“ബസ്സിലുള്ളോരേ ഇറക്കിവിട്ടാ ജി.എസ്.ടി. പോവ്വോ?”

കണ്ണൂർ: ഹർത്താൽ അടിച്ചേൽപ്പിക്കാനിറങ്ങിയവരോട് യാത്രക്കാരിയായ ഒരു വീട്ടമ്മയുടെ ചേദ്യമായിരുന്നു ഇത്.
ആസ്പത്രിയിൽ പോകുന്നവരെ ഇറക്കിവിട്ടാ ജി.എസ്.ടി. പോവ്വോ… പെട്രോൾവില കുറയോ..? കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ ഇറക്കിവിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച 11 മണിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു സംഭവം. ബസ് തടഞ്ഞ പ്രവർത്തകർ ഡ്രൈവറെ പിടിച്ചിറക്കി. താക്കോൽ ഊരിമാറ്റി. യാത്രക്കാരോടും ഇറങ്ങാൻ പറഞ്ഞു. പുറത്തിറങ്ങിയ യാത്രക്കാരാണ് ഗതിമുട്ടി ക്ഷോഭിച്ചത്.

“ഒരുദിവസത്തെ സമരംകൊണ്ട് നിങ്ങൾ എന്ത് നേടി. ജി.എസ്.ടി.യും പെട്രോൾവില വർധനയും പിൻവലിക്കുമോ. ഇതിന് ഏത് മുന്നണിക്കാണ് സാധിക്കുക.” -ആസ്പത്രിയിൽ കിടക്കുന്ന അച്ഛന്റെ അരികിലേക്ക് പോകുകയാണെന്നുപറഞ്ഞ ഒരു യാത്രക്കാരന്റെ പ്രതികരണമായിരുന്നു ഇത്.

ഇതോടെ അടുത്തുണ്ടായിരുന്ന ഒരു സ്ത്രീ ശാപവാക്കോടെ വിളിച്ചുപറഞ്ഞു. ‘‘ഒരുതുള്ളി വെള്ളംപോലും കിട്ടിയിട്ടില്ല. എന്നിട്ടും ഈ ക്രൂരത നിങ്ങൾ കാണിക്കുന്നത് എന്തിനാണ്. സാധാരണക്കാരായ ഞങ്ങളെ ദ്രോഹിക്കുന്ന നിങ്ങൾ ഒരുകാലത്തും ഗതിപിടിക്കില്ല. ഇടിത്തീ വീഴും.’’ അവർ പറഞ്ഞു.

‘‘എന്തൊരു സർക്കാരാണിത്. ഞങ്ങൾക്ക് സംരക്ഷണംനൽകാൻ ഒരു പോലീസുകാരനും ഇവിടെയില്ലേ? യാത്രക്കാരുടെ ബഹളം കനത്തപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ സ്ഥലത്തെത്തി. ഡ്രൈവർക്ക് താക്കോൽ വാങ്ങിക്കൊടുത്ത് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടു. യാത്രക്കാരെമുഴുവൻ തിരികെ കയറ്റി പോകാൻ അനുവദിക്കുകയുംചെയ്തു.

Source – http://www.mathrubhumi.com/kannur/news/kannur-harthal-1.2317410

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply