മലപ്പുറം ടു കൊടൈക്കനാല്‍… പാഷന്‍ പ്രോ ബൈക്ക്… രണ്ടു യാത്രികര്‍… കലിപ്പ് യാത്ര..!!

വയറുനിറയെ ഭക്ഷണവും മിട്ടായിയും കഴിച്ചു വീടിന്റെ സിറ്റൗട്ടിൽ കിടക്കുമ്പോഴാണ് ഒരു ഉൾവിളി വന്നത്. ഈ തണുപ്പുള്ള രാത്രിയിൽ ബൈക്കിന്റെ പുറകിലിരുന്നു ഹൈറേഞ്ചിലേക്ക് ഒരു യാത്രപോയാൽ ശരീരം പോലെ മനസ്സും ഒന്നു തണുപ്പിക്കാം.  മനസ്സ് അങ്ങിനെ ആണ്. വെറുതെ ഓരോ സ്വപ്നങ്ങൾ കാണിച്ചു നമ്മെ കൊതിപ്പിക്കും. അതോടെ അന്നത്തെ ഉറക്കവും നഷ്ടപ്പെടും. പിന്നെ ഒന്നിനുപുറകെ ഒന്നൊന്നായി പല മോഹങ്ങൾ. അങ്ങിനെ ഒരുപാട് സ്വപ്നങ്ങൾ നെയ്ത്കൂട്ടുമ്പോഴേക്ക് കോഴി കൂവും. അതോടെ അന്നത്തെ ഉറക്കവും എന്തോ നക്കിയ പോലെ ആവും.

സിറ്റൗട്ടിലെ തണുത്ത കാറ്റിനെ അതിജീവിക്കാൻ കഴിയാത്ത എനിക്ക് ഇങ്ങിനെ ഒരാഗ്രഹം തോന്നാൻ കാരണം എനിക്കറിയില്ല. എങ്കിലും വെറുതെ ഇരിക്കുന്നിടത്തു വിറച്ചിരിക്കണം എന്നാണല്ലോ ഗുരു പഠിപ്പിച്ചിട്ടുള്ളത്.  Explorer സുഹൃത്തുക്കളോട് ആവശ്യം അറിയിച്ചു. ഈ രാത്രി ഒരു യാത്രപോവാൻ ആരും തയാറാവില്ലെങ്കിലും വെറുതെ ഒന്ന് എറിഞ്ഞു നോക്കി. തണുക്കാൻ ഊട്ടിയിൽ പോവണോ, കിണറ്റിൽ ചാടിയാൽ പോരെ എന്നു ചോദിക്കുന്ന കൂട്ടുകാരുടെ ഇടയിലേക്കായിരുന്നു എന്റെ കൊച്ചുആഗ്രഹം ഞാൻ കൊണ്ടിട്ടത്.
വിചാരിച്ചപോലെ മറുപടിയും കിട്ടി. നിനക്ക് ഇപ്പോഴത്തെ തണുപ്പ് പോരെങ്കിൽ വീട്ടിലെ ഫ്രിഡ്ജിൽ കയറി ഇരുന്നോ, ഊളമ്പാറ ഇങ്ങിനെ ഉള്ളവർക്ക് യാത്രചെയ്യാൻ പറ്റിയ ഇടമാണ് എന്നൊക്കെ കിട്ടി മറുപടികൾ.

ശരിയാണ് ഇങ്ങിനെ ഒരവസരത്തിൽ എനിക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഇടം അവരാൽ കഴിയുന്ന രീതിയിൽ പറഞ്ഞു തന്നു. ദേ വരുന്നു സാജിദിന്റെ കമെന്റ് ഞാൻ റെഡി. എങ്ങോട്ട് പോവണം. മൂന്നാർ, ഊട്ടി,  കൊടൈക്കനാൽ ഇവിടങ്ങളിൽ എങ്ങോട്ടും പോവാം എന്നു ഞാനും. ഒരുപാടുനാളത്തെ പ്ലാനിങ് അല്ലെ കൊടൈക്കനാൽ അങ്ങോട്ട് ആക്കിയാലോ.

ഒറ്റ മിനുട്ട് ഒരു കോൾ വരുന്നുണ്ട്.  ആ ഇതു സാജിദ് ആണ്. “എടാ കൊടൈക്കനാലിൽ വിശേഷിച്ചു എന്താ ഉള്ളത്.” “എനിക്കറിയില്ല, എന്നെ വിശേഷം അറിയിച്ചിട്ടില്ല.” “എന്നാ നമുക്ക് അവിടംവരെ പോയി വിശേഷം അന്വേഷിച്ചാലോ?.”

“അന്വേഷിക്കാലോ. 250 കിലോമീറ്റർ. ഇപ്പൊ വിട്ടാൽ രാവിലെ അവിടെ എത്താം. വിശേഷം അന്വേഷിച്ചു സാവധാനം പോരാം.” :നീ കാര്യം ആയിട്ടാണോ പറയുന്നത്.”

“നീ വീട്ടിൽ നിന്നും ഇറങ്ങിക്കോ. ഞാൻ പാണ്ടിക്കാട് ഉണ്ടാവും. ആ പിന്നെ പവർബാങ്കിൽ ചാർജ് ഉണ്ടങ്കിൽ എടുത്തോ. എന്റെ ഫോണിൽ ചാർജില്ല.”

അപ്പൊ ഞങ്ങൾ രണ്ടാളും കൊടൈക്കനാലിലെ വിശേഷം അറിയാൻ തീരുമാനിച്ചു.
ഉമ്മയോട് പാലക്കാട് വരെ പോവുന്നു എന്നും പറഞ്ഞു കൂട്ടുകാരനെ വിളിച്ചു വരുത്തി പാണ്ടിക്കാട് ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു. ഒരുപാട് വഴക്ക് പറഞ്ഞെങ്കിലും കുടിക്കാൻ വെള്ളവും തന്നു വീട്ടിൽ നിന്നും ഇറങ്ങുന്നതുവരെ വാതിലിനരികിൽ ഉമ്മയുണ്ടായിരുന്നു. 12 മണിക്ക് ഉമ്മയോട് യാത്രപറഞ്ഞു സുഹൃത്തിന്റെ ബൈക്കിൽ പാണ്ടിക്കാട്ടെക്ക്. അവിടെനിന്നും ഒരു കട്ടൻ അടിച്ചു ഒരുമണിക്ക് രണ്ടാളും യാത്ര തിരിച്ചു.

ഒരു ആവേശത്തിന്റെ പുറത്തു ചാടിയെടുത്ത തീരുമാനമായതുകൊണ്ടു തണുപ്പിനെ പ്രതിരോധിക്കാനുള്ള കോട്ട് ഒഴികെ ഒന്നും രണ്ടാളുടെ കയ്യിലും ഇല്ല. മേലാറ്റൂർ മണ്ണാർക്കാട് വഴി 2.30 നു പാലക്കാട് എത്തുമ്പോൾ ശരീരം പോലെ മനസ്സും തണുത്തു തുടങ്ങിയിരുന്നു. അവിടുന്നു ഒരു ഓംലൈറ്റ് കൂട്ടി കട്ടൻ കുടിച്ചു നേരെ പൊള്ളാച്ചിയിലേക്ക്. 3.30 നു തമിഴ്നാട് ബോർഡർ കടക്കുമ്പോൾ സിറ്റൗട്ടിൽ കാറ്റ്കൊണ്ടു കിടന്നിരുന്ന എന്നെ ഇവിടംവരെ എത്തിച്ച ആ അശരീരിയെ ഒന്നു സ്മരിച്ചു. തമിഴ് മണ്ണിലൂടെ തണുപ്പിനെ പ്രതിരോധിച്ചു പൊള്ളാച്ചിയിൽ 4 മണിക്ക് എത്തി. അവിടുന്നും ഒരു കട്ടൻ കയറ്റി പഴനി ലക്ഷ്യമാക്കി നീങ്ങി.
ഉതുമുൽപേട്ടക്കടുത്തു ഒരു ചായക്കടയിൽ പഴയ പാട്ടുകൾ കേട്ട് ചായകുടിച്ചിരിക്കുമ്പോൾ സമയം 5 മണി. അരമണിക്കൂറോളം ആ വീരപ്പന്റെ ആരാധകന്റെ കടയിൽ പാട്ടിൽ ലയിച്ച് അങ്ങിനെ ഇരുന്നു.

അടുത്ത സ്റ്റോപ്പ് പുഷ്പത്തൂർ. വിശപ്പ് അലട്ടുന്നുണ്ടങ്കിലും ചായയും ചെറുകടിയും ആശ്രയിക്കുകയല്ലാതെ ഒരു രക്ഷയുമില്ല. അവിടുന്നും കുടിച്ചു ഓരോ കട്ടൻ. അവിടെ മീശക്കാരൻ റൊമാന്റിക് ആയിരുന്നെങ്കിൽ ഇവിടെ ആള് കുറച്ചു ഫ്രീക്കൻ ആണ്. ഡപ്പാൻകുത്തു പാട്ട്ഇട്ട് പോറോട്ടക്കുള്ള മാവ് കുഴക്കുകയാണ് പുള്ളിക്കാരൻ. 6.15 ഓടെ വീണ്ടും ബൈക്കിൽ കയറി കൊടൈക്കനാൽ ലക്ഷ്യമാക്കി നീങ്ങി.

ഇരുട്ടിന്റെ മറയിൽനിന്നും കാഴ്ചകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. പരന്നു കിടക്കുന്ന കൃഷിയിടങ്ങൾക്കിടയിൽ അങ്ങിങ്ങായി ചെറിയ വെളിച്ചങ്ങൾ. കേരളത്തിന് പുറത്തേക്കുള്ള യാത്രകളിൽ രാവിലെയുള്ള സ്ഥിരം കാഴ്ചയാണ് ആ ചെറിയ വെളിച്ചം. അങ്ങിനെ കൃഷിയിടങ്ങൾക്കു നടുവിലൂടെ കാഴ്ചകൾകണ്ടു മുന്നോട്ട് പോകുമ്പോൾ പഴനിയിലേക്കുള്ള സ്വാമിമാരുടെ എണ്ണം റോഡരികിൽ കൂടിക്കൂടി വന്നു. അതിനർത്ഥമാക്കേണ്ടത് നമുക്ക് തിരിയാനുള്ള വഴിയും അടുത്തെത്തി എന്നാണ്. മുന്നിൽ രണ്ടു വഴികൾ തെളിഞ്ഞു. നേരെ പോയാൽ പഴനിയിലേക്ക്, വലത്തോട്ടു തിരിഞ്ഞാൽ കോടമഞ്ഞു മൂടികിടക്കുന്ന കൊടൈക്കനാലിലേക്ക്.

വലത്തോട്ട് തിരിഞ്ഞു കൊടൈക്കനാൽ ലക്ഷ്യമാക്കി നീങ്ങുമ്പോൾ നെൽവയലുകൾക്കപ്പുറം ഉയർന്നു നിൽക്കുന്ന പഴനിമല കൈവീശി ഞങ്ങളെ യാത്രയാക്കുന്നുണ്ടായിരുന്നു. അങ്ങനെ പഴനി ബൈപ്പാസ് റോഡിലൂടെ എട്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പഴനി കൊടൈക്കനാൽ റോഡ് മുന്നിൽ തെളിയും. അവിടുന്നു വലത്തോട്ട് തിരിഞ്ഞു 51 കിലോമീറ്റർ സഞ്ചരിച്ചാൽ കൊടൈക്കനാൽ വിശേഷങ്ങൾ നേരിട്ട് അന്വേഷിക്കാം.

ഇനിയങ്ങോട്ട് സൂക്ഷിച്ചു വേണം യാത്രചെയ്യാൻ. കാരണം ഓരോ ചെറിയ കാഴ്ചകളും നമുക്ക് ആനന്ദം പകരും. റോഡിനു ഇരു വശങ്ങളിലായി പടർന്നു പന്തലിച്ച മരങ്ങൾ റോഡിൽ തണൽവിരിച്ചപ്പോൾ തണുപ്പിൽനിന്നും മുക്തിനേടാനുള്ള സൂര്യപ്രകാശവും ഞങ്ങൾക്ക് അന്യമായി. അങ്ങിനെ തണുപ്പിനോട് മല്ലിട്ട് കാഴ്ചകൾ കണ്ടു പൊന്നിമല എത്തിയപ്പോൾ ആ ബോർഡ് ശ്രദ്ധയിൽ പെട്ടു. “മലനിലകളുടെ രാജകുമാരി കൊടൈക്കനാൽ മലയിലേക്ക് സ്വാഗതം”. അതേ ഇനിയങ്ങോട്ട് കൊടൈക്കനാലിന്റെ വിശേഷങ്ങളാണ് പറയാനുള്ളത്.

പശ്ചിമഘട്ടത്തിലെ പഴനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാലിനെ കുറിച്ചു കേൾക്കാത്തവരുണ്ടാവില്ല. ഇന്ത്യയിലെ തന്നെ പ്രശസ്തമായ മലനിരകളിൽ ഒന്നായ കൊടൈക്കനാൽ ഒരു ഹണിമൂൺ കേന്ദ്രം കൂടിയാണ്. വർഷത്തിൽ 365 ദിവസവും സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കൊടൈക്കനാൽ സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

അണ്ണാ നഗർ മുതൽ പെരുമാൾ മല വരെ നീണ്ടു കിടക്കുന്ന 14 ഹെയർപിൻ വളവുകൾ ഉള്ള ചുരംതന്നെയാണ് കൊടൈക്കനാൽ യാത്രയുടെ മാറ്റുകൂട്ടുന്നത്. ഓരോ വ്യുപോയിന്റും വ്യത്യസ്തകാഴ്ചകൾ സമ്മാനിക്കുമ്പോൾ എടുത്തുപറയേണ്ട ഒന്നാണ് പാലാർ ഡാം വ്യൂ പോയിന്റ് …. ഒന്നാമത്തെ ഹെയർപിൻവളവിൽ സഞ്ചാരികളെ കാത്തിരിക്കുന്ന ഈ വ്യു മിസ്സാക്കിയാൽ കൊടൈക്കനാൽ യാത്ര നിങ്ങൾക്ക് പൂർണമാവില്ല. പാലാർ ഡാമിന്റെ കാഴ്ചകൾ കണ്ട് മുന്നോട്ട് പോകുമ്പോൾ ചെറിയ വ്യുപോയിന്റുകൾ നിങ്ങളെ മാടിവിളിക്കും. ഒരു മടിയും കൂടാതെ ആ വിളിക്കു കാതോർത്താൽ ഈ യാത്രയിൽ നിങ്ങൾ ആഗ്രഹിക്കുന്നതെന്തോ അതവർ നിങ്ങൾക്കു സമ്മാനിക്കും.

കോടമഞ്ഞിനാൽ പ്രശസ്തമായ കൊടൈക്കനാൽ ചുരത്തിലെ കാഴ്ചകൾ കണ്ടു നാലാമത്തെ വളവിൽ ഒന്നു നിർത്തിയേക്കണം. കൊടൈക്കനാലിലെ തണുപ്പിനെ അതിജീവിക്കാൻ കുറച്ചുസമയം വെയിൽ കൊള്ളാം. ഒപ്പം പിന്നിട്ട വഴികളുടെയും പാലാർ ഡാമിന്റെയും ഒരു ആകാശ ദൃശ്യവും കൺകുളിർക്കെ കണ്ടു വീണ്ടും യാത്ര തുടരാം.

ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വവരകള്‍ക്കിടയിൽ കാഴ്ചയുടെ മായാലോകംതീർത്ത പഴനി കൊടൈക്കനാൽ റോഡിലൂടെ സഞ്ചരിച്ചു മേൽപാലം എത്തുമ്പോൾ സമയം എട്ടു മണി. പഴനി കഴിഞ്ഞാൽ പിന്നെ ഫുഡ് കിട്ടണം എങ്കിൽ ഇവിടെ എത്തണം. ആകെ രണ്ടു ഹോട്ടലുകൾ മാത്രമുള്ള ഒരു ചെറിയ ഇടത്താവളം ആണ് മേൽപാലം. രുചിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ലാത്ത പാലാക്കാട്ടുകാരുടെ കടയിൽനിന്നും വയറു നിറച്ചും… പിന്നെ കുറച്ചും ഇഡ്ഡലിയും ദോശയും കഴിച്ചു വീണ്ടും യാത്ര. 9.30 നു പെരുമാൾ മലയിൽ എത്തുമ്പോൾ സമുദ്രനിരപ്പിൽ നിന്നും 1750 മീറ്റർ ഉയരത്തിൽ ആയിരുന്നു ഞങ്ങൾ. ഇവിടെ തൊട്ടടുത്തു പെരുമാൾ പീക്ക് വ്യൂ പോയിന്റ് ഉണ്ട്…. കാണാൻ മറക്കരുതേ…..

കോടമഞ്ഞിന്റെ അകമ്പടിയോടെ മുന്നേറിയ ഞങ്ങളെ ആവേശത്തിലാക്കി ആ ബോർഡും പ്രത്യക്ഷപ്പെട്ടു. “ചോക്കളേറ്റ് പ്രേമികളുടെ സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം”. ഹോംമെയ്ഡ് ചോക്കളേറ്റിന് പേരുകേട്ട കൊടൈക്കനാലിൽ എത്തുമ്പോൾ പത്തുമണി. ഞങ്ങളുടെ വണ്ടി നേരെ ചെന്നു നിന്നതു ബിയര്‍ ഷോല വെള്ളച്ചാട്ടത്തിനു മുന്നിൽ.(സിൽവർ ഫാൾസ്).തെരുവ് കച്ചവടക്കാരും സഞ്ചാരികളും സജീവമായ ബിയര്‍ ഷോല വെള്ളച്ചാട്ടം വളരെ മനോഹരമാണ്. കരടികൾ വെള്ളംകുടിക്കാൻ വരുന്ന കാഴ്ച ഇവിടുത്തെ കച്ചവടക്കാർക്ക് സുപരിചിതമാണ്.
വെള്ളച്ചാട്ടം കണ്ടു രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ ഷെബാംഗനൂര്‍ മ്യൂസിയം കാണാം. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും കണ്ടുവളർന്ന നമുക്ക് ഇവിടുത്തെ കാഴ്ച ഭയാനകരമാണ്. പലയിനം പാമ്പുകൾ, ആമകൾ, പക്ഷികൾ, എന്നുവേണ്ട മനുഷ്യനെ വരെ ഉപ്പിലിട്ടു വച്ചിട്ടുണ്ട് ഇവിടെ 😄. കണ്ടാൽ പേടിക്കുന്നയിനം കഴുകന്മാരും, ചെന്നായ്ക്കളും തുടങ്ങി ഒട്ടനവധി പക്ഷി മൃഗാദികൾ പേടിപെടുത്തുമ്പോൾ പഴയ നാണയം മുതൽ പലയിനം പൂമ്പാറ്റകളും കല്ലുകളും നമ്മെ വിസ്മയിപ്പിക്കും.

ഷെബാംഗനൂര്‍ മ്യൂസിയം കണ്ടിറങ്ങിയ ഞങ്ങൾ നേരെ വാക്സ് മ്യൂസിയം കാണാൻ പോയി. ഷെബാംഗനൂര്‍ മ്യൂസിയം കഴിഞ്ഞു 2 കിലോമീറ്റർ സഞ്ചരിച്ചാൽ റോഡരികിൽ അത്രപെട്ടെന്നു ശ്രദ്ധ എത്താത്ത ഒരു ചെറിയ ബോർഡ് മാത്രമേ അടയാളമായി ഉള്ളു. പക്ഷെ സംഗതി കളറാണ്.
മഹാത്മാ ഗാന്ധിയുടെയും സായ് ബാബയുടെയും എന്നുവേണ്ട അറബിക്കഥയിലെ സുൽത്താന്മാർ വരെ സ്ഥാനംപിടിച്ച മ്യൂസിയത്തിൽ ചന്ദനപ്രേമിയായ വീരപ്പൻ വരെ ഒളിഞ്ഞിരിക്കുന്നു. അവസാനത്തെ അത്താഴ വിരുന്നും, കൃഷ്ണനും രാധമാരും ഒരുനേരത്തെ ആഹാരത്തിനുവേണ്ടി പിച്ചയെടുക്കുന്ന പിച്ചക്കാരും അതുപോലെ പുനർജനിക്കുമ്പോൾ വാക്സ് മ്യൂസിയം സഞ്ചാരികൾക്ക് മെഴുകിൽ തീർത്ത കലാവിരുതുകളുടെ കാഴ്ചയൊരുക്കുന്നു.

വാക്സ് മ്യുസിയം കണ്ടിറങ്ങി നേരെ മുന്നോട്ട് പോയപ്പോൾ ഒരു തടാകത്തിൽ ബോട്ട് സർവീസുകൾ നടത്തുന്നു. ഒന്നു സൈഡാക്കി ബോർഡ് നോക്കിയപ്പോൾ ആണ് കൊടൈക്കനാൽ ടൂറിസത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കൊടൈ ലേയ്ക്ക് ആണ് അതെന്ന് മനസ്സിലായത്. നക്ഷത്ര ആകൃതിയിൽ ആറു കിലോമീറ്റർ ചുറ്റളവിൽ 1863 ൽ സായിപ്പന്മാർ നിർമ്മിച്ച ഒരു കൃത്രിമ തടാകമാണ് കൊടൈ ലേയ്ക്ക് ബോട്ട് യാത്രയും സൈക്ലിങ് സവാരിയും ഇവിടെ ലഭ്യമാണ്.

തടാകം ഒന്നു ചുറ്റിക്കറങ്ങി നേരെ ഞങ്ങൾ പോയത് coaker walker view കാണാൻ. കാഴ്ചയുടെ പറുദീസ എന്ന് ഒറ്റവാക്കിൽ ഈ വ്യു പോയിന്റിനെ വിശേഷിപ്പിക്കാം. നടപ്പാതയുടെ ഒരു സൈഡിൽ തെരുവ് കച്ചവടക്കാർ സ്ഥാനം പിടിച്ചപ്പോൾ മറു സൈഡിൽ കാശ്മീർ താഴ്‌വരകളെ ഓർമ്മിപ്പിക്കും വിധം മലനിരകൾ മാനം മുട്ടെ വളർന്നുനിൽക്കുമ്പോൾ കുറച്ചു മാറി കൊടൈക്കനാൽ പട്ടണത്തിന്റെ ആകാശ ദൃശ്യവിരുന്നൊരുക്കുന്ന coaker walker view നു വലതു സൈഡിൽ പേര് ഓർമയില്ലാത്ത ഒരു വ്യു പോയിന്റും ഉണ്ട്. കോടമഞ്ഞു പുതച്ചു കിടക്കുന്ന ആ കാഴ്ച്ച കാണാൻ കഴിയാത്ത സങ്കടം കൊടൈക്കനാൽ ടൂറിസത്തിലെ പ്രധാനിയായ piller rock (പില്ലർ റോക്ക്) കണ്ടു തീർക്കാമെന്ന ആവേശത്തിൽ അങ്ങോട്ട് തിരിച്ചു.

പ്രതീക്ഷകൾ അസ്ഥാനത്താക്കി പില്ലർ റോക്ക് എന്ന ഗ്രാനൈറ്റ് തൂണുകളാൽ പ്രകൃതി കനിഞ്ഞു നൽകിയ പാറകൂട്ടങ്ങളും മഞ്ഞു മൂടികിടക്കുന്നു. മണിക്കൂറുകളുടെ കാത്തിരിപ്പും അസ്ഥാനത്താക്കിയപ്പോൾ 250 കിലോമീറ്റർ സഞ്ചരിച്ചു വന്നിട്ടും പില്ലർ റോക്ക് കാണാൻ കഴിയാത്ത സങ്കടത്തിൽ അവിടുന്നു മടങ്ങേണ്ടി വന്നു.  കൊടൈ ലേയ്ക്കിന്റെ ആകാശ ദൃശ്യവും കണ്ടു (upper lake view) ഡോൾഫിൻ നോസ് കാണാൻ പുറപ്പെട്ടു. പക്ഷെ ഭാഗ്യ കുറവുകൊണ്ടോ മണിക്കൂറുകൾ നീണ്ട യാത്ര ക്ഷീണമോ എന്തോ ഒന്ന് ഞങ്ങളെ മടക്കി വിളിച്ചു. അങ്ങിനെ ഡോൾഫിൻ നോസ് എന്ന ആ മാരക വ്യു കാണാതെ ഞങ്ങൾ ചുരമിറങ്ങാൻ തുടങ്ങി.

ഒരിക്കൽ കണ്ട കാഴ്ച ആയിട്ടുപോലും 14 വളവുകളുള്ള ചുരം ഒരിക്കൽപോലും ഞങ്ങളെ ബോറടിപ്പിച്ചില്ല എന്നുമാത്രമല്ല രാവിലെ കണ്ട കാഴ്ചകൾ പതിൻമടങ്ങു സൗന്ദര്യത്തോടെ ഞങ്ങളെ സ്വീകരിച്ചു. രാവിലെ കണ്ടതും കോടയിൽ ഒളിഞ്ഞിരുന്നതുമായ കാഴ്ചകൾ വീണ്ടും കൺകുളിർക്കെ കണ്ടു പഴനിയിൽ എത്തുമ്പോൾ സൂര്യൻ അതിന്റെ ജോലി പൂർത്തിയാക്കി മലമടക്കുകൾക്കിടയിലേക്ക് മടങ്ങുകയായിരുന്നു.

ഉറക്കമില്ലാത്ത മണിക്കൂറുകൾ നീണ്ട യാത്ര ക്ഷീണം രണ്ടുപേരുടെയും മുഖത്തു വ്യക്തമായിരുന്നെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ കൊടൈക്കനാലിലെ വിശേഷങ്ങൾ ഓർത്തു ക്ഷീണം മറന്നു രണ്ടുപേരും രാത്രി കാഴ്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ടിരുന്നു. ഒപ്പം ബൈക്കും ഓടിക്കൊണ്ടേയിരുന്നു. 12 മണിക്ക് കോട്ടക്കൽ ഫൈസൽക്കയുടെ തട്ടുകടയിൽനിന്നും കട്ടൻകാപ്പി കുടിച്ചു യാത്ര അവസാനിപ്പിക്കുമ്പോൾ 24 മണിക്കൂർകൊണ്ട് കണ്ടുതീർത്ത കാഴ്ചകളും അനുഭവിച്ചറിഞ്ഞ കൊടൈക്കനാൽ വിശേഷങ്ങളും മനസ്സും ശരീരവും കുളിരണിയച്ചപ്പോൾ വീടിന്റെ സിറ്റൗട്ടിൽ കിടന്നു കണ്ട സ്വപ്നം പൂവണിയുകയായിരുന്നു.

ഈ യാത്രയിൽ ഞാനേറ്റവും കടപ്പെട്ടിരിക്കുന്നതു മൂന്നു വ്യക്തികളോടാണ്. കള്ളം പറഞ്ഞിട്ടാണെങ്കിലും അർദ്ധരാത്രി പാലക്കാട് വരെ പോവാൻ സമ്മതിച്ച ഉമ്മയോടും, പിന്നെ ഈ ഒരു ആഗ്രഹത്തിന് കൂട്ടുനിന്ന സാജിദിനോടും, ഞങ്ങളെ രണ്ടാളെയും വഹിച്ചു 600 കിലോമീറ്റർ സഞ്ചരിച്ച പാഷൻ പ്രോ ബൈക്കിനും.

വിവരണം – എസ്.എം.കെ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply