St: ജോർജ്ജ് മോട്ടോർസ്; ഈരാറ്റുപേട്ടക്കാരുടെ സ്വന്തം ജോർജ്ജ് അച്ചായൻ

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ ഈരാറ്റുപേട്ട, പാലാ മേഖലയിലെ ഒരു പ്രധാനപ്പെട്ട സ്വകാര്യബസ് ഓപ്പറേറ്ററാണ് സെന്റ് ജോർജ്ജ് മോട്ടോർസ്. ഇന്നും വിജയകരമായി സർവ്വീസ് തുടരുന്ന സെന്റ് ജോർജ്ജ് മോട്ടോഴ്സിന്റെ ചരിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

1983 ൽ ജോസഫ് തോമസ്‌ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ എന്ന വ്യക്തി ആരംഭിച്ചതാണ് സെന്റ് ജോർജ്ജ് മോട്ടോർസ്. വെള്ളികുളം എന്ന മലയോര മേഖലയിലെ യാത്രക്കാർക്ക് അവരുടെ അടുത്തുള്ള ചെറിയ ടൗണായ ഈരാറ്റുപേട്ടയിലേക്കും പാലായിലേക്കും യാത്ര എളുപ്പമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സെന്റ് ജോർജ്ജ് മോട്ടോർസ് സർവീസ് ആരംഭിച്ചത്.

ഈരാറ്റുപേട്ടയുടെ ചരിത്രത്തിനോട് ഇഴുകിച്ചേർന്ന് കിടക്കുന്ന പാരമ്പര്യമുള്ള ഒരു വിശുദ്ധൻ എന്നു വേണമെങ്കിൽ സെന്റ് ജോർജ്ജ് മോട്ടോഴ്സിനെ വിശേഷിപ്പിക്കാം. ഈരാറ്റുപേട്ടക്കാർ ജോർജ്ജ് അച്ചായൻ എന്നാണത്രെ സെന്റ് ജോർജ്ജ് മോട്ടോഴ്സിനെ ഓമനിച്ചു വിളിച്ചിരുന്നത്.

പച്ചപുതച്ച മലയോര മേഖലയിൽ നിന്നും പട്ടണപ്രദേശങ്ങളിലേക്ക് സൈന്റ്‌ ജോർജ് മോട്ടോർസ് ബസുകൾ സർവീസ് നടത്തിപ്പോന്നു.
വാഗമൺ, തീക്കോയി തുടങ്ങിയ മലയോരമേഖലയിലുള്ളവരുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു സെന്റ് ജോർജ്ജ് മോട്ടോർസ് എന്ന അവരുടെ ജോർജ്ജ് അച്ചായൻ. വാഗമൺ – ഈരാറ്റുപേട്ട -പാലാ, ഉപ്പുതറ – പാലാ, ഏലപ്പാറ – പാലാ, ഏലപ്പാറ – കോട്ടയം, പുള്ളിക്കാനം – കോട്ടയം തുടങ്ങിയ റൂട്ടുകളിൽ സൈന്റ്‌ ജോർജ് മോട്ടോർസ് തങ്ങളുടെ ആധിപത്യം നിലനിർത്തിപ്പോന്നു.

1991 ലാണ് സൈന്റ്‌ ജോർജ് മോട്ടോർസ് എറണാകുളത്തേക്ക് സർവീസ് ആരംഭിക്കുന്നത്. തീക്കോയി – തിരൂർ ലിമിറ്റഡ് സ്റ്റോപ്പ് ആയിരുന്നു ആദ്യത്തെ എറണാകുളം വഴിയുള്ള സർവീസ്. പിന്നീട് അതു തീക്കോയി – എറണാകുളം ഫാസ്റ്റ് പാസഞ്ചർ ആയി മാറുകയായിരുന്നു.

ആനക്കമ്പക്കാർക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ഈരാറ്റുപേട്ട അയ്യപ്പനും വണ്ടിക്കമ്പക്കാർക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന സെന്റ് ജോർജ്ജ് മോട്ടോർസും ഒരേ തറവാട്ടിൽ നിന്നുള്ളവരാണ് എന്നതും കൗതുകമുണർത്തുന്ന ഒരു കാര്യമാണ്.

ഇരുണ്ട ചാരക്കളറും, സിൽവറും ചേർന്ന ലിവെറിയായിരുന്നു സെന്റ് ജോർജ്ജ് മോട്ടോർസ് ബസ്സുകളുടെ മുഖമുദ്ര. പിന്നീട് കേരളത്തിലെ സ്വകാര്യ ബസ്സുകൾക്ക് കളർകോഡ് നിലവിൽ വന്നപ്പോൾ സെന്റ് ജോർജ്ജ് മോട്ടോർസും തങ്ങളുടെ പ്രതാപമുണർത്തുന്ന ആ പഴയ ലിവെറി ഉപേക്ഷിക്കുകയായിരുന്നു.

പിൽക്കാലത്ത് ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവ്വീസ് തുടങ്ങിയതോടെ, മറ്റു ഓപ്പറേറ്റർമാരെപ്പോലെ സെന്റ് ജോർജ്ജ് മോട്ടോർസും തങ്ങളുടെ സർവ്വീസുകൾ വെട്ടിച്ചുരുക്കുവാൻ തുടങ്ങി. ഇതിനിടെ 2015 കാലഘട്ടത്തിൽ സെന്റ് ജോർജ്ജ് കോട്ടയത്തെ മറ്റൊരു പ്രധാന ഓപ്പറേറ്ററായ കൊണ്ടോടി മോട്ടോഴ്‌സുമായി ചേർന്ന് Kyros എന്ന പേരിൽ പുതിയ സർവ്വീസ് ആരംഭിക്കുകയുണ്ടായി.

നിലവിൽ തീക്കോയി – എറണാകുളം, പമ്പാവാലി – എറണാകുളം, മുണ്ടക്കയം – എറണാകുളം, ഏലപ്പാറ – എറണാകുളം, പൂഞ്ഞാർ – എറണാകുളം, കാഞ്ഞിരപ്പിള്ളി – എറണാകുളം തുടങ്ങിയ റൂട്ടുകളിലാണ് സെന്റ് ജോർജ്ജ് മോട്ടോർസ് ബസ്സുകൾ സർവ്വീസ് നടത്തുന്നത്.

കോട്ടയം ജില്ലയിലെ ആദ്യത്തെ സി.എന്‍.ജി. ദീര്‍ഘദൂര സര്‍വീസുമായി മുന്നോട്ടു വന്നത് സെന്റ് ജോർജ്ജ് മോട്ടോഴ്‌സ് തന്നെയാണ്. മുണ്ടക്കയം – എറണാകുളം റൂട്ടിലാണ് ഈ പരീക്ഷണം കൊണ്ടുവന്നത്.

38 വർഷവും പിന്നിട്ട്, പുതിയ കളർകോഡ് കുപ്പായവുമണിഞ്ഞുകൊണ്ട് ഇന്നും ജനമനസ്സുകളിൽ ഇടംനേടികൊണ്ട് ഈരാറ്റുപേട്ടക്കാരുടെ ജോർജ്ജ് അച്ചായൻ സർവ്വീസ് തുടർന്നു പോകുന്നു.

Check Also

ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ. കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം …

Leave a Reply