ഇറാൻ – ഇറാഖ് യുദ്ധം : ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നീണ്ട പോരാട്ടം…

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നീണ്ട യുദ്ധമാണ് ഇറാൻ-ഇറാഖ് യുദ്ധം. 1980 സെപ്റ്റംബർ 22 മുതൽ 1988 ഓഗസ്റ്റ് 20 വരെ നീണ്ടു നിന്നു. ലക്ഷക്കണക്കിനു പേരുടെ ജീവനെടുത്ത യുദ്ധം കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടാക്കി. മുൻപ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ എന്നാവശ്യപ്പെട്ടതാണ് യുദ്ധകാരണം എങ്കിലും ഇറാനിൽ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാൻ അമേരിക്കൻ പിന്തുണയോടെ അറബ് രാജ്യങ്ങൾ ഇറാഖിനെ മുൻ നിർത്തി നടത്തിയ യുദ്ധമാണിത് എന്നും ആരോപിക്കപ്പെടാറുണ്ട് ഇറാനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധമായിരുന്നു അത് . അമേരിക്കൻ പിന്തുണയോടെ ഇറാഖ് നടത്തിയ ആക്രമണമെന്നോ ഇറാഖിനെ മറയാക്കി അമേരിക്ക നടത്തിയ ആക്രമണമെന്നോ വിശേഷിപ്പിക്കാം.

അതിർത്തി പ്രദേശത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കാലാകാലങ്ങളായി നടന്നു വരികയായിരുന്നു.. അതിർത്തിയുമായി ബന്ധപ്പെട്ട് ഇരുപതോളം കരാറുകളും പ്രാബല്യത്തിൽ ഉണ്ടായിരുന്നു.. എണ്ണ നിക്ഷേപത്തിൽ സമ്പന്നമായ ഖുസെസ്ഥാനിൽ ആയിരുന്നു ഇറാഖിന്റെ കണ്ണ്.. അവിടത്തെ വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഇറാഖ് ആയുദ്ധവും പണവും നൽകിവന്നു.. ഇറാഖിലെ കുർദ്ദ് വംശജരെ ഇളക്കിവിട്ട് ഇറാനും തിരിച്ചടിച്ചു.
എണ്ണക്കയറ്റുമതിക്കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള അൽവന്ത്രഡ്-ഷാത്ത് അൽ അറബ് ജലപാതയെ ചൊല്ലിയുള്ള തർക്കമായിരുന്നു പെട്ടെന്നുള്ള യുദ്ധമായി പരിണമിച്ചത്. ഷാത്ത് അൽഅറബ് ജലപാത ഞങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച ഇറാഖ് അഞ്ചു ദിവസത്തിനുള്ളിൽ ഇറാന്റെ അധീനതയിലുള്ള പ്രദേശങ്ങളിലേക്ക് കടന്നു കയറി.. ഇറാഖിനെ പോലെ യുദ്ധസജ്ജമല്ലായിരുന്നു ഇറാൻ. ഷാ ഭരണകൂടത്തെ അട്ടിമറിച്ചതോടെ തകർന്നു പോയ സൈനിക സംവിധാനം ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു..

അമേരിക്കയുടെ ആയുദ്ധസാങ്കേതിക പിന്തുണയോടെയായിരുന്നു ഇറാഖിന്റെ നിക്കങ്ങൾ .ഇറാനിലെ സുന്നി വംശജർ ഖുമൈനിക്കെതിരായി തിരിയുമെന്നും തങ്ങളെ സഹായിക്കുമെന്നും സദ്ദാം ഹുസൈൻ കണക്കുകൂട്ടി. പക്ഷേ നീതി പൂർവമല്ലാത്ത ആക്രമണത്തെ ചെറുക്കാൻ ഇറാൻ ജനത വംശീയത മാറ്റിവെച്ച് അണിനിരന്നു. നവംബറിൽ ഇറാനുവേണ്ടി ഒരുലക്ഷം സന്നദ്ധഭടന്മാർ യുദ്ധമുന്നണിയിലെത്തി. 1982 ജൂൺ ആയതോടെ ഇറാൻ തങ്ങൾക്ക് നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിച്ചു. ഖുസെസ്ഥാഴ പ്രവിശ്യയും ഇതിൽ ഉൾപ്പെട്ടിരുന്നു. യുദ്ധം ഇറാക്കിന്റെ ഭൂപ്രദേശത്തേക്ക് മാറി.

എണ്ണപ്പാടങ്ങളും കയറ്റുമതി കേന്ദ്രങ്ങളും തകർത്ത് ഇരു രാജ്യങ്ങളിലും കനത്ത നാശം വിതച്ചു യുദ്ധം തുടർന്നു.. ഇറാഖിലേക്കുള്ള എണ്ണടാങ്കർകപ്പലുകൾക്ക് സംരക്ഷണം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കൻ പതാകയുള്ള ഇത്തരം കപ്പലുകൾ ആക്രമിച്ചാൽ ഇറാനെ നേരിട്ട് ആക്രമിക്കാനുള്ള അവസരം അമേരിക്കയ്ക്ക് കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ.. 1988 ജൂലൈ മൂന്നിന് 290 യാത്രക്കാർ ഉള്ള ഇറാനിയൻ വിമാനം അമേരിക്ക യുദ്ധക്കപ്പലിൽ നിന്നും വെടിവെച്ചിട്ടു.. യാത്രികർ എല്ലാവരും കൊല്ലപ്പെട്ടു.. ഇറാഖ് മാരകമായ രാസായുദ്ധങ്ങൾ പ്രയോഗിച്ചു. ആയിരങ്ങൾ ഇറാനിൽ മരിച്ചുവീണു.. എന്നാലും ഇറാൻ രാസായുദ്ധമുപയോഗിച്ച് തിരിച്ചടിച്ചില്ല. ഇറാഖിനെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും പിന്തുണച്ചപ്പോൾ സോവിയറ്റ് യൂണിയനടക്കം വളരെ ചുരുക്കം രാജ്യങ്ങളേ ഇറാന്റെ ഭാഗമായുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദീർഘമായ യുദ്ധം എന്നറിയപ്പെടുന്ന ഇറാഖ്-ഇറാൻ പോരാട്ടത്തിൽ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽ പറത്തി പൂർണമായും അമേരിക്ക പിന്തുണ കൊടുക്കുന്ന ഇറാഖിന്റെ ആധിപത്യം ആയിരുന്നു കണ്ടത്.

ഇറാഖിനും ഇറാനും വിലമതിക്കാനാവാത്ത നാശനഷ്ടങ്ങൾ വരുത്തിയ യുദ്ധത്തിൽ അമേരിക്ക മാത്രമാണ് ലാഭം കൊയ്തത്. യുദ്ധത്തിന്റെ തുടക്കം മുതൽ ഇറാഖിന് കോടികളുടെ ആയുദ്ധങ്ങൾ വിറ്റ അമേരിക്ക യുദ്ധം തുടങ്ങി മൂന്നു വർഷങ്ങൾക്കു ശേഷം ഇറാനും ആയുദ്ധങ്ങൾ നൽകിത്തുടങ്ങി.. റീഗൻ ഭരണകൂടത്തിന്റെ മൗനസമ്മതത്തോടെ ഉദ്യോഗസ്ഥർ രഹസ്യമായി ഇസ്രയേൽ വഴിയാണ് കച്ചവടം നടത്തിയത് . 1988ൽ യുദ്ധമവസാനിക്കുമ്പോൾ ഇരു രാജ്യങ്ങളും സാമ്പത്തികമായി തകർന്നടിഞ്ഞിരുന്നു. യുദ്ധകാലത്ത് ,ഇസ്രായേലിനും പാകിസ്ഥാനും പോലും കൊടുക്കാത്ത ആയുധങ്ങളാണ് അമേരിക്ക സദ്ദാമിനു നൽകിയത്. ഫലമോ ,യുദ്ധാനന്തരം തീർത്തും തകർന്ന ഇറാഖ് ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായി.

കടപ്പാട് – Saril Balakrishnan (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply