോറി വരുന്നതു കണ്ടു. ഇന്നത്തെ ടാറ്റാ ലോറിയല്ല… 1954 മുതൽ 69 വരെ ഇന്ത്യയിൽ ഉണ്ടായിരുന്ന ടിഎംബി ടാറ്റാ മെർസിഡസ് ബെൻസ്. (ഇതൊക്കെ പില്ക്കാല അറിവാണേ). ആ ലോറി മലമുകൾ കയറി പോകുന്നത് അങ്ങനെ നോക്കി നിന്നു. മലമുകളിൽ ആ ലോറി അപ്രത്യക്ഷരായിട്ടാണ് പിന്നീടുള്ള നടപ്പ് ആരംഭിച്ചത്.

അന്ന് നിരത്തിലൂടെ പോയത് കൂടുതലും കാളവണ്ടികളും ഉന്തുവണ്ടികളും സൈക്കിളുകളുമായിരുന്നു. ആ നാട്ടിലെ ആകെയുള്ള രണ്ടു ഉന്തു വണ്ടികളും ഞങ്ങളുടെ തന്നെയാണെന്ന് ഓർത്തപ്പോൾ ആധിയായി. മോട്ടോർ ഇരുചക്രവാഹനങ്ങൾ തീരെ ഇല്ലായിരുന്നു. അക്കാലത്ത് ആ ദേശത്ത് ആകെയുണ്ടായിരുന്നെന്ന്… ഞാൻ കണ്ടിട്ടില്ല… കേട്ടിട്ടുള്ള ഇരുചക്ര വാഹനം പാറ്റൂർ കൊയ്പ്പള്ളി മഠത്തിലെ ഒരു തിരുമേനിയുടെ ചക്കടാ ജാവയായിരുന്നു. പള്ളത്തറയിലെ ജോർജ്ജ് സാറിന് അന്നു സ്കൂട്ടർ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെ വടക്കോട്ട് നടന്നു ആൽമാവ് ജംഗ്ഷനിലെത്തി. പേരുപോലെ അന്ന് അവിടെ ആലും മാവും ഉണ്ടോയെന്ന് ഓർമ്മയില്ല. പില്ക്കാലത്ത് അവിടെ ഫംഗസ് പിടിച്ചൊരു ആലും പുഷ്ടി കുറഞ്ഞൊരും മാവും കണ്ടതായി ഓർമ്മയുണ്ട്. ജംഗ്ഷനിൽ പടിഞ്ഞാറെ ഭാഗത്ത് ഇടവഴിയുടെ ഇരുഭാഗത്തുമായി ഓടിട്ട നിര കടമുറികളുണ്ടായിരുന്നു. റോഡിന്റ്റെ കിഴക്കേ വശത്ത് ചായക്കടയോ മാടക്കടകളൊ ഉള്ളതായി ഓർക്കുന്നു. എന്തായാലും ഈ വന്ന വരിയരികിലെ പറമ്പിലൊക്കെ നല്ല ചുവന്ന മണ്ണായിരുന്നു… നിറയെ കപ്പകളും വാഴകളുമുണ്ടായിരുന്നു. വരിയരികിലൊക്കെ പശുക്കളെയും ആടുകളെയും കയറിൽ പിടിച്ചു മേയിക്കുന്ന ആളുകളെയും കാണാമായിരുന്നു. ഓരൊ വീടിന്റെ പരിസരങ്ങളിലും ധാരാളം കോഴികളുമുണ്ടായിരുന്നു. അങ്ങനെ അതൊക്കെ നിന്നു കണ്ടു പോകുമ്പോൾ അടുത്ത ജംഗ്ഷനായി… കുഴമത്ത് ജംഗ്ഷൻ. അതും നാലും ചേരുന്ന ഒരു ചെറിയ കവലയായിരുന്നു. അവിടെയും കുറച്ച് മാടക്കടകളുണ്ടായിരുന്നു.

അപ്പോൾ വടക്കു നിന്നും അതാ വരുന്നു ഒരു ബസ്സ്. അത് പൊന്നുവീടൻ അല്ലെങ്കിൽ ബാലഗോപാൽ ആയിരുന്നിരിക്കണം… ഫർഗോ ബസ്സ്. നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവറിന് വലിയ ഗമയായിരുന്നു. അന്ന് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാർക്ക് വലിയ കാര്യമൊക്കെയായിരുന്നു. ബസ്സ് പോകും വരെ അതിന്റെ പുറംമോടികളൊക്കെ നോക്കി നിന്നതിന് ശേഷം വീണ്ടും ഞാൻ മുന്നോട്ട് നടന്നു. ചെരുപ്പില്ലാതെയുള്ള നടപ്പ് എന്നെ വീണ്ടും കുഴപ്പിക്കുകയാണ്. തന്നെയുമല്ല ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നടക്കുന്നത്. സാധാരണ ആലവിളയിൽ നിന്നും അച്ഛന്റെ മില്ലിലേക്കും തിരികെയുമുള്ള യാത്രകളൊക്കെ വല്യമ്മാവന്റ്റെയൊ അപ്പാപ്പന്റ്റെയോ സൈക്കിളിന്റ്റെ മുമ്പിലിരുന്നായിരുന്നു. ആലവിളയിലെ തൊടികൾക്കപ്പുറം ഒരു നടപ്പു യാത്രകളുമില്ലായിരുന്നു. ഞാനായാലും എന്റെ സഹോദരിമാരായാലും അയൽവീടുകളിൽ പോലും പോകാൻ വല്യമ്മാവൻ അനുവദിക്കാറില്ലായിരുന്നു.

നടന്നു നടന്നു പാണ്ടിയാംതോട്ടിലെ ഇറക്കവും കയറ്റവും താണ്ടി വലഞ്ഞു ഞാൻ കുതിരകെട്ടുംതടത്തിലെത്തി. നന്നേ ക്ഷീണതനായിരുന്നു. ദാഹവും വിശപ്പും തോന്നുന്നുണ്ടായിരുന്നു. അന്നവിടെ ഒരു സർക്കാർ എൽപി സ്കൂളും കുറച്ച് മാടക്കടകളും ഒന്നു രണ്ടു ചായക്കടകളും ജംഗ്ഷനിൽ ഒരു ആൽമരവും തറയുമുണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ ബാങ്കും ഗുരുമന്ദിരവുമൊന്നും അവിടെയില്ലായിരുന്നു. ഇടത്തെ പോക്കറ്റിൽ കൈയിട്ടു നോക്കി. വീട്ടിൽ നിന്നും എടുത്ത നാണയത്തുട്ടുകളൊക്കെ അങ്ങനെ തന്നെ കിടപ്പുണ്ട്. അമ്മയുടെ മുണ്ടു പെട്ടിയിൽ നിന്നും ഒരു പിടി പണം വാരിയാണ് യാത്ര തുടങ്ങിയിരുന്നത്.

പിന്നെ പരിസരമാകെ വീക്ഷിച്ചു. ഇത് അച്ഛൻ വീടിന്റെ ഹോം ജംഗ്ഷനാണ്. ആരെങ്കിലും ബന്ധുക്കൾ അവിടെയുണ്ടോ… അപ്പാപ്പനൊ ബഷീറണ്ണനോ ആരെങ്കിലും ഉണ്ടോയെന്ന് നോക്കി. അവർ കണ്ടാൽ പിടിച്ച് അച്ഛന്റെ പക്കലെത്തിക്കും. ആരുമില്ല… നേരെ ഒരു ചായക്കടയുടെ മുന്നിലെത്തി. കണ്ണാടി അലമാരയിൽ എന്തൊക്കെയോ പലഹാരങ്ങൾ നിറഞ്ഞിരിക്കുകയാണ്. പൊട്ടക്കിണറ്റിലെ തവള ആയിരുന്നതു കൊണ്ടു ഒന്നിന്‍റെയും പേരറിഞ്ഞു കൂടായിരുന്നു.

നേന്ത്രക്കാ വറുത്തത് തിരഞ്ഞു… കപ്പ വറുത്തതും തിരഞ്ഞു… രണ്ടുമില്ല. അത് ഉണ്ടായിരുന്നെങ്കിൽ ഉപ്പേരി എന്നു പറഞ്ഞാൽ മതിയായിരുന്നു. ഏത്തപ്പഴവും പാളയനും അത്ര പഴുക്കാത്തത് നില്പുണ്ട്. അത് അത്രയ്ക്ക് പിടിച്ചതുമില്ല. ആകെ വിഷണ്ണനായി. നിറയെ പൈസ ഉണ്ടെങ്കിലും എന്ത് മേടിക്കണമെന്ന് അറിയാത്തതു കൊണ്ട് വിശപ്പും ദാഹവും സഹിക്കുകയേ നിർവ്വാഹമുള്ളൂ. ചായക്കട മുതലാളി എന്തു വേണമെന്ന് ചോദിക്കുന്നതിന് മുമ്പ് അവിടെ നിന്ന് വേഗത്തിൽ നടന്നു നീങ്ങി… അച്ഛൻ വീടിന്റെ വഴിയിലൂടെ… അതൊരു മൺപാതയായിരുന്നു. അവിടെ എത്തി എന്തെങ്കിലും കഴിക്കാമെന്ന് കരുതി.

കിഴക്കോട് നടക്കുമ്പോൾ കുഞ്ഞു കാല്പാദങ്ങൾ തളർന്നു കഴിഞ്ഞിരുന്നു… നല്ല നൊമ്പരവുമുണ്ടായിരുന്നു. ഒപ്പം വിശപ്പും ദാഹവും. അച്ഛൻ വീടിന്റെ അടുത്ത് ഒരു വായനശാലയുണ്ട്. അവിടെ എത്തിയപ്പോൾ അച്ഛന്റെ അനുജൻ ഒരു സൈക്കിളിൽ പടിഞ്ഞാറോട്ട് വരുന്നു. മിക്കവാറും പടനിലത്ത് എന്റെ അച്ഛന്റെ മില്ലിലേക്ക് ആവാം പോകുന്നത്. പോകട്ടെയെന്ന് ഞാൻ കരുതി. അപ്പാപ്പൻ എന്നെ കണ്ടാൽ… കൈയോടെ പിടികൂടി എന്റെ വീട്ടിലെത്തിക്കും. അതുകൊണ്ട് ഞാൻ വായനശാലയുടെ പിന്നിലേക്കോടി പതുങ്ങി.

ദൗർഭാഗ്യമെന്നു പറയട്ടെ അപ്പാപ്പൻ അവിടെ സൈക്കിൾ നിർത്തി ആരോടൊ സംസാരിക്കുകയാണ്. മേരാ ഭായിയോം… ബഹനോം… അപ്പാപ്പന്റ്റെ സംസാരം അങ്ങനെ തുടരുകയാണ്. സമയം എത്രയോ പോയിരിക്കുന്നു. സൂര്യഗോളം ‘ഓഫ്’ ആയിരിക്കുന്നു. ഗ്രന്ഥശാലയുടെ പിന്നിലെ ഇലച്ചാർത്തുകൾക്ക് കീഴെ ഇരുട്ടു പരക്കുകയാണ്. എനിക്കാണെങ്കിൽ വിശപ്പും ദാഹവും ഒപ്പം അപരിചിത സ്ഥലത്തെ അരക്ഷിതാവസ്ഥയും കൂടികൂടി വരികയാണ്. കൂട്ടത്തിൽ ദീനഭയവുമുണ്ട്. ഇതുവരെ ആരും കണ്ടുപിടിച്ചില്ലാ എന്നതാണ് ആകെ ആശ്വാസം.

അങ്ങനെ ഇരിക്കുമ്പോൾ പടിഞ്ഞാറ് നിന്നും ആരോ സൈക്കിളിൽ വന്നു. അപ്പാപ്പനും സുഹൃത്തുമായുള്ള സംസാരം കുറഞ്ഞു… സൈക്കിളിൽ വന്നയാൾ അപ്പാപ്പനോട് എന്തൊക്ക സംസാരിക്കുന്നുണ്ടായിരുന്നു. അപ്പാപ്പൻ പെട്ടെന്ന് സൈക്കിളിൽ കയറി പടിഞ്ഞാറോട്ട് പോയി… സുഹൃത്ത് വായനശാലയിലേക്കും കയറിയിരിക്കണം. ഞാൻ കുറച്ചു നേരം കൂടി അവിടെ തങ്ങിനിന്നു. പിന്നെ പതിയെ പരിസരം വീക്ഷിച്ചു വായനശാലയുടെ പിന്നിലൂടെ റോഡിലേക്ക് ചാടി. തൊട്ടടുത്തു തന്നെയാണ് അച്ഛൻവീട്. നേരെ അച്ഛൻ വീടിന്റെ പടിഞ്ഞാറെ കൊച്ചു തിണ്ണയിലൂടെ അപ്പൂപ്പന്റ്റെ മുറിയിലേക്ക് കയറി. അപ്പോഴാണ് അച്ഛന്റെ അമ്മ എന്നെ കണ്ടത്. കണ്ടതും വല്യമ്മച്ചി ഓടി വന്ന് എന്നെ പിടികൂടിയതും.

“നീ തനിയെയാണ് വന്നതില്ലേ… ” ഞാൻ അതിശയിച്ചു… “വല്യമ്മച്ചി ഇതെങ്ങനെ അറിഞ്ഞു”
“ഇപ്പോൾ മില്ലിൽ നിന്നും കരുണാകരൻ അയച്ച ആളുവന്നിരുന്നു… അവൻ പറഞ്ഞു ഉച്ചയ്ക്ക് ശേഷം നിന്നെ കാണാനില്ലെന്നും അവർ നിന്നെ തിരക്കി നടക്കയാണെന്നും”… ” നിനക്ക് വിശക്കുന്നില്ലേ” വല്യമ്മച്ചി ചോദിച്ചു. ആശ്വാസമായി… വല്യമ്മച്ചി കാപ്പിയും അരിയുണ്ടയും നേന്ത്രക്കാ വറുത്തതും തന്നു. ആർത്തിയോടെ ഞാൻ അതൊക്കെ തിന്നു. ഇതിനിടയിൽ വല്യമ്മച്ചി എന്തൊക്കയോ ചോദിച്ചൂകൊണ്ടിരുന്നു. ഞാനെന്തൊക്കെയോ പറഞ്ഞുകൊണ്ടുമിരുന്നൂ. ഇതിനിടയിൽ വല്യമ്മച്ചി അത്താഴവും വിളമ്പി. കാപ്പിയും അരിയുണ്ടയും നേന്ത്രക്കാ വറുത്തതും തിന്നതിനാൽ കുഞ്ഞു വയറിന് അത്താഴം പൂർണ്ണമാക്കാൻ കഴിഞ്ഞില്ല.

എനിക്കുറക്കവും വന്നു തുടങ്ങി. വല്യമ്മച്ചിയുടെ കട്ടിലിൽ തന്നെ ഞാൻ കയറിക്കിടന്നു. കുഴമ്പിന്റ്റെയും തൈലത്തിന്റ്റെ ഗന്ധമുള്ള കട്ടിൽ. ഞാൻ പാതിയുറക്കം ആയപ്പോഴേക്കും പുറത്ത് ഒരു കാറു വന്നു നിന്നപോലെ. നിദ്രക്കിടയിൽ സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും ‘ലെയറു’കളായി ആരോ ‘മെർജ്ജ്’ ചെയ്യുന്ന പോലെ തോന്നിച്ചു. അച്ഛന്റ്റെയും വല്യമ്മച്ചിയുടെയും അടക്കിയ സംസാരങ്ങൾ മുറിഞ്ഞു മുറിഞ്ഞു അവ്യക്തമാവൂന്നു.
ഒന്നു മാത്രം കേട്ടു… വല്യമ്മച്ചിയുടെ സ്വരം… “ടാ… ഇന്ന് ഇവനിവിടെ കിടക്കട്ടെ… മരുന്നൊക്കെ ഞാൻ കൊടുത്തോളാം… നീ പോ”.

പുറത്ത് അംബാസിഡർ കാറിന്റെ രണ്ടു ഡോറുകൾ അടയുന്ന മുഴക്കം വളരെ ‘നാനൊ’ ആയി ചെവിയിൽ വന്നു വീണു. മൂന്നാമത്തെ ഡോർ ശബ്ദമില്ല… അമ്മ വന്നില്ലെന്നു അവ്യകതമായി മനസ്സിലേക്ക് വന്നു. പിന്നെ ഉറക്കത്തിന്റ്റെ പൂരമായിരുന്നു. കോഴിക്കാലാ വയലിലെ വെളുത്ത ചെറിയ ശലഭങ്ങൾ എനിക്ക് ചുറ്റും പറന്നു നടക്കുന്നു. കല്ലുതൂക്കി തുമ്പികൾ എവിടെനിന്നോ കൂട്ടമായി വന്ന് എന്നെ കമ്പിക്കാലുകളിൽ തൂക്കി മാനത്തു പറക്കുകയാണ്. മാനം നിറയെ നെല്ലിന്റെ മണമാണ്. താഴെ മുഴുവൻ നെൽവയലുകളാണ്.

ഇത് എഴുതി തീരുമ്പോഴേക്കും പാതിരാവു കഴിഞ്ഞിരിക്കുന്നു. ഞാൻ ചുവരിലെ വല്യമ്മച്ചിയുടെ ചിത്രത്തിലേക്ക് നോക്കി. ചിരിക്കുമ്പോഴും ഗൗരവം നിറയുന്ന വല്യമ്മച്ചി. തൈലത്തിന്റ്റെയും കുഴമ്പിന്റ്റയും ഗന്ധം മുറിയിൽ പരക്കുകയാണ്… എന്റെ നാവിൽ ഏലക്കായും ചുക്കുമെരിയുന്ന അരിയുണ്ടയുടെയും ചൂടു കാപ്പിയുടെയും രുചി പടരുന്നു… ക്ളോക്കിൽ രാത്രിയുടെ പതിമൂന്നാം മണിയുമടിച്ചു. ഈ രാത്രി ഗന്ധങ്ങളുടെ… ഓർമ്മകളുടെ… ഉയിർത്തെഴുന്നേൽപ്പാണ്. പേരമരത്തിന്റ്റെ സൗരഭ്യം… പുല്ലാഞ്ഞി കാടുകളുടെ ഗന്ധങ്ങൾ… കോഴിക്കാലാ വയലിലെ നെല്ലോലകളുടെ പച്ചമണങ്ങൾ… വെളുത്ത ശലഭങ്ങൾ നുകർന്ന പുന്തേനുകളുടെ പേരറിയാത്ത ഉന്മാദഗന്ധങ്ങൾ. എല്ലാം പതിറ്റാണ്ടുകൾക്ക് ഇപ്പുറം എനിക്ക് ചുറ്റും നിറയുകയാണ്.

വിവരണം – ദയാല്‍ കരുണാകരന്‍ , ചിത്രങ്ങള്‍ – സുനില്‍ പൂക്കോട് & Various Artists.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply