മയിലാടിപ്പാറയും അരണമലയും; ആരും കാണാത്ത വയനാടന്‍ വിസ്മയം..

തൊള്ളായിരം കണ്ടി യാത്രയുടെ ആവേശത്തില്‍ പിറ്റേദിവസം രാവിലെതന്നെ ഞങ്ങള്‍ അടുത്ത യാത്രകള്‍ക്കായി തയ്യാറായി. കാറുമായി നൗഫല്‍ രാവിലെതന്നെ വില്ലയില്‍ എത്തിച്ചേര്‍ന്നു. കല്‍പ്പറ്റയിലെ ഉഡുപ്പി ഹോട്ടലില്‍ നിന്നും നല്ല മസാലദോശയും കഴിച്ചു പുറത്തിറങ്ങിയപ്പോഴേക്കും ഹൈനാസ് ഇക്കയും എത്തിച്ചേര്‍ന്നു. ഇന്നു ആദ്യം കല്‍പ്പറ്റയ്ക്ക് അടുത്തുള്ള മൈലാടിപ്പാറയിലേക്കാണ്. ഒരു കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന ഒരു പാറ.. അവിടെ ഒരു ജൈനക്ഷേത്രവും.

ഹൈനാസ് ഇക്കയുടെ താര്‍ ജീപ്പില്‍ ഞങ്ങള്‍ മൈലാടിപ്പാറയിലേക്ക് യാത്രയാരംഭിച്ചു. വഴി കുറച്ച് ദുര്‍ഘടമായിരുന്നു എങ്കിലും നൌഫല്‍ അനായാസമായി ജീപ്പ് ഓടിച്ച് പാറയുടെ മുകളില്‍ കയറ്റി. വയനാട്ടില്‍ വന്നതിനുശേഷം ആദ്യമായാണ്‌ ഇത്തരമൊരു വ്യൂ കാണുന്നത്. കല്‍പ്പറ്റയുടെ ഏകദേശ വ്യൂ മുഴുവനും ഇവിടെ നിന്നാല്‍ കാണാം. പടിഞ്ഞാറു ഭാഗത്തായി ചെമ്പ്ര മലയും തലയുയര്‍ത്തി നില്‍ക്കുന്നു.

മൈലാടിപ്പാറയുടെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ നൌഫല്‍ ഞങ്ങള്‍ക്കായി തുറന്നു. പണ്ട് പഠിച്ചിരുന്ന കാലത്ത് ക്ലാസ് കട്ട് ചെയ്ത് വന്നിരിക്കാറുള്ള സ്ഥലമായിരുന്നത്രേ ഇത്. ഹും… അതിനും വേണം ഒരു ഭാഗ്യം… അല്ലേ? മൈലാടിപ്പാറയില്‍ നിന്നുള്ള കാഴ്ചകളൊക്കെ ആസ്വദിച്ചശേഷം ഞങ്ങള്‍ ഞങ്ങളുടെ അടുത്ത സ്ഥലം നോക്കി യാത്രയായി.

ഇനി ഞങ്ങള്‍ പോകുന്നത് അരണമലയിലേക്കാണ്. കഴിഞ്ഞദിവസം പോയ തൊള്ളായിരം കണ്ടിയുടെ വടക്കുഭാഗത്ത് ആയി കണ്ട ഒരു മല ഓര്‍മ്മയുണ്ടോ? അതാണു അരണമല. മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ കള്ളാടിയിൽ അമ്പലത്തിനടുത്ത്‌ നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത്‌ അരണമലയെന്ന വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്‌.

വഴി കടന്നുപോവുന്നത്‌ ഏലത്തോട്ടത്തിലൂടെയും വനത്തിലൂടെയുമാണ്‌. വയനാട്ടിലെ മികച്ച ഏലത്തോട്ടങ്ങള്‍ അരണമലയിലാണ്‌. ഏലം മണക്കുന്ന വഴികളിലൂടെ കടന്നു ചെല്ലുന്നത്‌ വനത്തിനുള്ളിൽ ഇരുവശവും തലയുയർത്തി നിൽക്കുന്ന പുൽമേടുകൾ നിറഞ്ഞ മലകളുടെ ഇടയിലെ വഴിയിലേക്കാണ്‌.

ഇവിടേക്ക് അനധികൃതമായി പ്രവേശിക്കുന്നത് വളരെ അപകടകരമാണ്. കാരണം വന്യമൃഗങ്ങളൊക്കെ ഇറങ്ങുന്ന സ്ഥലമല്ലേ? പരിചയമില്ലാതെ വരുന്നവര്‍ പെട്ടുപോകും എന്നുറപ്പ്. അതുകൊണ്ട് പരിചയമുള്ളവരുടെ സാന്നിധ്യത്തില്‍ മാത്രം അരണമല കയറുവാന്‍ ശ്രമിക്കുക. ടൂവീലറുകളുമായി വരുന്നവര്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കാരണം, കുറേ ദൂരത്തേക്ക് വഴിയുടെ അവസ്ഥ അങ്ങനെയാണ്. അരണമലയുടെ മുകളിലായി ഒരു റിസോര്‍ട്ട് ഉണ്ട്. ഇവിടേക്ക് വിവിധതരം പാക്കേജുകളും ലഭ്യമാണ്. അരണമലയിലെ കാഴ്ചകളൊക്കെ കണ്ടശേഷം ഞങ്ങള്‍ തിരികെയിറങ്ങുവാന്‍ ആരംഭിച്ചു. ഇറങ്ങുന്ന സമയത്ത് ഒരു വലിയ കൂട്ടം ബുള്ളറ്റ് ട്രിപ്പുകാര്‍ അരണമലയിലേക്ക് കയറിവരുന്നുണ്ടായിരുന്നു.

എന്തായാലും അരണമല യാത്ര വേറിട്ടൊരു അനുഭവമായി മാറി. വയനാട്ടില്‍ ഇങ്ങനെയും സ്ഥലങ്ങള്‍ ഉണ്ടെന്നു വീണ്ടും വീണ്ടും എനിക്ക് മനസ്സിലാക്കിത്തന്ന ഹൈനാസ് ഇക്കയ്ക്കും നൗഫലിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എക്സ്പ്ലോറിംഗ് വയനാട് വിത്ത് ഡിസ്കവർ വയനാട് ടീം. കൂടുതൽ വിവരങ്ങൾക്ക് ഡിസ്കവർ വയനാടിനെ വിളിക്കാം: 9072299665.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply