കേരളത്തിനായി പഞ്ചാബിൽ 29 കിമീ നടന്ന് സഹായമഭ്യർത്ഥിച്ച് മലയാളി യാത്രികൻ..

യാത്രകൾ ഇഷ്ടപ്പെടുന്ന ഒരു മനുഷ്യസ്നേഹിയാണ് തലശ്ശേരി സ്വദേശിയായ പർവേസ് ഇലാഹി. പർവേസിന്റെ അനുഭവങ്ങൾ നമ്മൾ പലതവണ ഈ പേജിലൂടെ അറിഞ്ഞതുമാണ്. തൻ്റെ ഇൻഡ്യാ യാത്രയുടെ നാൽപ്പതാം ദിവസം പഞ്ചാബിൽ എത്തിയപ്പോളാണ് കേരളത്തിലെ പ്രളയവിവരം പർവേസ് അറിയുന്നത്. കേരളത്തിലെ തൻ്റെ എല്ലാ സഹോദരീസഹോദരന്മാരെയും എങ്ങനെയെങ്കിലും സഹായിക്കണം എന്നതായിരുന്നു പിന്നീട് പർവേസിന്റെ ലക്‌ഷ്യം. പഞ്ചാബിലൂടെ 29 കിലോമീറ്റർ നടന്ന് അവിടുത്തെ തെരുവുകളിലും ഹോട്ടലുകളിലും വീടുകളിലും കയറി കേരളത്തിന്റെ അവസ്ഥ തന്നാലാവും വിധം വിവരിച്ചു. കുറേപ്പേർ സഹായങ്ങൾ നൽകി. പർവേസ് ഇലാഹിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം…

ഒരു ദിനം കൊണ്ട് ലോകത്തിന്റെ നെറുകയായ കർദുഗ്ല നടന്നു കയറാമെങ്കിൽ എന്ത് കൊണ്ട് എനിക്ക് പഞ്ചാബിലൂടെ എന്റെ കേരളത്തിനായി നടന്നു കൂടാ? എന്ന ചിന്തയിൽ നിന്നാണ് നീണ്ട 29 കിലോമീറ്ററുകൾ ഇന്ന് പഞാബിലൂടെ നടന്നത്. വൈകീട്ട് 4 മണി തൊട്ടു 7 മണി വരെ അമൃത്സാറിലൂടെ ഞാൻ നടന്നു. കടകളിലും, ഹോട്ടലുകളിലും, ആളുകൾ കൂടിയ തെരുവകളിലും കയറി ഇറങ്ങി കാര്യങ്ങൾ വിവരിച്ചു. പലരും തുറിച്ചു നോക്കുന്നുണ്ടായിരുന്നു പക്ഷേ ആ തുറിച്ചു നോക്കലുകൾ ഒരു നിമിഷം പോലും എന്നേ തളർത്തിയില്ല കാരണം ഹൃദയത്തെ കോർത്തു വലിക്കും വിധം ഒരായിരം നിസ്സഹായമായ കണ്ണുകൾ കണ്ടിട്ടാണ് ഞാൻ ഇറങ്ങിയതും.

പറയാതിരിക്കാൻ വയ്യ പഞ്ചാബികൾക്ക് കേരളത്തോടുള്ള സ്നേഹം, പലരും പണ തുട്ടുകൾ നീട്ടി ഒപ്പം അവരുടെ പ്രാർത്ഥന എന്നും ഉണ്ടെന്നും പറഞ്ഞു. പക്ഷേ വളരെ ചുരുക്കം ചിലർ പരിഹസിച്ചു ചിരിച്ചു കൊണ്ട് നീങ്ങുന്നതും കണ്ടു. ഇന്ന് ആദ്യമായി ഒരുപാടു നാണയ തുട്ടുകൾ എനിക്ക് കിട്ടി. കൈകളിലേക്ക് വരുന്ന ചെറിയ നാണയ തുട്ടുകൾ മൂല്യം കൊണ്ട് ചെറുതാണെങ്കിലും അത് കൈയിലിലേക്ക് ഏറ്റുവാങ്ങുമ്പോൾ, അറിയാതെ ഓർത്തു പോയി എത്ര പേർ ഇതു പോലെ ദിനം പ്രതി എനിക്ക് മുന്നിൽ കൈ നീട്ടിയിട്ടുണ്ട്.. !! പലർക്കും ഒന്നും നൽകാതെ നമ്മൾ ആട്ടി ഓടിച്ചിട്ടില്ലേ??

റോഹിൻഗ്യൻ ക്യാമ്പുകളിലും, മുംബൈയുടെ ചുവന്ന തെരുവിലും, കൊൽക്കത്തയുടെ സോനാഗച്ചിയിലും ഇതുപോലെ യാചിച്ച എത്ര മുഖങ്ങൾ കണ്ടിട്ടുണ്ട്. ഇന്ന് ഞാൻ അറിയുന്നു ചെറിയ നാണയ തുട്ടുകൾ സമ്മാനിച്ച വലിയ സന്തോഷത്തിന്റെ മൂല്യം. 3 മണിക്കൂർ കൊണ്ട് 1482/- രൂപയാണ് കിട്ടിയത്. ഈ മൂന്നു ദിനം കൊണ്ട് കിട്ടിയ മുഴുവൻ തുക കൊണ്ട് (ഓൺലൈൻ ട്രാൻസ്ഫർ അടക്കം )ഒരു കാര്യം കൂടി ചെയ്തു തീർക്കാൻ സാധിച്ചു, വിവിധ ക്യാമ്പുകളിലേക്കായി 2000 ത്തോളം സാനിറ്ററി നാപ്ക്കിൻസ് ഇന്നും നാളെയുമായി പഞ്ചാബിൽ നിന്നും എത്തും. ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകളുടെ ആർത്തവ കാലത്തെ ദുരിതങ്ങൾ റോഹിൻഗ്യൻ ക്യാമ്പുകളിൽ നിന്നും, കൊൽക്കത്തയിലെ ചുവന്ന തെരുവിൽ നിന്നും ഒരുപാട് കേട്ടതാണ് തീർത്തും പ്രാചീന രീതികൾ ഉപയോഗിച്ച് അവർ ആർത്തവ കാലത്തെ വേദന കടിച്ചമർത്തുന്നതും കണ്ടിട്ടുണ്ട്. കളിമണ്ണും, ചാരവുമൊക്കെ ഉപയോഗിച്ച് അവർ രകതം തടയുമ്പോൾ പലപ്പോഴും ഓർത്തിട്ടുണ്ട് നമ്മുടെ കേരളത്തിലെ സ്ത്രീകൾ എത്ര ഭാഗ്യവതികളാണെന്ന്, പക്ഷേ കാലം ചിലപ്പോൾ പാഠങ്ങൾ നൽകും ഒരു ജീവിത കാലം ഓർക്കാൻ മാത്രമുള്ള പാഠംങ്ങൾ
ഇതൊരു തുടക്കം മാത്രമാണ്… മുന്നേറ്റത്തിന്റെ, അതിജീവനത്തിന്റെ, ഉയര്തെഴുനെൽപ്പിന്റെ തുടക്കം… !

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply