സിഎന്‍ജി ബസിൽ പോയത് 33 ലക്ഷം, പാഠം പഠിക്കാതെ കെഎസ്ആർടിസി

പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി സിഎൻജി ബസുകൾ സ്വന്തമാക്കാൻ പദ്ധതിയിട്ടത്. രാജ്യ തലസ്ഥാനത്തെ സിഎൻജി ബസുകളുടെ ചുവടുപിടിച്ചായിരുന്നു കേരളത്തിലും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ബസുകൾ ഓടിക്കാൻ കെഎസ്ആർടിസി പദ്ധതിയിട്ടത്. എന്നാൽ പരിക്ഷണയോട്ടത്തിന് വാങ്ങിയ ബസുതന്നെ കട്ടപ്പുറത്ത്. എകദേശം 33 ലക്ഷം രൂപ മുടക്കി കെഎസ്ആർടിസി വാങ്ങിയ ബസാണ് റോഡിലിറക്കാനാകാതെ നശിക്കുന്നത്.

കയറ്റവും ഇറക്കവും കുന്നും മലകളും നിറഞ്ഞ കേരളത്തിന്റെ സാഹചര്യങ്ങൾക്ക് സിഎന്‍ജി ബസുകള്‍ വാങ്ങുന്നതു ബാധ്യതയാകുമെന്നു കെഎസ്ആര്‍ടിസി യൂണിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വകവെയ്ക്കാതെ വാങ്ങിയ ബസ് പരീക്ഷണത്തിനിടയില്‍ ചെറിയ കയറ്റം കയറാന്‍പോലും കഴിയാതെ പരാജയപ്പെട്ടു. കൂടാതെ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലകളില്‍ ബസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ധനവിലയില്‍ അടിക്കടിവരുന്ന മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലേക്ക് തള്ളിവിടുമെന്നുമായിരുന്നു യൂണിയനുകള്‍ അഭിപ്രായപ്പെട്ടത്.

സിഎൻജി ഇന്ധനമാക്കുന്ന 1000 ബസുകള്‍ വാങ്ങാനായിരുന്നു ആലോചന. 2016-17 വര്‍ഷത്തെ ബജറ്റില്‍ 1000 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് 300 കോടിരൂപ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) വഴി വായ്പയായി നല്‍കാനായിരുന്നു തീരുമാനം. ആദ്യവര്‍ഷത്തേക്കായി 50 കോടിരൂപയും വകയിരുത്തി. ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജ് ഇതു സംബന്ധിച്ച പ്രാഥമിക പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സിഎന്‍ജിയിലേക്ക് മാറിയാല്‍ കെഎസ്ആര്‍ടിസിയുടെ ഇന്ധനചെലവ് കുറയ്ക്കാന്‍ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സിഎന്‍ജി ബസുകളുടെ ഉപയോഗക്ഷമത പരീക്ഷിക്കുന്നതിനായി ബസ് വാങ്ങിയത്.

സിഎന്‍ജി കൊച്ചിയില്‍ ലഭ്യമാണെങ്കിലും വാഹനങ്ങളിലേക്ക് ഇന്ധനം നിറയ്ക്കാനുള്ള ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ കേരളത്തിലില്ല. കൊച്ചിയില്‍ സിഎന്‍ജി ഇന്ധനം വിതരണം ചെയ്യുന്നതിന് അവകാശം ലഭിച്ച ഐഒസിയുമായി ചര്‍ച്ച നടത്തി കെഎസ്ആര്‍ടിസിയുടെ ആലുവ, തേവര, തിരുവനന്തപുരം ആനയറ, കൊല്ലം, കണ്ണൂർ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണു പദ്ധതി തയാറാക്കിയത്.

Source – http://www.manoramaonline.com/fasttrack/auto-news/2017/12/06/ksrtc-cng-bus.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply