എന്‍റെ ജയ്‌പൂർ യാത്ര – ഒളിമങ്ങാത്ത ഒരോര്‍മ്മ..

രജപുത്ര സംസ്കാരത്തിന്‍റെ സ്മരണകളുണര്‍ത്തുന്ന – ചരിത്രമുറങ്ങുന്ന രാജസ്ഥാൻ നാടുകളിലൂടെ ഒരു ദീര്‍ഘ യാനം.
[ ഞാന്‍ ഗിരിജാദേവി – ദീര്‍ഘ കാലമായി ഷാര്‍ജയിൽ താമസിച്ചു വരുന്നു. അടുത്ത കാലത്തു നടത്തിയ രാജസ്ഥാൻ യാത്രയെക്കുറിച്ച് എഴുതിയ യാത്രാവിവരണത്തിന്‍റെ ഒന്നാം ഭാഗം – ” ആ യാത്രയിൽ “. രജപുത്രസംസ്കാരത്തിന്‍റെ സ്മരണകളുണര്‍ത്തുന്ന, പൌരാണിക നിര്‍മ്മിതികളുടെയും ചമ്പൽ വനങ്ങളുടെയും കഥകളുണര്‍ത്തുന്ന, “ഇന്ത്യയുടെ കോച്ചിംഗ് ക്യാപിറ്റല്‍”- എന്ന അപരനാമധേയം സ്വായത്തമാക്കിയ രാജസ്ഥാന്‍റെ ഹരിത ഭൂമിയായ “കോട്ട” യെ നേരിട്ടറിയാൻ – കാഴ്ചകളാസ്വദിക്കാൻ, സ്നേഹിതരെ…, നമുക്കൊരുമിച്ച് യാത്ര ചെയ്യാം – വരൂ, പങ്കാളികളാവൂ !! ]

Girija Devi

ചരിത്ര പുസ്തകങ്ങളുടെ താളുകള്‍ എപ്പോഴോ വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഉയിര്‍ ക്കൊണ്ട ഒരാശയമാണ്‌ ‘ഗോള്‍ഡൻ ട്രയാങ്കിൾ’ എന്നു പ്രസിദ്ധമായ ഡല്‍ഹി -ആഗ്ര-ജയ്പൂര്‍, എന്നീ നഗരങ്ങൾ കാണണമെന്ന്. മുന്‍പോരിക്കല്‍ ഡല്‍ ഹിയും ആഗ്രയും കാണാൻ അവസരമുണ്ടായെങ്കിലും ജയ്പൂർ കാഴ്ചകൾ അന്നു ബാക്കിയായി. ‘പിങ്ക് സിറ്റി ഓഫ് ഇന്ത്യ’ എന്ന അപരനാമത്താല്‍ പ്രസിദ്ധമായ നഗരമാണ് ജയ്പൂർ. കോട്ടകളുടെയുംകൊട്ടാരങ്ങളുടെയും നാടായ ഒരു അത്ഭുത നഗരം.

ഉച്ചഭാഷിണിയിലൂടെ തുടര്‍ച്ചയായി കേട്ടുകൊണ്ടിരുന്ന അറിയിപ്പ് തെല്ലോരാശങ്കയുളവാക്കി. “കൊച്ചിയില്‍ നിന്നും ബോംബെ വഴി ജൈപൂരി ലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ വൈകും” എന്ന്. ബോംബെയില്‍ ഇറങ്ങിയിട്ടു വേണം ജയ്പ്പൂരിലേക്കുള്ള വിമാനത്തിൽ കയറാൻ. ഒറ്റയ്ക്കുള്ള യാത്രയായിരുന്നില്ല എന്‍റെ അപ്പോഴത്തെ ചിന്ത. ബോംബെയിൽ ഒരുമണിക്കൂർ നേരത്തേ ഇടവേളയേ ഉണ്ടായിരുന്നുള്ളൂ ഈ രണ്ടു വിമാന സര്‍വീസുകള്‍ക്കു മിടയിൽ. ബോംബെയില്‍ ഇറങ്ങിയതുതന്നെ ഒരു മണിക്കൂർ എന്നത്‌ ഒന്നരമണിക്കൂർ വൈകിയിരിക്കുന്നു. എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം. ജയ്പൂരിലേക്കുള്ള സഹയാത്രികരെപ്പറ്റി വ്യക്തതയില്ല. കൈയിലുള്ള ബാഗുമായി ആദ്യംതന്നെ ഞാൻ വെളിയിലേക്കു കടന്നു. ഏറോ ബ്രിഡ്ജിലൂടെ ഓടുന്നതിനിടയില്‍ ആദ്യം കണ്ടതായ ഉദ്യോഗസ്ഥനോടുചോദിച്ചു – ജയ്പൂരിലേക്കുള്ള വിമാനം ഏതു ഭാഗത്താണെന്ന്. അദ്ദേഹം എന്നോട് അവിടെത്തന്നെ നില്ക്കാനാവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു – “ ജയ്പൂർ പാസഞ്ചേഴ്സ്…..ജയ്പൂര്‍…..ജയ്പൂര്‍…..” ഹാവൂ, സമാധാനമായി.

വിമാനത്തിനു വളരെയടുത്തായി റണ്വേയിൽ ഒരു ബസ്സ്‌ വന്നു നിന്നു. എന്നോടൊപ്പം ജയ്പ്പൂരിലേക്കുള്ള എല്ലാ യാത്രക്കാരും ഗോവണിയിലൂടെ റണ്വേയിലിറങ്ങി ആബസ്സിൽ കയറി. ആ വണ്ടി നേരേ പോയത് വൈകി എത്തിയ ഞങ്ങളുടെ സംഘത്തെ പ്രതീക്ഷിച്ചു കിടന്നിരുന്ന മറ്റൊരു വിമാനത്തിന്‍റെ അടുത്തേക്കായിരുന്നു. തികച്ചും ആകസ്മികമായിരുന്നു ആ യാത്ര. വിമാനത്തിനകത്തിരുന്നപ്പോള്‍ മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ചിന്തകൾ എവിടോക്കെയോ പരതി നടന്നു. മനസ്സ് ഉദകപ്പോളപോലെ ഓര്‍മ്മകളുടെ ഓളപ്പരപ്പിൽ ഒഴുകിനടന്നു. എവിടെനിന്നോ അടര്‍ന്നു വീണ കാണാക്കഴ്ച്ചകളുടെ മാസ്മരിക ഭംഗി ആ ഓളങ്ങളില്‍ ആന്ദോളനം ചെയ്തു. എത്രനേരം അങ്ങനെയിരുന്നെന്നറിഞ്ഞില്ല. വിമാനം താഴെയിറങ്ങാനുള്ള അറിയിപ്പുകൾ ശ്രവിച്ചു കൊണ്ടാണ് കണ്ണ് തുറന്നത്.

ചില്ലു ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി. അങ്ങു ദൂരെയായി ജയ്പൂരിന്‍റെ പട്ടണാതിര്‍ത്തി കൾ കാണാനായി. സൂര്യന്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. മഴക്കാലമായിരുന്നെങ്കിലും പ്രകൃതി ശാന്തമായിരുന്നു. വിമാനം ജയ്പൂർ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലൂടെ വട്ടമിട്ട് സാവധാനം റണ്‍വേയിലേക്കിറങ്ങി. കാലത്തുതന്നെ ദുബായില്‍ നിന്നും എത്തിയ എന്‍റെ ഭര്‍ത്താവ് അവിടെ കാത്തു നില്പ്പു ണ്ടായിരുന്നു. ഞങ്ങളുടെ പ്രഥമ ലക്‌ഷ്യം രാജസ്ഥാന്‍റെ തെക്കൻ പ്രവിശ്യയില്‍പ്പെട്ട “ കോട്ട ” എന്ന പട്ടണത്തിലേക്കുള്ള യാത്രയായിരുന്നു. ഏതാണ്ട് നാലു മണിക്കൂര്‍ നീളുന്ന കാർ യാത്ര.

വിമാനത്താവള പരിസരമെല്ലാം ജനസാന്ദ്രതയേറിയ പ്രദേശങ്ങള്‍തന്നെ. പഴയതും പുതിയതുമായ കെട്ടിടങ്ങലെല്ലാം പരമാവധി പിങ്ക് ചായമണിഞ്ഞു കാണപ്പെട്ടു. മറ്റേതൊരു ഇന്ത്യന്‍ നഗരത്തിലേതെന്നപോലെതന്നെ സമ്പന്നതയും ദാരിദ്രൃവും ഇഴചേര്‍ന്നു നില്ക്കു ന്ന ഒരുകാഴ്ചയാണ് എനിക്കനുഭവപ്പെട്ടത്. പട്ടണപ്രാന്തപ്രദേശങ്ങളിലേക്കു കടന്നാൽ വഴിയരികിലെ നടപ്പാതകളിൽ മറ കെട്ടി താമസിക്കുന്നവരേയും കാണാനുണ്ട്. നിരത്തുകളിലധികവും നല്ലരീതിയിൽ ഉണ്ടാക്കിയിട്ടുള്ളതാണ്‌. എന്നിരുന്നാലും അവ ശുചിയായും ചിട്ടയായും പരിപാലിക്കപ്പെടണം എന്നുള്ള നിര്ബ്ബന്ധമൊന്നും അവിടത്തെ ജനങ്ങള്‍ക്കോ ഭരണാധികാരികള്‍ക്കോ ഉള്ളതായി തോന്നിയില്ല.

കനകം കൊയ്യും കാര്‍ഷിക മേഖല – പിങ്ക് സിറ്റിയുടെ നഗരക്കാഴ്ചകളൊക്കെ കണ്ടിരിക്കേ ഞങ്ങളുടെ വാഹനം നഗരാതിര്‍ത്തി വിട്ട് ഹൈവേയിലേയ്ക്കു കടന്നിരുന്നു. വലിയൊരു ഭാഗം മരുപ്രദേശം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശമായിരുന്നിട്ടുകൂടി ജല സേചനത്തിന്‍റെ സഹായത്തോടെ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്യുന്ന പ്രദേശവുംകൂടിയാണ് രാജസ്ഥാൻ. അകലങ്ങളിലേക്ക് അകന്നകന്നു പോകുന്ന വയലേലകളാണ് റോഡിനിരുവശവും. മണിക്കൂറുകളോളം യാത്ര ചെയ്താലും കാഴ്ചകള്‍ക്കൊരു മാറ്റവുമില്ല. കേരളത്തിൽ നിന്നെത്തിയ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും ആ കാഴ്ച തന്നെയാണ്. വരണ്ടുണങ്ങിയ രാജസ്ഥാന്റെ വിരിമാറിലൂടെ നിരന്നു കിടക്കുന്ന വിശാലമായ കൃഷിയിടങ്ങൾ. എന്നെ അത്ഭുതപ്പെടുത്തിയതു മറ്റൊന്നുമല്ല, നമ്മുടെ നാട്ടില്‍ വേരറ്റു പൊയ്ക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതി അന്നാട്ടുകാര്‍ക്ക് ജീവനാഡിയാണ്.

കൃഷിഭൂമിയുടെ നടുവിലൂടെയുള്ള റോഡുകള്‍ക്കെല്ലാം ഒരു ആലങ്കാരിക ഭാവമുണ്ട്. വളരെ വീതിയുള്ളതും ദൃഢതയുള്ളതും അരികുകൾ കെട്ടി വൃത്തിയാക്കിയതുമാണത്. ഹൈവേയുടെ പലഭാഗങ്ങളിലും ഇരുദിശയിലേക്കുമുള്ള റോഡുകളെത്തമ്മില്‍ വേര്‍ തിരിച്ച കെട്ടിനുള്ളിൽ പൂച്ചെടികൾ നട്ടു പിടിപ്പിച്ചിരിക്കുന്നു. വിരസമായ ആ ദീര്‍ഘദൂര യാത്രയിൽ പ്രകൃതിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് എതിര്‍ ദിശയിൽ നിന്നും ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന ചരക്കു ലോറികൾ ഹൂങ്കാര ശബ്ദത്തോടെ മറികടന്നു പോകുന്നതു കാണാം.
കൃഷിയിടങ്ങളിൽ അധികവും നെല്ല്,ഗോതമ്പ്, റാഗി, പലതരം പയർ വര്ഗ്ഗ്ങ്ങൾ, കന്നുകാലികള്‍ക്കുള്ള പുല്ലുകള്‍ എന്നിവയൊക്കെയാണ് കൃഷി ചെയ്യുന്നത്.

കാര്‍ ഡ്രൈവര്‍ റാംജി, ഇടക്കിടെ ഇങ്ങനെ ഓരോന്നു പറഞ്ഞു തന്നുകൊണ്ടിരുന്നു. കൃഷിയിടങ്ങള്‍ക്കു നടുവിൽ അവിടവിടെ കാണപ്പെടുന്ന പുല്ലു മേഞ്ഞ ചെറിയ ഷെഡുകൾ കൃഷിക്കാരുടെ വിശ്രമ സ്ഥലങ്ങളാണെന്നു തോന്നി.
വര്‍ഷകാലം ആരംഭിക്കുന്നതിനു മുന്‍പുതന്നെ കൃഷി ഭുമികളിലധികവും വിളവെടുപ്പു കഴിഞ്ഞ്ധാ ന്യങ്ങളെല്ലാം മാറ്റിയിരിക്കുന്ന അവസ്ഥയിലാണ്. മിക്ക കൃഷിയിടങ്ങളിലും വൈക്കോല്‍ കൂമ്പാരങ്ങൾ കാണാനുമുണ്ട്. കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളായതിനാലാവണം ഓരോപ്രദേശത്തും ധാരാളം കന്നുകാലിക്കൂട്ടങ്ങളേയും അവയെ നയിക്കാനായി നിയോഗിക്കപ്പെട്ട രണ്ടോ മൂന്നോ അംഗങ്ങളടങ്ങുന്ന സ്ത്രീകളുടെ ചെറു സംഘങ്ങളേയും കാണാം.
കന്നുകാലികളിലധികവും പശു, കാള, പോത്ത്, ആട് തുടങ്ങിയവയാണ്‌. പ്രകൃതിയുടെ ആ വിജനതയില്‍ ഇവർ എവിടെ നിന്നും വരുന്നു എന്നു ചിന്തിച്ചുപോകും. അതിരാവിലെതന്നെ ഏതെങ്കിലും വാഹനത്തില്‍ ഈ കന്നുകാലികളേയും അവയെ മേയ്ക്കുന്നവരേയും അവിടെ എത്തിക്കുന്നതാവാം. അതുമല്ലെങ്കില്‍ കൃഷിയിടങ്ങളിലെ താല്ക്കാലിക ഷെഡുകളില്‍ രാത്രി കഴിഞ്ഞു കൂടുന്നവരുമാകാം.

തടാകങ്ങളോ കുളങ്ങളോ പോലെ തോന്നിക്കുന്ന ജലസംഭരണികൾ അവിടവിടെയായി കാണാനുണ്ട്. അവ കൃഷിക്കുവേണ്ടിയുള്ള ജലസേചന പദ്ധതികളുടെ ഭാഗമാണ്. അവിടെനിന്നും കനാലുകള്‍ വഴി ജലം മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നു. ചുട്ടുപൊള്ളുന്ന ആ വെയിലില്‍ കന്നുകാലി കന്നുകാലികളോടൊപ്പം സ്വന്തം ശരീരംകൂടി ഉണക്കിയെടുക്കാനാണ് പാവപ്പെട്ട ആ മനുഷ്യരുടെ നിയോഗം. ചുവപ്പ്, പച്ച, മഞ്ഞ, നീല എന്നിങ്ങനെയുള്ള കടും നിറങ്ങളോടുകൂടിയ വസ്ത്രവും ശിരോവസ്ത്രവുമണിഞ്ഞ സ്ത്രീ തൊഴിലാളികളാണധികവും. പുരുഷന്മാരെ ഇത്തരം മേച്ചില്‍ പുറങ്ങളിൽ വിരളമായേ കണ്ടിരുന്നുള്ളൂ. കട്ടിയായി തെറുത്തുകെട്ടിയ തലപ്പാവുമണിഞ്ഞ്‌ കുര്‍ത്തയും പൈജാമയും വേഷധാരികളാണവരെല്ലാം. ഇത്തരക്കാരെ പരമാവധി പേറിക്കൊണ്ടാണ് ഇരുചക്രവാഹനങ്ങള്‍ ഇരുദിശയിലേക്കും പൊയ്ക്കൊണ്ടിരിക്കുന്നത്.
കന്നുകാലികള്‍ മാത്രമല്ല വിവിധ ഇനത്തിലുള്ള ധാരാളം പക്ഷികളും ആ കൃഷിഭൂമിയിൽ യഥേഷ്ടം വിഹരിക്കുന്നു. വിളവെടുപ്പിനു ശേഷം പ്രകൃതി നല്കുകന്ന ആ വിരുന്ന് അവരും ആവോളം അനുഭവിക്കുകയാണ്.

പുരുഷന്മാരെ അപൂര്വ്വമായി ആ കൃഷിയിടങ്ങളിൽ കാണാനുണ്ടെങ്കിലും വയലേലകള്‍ക്കിടയിൽ അവിടവിടെ കാണപ്പെടുന്ന ഷെഡ്കളിലോ ചെറു പീടികകളുടെ തിണ്ണകളിലോ വട്ടമിട്ടിരുന്നു സൊറപറയുകയും ചില കളികളിലും നേരംമ്പോക്കുകളിലും ഏര്‍പ്പെട്ടിരിക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണധികവും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ അലസ മനോഭാവക്കാരാണ് എന്നു വേണം അത്തരം കാഴ്ചകളില്‍ നിന്നെല്ലാം ഊഹിക്കാവുന്നത്.
മണിക്കൂറുകള്‍ യാത്ര ചെയ്തിട്ടും റോഡിനിരുവശത്തും നോക്കെത്താ ദൂരത്തായി നിരന്നു കിടക്കുന്ന കൃഷിഭൂമികളുടെ കാഴ്ച്ചതന്നെയാണ് . തീര്‍ത്തും കാര്‍ഷിക മേഖലയാണ് ആ പ്രദേശങ്ങളെല്ലാം.
അങ്ങനെ പോകവേ അങ്ങു ചക്രവാളത്തിലേക്ക് മിഴിയൂന്നിയപ്പോൾ പച്ചവിരിച്ച കുന്നിൻ നിരകളും അവയിൽ അവിടവിടെയായി വലിയ മതില്ക്കെട്ടുകളും കാണാനായി. കുന്നിന്‍ നെറുകയിൽ ചില കോവിലുകളുടെ മുഗള്‍ ഭാഗം കാണാനുണ്ട്.

റാംജി വിവരിച്ചു……”ആരവല്ലി പര്‍വ്വ തനിരകളുടെ അതിവിശാലമായ നിരയാണത്. ധാരാളം ഗ്രാമങ്ങൾ ആ പര്‍വത സാനുക്കളിലായുണ്ട്. ഗ്രാമീണക്കാഴ്ചകള്‍.”  പ്രധാന പാത ഇടക്കിടെ പലതായി പിരിഞ്ഞു പോകുന്നു. അവിടെയെല്ലാം വഴികാട്ടിയായി ചൂണ്ടു പലകകള്‍ സ്ഥാപിചിട്ടുമുണ്ട്. ഇടക്കിടെ ചെറുപീടികകളും കാണാം . ആത്യാവശ്യം നിത്യോപയോഗ വസ്തുക്കളും സുപാരി പോലെയുള്ള ചര്‍വണ സാമഗ്രികളും എല്ലാമാണ് അവിടെ കച്ചവടം. മിക്ക കടകളുടെയും മുന്‍ ഭാഗത്ത് പാൻ പരാഗ് പാക്കറ്റുകള്‍ മാലപോലെ വലിച്ചുകെട്ടി അലങ്കാരം ചാര്‍ത്തിയിരിക്കുന്നു. അത്തരം കടകളിലെ മുഖ്യ വ്യാപാരവും അതുതന്നെ. നന്നേ ആള്‍പ്പാര്‍പ്പു കുറഞ്ഞ ആ പ്രദേശങ്ങളിലെ കടകൾ വ്യാപാരശാല എന്നതിനുപരി സുഹൃത് സംഗമത്തിനുള്ള വേദികളോ വിശ്രമ കേന്ദ്രങ്ങളോ ആണെന്നു തോന്നി.
അതാ…ഒരുപറ്റം ആടുകളുമായി രണ്ടു സ്ത്രീകൾ നടന്നു പോകുന്നു. അധികവും ചെമ്മരിയാടുകളാണവ. “മാംസത്തിനു മാത്രമല്ല രോമത്തിനും കൂടിയാണ് അവയെ വളര്‍ത്തുന്നത്” – റാംജി കൂട്ടിച്ചേര്ത്തു . മറ്റൊരിടത്ത് കോലാടുകൾ മേഞ്ഞു നടക്കുന്നു. അപൂര്വ്വമായി പുരുഷന്മാരും ഇത്തരം കന്നുകാലിക്കൂട്ടത്തെ നയിക്കുന്നുണ്ട്‌.
കാര്‍ഷിക മേഖലയ്ക്കു വിരാമമിടുന്നതിന്‍റെ സൂചനയായി ചില ചെറിയ ഗ്രാമങ്ങൾ കാണപ്പെട്ടു തുടങ്ങി. സാധാരണക്കാരായ കര്‍ഷകരുടെ ഭവനങ്ങളാണവയെല്ലാം.

ദീര്‍ഘമായ ആ യാത്രയിലെ വിരസത അകറ്റാനായി ഇടക്കൊരു ടൌണിൽ റാംജി വണ്ടി നിര്‍ത്തി . ചെറിയൊരു അങ്ങാടി എന്നേ പറയാനുള്ളൂ. അവിടെ ഒരു റെസ്ടോറണ്ടും ചെറിയ കുറെ കടകളും കാണാനുണ്ട്. ഗ്ലാസ്സിട്ട ഭിത്തിയോടുകൂടിയ തരക്കേടില്ലാത്ത ഒരുകെട്ടിടം. അതിനുള്ളിലാണ് റെസ്ടോറണ്ട്. ആ ഭാഗത്ത് മെച്ചപ്പെട്ട ഒരു കെട്ടിടവും അതുതന്നെയാണ്. ഞങ്ങള്‍ ആ റെസ്ടോറണ്ടിനുള്ളിലേക്ക് കയറി. തീന്‍ മേശ കളത്രയും കാലിയാണ്. ദീര്‍ഘദൂര സഞ്ചാരികള്‍ക്കൊരു വിശ്രമ കേന്ദ്രം. അവിടെനിന്നും ചായയും ചപ്പാത്തിയും കഴിച്ച്‌ ഞങ്ങൾ യാത്ര തുടര്‍ന്നു. അതുവരെ കണ്ടുകൊണ്ടിരുന്നതില്‍ നിന്നും വ്യത്യസ്ഥമല്ലാത്ത കാഴ്ചകളായിരുന്നു തുടര്‍ന്നും . വഴിയിലോരിടത്ത്‌ വലിയൊരു ടോൾ ഗേറ്റ്. അതു കടന്നുവേണം മുന്‍പോട്ടുള്ള യാത്ര. പ്രധാന വഴിത്തിരിവുകളിലെല്ലാം സ്ഥലപ്പേരുകള്‍ അടയാളപ്പെടുത്തിയ ഫലകങ്ങൾ കാണാനുണ്ട്. സുപ്രധാന നഗരങ്ങളായ അജ്മീര്‍, ഗംഗാപൂർ, ടോഗ്, ബില്‍വാര, ബെന്‍ഡി എന്നിവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.

“കോട്ടാ” നഗരം : നീണ്ട മൂന്നര മണിക്കൂര്‍ കാര്‍ യാത്രയ്ക്കൊടുവില്‍ രാജസ്ഥാന്‍റെ തെക്കുകിഴക്കു ഭാഗത്തുള്ള ‘കോട്ടാ’ എന്ന പട്ടണത്തിൽ ഞാന്‍ എത്തിച്ചേര്‍ന്നു . ഒരു കാലത്ത് ബന്‍ഡി പ്രവിശ്യയുടെ ഭാഗമായിരുന്നു കോട്ടാ. ഇന്ന് അത് തിരക്കേറിയ ഒരു പട്ടണമാണ്. ജനസാന്ദ്രതയിൽ, രാജസ്ഥാനില്‍ മൂന്നാം സ്ഥാനമാണ്‌ കോട്ടയ്ക്കുള്ളത്. ജനസാന്ദ്രതയേറിയ ഒരു പട്ടണമായി കോട്ടാ മാറിയിട്ടുണ്ടെങ്കിലും ഒരു ആസൂത്രിത നഗരം എന്നെന്നും ഇപ്പോഴും പറയാനാവില്ല. 17 –ാം നൂറ്റാണ്ടുവരെ കാടുപിടിച്ചു കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു കോട്ടാ. എന്നാൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വ്യവസായ സ്ഥാപനങ്ങളും ജലസേചന പദ്ധതികളും എല്ലാമുള്ള ഒരു ആധുനിക പട്ടണമായി കോട്ടാ മാറിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് റെയിൽ മാര്‍ഗ്ഗവും റോഡു മാര്‍ഗ്ഗവും അവിടെ നിന്നു പോകാനാവും. ഒരു ചെറിയ വിമാനത്താവളം ഉണ്ടെങ്കിലും ഇപ്പോൾ അത് മിലിട്ടറി ആവശ്യങ്ങള്‍ക്കാണുപയോഗിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ : സമീപകാലത്ത് ‘കോട്ടാ’ യുടെ പ്രശസ്തി വിളിച്ചോതുന്ന പ്രധാന ഘടകം അവിടെ ഉയര്‍ന്നു വന്നിട്ടുള്ള എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. “കോച്ചിംഗ്ക്യാപ്പിറ്റൽ ഓഫ് ഇന്ത്യ” എന്ന അപരനാമത്താല്‍‌, കോട്ടാ ഇന്നു വളരെ പ്രസിദ്ധമാണ്. വിദ്യാഭ്യാസ പുരോഗതി ഈ നൂറ്റാണ്ടിലെ എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയിലെ പ്രശസ്തമായ സര്‍വകലാശാലകളിലേക്കെല്ലാം ഉള്ള പ്രവേശനപ്പരീക്ഷകള്‍ക്കു വേണ്ടി വിദ്യാര്‍ത്ഥികളെ തയ്യാറാക്കുകയാണവിടെ. എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിഭാഗങ്ങളിലേക്കെല്ലാമുള്ള ക്ലാസ്സുകള്‍ നടത്തുന്നു. IIT, JEE, NEET, UG, AIIMS എന്നീ വിഭാഗങ്ങളിലേയ്ക്ക് ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളാണ് ഇന്ത്യയുടെ എന്നല്ല, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും അവിടെയെത്തുന്നത്. ഇന്ത്യയിലെ പ്രശസ്തമായ കോച്ചിംഗ് അക്കാദമികളുടെയെല്ലാം ശാഖകൾ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കോച്ചിംഗ് കാമ്പസ്സുകളായും ഹോസ്റ്റലുകളായും മറ്റും ധാരാളം പുതിയ കെട്ടിടങ്ങൾ ദിവസേനയെന്നോണം പണി തീര്‍ന്ന് ഉയര്‍ന്നു വരുന്നു. “കൂണ്‍ മുളയ്ക്കുന്നതു പോലെയാണ് അവിടെ ബഹുനിലക്കെട്ടിടങ്ങൾ ഉയരുന്നത്” എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഓരോ വിദ്യഭ്യാസ വര്‍ഷത്തിലും അവിടെ എത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ അളവറ്റ വര്‍ദ്ധനവാണ് ഇതു സൂചിപ്പിക്കുന്നത്.

ഫ്ലാറ്റുകളുടെ നിര്‍മ്മാണമൊക്കെ വാണിജ്യ ലക്‌ഷ്യം കണക്കാക്കിയുള്ളതു തന്നെ. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോൾ അതിലെ അന്തേവാസികൾ മാറിക്കൊണ്ടിരിക്കും. തന്നെയുമല്ല ചുരുങ്ങിയ കാലം കൊണ്ട് പരമാവധി ആദായം ഉണ്ടാക്കുക എന്നതാണ് നിര്‍മ്മാണക്കമ്പനികളുടെ ലക്ഷ്യം. സൈക്കിളും ഓട്ടോ റിക്ഷയുമാണ് വിദ്യാര്‍ത്ഥികളിലധികവും ഉപയോഗിച്ചു കാണുന്നത്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തോടും ചേര്‍ത്ത് അടുക്കിയിട്ടിരിക്കുന്ന സൈക്കിളിന്‍റെ നിര പരിശോധിച്ചാൽ അതു മനസ്സിലാകും. അത്ര വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെ ഉള്‍ക്കൊള്ളാൻ തക്കവണ്ണം പൊതു ഗതാഗത സംവിധാനം വളര്‍ന്നിട്ടില്ല എന്നതുമാകാം ഒരു പക്ഷേ മറ്റു സിറ്റികളിൽ കാണാത്തതായ ഇത്തരമൊരു സൈക്കിൾ സംവിധാനം അവിടെ കാണപ്പെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തന്നെ സ്വന്തം ചിലവിൽ പരമാവധി സുരക്ഷാ ഉദ്യോഗസ്ഥരെ പട്ടണത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതു കുട്ടികളിലും രക്ഷകര്‍ത്താക്കളിലും സുരക്ഷിതത്വ ബോധം ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സാമൂഹ്യ വിരുദ്ധരുടെയോ മറ്റ് അനാശാസ്യ പ്രവൃത്തികള്‍ ചെയ്യുന്നവരുടെയോ ഒന്നും ശല്യം നഗരത്തിൽ കാണാറില്ല. എന്നിരുന്നാലും ഓരോ കുട്ടിയും അവനവന്‍റെ സുരക്ഷയ്ക്ക് ഉത്തരവാദികളാകേണ്ടിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അമിതമായ പഠന സമ്മര്‍ദ്ദം അവിടെ വിദ്യാര്‍ത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ മാനസിക പ്രശ്നമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ദേശീയ പക്ഷി സംരക്ഷണ കേന്ദ്രം : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളരെ അടുത്തായി ഒരു ദേശീയ പക്ഷി സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധഇനത്തിലുള്ള ധാരാളം പക്ഷികളെ അവിടെ കാണാം. എങ്കിലും ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലുകളാണ് അധികവും. വൃക്ഷങ്ങളും ചെടികളും ധാരാളമുള്ള ആ പ്രദേശം പക്ഷികളുടെ ഇഷ്ട സങ്കേതമാണ്. ഇൻസ്ട്രമെന്ടേഷൻ ലിമിറ്റഡ് എന്ന ഒരു സ്ഥാപനം കുറച്ചു കാലം മുന്‍പ് കോട്ടയിൽ പ്രവര്‍ത്തിച്ചി രുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ പില്ക്കാ ലത്ത് ആ കമ്പനിയുടെ അവിടത്തെ പ്രവര്‍ത്തനം നിലച്ചു പോയി. അവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്മാർ ജോലി ഉപേക്ഷിച്ച് പോകേണ്ടതായ ഒരു സാഹചര്യമുണ്ടായി. തദവസരത്തിൽ ഉദ്യോഗസ്ഥന്മാരും കുടുംബാഗങ്ങളും താമസിച്ചിരുന്ന വീടുകൾ വിജനമാവുകയും ചെയ്തു. ഇന്നും അതില്‍പ്പെട്ട ധാരാളം വീടുകൾ വിജനമായിത്തന്നെ കാണപ്പെടുന്നു.

ചില വീടുകള്‍ പക്ഷികള്‍ക്കു കൂടു കൂട്ടാനും മുട്ട വിരിയിക്കാനുമുള്ള സ്വൈര സങ്കേതങ്ങളാണ്. മറ്റു ചിലത് കാട്ടുവള്ളികൾ ചുറ്റിപ്പടര്‍ന്ന് വള്ളിക്കുടിലുകളായി മാറിയിരിക്കുന്നു. കുറേ വീടുകളിൽ ഇപ്പോള്‍ വിദ്യാര്‍ത്ഥികളും മറ്റ് ഉദ്യോഗസ്ഥന്മാരും വസിക്കുന്നു. അവരെല്ലാം തന്നെ ഈ പക്ഷികള്‍ക്ക് ധാന്യങ്ങളും വെള്ളവും എല്ലാം കൊടുക്കുന്നതിന് ഉത്സാഹം കാണിക്കുന്നുണ്ട്. അതുകൊണ്ട് അവിടത്തെ പക്ഷികള്‍ ആളുകളുമായി വളരെ സൗഹൃദബന്ധത്തിലാണ്. കമ്പനി പ്രവര്‍ത്തന ക്ഷമമായിരുന്ന കാലത്തുതന്നെ മയിലുകൾ ആ പ്രദേശത്ത് ചേക്കേറിയിരുന്നു. തുടക്കത്തില്‍ അവ എണ്ണത്തിൽ കുറവായിരുന്നെങ്കിലും നാലു പതിറ്റാണ്ടുകൾ കൊണ്ട് അവയുടെ ഏണ്ണം വളരെ വര്‍ധിച്ചിരിക്കുന്നു.

124 ഏക്കറോളം വരുന്ന ആ പ്രദേശമെല്ലാം ഉള്‍പ്പെ ടുത്തി ദേശീയ പക്ഷിസംരക്ഷണ കേന്ദ്രമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ധാരാളം മയിലുകള്‍ ആ പരിസരങ്ങളിലും വീടുകള്‍ക്കു മുകളിലും സ്വൈര വിഹാരം നടത്തുന്നു. ആളുകള്‍ നടന്നു പോവുന്നതിന് വളരെ അടുത്തുവന്ന് പീലി നിവര്‍ത്തിയാടുവാൻ അവയ്ക്കു യാതൊരു സങ്കോചവുമില്ല. പക്ഷികളുടെ സുരക്ഷിതത്വം അവിടെ പരമാവധി ഉറപ്പു വരുത്തിയിട്ടുമുണ്ട്.

ആരോഗ്യ കേന്ദ്രങ്ങള്‍ : ജനസാന്ദ്രതയേറിയ ഏതൊരു പ്രദേശത്തിന്‍റെയും പുരോഗതിക്ക് സുപ്രധാന പങ്കു വഹിക്കുന്നതാണ് ആതുരാലയങ്ങള്‍. ആരോഗ്യ പരിപാലനത്തിനായി ധാരാളം ആശുപത്രികളും ഹെല്‍ത്തു സെന്‍ററുകളും കോട്ടാ നഗരത്തിലുണ്ട്. അലോപ്പതി, ഡെന്‍റല്‍, ആയുര്‍വേദം, ഹോമിയോ എന്നീ വിഭാഗങ്ങളിലെല്ലാം മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ അവിടെ ലഭ്യമാണ്. തല്‍വാന്‍ഡി (Talwandi) എന്ന പ്രദേശത്തുകൂടി യാത്ര ചെയ്തപ്പോള്‍ കുറേയധികം ആശുപത്രികൾ കാണുകയുണ്ടായി. മൈത്രി ഹോസ്പിറ്റല്‍, സുധ ഹാര്‍ട്ട് ‌ഹോസ്പിറ്റൽ, കോട്ടാ ഹാര്‍ട്ട് ‌ ഇന്‍സ്ടിറ്റ്യൂട്ട് എന്നിങ്ങനെ പോകുന്നു അവ. അവയിലോരാശുപത്രി സന്ദര്‍ശിക്കാനും ഇടയായി. രോഗ നിര്‍ണയവും ചികില്‍സയും എല്ലാം മെച്ചപ്പെട്ടതാവാം. എന്നിരുന്നാലും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയിലുള്ള അലംഭാവമോ ശുചീകരണത്തിന്‍റെ പോരായ്മയോ ആണ് അവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ‌ ആദ്യം അനുഭവപ്പെടുക.

താംബൂല സാമഗ്രികള്‍ ചവച്ചു തുപ്പി പരിസരം മലിനപ്പെടുത്തുക, ഇന്ത്യയിലെ പല തെരുവുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കാണുന്നതുപോലെ വരാന്തകളിലും സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പുമുറികളിലും ആളുകള്‍ വിരിവച്ചു കിടക്കുക, എന്നതൊക്കെ ഒരു ആതുരാലയത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഒഴിവാക്കേണ്ടതു തന്നെയാണ്.
ആശുപത്രി കാന്‍ടീനിലേക്കുള്ള ഇടനാഴിയിൽ ഒരു വഴികാട്ടിപ്പലക ഭിത്തിയിൽ തൂങ്ങിനില്‍ക്കുന്നു. ആഹാരവുമായി ആളുകള്‍ കടന്നു വരേണ്ട വഴിയാണത്. മനുഷ്യരുടെ ചര്‍വണ ചര്‍വിത പ്രക്രിയകളുടെ മാത്സര്യ വേദിയായി ആ ഇടനാഴിയുടെ ഇരു ഭിത്തികളും മാറിയിരിക്കുന്നു. ഭാരതീയരുടെ ശുചിത്വ ബോധത്തിന്‍റെ വ്യക്തമായ “ചുവപ്പടയാളങ്ങൾ” !! മനുഷ്യരുടെ സാമൂഹ്യാവബോധത്തകര്‍ച്ചയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ആശുപത്രി അധികൃതരുടെ നിലപാടുകള്‍ കൂടിയാണ് അതു വ്യക്തമാക്കുന്നത്. ഇത്തരം ആശുപത്രികളുടെ സമീപത്ത് പൊതുവായ കക്കൂസുകളും ശൌചാലയങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.

വ്യവസായവും വാണിജ്യവും : രാജസ്ഥാന്‍റെ തെക്കന്‍ പ്രവിശ്യയില്‍പ്പെട്ട ഒരു വ്യവസായ മേഖല കൂടിയാണ് കോട്ടാ. വസ്ത്ര വ്യാപാരം, കോട്ടാ സ്റ്റോണ്‍ എന്നിവയ്ക്കൊക്കെ വളരെക്കാലം മുന്‍പുതന്നെ കോട്ടാ പ്രസിദ്ധിയാര്‍ജി ച്ചിരുന്നു. ‘ഗുമന്‍ പുര ’ എന്ന പട്ടണഭാഗം വസ്ത്ര വ്യാപാരത്തിന്‍റെയും മധുര പലഹാരങ്ങളുടെയും കേന്ദ്രമാണ്. ധാരാളം പ്രശസ്ഥമായ വസ്ത്ര വില്പ്പ ന ശാലകൾ ‘ഗുമന്‍ പുര’ യുടെ തെരുവീഥികളിൽ ഇടം പിടിച്ചിട്ടുണ്ട്.
‘കോട്ടാസാരി’ക്കു പ്രസിദ്ധിയാര്‍ജിച്ച വസ്ത്ര നിര്‍മ്മാണക്കമ്പനിക്ക് ഒരു പൂര്‍വ ചരിത്രമുണ്ട്. 17-ാം നൂറ്റാണ്ടിന്‍റെ പൂർവ്വാര്‍ത്ഥത്തിൽ മുഗള്‍ ച ക്രവര്‍ത്തിമാരുടെ സേനാനായകനായ ‘റാവൂ കിഷോര്‍ സിംഗ്’ മൈസൂറില്‍ നിന്നും കൊണ്ടുവന്ന നെയ്ത്ത് ജോലിക്കാരാണ് പില്ക്കാലത്ത് കോട്ടാ സാരിക്ക് പ്രസിദ്ധമായ വസ്ത്ര നിര്‍മാണ മേഖലയുടെ സാരഥികൾ. തുടര്‍ന്ന് 18—ാം നൂറ്റാണ്ടിലും ഈ നെയ്ത്തു കമ്പനികള്‍ വസ്ത്ര നിര്‍ മാണ രംഗത്ത് ഉച്ചസ്ഥായിയായി നിലകൊണ്ടു. ഇന്നും കോട്ടാ സാരിയുടെ പ്രശസ്തിയ്ക്ക് മങ്ങലേറ്റിട്ടില്ല.

കോട്ടായിൽ നിന്നും വെട്ടിയെടുക്കപ്പെടുന്ന കല്ലുകളാണ് ‘കോട്ടാസ്റ്റോൺ’. വര്‍ണ വ്യത്യാസങ്ങളോടെ കാണപ്പെടുന്ന ഈ കല്ലുകൾ വളരെ പ്രശസ്തമാണ്. ഗുണത്തിലും നിറത്തിലും മേന്മയുള്ള ഈ കല്ലുകൾ കോട്ടായുടെ ഖ്യാതി ഇതര സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തിന്‍റെ പ്രധാനപ്പെട്ട ഒരു വരുമാന സ്രോതസ്സു കൂടിയാണ് ഈ ഖനനം. മേല്‍ വിവരിച്ച വ്യവസായങ്ങളെ കൂടാതെ വളം, വൈദ്യുതി, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, കീടനാശിനികള്‍ തുടങ്ങിയവകളും വൻ തോതിൽ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. തെര്‍മല്‍ , അറ്റോമിക്, ഗ്യാസ്, ഷുഗര്‍ എന്നിവക്കായി ധാരാളം പ്ലാന്‍ടുകളും കോട്ടായിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടാ : പുരാതന നഗരക്കാഴ്ച്ചകള്‍ : “കോട്ട” – യിൽ ധാരാളം പുരാതനങ്ങളായ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും കാണാനുണ്ട്. ചമ്പല്‍ നദിക്കഭിമുഖമായി കാന്‍ഗ്രാ ഫോര്‍ട്ട്‌ (Kangra Fort) എന്നറിയപ്പെടുന്ന കോട്ടാ ഫോര്‍ട്ട് ‌ നല്ലൊരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. അതിനുള്ളിലെ കൊട്ടാരക്കെട്ടുകൾ മനോഹരമായ പെയിന്റി്ഗുകളാലും കണ്ണാടി ച്ചിത്രപ്പണികളാലും അലംകൃതമത്രേ. കോട്ടാ ഫോര്‍ട്ടിലെ കമനീയമായ ദര്‍ബാര്‍ ഹാൾ പ്രസിദ്ധമാണ്. 13-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യകാലഘട്ടത്തിൽ ജൈത് സിംഗ് (jait singh) എന്ന മഹാരാജാവാണ് കോട്ടാ ഫോര്‍ട്ട് ‌ പണിചെയ്യിച്ചത് എന്നാണ് ചരിത്രം. ഇന്ന് അതൊരു മ്യുസിയമായിട്ടാണ് കാണപ്പെടുന്നത്.

‘കോട്ട’ യിലെ മറ്റൊരു ടൂറിസ്റ്റ് ആകര്‍ഷണമാണ് ‘കിഷോർ സാഗർ’ തടാകം. 1346 – ല്‍ പണി പൂര്‍ത്തി യാക്കിയ ഈ തടാകം നിര്‍മ്മിച്ചത് ബന്‍ണ്ടിയിലെ രാജകുമാരനായിരുന്ന ‘ധീര്‍ദേ ’ യായിരുന്നു. മനോഹരമായ ജഗ് മന്ദിര്‍ കൊട്ടാരം ഈ തടാക മദ്ധ്യത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാന്ഗ്രാ ഫോര്‍ട്ടിൽ നിന്നും എന്‍റെ യാത്ര കിഷോർ സാഗർ തടാകവും അതിനുള്ളിലെ മനോഹരമായ കൊട്ടാരക്കെട്ടും കാണാനായിരുന്നു . 14-ാം നൂറ്റാണ്ടിൽ ഈ കൃതിമ തടാകം നിര്‍മ്മിക്കപ്പെട്ടെങ്കിലും 18 –ാം നൂറ്റാണ്ടിലാണ് (1740-ല്‍ ) ജഗ്മന്ദിർ പാലസ് നിര്‍മ്മിക്കപ്പെട്ടത്. അക്കാലത്തെ മഹാറാണിയുടെ താല്പ്പര്യപ്രകാരം നിര്‍മ്മിച്ചതാണ് ഈ സുഖവാസ മന്ദിരം. പുറമേനിന്നു നോക്കിയാൽ ചുവപ്പും വെള്ളയും നിറം കലര്‍ന്ന കല്ലിനാൽ ഉണ്ടാക്കിയിരിക്കുന്ന ഒരു മനോഹര സൗധമത്രേ ജഗ് മന്ദിർ കൊട്ടാരം. ആരേയും ആകര്‍ഷിക്കുന്ന ഗാംഭീര്യം. ഹിന്ദു-മുസ്ലിം വാസ്തു ശൈലിയുടെ സമന്വയം നമുക്കവിടെ കാണാനാവും. അവാച്യമായ പ്രകൃതി സൗന്ദര്യവും സുഖ ശീതളമായ അന്തരീക്ഷവും കൊട്ടാരത്തിലെ അന്തേവാസികള്‍ക്ക് അനുഭവ വേദ്യമായിരുന്നു. കൊട്ടാരക്കെട്ടിന്‍റെ ചുറ്റുവട്ട പ്രദേശങ്ങൾ പന വൃക്ഷങ്ങള്‍ കൊണ്ട് മോടി പിടിപ്പിച്ചിട്ടുണ്ട്.

കൊട്ടാരക്കെട്ടുകളുടെ ഉള്‍വശത്തേയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ട് അതിന്‍റെ ഭംഗി തടാകക്കരയിൽ നിന്നാസ്വദിക്കാനേ തരമുള്ളൂ. തടാകത്തില്‍ക്കൂടിയുള്ള ബോട്ടുയാത്ര ജഗ്മന്ദിർ കൊട്ടാരത്തിന്‍റെ ഭംഗി കൂടുതൽ ആസ്വദിക്കുന്നതിന് സകര്യമേറും അതോടൊപ്പം ഉല്ലാസദായകവും.
തടാകക്കരയിലുള്ള മറ്റൊരാകര്‍ഷണമാണ് 7 – Wonders Park എന്നറിയപ്പെടുന്ന ഉദ്യാനം. ധാരാളം ആളുകള്‍ ദിവസേന എത്താറുള്ള ഒരിടം തന്നെയാണീ പാര്‍ക്ക്. ലോകാല്‍ഭുതങ്ങളെന്നു വിശേഷിപ്പിക്കാവുന്ന പല നിര്‍മ്മിതികളുടെയും ചെറു പതിപ്പുകൾ അവിടെ കാണാനുണ്ട്. അവയില്‍ താജ്മഹലും ഫ്രാന്‍സിലെ ഈഫൽ ടവ്വറും ഈജിപ്റ്റിലെ പിരമിഡും ഇറ്റലിയിലെ പിസ ഗോപുരവും ന്യൂ യോര്‍ക്കിലെ സ്റ്റാച്യു ഓഫ് ലിബെര്‍ട്ടിയും എല്ലാം ഉൾപ്പെട്ടിരിക്കുന്നു.
സാന്ധ്യപ്രഭയിൽ മുങ്ങി നില്‍ക്കുന്ന ആ ഉദ്യാനവും അതിലെ നിര്‍മ്മിതികളും കിഷോർ സാഗര്‍ തടാകത്തിലൂടെ ഇളകിയാടുന്ന കുഞ്ഞോളങ്ങളുടെ പരിലാളനമേറ്റ് നിതാന്ത സുന്ദരിയായി ശോഭിക്കുന്ന ജഗ്മന്ദിർ കൊട്ടാരവും ചേതോഹരമായ ഒരു കാഴ്ചയാണ്‌ സന്ദര്‍ശകര്‍ക്ക് അനുഭവ വേദ്യമാക്കുന്നത്. രാത്രികാലങ്ങളില്‍, ദീപപ്രകാശത്തിൽ പ്രോജ്വലമാക്കപ്പെട്ട ജഗ് മന്ദിർ കൊട്ടാരവും ഉദ്യാനത്തിലെ നിര്‍മ്മിതികളും എല്ലാം തടാക ജലത്തിൽ പ്രതിബിംബിക്കുമ്പോഴുള്ള ആ കാഴ്ച്ച അവിസ്മരണീയം തന്നെ.

ചമ്പൽ ഗാര്‍ഡന്‍സ് : യമുനാ നദിയുടെ പോഷകനദിയായ “ചമ്പൽ നദി” ‘കോട്ടാ’- യെ തൊട്ടടുത്തുള്ള ഡിസ്ട്രിക്ടുകളായ സെവായ്, മാധോപൂര്‍, ടോഗ്, ബന്‍ഡി, എന്നിവയിൽ നിന്നെല്ലാം വേർ തിരിച്ചിരിക്കുന്നു. കോട്ടാ ഫോര്‍ട്ടിനു സമീപത്തായി ചമ്പൽ നദിക്കു മുകളിലൂടെ വലിയൊരു പാലം നിര്‍മ്മിച്ചിട്ടുണ്ട്. ആ പാലത്തില്‍ നിന്നുകൊണ്ടുള്ള കാഴ്ച്ച വളരെ ഹൃദ്യമാണ്. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ചമ്പാ നദി, ഇരു കരകളിലുമായി ഇടതൂര്‍ന്നു നിരന്നു കിടക്കുന്ന ചമ്പല്‍ക്കാടുകൾ, കാന്ഗ്ര (KANGRA FORT) എ ന്നറിയപ്പെടുന്ന കോട്ടാ ഫോര്‍ട്ട് എന്നിവയെല്ലാം ചേര്‍ന്ന ഒരു മനോഹര ദൃശ്യം !

ചമ്പാ നദിയിൽ കൂടി ഒരു ബോട്ടുയാത്ര നടത്തിയാൽ ചമ്പല്‍ ഗാര്‍ഡൻ എന്നു പ്രസിദ്ധമായ ‘ഛാത്താർ വിലാസ്’ ഗാര്‍ഡന്‍ കാണാനാവും. തന്നെയുമല്ല ഈ പ്രദേശത്തിന്‍റെ ഭംഗി മുഴുവനായി ആസ്വദിക്കുന്നതിനും ആ യാത്ര കൊണ്ടു സാധിക്കും. രജപുത്ര രാജാക്കന്മാരാണ്‌ ഈ ഉദ്യാനം നിര്‍മ്മിച്ചത്. പ്രകൃതിസ്നേഹികളും ചരിത്ര കുതുകികളും ഏറെ ഇഷ്ട്ടപ്പെടുന്ന പ്രദേശമാണ് ചമ്പൽ ഗാര്‍ഡന്‍സ്. ധാരാളം സ്മൃതി മണ്ഡപങ്ങള്‍ (ശവകുടീരങ്ങൾ) ചമ്പല്‍ പ്രദേശത്തു കാണാനുണ്ട്. അവ ബന്‍ഡി രാജാക്കന്മാരുടെയും കുടുംബാഗങ്ങളുടെയും കൂടാതെ അവരുടെ സേനാനായകന്മാരുടെയും ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപൂര്‍വ്വയിനം പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും അതുപോലെ തന്നെ അപൂവ്വയിനം സസ്യ സമ്പത്തിന്‍റെയും സങ്കേതമാണ് ചമ്പൽ ക്കാടുകൾ. അവിടെ ഒരു സസ്യ-ജന്തു സന്തുലിതാവസ്ഥ നിലനില്ക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ചമ്പല്‍ക്കാടുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖല ഒരു കാലത്തു കൊള്ളക്കാരുടെ നിത്യ വിഹാര കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്നു. ചമ്പല്‍ക്കാടുകളെപ്പറ്റി കേള്‍ക്കുമ്പോൾ ഫുലാൻ ദേവിയുടെ പേരാണു ആദ്യം മനസ്സിലേക്കോടിയെത്തുക. അക്കാലത്ത് ചമ്പല്‍ പ്രദേശത്തുകൂടി പോകുന്നവര്‍ക്ക് ഭയാശങ്കകളോടുകൂടി മാത്രമേ അവിടം കടന്നു പോകാനാകുമായിരുന്നുള്ളൂ. ‘കോട്ടാ ബാരേജ്’ എന്ന ജലസേചന പദ്ധതി മുഖേന ചമ്പാ നദിയിലെ ജലം കനാലുകൾ വഴി കാര്‍ഷിക മേഖലകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. രണ്ടു വലിയ കനാലുകളാണ് ഇതിനായി നിലവിലുള്ളത്. ഈ രണ്ടു കനാലുകളിൽ നിന്നുള്ള നൂറു കണക്കിന് കൈവഴികളാണ് രാജസ്ഥാന്‍റെ തെക്കൻ പ്രവിശ്യകളിലെയും മദ്ധ്യപ്രദേശിന്‍റെ കോട്ടായോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെയും കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുന്നത്. പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ, കോട്ടാ മ്യുസിയം, മൃഗശാല, നാഷണല്‍ പാര്‍ക്ക്, ജവഹര്‍ സാഗർ ഡാം എന്നിങ്ങനെ ധാരാളം കാഴ്ചകൾ വേറെയുമുണ്ട്. എന്നാല്‍ അവയിലേയ്ക്കൊന്നും പോകാൻ സമയക്കുറവു മൂലം എനിക്കു സാധിച്ചില്ല.

കോട്ടാ – ചരിത്ര പഥങ്ങളിലൂടെ : രാജസ്ഥാന്‍റെ തലസ്ഥാനമായ ജയപൂരിൽ നിന്നും 250 കി.മീ. തെക്കു-കിഴക്കായിക്കാണുന്ന ‘കോട്ടാ’ യുടെ പുരാതനവും ആധുനികവുമായ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോൾ അതിന്‍റെ ചരിത്ര വഴികളിലൂടെയും അല്പ്പമൊന്നു സഞ്ചരിക്കേണ്ടതല്ലേ. 12-ാം നൂറ്റാണ്ട് മുതലുള്ള ചരിത്ര രേഖകളാണ് കോട്ടായ്ക്കുള്ളത്. 12-ാം നൂറ്റാണ്ടിൽ ‘റാവൂദേവ’ എന്ന രജപുത്ര രാജാവ് ബന്‍ഡി, ഹദോത്തി എന്നീ പ്രദേശങ്ങൾ ഉള്‍പ്പെട്ട ഭൂഭാഗം പിടിച്ചടക്കി ഭരണം നടത്തി. 17-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ മുഗള്‍ ച ക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്‍റെ നിര്‍ദേശ പ്രകാരം തെക്കന്‍ പ്രവിശ്യയായ ബന്‍ഡിയുടെ ഒരു ഭാഗം അന്നത്തെ ഭരണകര്‍ത്താവായിരുന്ന റാവൂ രത്തന്‍ സിംഗ് അദ്ദേഹത്തിന്‍റെ മകൻ മാധവ് സിംഗിന് പകുത്തു നല്‍കി . അക്കാലം മുതലാണ്‌ രജപുത്ര രാജാക്കന്മാരുടെ ഖ്യാതി പ്രകടമാക്കുന്ന ഒരു നഗരമായി കോട്ടാ വളര്‍ന്നു വരാൻ തുടങ്ങിയത്.
1631 – ല്‍ കോട്ടാ സ്വതന്ത്രമായ ഒരു സ്റ്റേറ്റ് ആവുകയും ചെയ്തു. വിസ്തീര്‍ണത്തിലും ജനസംഖ്യയിലും സാമ്പത്തികമായും, ജെയ്പൂരും ജോധ്പൂരും കഴിഞ്ഞാല്‍ രാജസ്ഥാനില്‍ 3 – ാം സ്ഥാനമാണ് കോട്ടായ്ക്കുള്ളത്.

വീണ്ടും ജെയ്പൂരിലേക്ക് : ഏതാനും ദിവസത്തെ കോട്ടാ വാസത്തിനൊടുവിൽ എന്‍റെ യാത്ര വീണ്ടും ജെയ്പൂർ നഗരത്തിലേക്ക്. മുഗള്‍ വംശത്തിന്‍റെയും രജപുത്ര വംശത്തിന്‍റെയും ചരിത്ര സ്മരണകളുണര്‍ത്തുന്ന കോട്ടാ നഗരപ്രാന്ത ത്തിലൂടെ കാർ റെയിവേ സ്റ്റേഷനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു . രാത്രിയുടെ തുടർ യാമങ്ങളിലേക്കു നഗര ജീവിതം കൂപ്പു കുത്തിയിരുന്നു. മറ്റേതൊരു ഉത്തരേന്ത്യൻ നഗരത്തിലേതുപോലെതന്നെ കടത്തിണ്ണകളും പാര്‍ക്കുകളിലെ സിമെന്റ് ബഞ്ചുകളും ഫുട്പാത്തുകളും എല്ലാം നഗരത്തിന്‍റെ മക്കളുടെ ഉറക്കറകളായി മാറിക്കഴിഞ്ഞിരുന്നു. പശുവിന്‍ കൂട്ടങ്ങൾ അവിടവിടെയായിക്കിടന്ന് അയവിറക്കുന്നു. ചിലത് കഴുത്തു മടക്കി തല സ്വന്തം ശരീരത്തോടു ചേര്‍ത്തുവച്ച് ഉറക്കം തുടങ്ങിയിട്ടുമുണ്ട്. എന്നാൽ മറ്റു ചിലതാകട്ടെ, അപ്പോഴും കിടക്കാനുള്ള സ്ഥലമന്വേഷിച്ച് അവര്‍ക്കിടയിലൂടെയെല്ലാം അലഞ്ഞു തിരിയുന്നു. ശ്വാനന്മാരും അവര്‍ക്കിടയിൽ സ്ഥലം പിടിച്ചിട്ടുണ്ട്. ചാണകവും ഗോമൂത്രവും അവിടവിടെ തളംകെട്ടിക്കിടക്കുന്ന മഴവെള്ളവും പോരെങ്കിൽ തന്നാലായത് എന്ന മട്ടിൽ വഴിയാത്രക്കാർ നീട്ടിത്തുപ്പിയിട്ടിരിക്കുന്ന മുറുക്കാൻ ചണ്ടിയും എല്ലാം കൂടി ആ പ്രദേശത്തെ ദുര്‍ഗ്ഗന്ധ പൂരിതമാക്കിയിരിക്കുകയാണ്.

സംസ്കാര സമ്പന്നമെന്നു നാം അഭിമാനിക്കുന്ന ഭാരതത്തിന്‍റെ ഈ വക വര്‍ത്തമാന കാലക്കാഴ്ചകൾ നമുക്കു സുപരിചിതമാകാം. എന്നാൽ ഒരു വിദേശ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്ന തിനപ്പുറമാണത്. സ്ഥിതി ഇങ്ങനെ അല്ലായിരുന്നെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിൽ കാണുന്നതിലും എത്രയോ അധികം സഞ്ചാരികള്‍ ഇന്ത്യയിലേക്കെത്തേണ്ടതാണ്. വെറും വോട്ടുബാങ്കായി മാത്രം കണക്കാക്കാവുന്ന കുറേ ആളുകളെ നിയന്ത്രിക്കുന്നത് ഭരണാധികാരികളുടെ തുടർ ഭരണത്തിനു തന്നെ കാരണമായേക്കാം. ഈ അരക്ഷിതാവസ്ഥ തന്നെയാണ് നമ്മുടെ ടൂറിസം മേഖല നേരിട്ടു കൊണ്ടിരിക്കുന്ന ശാപവും. പരിസരക്കാഴ്ചകളിൽ മുഴുകി ഇരിക്കവേ വണ്ടി സ്റ്റേഷൻ പരിസരത്ത് എത്തിക്കഴിഞ്ഞിരുന്നു. ലഗേജു കളൊക്കെ ഇറക്കിവച്ച് യാത്രക്കൂലിയും വാങ്ങി ഡ്രൈവർ യാത്രയായി.

ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലാ റെയില്‍വേ യുടെ പ്രധാനപ്പെട്ട ഒരു സ്റ്റേഷനാണ് ‘കോട്ടാ ജംഗ്ഷന്‍’. ബോംബെ – ഡല്‍ഹി ലൈനിലുള്ള ഒരു പ്രധാന സ്റ്റേഷനും. 150 – ഓളം ട്രെയിനുകൾ ജെയ്പൂർ, ഉദയപൂർ, അജ്മീര്‍, ജോത്പൂര്‍ എന്നീ നഗരങ്ങളുമായും രാജ്യത്തിന്‍റെ മറ്റു മേഖലകളുമായും കോട്ടായെ ബന്ധിപ്പിച്ചിരിക്കുന്നു. ഗാംഭീര്യം തോന്നുന്ന നല്ലൊരു റെയില്‍വേ മന്ദിരമാണ്‌ കോട്ടായിലേത്. അര്‍ദ്ധ രാത്രിയായിരുന്നിട്ടുകൂടി പര്യാപ്ത്തമായ ഇരിപ്പിട സൗകര്യങ്ങളൊക്കെ നിറഞ്ഞു കവിഞ്ഞിരുന്നു. പ്ലാറ്റ്ഫോമിന്‍റെ തറയിലും ആളുകള്‍ തലങ്ങും വിലങ്ങുമായി കിടന്നുറങ്ങുകയാണ് . ധാരാളം ആളുകൾ ഇടത്തുണുകള്‍ക്കു ചുറ്റുമായും ഇരിപ്പുറപ്പിച്ചിരിക്കുന്നു. പല തരത്തിലുള്ള വേഷക്കാര്‍, ഭാഷക്കാര്‍ ! എന്‍റെ പക്കലുള്ള ഒരു പെട്ടിമേൽ ഞാനും ഇരിപ്പുറപ്പിച്ചു.

കുറേ സമയം ചുറ്റുവട്ട ക്കാഴ്ചകളിൽ മുഴുകി അങ്ങനെയിരിക്കവേ ഞങ്ങള്‍ക്കു പോകാനുള്ള ട്രെയിൻ ഇരുളിനെ വകഞ്ഞുമാറ്റിക്കൊണ്ടു വരുന്നതു കാണാനായി. അടുക്കും തോറും അതിന്‍റെ വേഗത കൂടിക്കൂടി വരുന്നതുപോലെ. പ്ലാറ്റ്ഫോമിൽ ഉറങ്ങി ക്കിടന്നവരെയെല്ലാം ഒരുവട്ടം ഉണര്‍ത്താൻ തക്കവണ്ണം പ്രകമ്പനം മുഴക്കി സ്റ്റേഷൻ വരാന്തയുടെ മുന്നറ്റം കണക്കാക്കി അതങ്ങനെ സഗൌരവം ആര്‍ത്തലച്ച് ഓടിനീങ്ങി. ആ വണ്ടിക്കായി കാത്തു നിന്നവരെല്ലാം, ഞങ്ങള്‍ ഉള്‍പ്പെടെ അതിൽ കയറാനുള്ള തിടുക്കത്തിലായി. എയര്‍ കണ്ടീഷന്‍ ചെയ്ത ബോഗിക്കുള്ളിലായിരുന്നു ഞങ്ങൾ തരപ്പെടുത്തിയിരുന്ന സീറ്റ്‌. തന്മൂലം രാത്രിയുറക്കം സൗകര്യപ്രദവും. ട്രെയിന്‍ യാത്ര സുപരിചിതമല്ലാത്തതു കൊണ്ടാവാം റെയിൽ ചക്രത്തിന്‍റെ താരാട്ടുപാട്ടുകേട്ട്‌ ഒരു തൂക്കു മഞ്ചലിലുറങ്ങുന്ന അനുഭൂതിയായിരുന്നു എനിക്കത്. കണ്ണിൽ മിന്നി മറഞ്ഞു കൊണ്ടിരുന്ന വഴി വിളക്കുകൾ എണ്ണിക്കിടക്കവേ നിദ്രയിലേക്കു വഴുതിവീണത് എ പ്പോഴെന്നറിയില്ല.

പുലര്‍ച്ചെ അഞ്ചു മണിക്ക് ജെയ്പൂരിന്‍റെ പ്രഭാതക്കാഴ്ചകളിലേക്കാണ് ഉറക്കമുണര്‍ന്നത്. ഞങ്ങള്‍ക്കിറങ്ങാനുള്ള സമയമായിരിക്കുന്നു. ധാരാളം ആളുകൾ വളരെ നേരമായി പ്രതീക്ഷിച്ചിരുന്ന വണ്ടി എത്തിയതിനാലാവണം ആരവങ്ങളും അട്ടഹാസങ്ങളും ടാക്സിക്കാരും ഓട്ടോറിക്ഷാക്കാരും തമ്മിൽ മത്സരിച്ചുള്ള ഹോണടികളും കൊണ്ട് അന്തരീക്ഷം വളരെ ശബ്ദ കലുഷിതമായിരുന്നു. വിവിധ വേഷക്കാരെ, വിവിധ ഭാഷക്കാരെ അവിടെ കൈമാറി, മറാത്തയുടെയും ചമ്പൽ വനങ്ങളുടെയും രജപുത്ര സാമ്രാജ്യത്തിന്‍റെയും എല്ലാം ചൂടും മണവും സംസ്കൃതിയും ഉള്‍ക്കൊണ്ട്‌ ആ വണ്ടി ഇന്ദ്രപ്രസ്ഥത്തെ ലക്ഷ്യമാക്കി സാവധാനം ഓടി മറഞ്ഞു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply