കാട് കണ്ട് കാട്ടാറ് കടന്ന് പിണ്ടിമേട് കുത്തിലേക്കൊരു യാത്ര…

യാത്രാവിവരണം – Lija Sunil.

വേനൽ മഴയിൽ കുതിർന്ന ഒരു മെയ്മാസപ്പുലരിയിലാണ് പൂയംകുട്ടി വനത്തിനുള്ളിലെ പിണ്ടിമേടുകുത്തിലേക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചത്. എറണാകുളം ജില്ലയിലെ ഈ വെള്ളച്ചാട്ടം പുറം ലോകമറിയാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കോതമംഗലം – തട്ടേക്കാട് – കുട്ടമ്പുഴ വഴിയാണ് പൂയംകുട്ടിയിലേക്ക് എത്തിച്ചേരാനാവുക. എറണാകുളത്തു നിന്നും പൂയംകുട്ടിയിലേക്ക് 84 കി.മി.യാണ് ദൂരം. സഞ്ചാരവഴിയിൽ പലപ്പോഴും പെരിയാറും കുട്ടമ്പുഴയാറും പൂയംകുട്ടിയാറും നമ്മുടെ സഹയാത്രികരാവും. ഈ മൂന്നാറുകളും ഇടമലയാറും കൂട്ടിക്കൽ എന്ന സ്ഥലത്താണ് ഒത്തുചേരുന്നത്. വേനലിൽ വരണ്ടുകിടന്ന ‘തട്ടേക്കാടു‘കൾ വേനൽമഴയിൽ പച്ചപ്പ് തിരിച്ചു പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. കുട്ടമ്പുഴ പിന്നിട്ട് നിരവധി വളവുകളുള്ള റോഡിലൂടെ യാത്ര പുരോഗമിച്ചു. മുളചങ്ങാടത്തിൽ കാട്ടാറിലൂടെ ഒരു യാത്ര വേണമെങ്കിൽ ‘കല്ലേരിമേട്ടി’ൽ ഇറങ്ങാം. കാട്ടുമരങ്ങൾ നിഴൽ വിരിക്കുന്ന പൂയംകുട്ടിപ്പുഴയിലൂടെ വള്ളിപ്പടർപ്പുകൾ പന്തൽകെട്ടുന്ന തീരങ്ങൾ കണ്ടൊരു യാത്ര. വ്യത്യസ്ഥ അനുഭവമായിരിക്കുമത്.

ഏകദേശം ഒരുമണിയോടെ ഞങ്ങൾ പുയംകുട്ടിയിൽ എത്തിചേർന്നു. ഭർത്താവിൻറ്റെ സുഹ്യത്ത് ഞങ്ങൾക്ക് ഒരു സഹായിയെ ഏർപ്പാടാക്കിയിരുന്നു. കാട്ടിൽ ഈറ്റ വെട്ടുന്ന ടോമിച്ചേട്ടൻ. ഞങ്ങളെ കാത്തുനിൽക്കുകയായിരുന്നു അദ്ധേഹം. പിണ്ടിമേടുകുത്തിലേക്ക് കൊണ്ടുപോവാമെന്നേറ്റിട്ടുണ്ടെങ്കിലും കുട്ടമ്പുഴ വനംവകുപ്പ് റേഞ്ച് ഓഫീസറുടെ അനുമതിവേണം. നടന്നുപോകാൻ പ്രെത്യേക അനുമതിയുടെ ആവശ്യമില്ല. പക്ഷെ വണ്ടികൊണ്ടുപോകണമെങ്കിൽ അനുമതികൂടിയേതീരൂ. 3 വയസ്സുള്ളകുഞ്ഞിനേയും കൊണ്ട് കൊടുംകാട്ടിലൂടെ 8 കി.മി. നടന്ന്പോകുന്നത് അത്ര സുരക്ഷിതമായിതോന്നിയില്ല. അനുമതിക്കുവേണ്ടി ആദ്യം, പൂയംകുട്ടിയിൽ എത്തുന്നതിന് 5,6 കി.മി. മുമ്പുള്ള സബ് ഓഫീസിൽ ചെന്നു. അവിടെ ഓഫീസർ ഇല്ലാത്തതുകൊണ്ട് കുട്ടമ്പുഴയിലെ ഓഫീസിലേക്ക്… മനസില്ലാമനസ്സോടെ അദ്ദേഹം അനുമതി തന്നു. ‘ഇനി ആരെയും കൂട്ടികൊണ്ടുവരേണ്ടാട്ടോ….’ എന്ന് പാതി തമാശയായും പാതി കാര്യമായും ഒരു അറിയിപ്പും.

പിന്നെയാണ് അദ്ദേഹം കാര്യം തുറന്നുപറഞ്ഞത്. കാട്ടിൽ ഉപേക്ഷിച്ച നിലയിൽ സ്ത്രീകളുടെ മ്യതശരീരങ്ങൾ പലപ്പോഴായി കണ്ടെടുത്തു. വണ്ടിയുമായി കാട്ടിൽ‌പ്പോയ ചില സാമൂഹ്യദ്രോഹികളായിരുന്നു അതിനുപിന്നിൽ. അതോടുകൂടി പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് അനുവാദം കൊടുക്കാതെയായി. ഞങ്ങൾ തിരികെ പൂയംകുട്ടിക്ക് തിരിച്ചു. റോഡിൻറ്റെ വലതുഭാഗത്ത്, രണ്ടു കടയും ഒരു ഹോട്ടലും ഒരു ചിട്ടിസ്ഥാപനവും മറുഭാഗത്ത് ചെറിയ ഗ്രൌണ്ടിനപ്പുറം പൂയംകുട്ടിപ്പുഴയും അതിനുമപ്പുറം ഇടതിങ്ങിയ കാടും……ഇതാണ് പൂയംകുട്ടി എന്ന കാനനഗ്രാമം. ഈ ഗ്രാമത്തിലും വനത്തിലുമാണ് മോഹൻലാലിൻറ്റെ ‘ശിക്കാർ‘ എന്ന സിനിമ ചിത്രീകരിച്ചത്. ചീവീടുകളുടെ സംഘഗാനമാണ് ഞങ്ങളെ വരവേറ്റത്. പൂയംകുട്ടിപ്പുഴ പാറകളിൽ തട്ടി ചിന്നിചിതറി ഒഴുകുന്നു. ഉച്ചഭക്ഷണം അവിടുത്തെഹോട്ടലിൽ നിന്നും തരപ്പെട്ടു. പൂയംകുട്ടിയിൽ നിന്നും പിണ്ടിമേട്ടിലേക്ക് പോകാൻ ബെന്നിചേട്ടൻ ജീപ്പുമാ‍യിവന്നു. പൂയംകുട്ടിക്കവലയിൽ നിന്നും ഏകദേശം 400 മീറ്റർ പിന്നിട്ടാൽ ജനവാസകേന്ദ്രങ്ങൾ തീരുകയായി. പിന്നങ്ങോട്ട് കാട് മാത്രം.……. ഇരുമ്പുദണ്ഡ്കൊണ്ടടച്ചിരുന്ന വഴി ഫോറസ്റ്റ് ഓഫീസിൽ നിന്നും തന്നുവിട്ട താക്കോലിട്ടു തുറന്നു. വണ്ടി ഉള്ളിൽ കയറിയ ശേഷം പാത വീണ്ടും അടച്ചു. നിബിഡ വനമേഖലയിലൂടെയാണ് ഇപ്പോൾ യാത്ര. 3 മണിയായിട്ടുള്ളു എങ്കിലും ആകെ ഇരുണ്ട അന്തരീക്ഷം. യാത്രാവഴിയിൽ പലപ്പോഴും ഈറ്റചെടികൾ വകഞ്ഞുമാറ്റിയാണ് ജീപ്പ് വഴികണ്ടെത്തുന്നത്. പാറയിടുക്കിൽ നിന്നും ഒഴുകിവരുന്ന നീർച്ചാലുകൾ അടിക്കാടിനുള്ളിലേവിടെയോ അപ്രത്യക്ഷമാകുന്നു. വലിയമരങ്ങളും വണ്ണമുള്ള വള്ളികളും നിറഞ്ഞ വഴി. ആര്യോഗ്യമുള്ള കാടിൻറ്റെ ലക്ഷണമാണത്.

പഴയ ആലുവ മൂന്നാർ റോഡ് വഴിയാണ് പിണ്ടിമേട്ടിലേക്കുള്ള യാത്ര. ഈ റോഡ് ഇപ്പോൾ സഞ്ചാരയോഗ്യമല്ല. പൂയംകുട്ടിയിൽനിന്ന് മാങ്കുളം വഴി മൂന്നാറിലേക്ക് ഉണ്ടായിരുന്ന പഴയ രാജപാതയിൽ പലയിടത്തും വെള്ളച്ചാട്ടങ്ങളും ആറുകളും ഉണ്ടായിരുന്നു. അതിനാ‍ൽ പാലങ്ങളും നിർമ്മിച്ചിരുന്നു. പക്ഷെ ഒരു വർഷകാലത്തുണ്ടായ ഉരുൾപ്പൊട്ടലിൽ അതെല്ലാം ഒഴുകിപോകുകയായിരുന്നു. ഇപ്പോഴുള്ള മൂന്നാർ റൂട്ടിനേക്കാൾ ഏകദേശം 25 കി.മി. ലാഭിക്കാൻ പൂയംകുട്ടി മൂന്നാർ റോഡിനുസാധിക്കുമായിരുന്നു. ചെങ്കുത്തായ കയറ്റങ്ങളും അപകടവളവുകളുമില്ലാത്ത നിരപായ ഈ റോഡ് പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും അത് തുറന്നു കൊടുക്കാൻ വനം വകുപ്പ് തയ്യാറല്ല.

ബെന്നിച്ചേട്ടനും ടോമിചേട്ടനും അവിടത്തുകാരായതുകൊണ്ട് പൂയംകുട്ടി കാടുകൾ അവർക്ക് മനഃപാoമാണ്. പിണ്ടിമേട്ടിലാണ് ക്ലൈമറ്റോളജി വകുപ്പിൻറ്റെ റീഡിങ്ങ് സാമഗ്രികൾ ഉള്ളത്. ആ റീഡിങ്ങ് എല്ലാദിവസവും രേഖപ്പെടുത്തി കോതമംഗലത്തെ ഓഫീസിൽ കൊടുക്കുന്നത് ബെന്നിച്ചേട്ടനാണ്. അതുകൊണ്ട് തന്നെ അനുമതികൂടാതെ കാട്ടിൽ ജീപ്പുമായിപ്പോകാനുള്ള അനുവാദം വനംവകുപ്പ് അദ്ധേഹത്തിനു കൊടുത്തിട്ടുണ്ട്. എങ്കിലും നടന്നുപോകാനാണ് അദ്ധേഹത്തിനിഷ്ടം. 8 കി.മി. ………..ആ വഴി നടന്നു തീർക്കാൻ ഒന്നരമണിക്കൂർ……….. ആകെ 3 മണിക്കൂർ. ധാരാളം അട്ടകൾ ഉള്ളത് കൊണ്ട് അതിനെ നിർവീര്യമാക്കാനുള്ള സാധനങ്ങളുമായി വേണം കാടു കയറുവാൻ. (ഡെറ്റോൾ – വെളിച്ചെള്ള മിശ്രിതം, ഉപ്പ്) എന്നിങ്ങനെ. ഈറ്റവെട്ടുകാർ ചന്ദ്രികസോപ്പ് നനച്ച് തേച്ചാണ് അട്ടയെ അകറ്റുന്നത്.

ഓർക്കാൻ ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ ധാരാളം അനുഭവങ്ങൾ തനിക്കിവിടെ ഉണ്ടായിട്ടുണ്ടെന്ന് ബെന്നിച്ചേട്ടൻ പറഞ്ഞു. ഒരിക്കൽ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അംഗനവാടി ടീച്ചറെയും കുട്ടികളെയും ഒറ്റയാൻ ഓടിച്ചിട്ടു. കുട്ടികൾ ഓടിമാറിയെങ്കിലും ടിച്ചർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആന മ്യതദേഹം ഒരു മരത്തിൻറ്റെ വേരിനിടയിൽ കൊണ്ടുവച്ചു. ഏറെ അന്വേഷണത്തിനുശേഷമാണ് അത് കണ്ടെടുത്തതത്രെ. നടന്നുപോകുന്ന അവസരത്തിൽ തന്നേയും പലതവണ ആന ഓടിച്ചിട്ടുണ്ടെന്ന് ബെന്നിച്ചേട്ടൻ പറഞ്ഞു. പുള്ളിപ്പുലി വട്ടംചാടിയതും കടുവ ഇരപിടിക്കുന്നതുകണ്ടതും കരടി തേനെടുക്കുന്നതുമായ മറക്കാൻ പറ്റാത്ത ഓർമ്മകളും ധാരാളം.
പാറകൾ നിറഞ്ഞ ഒരിടത്ത് ജീപ്പ് നിർത്തി. ഈ സ്ഥലം കുതിരകുത്തി എന്നാണ് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കുതിരവണ്ടിയിൽ വന്ന സായിപ്പ് കുതിരവണ്ടിയോടുകൂടെ ആഴങ്ങളിലേക്ക് വീണുപോയി. പിന്നീടാണ് പാറ പൊട്ടിച്ച് വഴി വീതികൂട്ടിയെടുത്തത്. ആടിയും കുലുങ്ങിയും വണ്ടി മുന്നോട്ട് പോയി. വെള്ളച്ചാട്ടത്തിൻറ്റെ ആരവം കേട്ടുതുടങ്ങി. അങ്ങുദൂരെ മരങ്ങൾക്കിടയിൽ എണ്ണഛായാചിത്രം പോലെ പിണ്ടിമേട് കുത്ത്……. അവിടെയെത്താൻ ഇനിയും 3,4 കി.മി. പിന്നിടണം. വഴിയുടെ ഇരുഭാഗത്തും ധാരാളം ഈറ്റകളുണ്ട്. ആനകളുടെ ഇഷ്ട് ഭക്ഷണമാണിത്. വഴിയിൽ മിക്കയിടത്തും ആനക്കൂട്ടം തമ്പടിച്ചതിൻറ്റേയും നിരങ്ങിയിറങ്ങിയതിൻറ്റെയും അടയാളം കാണാം. ഭാഗ്യമോ നിർഭാഗ്യമോ ഞങ്ങൾക്ക് ഒരാനയെപ്പോലും കാണാൻ കഴിഞ്ഞില്ല.

പിണ്ടിമേട്ടിൽ എത്തിയിരിക്കുന്നു. ബെന്നിച്ചേട്ടൻ ജീപ്പ് തിരിചിടുകയാണ്. ഇനികുറച്ച് നടക്കാനുണ്ട്. കരിങ്കല്ലിൽ കെട്ടിയുയർത്തിയ ഒരു കെട്ടിടത്തിന് മുന്നിലൂടെയാണ് താഴേക്കുള്ള വഴി. ഈ കെട്ടിടം വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ ഉപയോഗിച്ചതാണ്. അത് എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് ക്യത്യമായ വിവരങ്ങളില്ല. ഒരു ഫാക്ടറിയോ ഓഫീസോ മറ്റോ ആയിരുന്നു. പിന്നീട് വൈദ്യുതിബോർഡിൻറ്റെ ഓഫീസായും ആ കെട്ടിടം പ്രവർത്തിച്ചു. വർഷങ്ങൾക്ക് മുൻപ് വിഭാവനം ചെയ്ത പൂയംകുട്ടി ജലവൈദ്യുത പദ്ധതി ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സുഗതകുമാരിടീച്ചർ അടക്കമുള്ള പരിസ്ഥിതി സ്നേഹികളുടെ സന്ധിയില്ലാസമരത്തിലൂടെ ആ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോൾ ഈ കെട്ടിടം കാടുകയറിത്തുടങ്ങിയെങ്കിലും ചുറ്റും കമ്പിവേലിയുള്ളതുകൊണ്ട് കാര്യമായ പരിക്കുകളില്ലാതെ നിലനിൽക്കുന്നു. കെട്ടിടത്തിനു പിന്നിലായി ക്ലൈമറ്റോളജി വകുപ്പിൻറ്റെ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നു. കിളികളുടെയും ചീവീടുകളുടെയും വെള്ളചാട്ടതിൻറ്റെയും ശബ്ദവും വീശിയടിക്കുന്ന കുളിരുള്ള കാറ്റും കാടുനുനടുവിലെ ആ കെട്ടിടത്തിനു പേടിപ്പെടുത്തുന്ന അന്തരീക്ഷം നൽകി. അതിനെചുറ്റിപറ്റിയുള്ള കഥകളും കൌതുകം നിറയ്ക്കുന്നതായിരുന്നു.

ഉരുളൻ കല്ലുകൾക്കും ജീർണ്ണിച്ച ഇലകൾക്കുമുകളിലൂടെയുമാണ് നടത്തം. പലപ്പോഴും മുൾച്ചെടികൾ ഉടുപ്പിൽ പിടിച്ചു വലിക്കും. അവയുടെ പിടിവിട്ടുപ്പോരുക എന്നത് ശ്രമകരമായിരുന്നു. അട്ടകൾ തലപൊക്കാൻ തുടങ്ങി. എൻറ്റെ കാലിൽ കയറിയ അട്ടയെ ചോരകുടിക്കുന്നതിനു മുന്നേതന്നെ ബെന്നിച്ചേട്ടൻ കൈകൊണ്ടെടുത്തു കളഞ്ഞു. പിന്നീടുള്ള നടത്തം ശ്രദ്ധിച്ചായി. വിസ്ത്യതമാർന്ന പാറപ്പുറത്തേകാണ് നടന്നു കയറുന്നത്. വെള്ളമൊഴുകി മിനുസമാർന്ന പാറകൾ. പലയിടത്തും നല്ല തെന്നലുണ്ട്. വീഴാതിരിക്കാൻ പെടാപ്പാടുപെടേണ്ടിവന്നു. വെള്ളംകുത്തി വീണ് ചിലയിടങ്ങളിൽ ആഴത്തിലുള്ള ഗർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ വീണുപോയാൽ രക്ഷപ്പെടുന്നകാര്യം സംശയമാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന ഇത്തരം ഗർത്തങ്ങൾക്ക് 80 അടിയിൽ കൂടുതൽ ആഴമുണ്ട്.
പൂയംകുട്ടിപ്പുഴ പാറകളിലൂടെ വാശിയോടെ പായുന്ന കാഴ്ച…… കരിം പാറകെട്ടുകളും വന്മരങ്ങളും ഈറ്റക്കാടുകളും പിണ്ടിമേടുകുത്തിന് ചന്തം ചാർത്തുന്നു.

ഏതാണ്ട് 500 അടി മുകളിൽ നിന്നുള്ള ഈ വെള്ളചാട്ടത്തിനരികിൽ നിൽക്കുമ്പോൾ ജലകണങ്ങൾ നമ്മെ ആകെ നനയ്ക്കും. വർഷകാലത്ത്…; നടന്നുവന്ന പാറകെട്ടുകളെല്ലാം വെള്ളത്തിനടിയിലാവും. അപ്പോഴുള്ള ജലപ്രവാഹത്തിൻറ്റെ ആരവം കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും കേൾക്കാനാവും. ഒരു വർഷകാലത്ത് 7 ആനകളാണ് പിണ്ടിമേടുകുത്തിൽ ഒഴുകിപ്പോയത്. വേനൽക്കാലതെന്നപോലെ പുഴമുറിച്ചുകടക്കാൻ തുടങ്ങിയതായിരുന്നു അവ. ഉച്ചകഴിഞ്ഞാൽ ആനകൾ കൂട്ടമായി പുഴയിൽ കേളികൾ തുടങ്ങും. അതിൻറ്റെ അടയാളങ്ങൾ ടോമിച്ചേട്ടൻ കാണിച്ചുതന്നു. അധികം പഴക്കമില്ലാത്ത ആനപിണ്ടങ്ങൾ. മഴപെയ്യാൻ തുടങ്ങിയതോടെ ഞങ്ങൾ തിരികെ നടക്കാൻ തുടങ്ങി. തെന്നുന്ന പാറകെട്ടുകൾ വിട്ട് കാട്ടിലൂടെയായിരുന്നു മടക്കം. കാട്ടിൽ പലയിടത്തും എന്തിനോ വേണ്ടി കുറ്റൻ കമ്പികൾ ഉപയോഗിച്ച് ഫൌണ്ടേഷൻ തീ‍ർത്തിരിക്കുന്നത് കണ്ടു. എന്തു കാരണം കൊണ്ടാണെങ്കിലും ആ നിർമ്മാണപ്രവർത്തനങ്ങൾ നിന്നു പോയത് നന്നായെന്നുതോന്നി. ഈ പ്രക്യതി ഇങ്ങനെ തന്നെ നിലനിൽക്കുമല്ലോ……! ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കാനിടവരുത്തിയ പരിസ്ഥിതിസ്നേഹികൾക്ക് നന്ദി……..

ഒന്നര കി.മി. മുകളിലേക്ക് പോയാൽ ജലവൈദ്യുതപദ്ധതിക്കുവേണ്ടി ഉണ്ടാക്കിയ തുരങ്കം കാണാൻ കഴിയും. പിന്നേയും മുന്നോട്ടുപോയാൽ തകർന്ന പാലങ്ങളുടെ അവശിഷ്ടങ്ങളും. സന്ധ്യമയങ്ങിതുടങ്ങിയതുകൊണ്ട് ഞങ്ങൾ മുന്നോട്ട് പോയില്ല. പിണ്ടിമേടിനെ പിന്നിലാക്കി ജീപ്പ് പൂയംകുട്ടി ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു. മഴ പെയ്ത് തുടങ്ങി. വീശിയടിക്കുന്ന കാറ്റിൽ…… ന്യത്തം വയ്ക്കുന്ന ഇലചാർത്തുകളിൽ, മഴത്തുള്ളികൾ ചിതറിത്തെറിക്കുന്നു. മണ്ണിൽ വിണ നീർത്തുള്ളികൾ നിരവധിചാലുകൾ തീർത്ത് പുഴയിലേക്ക് ഒഴുകിയിറങ്ങി. മഴകാണാനും നനയാനും കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല. കാഴ്ചകൾ കാണാൻ സൈഡ് സീറ്റിൽ ഇരിക്കുന്ന ശീലം പണ്ടേയുള്ളത് കൊണ്ട് മഴ നനയാൻ അതൊരു സൌകര്യമായി. മഴയുടെ സംഗീതവും തണുത്തകാറ്റും മണ്ണിൻ മണവും ഏതോലോകത്തെക്ക് കൂട്ടികൊണ്ടുപോയി. കാട്ടിലെ മഴ…….അതൊരു അനുഭവമാണ്………

പൂയംകുട്ടിക്കവലയിൽ നിന്നും താഴേക്കുള്ള വഴിയിലൂടെ പോയാൽ പൂയംകുട്ടിപ്പുഴയ്ക്ക് കുറുകെ യുള്ള കോൺക്രീറ്റ് പാലത്തിലെത്താം. ഇവിടെ നിന്നും പുഴയുടെ മനോഹരവും വിസ്ത്ര്യതവുമായ കാഴ്ചകാണാം. പൂയംകുട്ടിയിൽ വരുന്ന സഞ്ചാരികൾ, അധികം ആഴമില്ലാത്ത ഇവിടെകുളിക്കുക പതിവാണ്. പക്ഷെ വർഷകാലത്ത് ഈ പാലത്തിനു മുകളിലൂടെ പുഴ അലറിപ്പായും. അതോടെ മറുകരയിലുള്ളവർ ഒറ്റപ്പെടും. അത്യാവശ്യ കാര്യങ്ങൾക്ക് തോണിയാണ് അപ്പോൾ ആശ്രയം. കുത്തിയൊഴുകുന്ന പുഴയിലൂടെയുള്ള തോണിയാത്ര സാഹസികമാണ്. പുഴക്കക്കരെ കാടതിർത്തികളിൽ വൈദ്യുതവേലികളുണ്ട്. പക്ഷെ അവിടെയുള്ള വീടുകളിൽ (ടോമിച്ചേട്ടൻറ്റെതുൾപ്പെടെ) വൈദ്യുതിയെത്തിയിട്ടില്ല. ഉച്ചയൂണിനു കയറിയ ഹോട്ടലിൽ ഒരു കൊച്ചു ടി.വി. യുടെ മുന്നിൽ ധാരാളം പേർ ഇരുന്ന് ഏതോ സിനിമ ശ്രദ്ധയോടെ കാണുന്നത് കണ്ടിരുന്നു. അതുകണ്ടപ്പോൾ കൌതുകം തോന്നിയെങ്കിലും , വൈദ്യുതിയില്ലാത്ത വീടുകളിൽ ഉള്ളവരാവാം അതെന്ന് ഇപ്പോൾ തോന്നുന്നു.

തിരികെപോകുമ്പോൾ പൂയംകുട്ടിഗ്രാമത്തെ കൊതിയോടെ നോക്കി. ഇങ്ങനൊരു ഗ്രാമത്തിൽ ജിവിക്കാനാണ് ഞാനിഷ്ടപ്പെട്ടത്. പക്ഷെ ആഗ്രഹിക്കുന്നതെല്ലാം നടക്കില്ലല്ലോ?…..ഓർമ്മകളാവുമ്പോഴാണ് ഇഷ്ടപ്പെട്ട പലതിനോടും നമുക്ക് സ്നേഹംകൂടുന്നത്. പൂയംകുട്ടിയും അങ്ങിനെ തന്നെ……

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply