ദുബായിൽ നിന്നും ഒമാനിലെ സലാലയിലേക്ക് എങ്ങനെ പോകാം?

ഒമാനിലെ സലാലയെക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ കാണില്ല. ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സ‌ഈദിന്റെ ജന്മസ്ഥലവുമാണ്‌ സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽതാൻ കൂടുതലായും സലാലയിലാണ്‌ താമസിക്കാറ്. എന്നാൽ സുൽതാൻ ഖാബൂസ് ഈ പ്രവണതയിൽ മാറ്റം വരുത്തി. 1970 ൽ അദ്ദേഹം ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ്‌ ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്. മിക്കയാളുകളും ചോദിക്കുന്ന സംശയങ്ങളിൽ ഒന്നാണ് സലാലയിലേക്ക് എങ്ങനെ പോകാം? എന്തൊക്കെ കരുതണം? വിസ ലഭിക്കുവാനുള്ള കടമ്പകൾ എന്തൊക്കെ എന്നിങ്ങനെ. നിങ്ങളുടെ ഈ സംശയങ്ങൾക്ക് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകുകയാണ് Aslam Kayyath എന്ന പ്രവാസി മലയാളി. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

ഒമാൻ സലാല വിശേഷം സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോൾ പലരും ചോദിച്ച ഒന്നാണ് അവിടെ പോവാനുള്ള കടമ്പകൾ എന്തൊക്കെയാണെന്ന്. യു.എ.ഇ യിൽ നിന്നും റോയൽ ഒമാൻ പോലീസ് നിർദ്ദേശിക്കുന്ന പ്രൊഫഷൻ ഉള്ളവർക്ക് (ലിസ്റ്റ് ഇതിന്റെ കൂടെ പോസ്റ്റിയിട്ടുണ്ട്) സ്പോൺസേർസ് ഇല്ലാതെ ഒമാനിലേക്ക് 28 ദിവസത്തേക്കുള്ള ഓൺ അറൈവൽ വിസ കിട്ടും… വിസ ഓൺലൈൻ ( https://evisa.rop.gov.om ) ആയും , ചെക്ക് പോസ്റ്റിലെ എമിഗ്രേഷനിലും ലഭിക്കുന്നതാണ്. a) ഓൺലൈനായി ചെയ്യാൻ ഇവിടെ കൊടുത്ത ലിങ്കിൽ പോയി ലോഗ് ഇൻ ചെയ്തു വിസക്ക് അപ്ലൈ ചെയ്യാം. b) യു.എ.ഇ. ചെക്ക് പോസ്റ്റ് ബോർഡറിൽ നിന്നും 35 ദിർഹം കൊടുത്തു എക്സിറ്റ അടിച്ചു ഒമാൻ ചെക്ക് പോസ്റ്റിൽ നിന്നും നേരെത്തെ പറഞ്ഞ പ്രൊഫഷനുകൾ ഉള്ളവർക്ക് 50 ദിർഹം നൽകിയാൽ വിസ അടിച്ചു തരുന്നതാണ്. ആളുകളുടെ തിരക്കു അനുസരിച്ചു അവിടെ കാലതാമസം വ്യത്യസ്തപ്പെടും. ലിസ്റ്റിൽ ഉൾപ്പെട്ട പ്രൊഫഷനിൽ താങ്കൾ ഉൾപെട്ടിട്ടുണ്ടെന്നു ഉറപ്പു വെരുത്തുന്നത് ബോർഡറിൽ നിന്നും പ്രശ്നങ്ങൾ ഇല്ലാതെ വിസ അടിച്ചു കിട്ടാൻ ഉപകാരപെടും.

യു.എ.ഇ യിൽ നിന്നും ഒമാനിൽ പോവാൻ മുഖ്യമായും 3 ഓപ്ഷൻ ഉണ്ട്. താഴെ വിശദീകരികാം.

1. ഫ്ലൈറ്റ് : യു.എ.ഇ യിലെ വിവിധ എയർപോർട്ടിൽ നിന്നും മസ്‌കറ്റ, സലാലയിലേക്ക് വിവിധ കമ്പനികൾ ഡെയിലി സർവീസ് നടത്തുന്നുണ്ട്. ഒമാൻ എയർപോർട്ടുകളിൽ ഓൺ അറൈവൽ വിസ കിട്ടുമെങ്കിലും ഓൺലൈനിൽ വിസ എടുത്തു പോവുന്നതാവും മറ്റു തടസങ്ങൾ ഒഴിവാക്കാൻ നല്ലത്. സലാലയിൽ പോവാൻ ഉദ്ദേശിക്കുന്നവർ സലാലയിലേക്കുള്ള സർവീസ് ഉപയോഗിക്കുന്നതാരിക്കും ഉചിതം. കാരണം മസ്കറ്റിൽ നിന്നും 1000 കിലോമീറ്റർ ദൂരം സലാലയിലേക്ക് ഉണ്ട്.

2. ബസ് : ദുബൈയിൽ നിന്നും ഡെയിലി ജി.ടി.സി യുടെ ബസ് സലാലയിലേക്ക് സർവീസ് നടത്തുന്നുണ്ട് 100 ദിർഹംസാണ് ഒരു സൈഡിലേക്കുള്ള ചാർജ്. രണ്ടു സൈഡിലേക്ക് ഒന്നിച്ചെടുക്കണെങ്കിൽ 180 ദിർഹംസ് കൊടുത്താൽ മതിയാകും. 12 മണിക്കൂർ ആണ് സാധാരണ യാത്ര സമയം. വിസ കാര്യങ്ങൾ ചെയ്യാൻ രണ്ടു ബോർഡറിലും ബസ് നിർത്തി തരുന്നതാണ്. കോൺടാക്ട് : +971506420210.

3.കാർ : പേപ്പർസ് ക്ലീയറായിട്ടുള്ള കാർ എടുത്തു ‘അൽ ഐൻ മസ്യദ്’ ബോർഡറിലൂടെ ഒമാനിലേക്ക് പോവാം. കാർ രെജിസ്ട്രേഷൻ ഓടിക്കുന്ന ആളുടെ പേരിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്. ഒമാൻ ബോർഡറിൽ നിന്നും പല പാക്കേജുകളായി വെഹിക്കിൾ ഇൻഷുറൻസ് ലഭ്യമാണ്. അത് യു.എ.ഇ ഒൺലി വെഹിക്കിൾ ഇൻഷുറൻസ് ഉള്ളവർ നിർബന്ധമായും എടുക്കണം. ഏറ്റവും കുറനതു ഒരു ആഴ്ചത്തേക്കു 90 ദിർഹംസാണ്.

ഒമാൻ റോഡിൽ യു.എ.ഇ പോലെ പെട്രോൾ പമ്പ് സുലഭമല്ലാത്തതു കൊണ്ട് കിട്ടുന്ന പമ്പിൽ നിന്നും ഫുൾ ടാങ്ക് അടിക്കുന്നത് യാത്ര തടസം ഉണ്ടാകുന്നത് ഒഴുവാക്കാം. ആവശ്യത്തിനുള്ള കുടിവെള്ളവും കഴിക്കാനുള്ള ലഘു ആഹാരങ്ങളും പഴവര്ഗങ്ങളും കരുതുന്നത് നല്ലതാണ്. നേരത്തെ നമ്മൾ പോവേണ്ട സ്ഥലങ്ങളും മറ്റും പ്ലാൻ ചെയ്തു പോവന്നെങ്കിൽ സമയം നഷ്ടമില്ലാതെ യാത്ര സുഖകരമാകാവുന്നതാണ്.

അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ്‌ സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ്‌ ഇവിടെ. തെക്കുപടിഞാറൻ മൺസൂൺ കാലവസ്ഥയാണ്‌ സലാലയിൽ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂൺ ഒടുവ് തൊട്ട് സെപ്റ്റംബർ ആദ്യം വരെ) ഖരീഫ് സീസൺ എന്ന് അറിയപ്പെടുന്നു. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാർന്ന പരിപാടികൾ ഈ കാലത്ത് സലാലയിൽ സംഘടിപ്പിക്കാറുണ്ട്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസി സമൂഹങ്ങളുണ്ട് സലാലയിൽ. പ്രധാനമായും ഇന്ത്യ,ശ്രീലങ്ക,പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ്‌ അവ. മലയാളി പ്രവാസികളും ധാരാളാമായുണ്ട്. കേരളത്തോട് സമാനതയുള്ള കലാവസ്ഥയായതിനാൽ കേരളത്തിൽ വളരുന്ന മിക്ക ഫല വൃക്ഷങ്ങളും ഇവിടെയും വളരുന്നു. കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply