5000 വര്‍ഷം പഴക്കമുള്ള സർവത്ര കല്ലുമയമായ ഒരു അമ്പലം

നിങ്ങൾക്കറിയാമോ -എറണാകുളം ജില്ലയിൽ തന്നെയുള്ള സർവത്ര കല്ലുമയമായ ഒരു ദുർഗാക്ഷേത്രം.  കല്ലിൽ ഗുഹാക്ഷേത്രം. ഒരുപാട് ഐതീഹ്യങ്ങൾ ഈ ക്ഷേത്രത്തെ ചുറ്റിപറ്റി പ്രചരിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ മേത്തലയിലാണ് 5000 വർഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ്‌ ഈ ക്ഷേത്രം.

എറണാകുളം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഈ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ പ്രദേശത്തെ വശ്യചാരുത. ഭക്തി സാന്ദ്രവും ശാന്ത സുന്ദരമായ പ്രകൃതിയും അത്ഭുത പരിവേഷവും ഒക്കെ ചേർന്നതാണ് മുവാറ്റുപുഴ ആർ ഡി ഒ യുടെ റിസീവർ ഭരണത്തിലുള്ള ഈ അത്ഭുത ചൈതന്യ ക്ഷേത്രം.

അടുത്ത കാലം വരെയും ഉച്ചപൂജയോടെ പൂജകൾ അവസാനിച്ച് മദ്ധ്യാഃനത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളിൽ മേൽശാന്തിയ്ക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകൾ നിർവ്വഹിയ്ക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളിൽ സന്ധ്യാപൂജകൾ കല്ലിൽ ഷാരത്ത് തന്നെ നിർവ്വഹിക്കപ്പെട്ടുപോന്നു.

എന്നാൽ ഏതാനും വർഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7:30 യോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവിൽ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാർത്തികയ്ക്ക് കൊടിയേറുന്ന തൃക്കാർത്തിക മഹോത്സവനാളുകളിൽ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകൾ പതിവുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂർ മനയ്ക്കലേക്കാണ്.

പല ഐതീഹ്യങ്ങളും ഈ ക്ഷേത്രത്തെ പറ്റി പ്രചരിക്കുന്നുണ്ട്. മറ്റു പല ക്ഷേത്രങ്ങളെയും പോലെ ഇതും ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് പറയുന്നത്. ഇവിടുത്തെ പ്രതിഷ്‌ഠകൾ ജൈനമതത്തിലെ തീർത്ഥങ്കരനായിരിക്കുന്ന വർദ്ധമാന മഹാവീരന്റെയും പാർശ്വനാഥന്റെയും പത്മദേവിയുടെയും പ്രതിഷ്‌ഠകളായിരുന്നു. ജൈന വിഗ്രഹങ്ങളെ പോലെ മൂക്കും ചെവിയും നീണ്ടതും ചമ്രം പടിഞ്ഞിരുക്കുന്ന രൂപത്തിലുള്ളതായിരുന്നു.ഒരു പക്ഷെ ജൈന സന്യാസിമാർ തപസ്സനുഷ്ഠിച്ച പ്രദേശമായിരിക്കണം ക്ഷേത്രമായി പരിണമിച്ചത്.

ഒൻപതാം നൂറ്റാണ്ടിൽ ഇത് ഹിന്ദു ക്ഷേത്രമായി മാറിയെന്ന് കരുതപ്പെടുന്നു.ഹൈന്ദവ പൂജാവിധിയിൽ വന്ന ശേഷം ദേവപ്രശ്നത്തിലൂടെയാണ് വിഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിഷ്‌ഠകളുടെ നാമത്തിൽ മാറ്റം വന്നു.ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതീ പ്രതിഷ്ഠ. പഞ്ചലോഹംകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു ദുർഗാ ദേവിയാണ് പ്രധാന പ്രതിഷ്‌ഠ, 4 പ്രതിഷ്‌ഠകളാണ് ശ്രീകോവിലിനുള്ളിൽ ഉള്ളത്. പ്രധാന പ്രതിഷ്‌ഠയായി ദുർഗയും തൊട്ടു പുറകിലായി മഹാദേവനും തെക്ക് ഭാഗത്ത് വടക്കോട്ട് തിരിഞ്ഞു സന്താന ഗോപാലമൂർത്തിയായി വിഷ്ണുവും ഇതിനു അനുകൂലമായി ശ്രീചക്രവുമാണ് ഉള്ളത്. ഉപദേവനായി ഗണപതിയും ശാസ്താവും ശ്രീകോവിലിനു അടുത്തായി നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.

വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയിൽ പടിഞ്ഞാറേക്ക് ദർശനമായി 9 പ്രതിഷ്ഠകൾ ഉണ്ട്.ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതൽ പാറകൾ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേയ്ക്കു ചെല്ലും തോറും പാറക്കല്ലുകൾ കൂടുതൽ കൂടുതൽ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേയ്ക്കുള്ള പടികളത്രയും കരിങ്കല്ലിൽ തീർത്തതാണ്. പടികൾ കയറിച്ചെല്ലുമ്പോൾ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലിൽ തീർത്ത തൂണുകൾ ആരെയും അത്ഭുതപ്പെടുത്തും!

പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെ കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്ക്കാരമണ്ഡപമാകട്ടെ മേൽക്കൂരയടക്കം മുഴുവനായും കരിങ്കല്ലിൽ തീർത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവിൽ ഒരു പടുകൂറ്റൻ കല്ലിൽ ഉണ്ടായിരുന്നതോ നിർമ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലും. ഗുഹാക്ഷേത്രമായതിനാൽത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നിൽ ചെന്ന് ദർശനം നടത്താൻ ഇവിടെ സാധിക്കയില്ല. ഭഗവതിയെ പ്രദക്ഷിണം വയ്ക്കുന്ന ഭക്തർ ശ്രീകോവിൽ സ്ഥിതി ചെയ്യുന്ന കല്ലിനെയും കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലിൽ തീർത്ത പടവുകളും ചെറു ഗുഹകളും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിയ്ക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാർത്ഥത്തിൽ ‘കല്ലിൽ’ അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാൽ കാണാനാവുക.

മറ്റൊരു ഐതീഹ്യം പറയുന്നത് ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്തു വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയവർ കാനനമധ്യത്തിൽ ദേവി ചൈതന്യം തുടിക്കുന്ന സുന്ദരിയായൊരു സ്ത്രി കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്നത് കണ്ടുവത്രെ. വനമധ്യത്തിൽ കണ്ട സുന്ദരി ആരെന്നറിയാൻ ആകാംഷയോടെ അവർ അടുത്തുചെന്നപ്പോഴേക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകൾ മറയാക്കി ഗുഹയിൽ ഒളിച്ചു. ആ സുന്ദരി രൂപണി കല്ലിൽ ഭഗവതിയിയായിരുന്നു. അമ്മാനമാടിയപ്പോൾ മുകളിലേക്ക് പോയ കല്ല് മേൽക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നാണ് ഐതീഹ്യം.

ശ്രീകോവിലിന്റെ മേൽക്കൂരയായി നിലം തൊടാതെ നിൽക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുത ദൃശ്യമാണ് ദേവിക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്. ഭഗവതി അമ്മാനമാടിയ ശില 15 ആനകൾ വലിച്ചാൽ പോലും നീങ്ങാത്തവയാണ്. ക്ഷേത്രത്തിന്റെ ശ്രദ്ധകേന്ദ്രമായ ഭീമൻ പാറ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു.

മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കല്ലിൽ ക്ഷേത്രത്തിലെ പ്രധാന നേർച്ചകൾ ”ചൂല് നേർച്ചയും” ”കല്ല് നേർച്ചയും” ആണ്. ചൂല് നേർച്ച പ്രധാനമായും സ്ത്രീകൾ മുടി സമൃദ്ധമായി വളരാനും പുരുഷന്മാർ കുടുംബത്തിലെ ദുരിതങ്ങൾ മാറാനും മാറാരോഗങ്ങളിൽ നിന്ന് രക്ഷനേടാനുമാണ് നടത്തുന്നത്. ഇരുമ്പ് തൊടാതെ വേണം നേർച്ചയ്ക്കായുള്ള ചൂല് നിർമിക്കാൻ. തെങ്ങിൽ നിന്ന് ഓല വെട്ടിമാറ്റിയ ശേഷം ഇരുമ്പ് തൊടാതെ വേണം ചൂല് എന്ന പ്രക്രിയ ചെയ്യാൻ. കടയും തലയും വെട്ടാതെ ഓലയിൽ നിന്ന് ഇരുമ്പ് തൊടാതെ ഈർക്കിലി വേർതിരിച്ചതിനു ശേഷം ഓലകീറു കൊണ്ട് തന്നെ ചൂല് കെട്ടണം. ഇങ്ങനെ ഉണ്ടാക്കിയ ചൂല് ദേവിക്ക് സമർപ്പിച്ചാൽ നടക്കുമെന്നാണ് വിശ്വാസം.

വീട് പണി പൂർത്തിയാവാൻ വേണ്ടിയാണ് ”കല്ല് നേർച്ച” നടത്തുന്നത്. വീടുപണി എന്തെങ്കിലും കാരണം കൊണ്ട് പൂർത്തികരിക്കാൻ സാധിക്കാത്തവർ വീടുപണിയുന്ന സ്ഥലത്തു നിന്ന് ചെറിയ 2,3 കല്ലുകൾ കൊണ്ടു വന്ന് ക്ഷേത്ര പരിസരത്തു വീടിനെ സങ്കൽപ്പിച്ച കല്ലുകൾ ചേർത്ത് വച്ച് പ്രാർത്ഥിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാവും എന്നാണ് വിശ്വാസം. ഫലം കിട്ടിയവർ പ്രത്യുപകാരമായി വീട് പാലുകാച്ചുന്നതിനു മുൻപ് ക്ഷേത്രത്തിൽ വന്ന് ഒരു ദിവസത്തെ പൂജ വഴിപാടായി നടത്തണം. കടുംപായസവും നെയ്‌വിളക്കുമാണ് പ്രധാന വഴിപാടുകൾ.

എല്ലാ വർഷവും വൃശ്ചികത്തിലെ കാര്‍ത്തികയുടെ അന്നാണ് ഉത്സവം കൊടിയേറുന്നത്. കാർത്തികയുടെ അന്ന് ദീപാരാധനയോടു കൂടിയാണ് കൊടിയേറുന്നത്. ഉത്സവ ദിവസങ്ങളിൽ ആറാട്ട് പതിവാണ്. കാർത്തികയുടെ അന്ന്‍ ഉച്ചപൂജയ്ക്ക് ശേഷം ”ഇടി വഴിപാടോടു” കൂടിയാണ് ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ മാരാർ പച്ചമഞ്ഞൾ, പാകമാകുന്നതിനു മുമ്പുള്ള പഴുക്ക, വെറ്റില, ചുണ്ണാമ്പ് എന്നിവ മരത്തിലെ ഉരലിൽ മര ഉലക്കകൊണ്ട് അതിനെ ഇടിച്ച് ദ്രാവക രൂപത്തിലാക്കുന്നു. അത് പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും. ഇതിനു ശേഷമാണ് ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നത്. കാർത്തിക നാളിൽ തുടങ്ങി മകം നാളിൽ തീരുന്ന എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ.

കടപ്പാട് – ആരതി കൃഷ്‌ണ ഡി എച്ച്.,   സീതാലക്ഷ്മി (ചരിത്ര ശാസ്ത്ര നിഗൂഢതകളുടെ അവലോകനവും ചിന്തകളും).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply