നീലക്കൊടുവേലിയും തേടി ഒരു ഇല്ലിക്കല്‍ക്കല്ല് യാത്ര…

മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന – മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന – ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള – കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന ‘നീലക്കൊടുവേലി’യെ കുറിച്ചാണ് ഞാൻ പറയുന്നത്.

ഈശ്വരന്റെ ‘കാക്ക’ എന്നറിയപ്പെടുന്ന പക്ഷി ചെമ്പോത്ത് അഥവാ ചകോരം കൂടുവെക്കുന്നതും ഈ നീലക്കോടുവേലിയുടെ വേരുകൊണ്ടാണത്രേ. പക്ഷെ, മാമലകൾക്ക് മുകളിൽ കൂട് കൂട്ടുന്ന ചെമ്പോത്തിന്റെ കൂടു കണ്ടെത്താൻ മനുഷ്യർക്ക് കഴിയാറില്ല.

എങ്കിലും,, ചെമ്പോത്ത് കൂടുവെച്ചിട്ടുണ്ടെന്നും അവിടെ നീലക്കൊടുവേലി പൂത്തു നിൽക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ഒരു കൊടുമുടിയുണ്ട് ഇങ്ങ് കേരളത്തിൽ. നോക്കിയാൽ അങ്ങുദൂരെ അറബിക്കടൽ കാണുമെന്ന് പറയപ്പെടുന്ന – താഴെ മീനച്ചിലാറിലേക്ക് തന്റെ കണ്ണുനീർ ഒഴുക്കിക്കളയുന്ന – സമുദ്ര നിരപ്പിൽ നിന്നും 6000 – ത്തിലധികം അടി ഉയരത്തിൽ നിൽക്കുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള ലോകത്തിലെ ഒരേ ഒരു കൊടുമുടി. ഒരു വശത്ത് വാഗമൺ മൊട്ടക്കുന്നുകളും മറുവശത്ത് ‘ഇല വീഴാ പൂഞ്ചിറ’യും പിന്നെ മൂടൽ മഞ്ഞിൽ പൊതിഞ്ഞ ഇല്ലിക്കൽ കല്ല് എന്ന സ്വർഗ്ഗവും.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കടുത്ത് ‘ഇല്ലിക്കൽ കല്ല്’ എന്ന ആ കൊടുമുടിയുടെ നെറുകയിൽ സർപ്പത്തിന്റാകൃതിയിൽ തല ഉയർത്തി നിൽക്കുന്ന ‘കൂടക്കല്ല്’ കാണാനും കഴിയുമെങ്കിൽ നീലക്കൊടുവേലി സ്വന്തമാക്കാനുമുള്ള ഞങ്ങളുടെ യാത്രയായിരുന്നു ഇന്നലെ..

ഇല്ലിക്കൽ കല്ലിന് താഴെ ഒരാൾക്ക് മാത്രം നടക്കാൻ കഴിയുന്ന വരമ്പുപോലെ ഒരു പാതയുണ്ട്. അതാണ്‌ നരകപ്പാലം. ആ നരകപ്പാലവും കടന്ന് ഇല്ലിക്കൽ കല്ലിന് തൊട്ട് താഴെ എത്തണം. അവിടുന്ന് വീണ്ടും അരികിലൂടെ മുകളിലേക്ക് ഇഴഞ്ഞു കയറിയാൽ ഒരു ഗുഹാ കവാടം കാണാം. ആ ഗുഹക്കുള്ളിലേക്ക് നുഴഞ്ഞു കയറിയും നടന്നും ഇരുന്നും പിന്നെയും മുകളിലേക്ക് ഊർന്നിറങ്ങിയും വേണം കൂടക്കല്ലിലെത്താൻ.

പക്ഷേ ആദ്യം നരകപ്പാലത്തിലേക്ക് കാലെടുത്ത് വെച്ചാൽതന്നെ കാറ്റ് നമ്മളെ തട്ടിത്താഴെയിടും. ഒരടി പോലും നടക്കാൻ പാടാണ്. ആറായിരത്തോളം അടി ഉയരത്തിലുള്ള ആ വരമ്പിൽ വെച്ച് ഒരു നനുത്ത കാറ്റ് മതിയില്ലേ, പിടിക്കാൻ ഒരിലപോലുമില്ലാത്ത രണ്ടു വശവും അഗാധമായ കൊക്കയിലേക്ക് നമ്മളെ കൊണ്ടുപോകാൻ. വീണാൽ താഴെ എത്തുമ്പോഴേക്കും ശരീരം അടിച്ചു കൂട്ടിയെടുക്കാം…

എല്ലാം കൂടി പാഴ്ശ്രമമാകുമെന്ന് അറിഞ്ഞപ്പോൾ, ഒരിക്കലും നടക്കാത്ത കാര്യമെന്നോർത്തപ്പോൾ, നീലക്കൊടുവേലി കിട്ടിയില്ലെങ്കിലും വേണ്ട ഉള്ള കാലം ഉള്ളതുപോലെ ജീവിക്കാൻ ആഗ്രഹമായി. ഒടുവിൽ, സേഫ് സോണിൽ നിന്നുകൊണ്ട് ആസ്വദിച്ചുകൊണ്ട് ഞങ്ങളാ നിഗൂഢമായ അതേ സമയം സ്വർഗ്ഗതുല്ല്യമായ താഴ്വാരം മുഴുവൻ നോക്കിക്കണ്ടു. നോക്കെത്താ ദൂരമോളമുള്ള കുന്നും മലകളും കാടും മേടും അതിങ്ങനെ തന്നെ നോക്കിക്കാണുന്നതാണ് ഭംഗി, അങ്ങിനെ ആസ്വദിക്കുന്നതും അനുഭവിക്കുന്നതും തന്നെയാണ് സന്തോഷം, സമാധാനം. കാരണം യാത്രകൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ലല്ലോ, ഇതുപോലുള്ള എത്രയോ മനോഹര കാഴ്ച്ചകളും.

ഇല്ലിക്കൽ കല്ലിനെക്കുറിച്ച് : കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. മീനച്ചിലാറിന്റെ തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. കൊടൈകനാലിലെ “പില്ലർ റോക്ക്സിനോട്” ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്.പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്ക് പുതിയ ഒരു വഴി നിർമ്മിച്ചിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് വലിയ ആയാസം കൂടാതെ ഇനി ഇല്ലികൽ കല്ലിലെത്താം. വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ ഇതിനോട് ചേർന്നു കിടക്കുന്നു. കൊടുമുടിയുടെ മുകളിൽ നിന്നും അറബിക്കടലും അവിടുത്തെ ഉദയം/അസ്തമയവും കാണാൻ കഴിയും. തലനാട് വഴിയും അയ്യമ്പാറ വഴിയും ഇല്ലിക്കൽകല്ലിലെത്താം.

റൂട്ട് : എറണാകുളം – മൂവാറ്റുപുഴ – തൊടുപുഴ – ഈരാറ്റുപേട്ട – തീക്കോയി – ഇല്ലിക്കൽ കല്ല്.

വിവരണവും ചിത്രങ്ങളും : Danish Riyas (www.facebook.com/TravelBookOfficial).

Check Also

മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജയുടെ വിശേഷങ്ങൾ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ …

Leave a Reply