“ലേ” യിലേക്കൊരു ഹിമാലയൻ ഹണിമൂൺ യാത്ര…

വിവരണം – Ambu S Kumar.

പണ്ട് മുതൽ പലപ്പോഴായി മാറ്റി മാറ്റി വെച്ച ഒരു പ്ലാൻ ആയിരുന്നു “ലേ” യിലേക്കൊരു റൈഡ്. എന്ത് കുരുത്തക്കേടിനും പറ്റിയ ഒരാളെ കൂട്ടിനു കിട്ടിയപ്പോ ഹണിമൂൺ അങ്ങോട്ട് തന്നെ ആക്കി കളയാം എന്നങ്ങു തീരുമാനിച്ചു. ലീവ് നന്നേ കുറവ് . കല്യാണവും വിരുന്നു പോക്കും എല്ലാം കഴിഞ്ഞു സാവധാനം പോകാം എന്ന് വെച്ചാൽ ഒന്നും നടക്കില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് നാട്ടിൽ പോകുന്നതിനു മുന്നേ തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ടിക്കറ്റ് അങ്ങ് ബുക്ക് ചെയ്തു. മെയ് 20 – 26 എന്ന് വെച്ചാൽ ഒരുപാട് നാള് മുന്നേ ഒന്നും അല്ലാട്ടോ. രണ്ടഴ്ച മുന്നേ. അത്രേം അടുത്ത് ആയതു കൊണ്ട് റേറ്റ് അല്പം കൂടി പോയോന്നൊരു സംശയം ഇല്ലാതില്ലാതില്ല. കല്യാണവും വിരുന്നും എല്ലാം ഒന്നര ആഴ്ച കൊണ്ട് തീർപ്പാക്കി. മെയ് 19 നു നാട്ടിൽ നിന്ന് വണ്ടി കേറി 20 നു രാവിലെ ബാംഗ്ലൂർ,
അന്ന് വൈകിട്ട് ഇവിടുന്നു നേരെ ഡൽഹി, അവിടുന്ന് ലേ. അതാണ് ആകെ ഉള്ള പ്ലാൻ.

മൗണ്ടൻ സിക്ക് നെസ് ഒഴിവാക്കാനുള്ള ടാബ്‌ലറ്റ് രണ്ടാഴ്ച മുന്നേ എങ്കിലും കഴിച്ചു തുടങ്ങാണമായിരുന്നു എന്നുള്ള അറിവ് കിട്ടുന്നത് അന്ന് രാവിലെ മാത്രം. ങാ വരുന്നിടത്തു വെച്ച് കാണാം എന്നും പറഞ്ഞു അത്യാവശ്യം ഡ്രെസ്സുകളും ഗ്ലൗസും ജാക്കറ്റും പവർ ബാങ്കും ക്യാമറയും ഒക്കെ കെട്ടി പെറുക്കി എയർപോർട് പിടിച്ചു. അപ്പോഴാണ് അടുത്ത പ്രശ്നം ഓർമ്മ വന്നത് ലേ യിൽ BSNL പോസ്റ്റ്പെയ്ഡ് മാത്രമേ ഉപയോഗിക്കാൻ പറ്റൂ. എൻറെ സിം പ്രീ പെയ്ഡ് ആക്കിയത് ഏതാനും മാസം മുൻപ് മാത്രം. ങാ ശല്യം ഒന്നും ഇല്ലാതെ യാത്ര പോകാല്ലോ എന്ന് ആശ്വസിച്ചു അതുകൊണ്ട് ലേ യുടെ Off line map രണ്ടു ഫോണിലും Download ചെയ്തു വെച്ചു. അപ്പു(നിഖിൽ)വിന്റെ ഫ്രണ്ട് വഴി ലേയിലെ ഹോട്ടലും ബൈക്കും നേരത്തെ ബുക്ക് ചെയ്തു വെച്ചിട്ട് അവരെ കോൺടാക്ട് ചെയ്തത് തന്നെ ഡൽഹിയിൽ എത്തി കഴിഞ്ഞിട്ടാ. (അത്രയ്ക്ക് ഉത്തരവാദിത്തമാപോകുന്ന രണ്ടാൾക്കും ) എയർപോർട്ടിൽ രാവിലെ ഞങ്ങളെ കാത്ത് ഡെസ്ക്യോങ് ബ്രോ കാണും എന്നുള്ള പ്രതീക്ഷയിൽ ലേ യിലേക്ക്.

Day 1 : എന്തായാലും പ്ലാൻ ഒന്നും തെറ്റിയില്ല 9 ഡിഗ്രിയിൽ അത്ര വല്യ പ്രശ്നവും തോന്നുന്നില്ല. ഡെസ്ക്യോങ് ബ്രോ ആദ്യം രണ്ടു തവണ വഴി തെറ്റിച്ചു എങ്കിലും മൂന്നാമത്തെ തവണ കറക്ട് ആയി സേഥി അണ്ണന്റെ Tushita ഗസ്റ്റ് ഹൌസിൽ എത്തിച്ചു. വൈഫൈ ഉള്ളത് കൊണ്ട് അവിടെ എത്തിയ കാര്യം വീട്ടുകാരെ അറിയിച്ചു ഒന്ന് ഫ്രഷ് ആയി വായി നോക്കാൻ ഇറങ്ങി. ആദ്യം പോയത് സെൻട്രൽ ഏഷ്യൻ മ്യുസിയത്തിലേക്ക്. പരമ്പരാഗത കശ്‍മീരിയൻ വസ്തു ചാതുരി വിളിച്ചോതുന്ന കെട്ടിടം എന്നൊക്കെ ചുമ്മാ തട്ടി വിടാമെങ്കിലും തിരക്കൊന്നും ഇല്ലാത്ത ഒരു ചെറിയ മ്യുസിയം. പോയില്ലെങ്കിലും വല്യ നഷ്ടബോധം ഒന്നും ഉണ്ടാകില്ല. എന്തെന്നാൽ ലേ കാഴ്ചകൾ എല്ലാം പുറത്താണ്.

തെക്കേ അറ്റത്തു കിടക്കുന്ന മലയാളിക്ക് അത്ര പരിചിതമല്ലാത്ത കാലാവസ്ഥയും ഭൂപ്രകൃതിയും. പിന്നെ കുറച്ചു നല്ല ഫോട്ടോസ് എടുക്കാൻ പറ്റിയേക്കും. പുറത്തിറങ്ങി നടപ്പിന് സ്പീഡ് കൂട്ടി തണുപ്പ് മാറ്റാം ന്നു വിചാരിച്ചാൽ ഓക്സിജൻ അത്രയ്ക്ക് അങ്ങട് മൂക്കിലൂടെ സ്പോഞ്ച് വലിച്ചു എടുക്കുന്നില്ല എന്ന് മനസ്സിലായപ്പോ നടത്തം പതിയെ ആക്കി. കണ്ട കടയിൽ എല്ലാം കേറി വായി നോക്കി വൈകുന്നേരം തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും കാലിലെ മസിലും പണി തന്നു . അടുത്ത ദിവസം രാവിലെ നുബ്ര വലിക്കു പോകാൻ ഉള്ളതാ അത് കൊണ്ട് ഭക്ഷണത്തിൽ അധികം പരീക്ഷണത്തിന് മുതിർന്നില്ല നല്ല അടിപൊളി ചപ്പാത്തിയും വെജിറ്റബിൾ കുറുമയും. ടസ്കയോങ് അണ്ണൻ പറഞ്ഞ പോലെ തന്നെ വൈകുന്നേരം Avenger 220 യും രണ്ടു ഹെൽമറ്റും ഹോട്ടലിൽ എത്തിച്ചു. സേഥി അണ്ണൻ നുബ്ര വാലി – പാങ്കോങ് പാസും റെഡി ആക്കി.

“ലേ-കാർദുങ് ലാ പാസ് – നൂബ്ര വാലി – ഡിസ്‌കീത് – ഹുന്തർ- ടങ്‌സെയ് – പാങ്കോങ് ലേക് – ചാങ് ലാ പാസ് – ലേ ” ഏകദേശം അവിടെ ചെന്നതിനു ശേഷം മാത്രം തീരുമാനിച്ച ഈ മൂന്നു ദിവസത്തെ ഫുൾ റൂട്ട് പറഞ്ഞപ്പോഴാണ് ഡസ്‌ക്യോങ് അണ്ണൻ പെട്രോളിൻ്റെ കാര്യം ഓർമ്മിപ്പിച്ചത് പെട്രോൾ ഒരു ഫുൾ ടാങ്ക് പോരാ.. രാവിലെ ഞങ്ങൾ പോകുന്നതിനു മുന്നേ അണ്ണന്റെ ഗാരേജിൽ ചെന്ന് അവിടുന്ന് സൈഡ് ബാഗും 5 ലിറ്റർ ന്റെ വീതം രണ്ടു കാനും എടുത്തു കൊണ്ടേ പോകാവൂ. ലേയിൽ നിന്ന് തന്നെ എല്ലാം ഫുൾ ആക്കണം. നുബ്രയിൽ എത്തിയാൽ അവിടെ ഒരു പമ്പ് ഉണ്ട് അവിടെ നിന്ന് തീർന്ന ടാങ്ക് എല്ലാം പിന്നെയും ഫുൾ ആക്കണം. കാരണം പാങ്കോങ്കിൽ പമ്പ് ഇല്ല പെട്രോൾ കിട്ടണമെങ്കിൽ ലേ എത്തണം.

Day 2 : അങ്ങനെ രാവിലെ 7 നു തന്നെ സാൻഡ്‌വിച്ചും തട്ടിക്കൊണ്ട്, “പറ്റിയാൽ വീണ്ടും കാണാം ” എന്ന് സേഥി അണ്ണനോട് യാത്ര പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങി ഫുൾ ടാങ്കും ഫുൾ കാനും പെട്രോൾ അടിച്ചു നേരെ ആരെയും കൊതിപ്പിക്കുന്ന കാർദുങ് ലാ പാസ് വഴി നുബ്ര വാലിക്ക്. നല്ല സൂചി കുത്തുന്ന പോലത്തെ തണുപ്പും കാറ്റും ഒഴിവാക്കിയാൽ രണ്ടു പേർക്കും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല. പോകുന്തോറും വെയില് കനക്കുന്നുണ്ട് പക്ഷെ തണുപ്പ് കാരണം ഡി ഹൈഡ്രേഷൻ അറിയുന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ നിർത്തി വെള്ളവും കുടിച്ചു കാഴ്ചകളും കണ്ടു ഫോട്ടോയും എടുത്താണുപോക്ക്. നീതു ആണ് നാവിഗേറ്ററും ഗോപ്രോയും ബാക് പാക്കും എല്ലാം. കാർദുങ് ലാ ടോപ്പിനൊടു അടുത്ത് എത്തിയപ്പോഴേക്കും റോഡ് ബ്ളോക് ആണ്. തലേ ദിവസം രാത്രി മണ്ണിടിഞ്ഞു വീണതാ. മണ്ണ് മാറ്റി കൊണ്ടിരിക്കുകയാ അര മണിക്കൂറിൽ കൂടുതൽ അവിടെ നിന്ന് ബ്ളോക് മാറ്റിയപ്പോഴേക്കും പുറകിൽ ഒരുപാട് വണ്ടികൾ എത്തി.

കയറ്റം കേറുന്നതിനു അനുസരിച്ചു കാറ്റും തണുപ്പും മഞ്ഞും കൂടുന്നു റോഡിന്റെ അവസ്ഥ പരിതാപകരം ആകുന്നു. ഒരു കല്ലിൽ നിന്നും അടുത്ത കല്ലിലേക്ക് ചാടി ചാടി ആണ് പോക്ക്. തലേ ദിവസം മണ്ണിടിഞ്ഞ വകയിൽ ഉള്ള കല്ലുകളാണ് കൂടുതലും. പക്ഷെ എവിടെ നോക്കിയാലും കിടിലൻ വ്യൂ. സ്വന്തം ഫോട്ടോ എടുക്കണമെങ്കിൽ അണിഞ്ഞിരിക്കുന്ന കവച കുണ്ഡലങ്ങൾ മുഴുവൻ അഴിക്കണം. തണുപ്പിനേക്കാൾ കാറ്റാണ് സഹിക്കാൻ പറ്റാത്തത് വണ്ടി ഉൾപ്പെടെ പറത്തി കൊണ്ട് പോകുമെന്ന് തോന്നും. അങ്ങനെ ലോകത്തിലെ ഏറ്റവും Highest Motor Drivable Road – Kardung La Top ൽ എത്തി.ലോകം കീഴടക്കിയ സന്തോഷം. 5,602 മീറ്റർ അഥവാ 18,379 അടി ഉയരെ ഇതിനും മോളിൽ വണ്ടി കൊണ്ട് പോകാൻ ഒരിടത്തും പറ്റില്ല എന്നുള്ള സന്തോഷം. ഹോ.. അത് കൂവി വിളിച്ചങ്ങു ആഘോഷിച്ചു. അത് കേട്ടപ്പോ അടുത്ത് നിൽക്കുന്നവരും കൂടെ കൂടി അങ്ങനെ അതൊരു കൂട്ട കൂവൽ ആയി. അടുത്ത് പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഒരു ചേച്ചി ഈ കുരിപ്പുകൾ രണ്ടും ചാവാൻ ഇറങ്ങിയതാണോ എന്നുള്ള ഭാവത്തിൽ ഒരു നോട്ടം.

അവിടെ കോഫി ഷോപ് ഉണ്ട് പക്ഷെ അവിടുന്നൊരു കോഫി കിട്ടണമെങ്കിൽ മന്ത്രിയുടെ ശുപാർശ കത്ത് കാണിക്കണം എന്നുള്ള അളിഞ്ഞ ജോക് അടിക്കേണ്ട അവസ്ഥയാ. അമ്മാതിരി തിരക്ക്. കുറച്ചു നേരം കഴിഞ്ഞപ്പോ കാറിലെ ചേച്ചി ഇറങ്ങി വന്ന് ബൈക് യാത്ര എങ്ങാനുണ്ടെന്നൊക്കെ ചോദിച്ചു. അസൂയ കട്ട അസൂയ അത്ര തന്നെ. ചേച്ചിയേം കുറ്റം പറയാൻ പറ്റില്ല അമ്മാതിരി കാറ്റാണേ അതുകൊണ്ട് ഒരുപാട് നേരം അവിടെ നിന്നാൽ പണി ആകുമെന്ന് മനസ്സിലായപ്പോ പതിയെ യാത്ര തുടർന്നു. ഇറക്കവും അത്ര സുഖമുള്ള പരിപാടി അല്ല എങ്കിലും നല്ല രസം. നാവിഗേറ്റർ പുറകിൽ ഇരുന്നു വഴി ഉറപ്പു വരുത്തുന്നുണ്ട്. പ്രത്യേകിച്ച് ഒന്നുമില്ല ഒറ്റ വഴിയേ ഉള്ളു. നേരെ നുബ്ര വാലി. പോകുന്തോറും റോഡ് എന്ന് പറയുന്നത് ഒരു സങ്കല്പം മാത്രം ആയി തുടങ്ങി. അന്നത്തെ സ്റ്റേ ഉദ്ദേശിക്കുന്നത് ഹുന്തർ ൽ ആണ്. സേഥി അണ്ണന്റെ ഫ്രണ്ട് ന്റെ ഹോട്ടൽ ആണ്. വാലിയുടെ അങ്ങേ അറ്റം ആയിരിക്കും എന്ന് കരുതി പോയ ഞങ്ങൾക്ക് സംഗതി അങ്ങനെ അല്ല എന്ന് മനസ്സിലാക്കാൻ വാലിയുടെ അങ്ങേ അറ്റം വരെ ചെല്ലേണ്ടി വന്നു.

ഹുന്തർ എത്തണം എങ്കിൽ 60 km തിരിച്ചു പോകണം കാരണം ഞങ്ങൾ നുബ്ര വാലി കണ്ടു കണ്ടു അതിനെ ഒരു വലം വെച്ച് . തിരിച്ചു പോവ്വന്ന് പറഞ്ഞാൽ ഈ പന്ന വഴി തന്നെ തിരിച്ചു പോകണം ന്നു ഓർത്തപ്പോ.. ഹോ.. അങ്ങനെ തിരിച്ചു ഡിസ്കിത് വഴി ഹുന്തർ. ആ വിഷമം അങ്ങ് തീർന്നു കുറച്ചു അങ്ങ് പോയി കഴിഞ്ഞാൽ അങ്ങോട്ട് പോയ വഴിയിൽ നിന്ന് മാറിയുള്ള റൂട്ട് ആണ്. നോക്കെത്താ ദൂരത്തോളം മരുഭൂമി പോലെ കിടക്കുകയാ അവിടുന്ന് വീണ്ടും ചുരം കേറുമ്പോ വന്ന വഴി മരുഭൂമിക്ക് നടുവിൽ പാമ്പ്പ് പോലെ താഴെ കാണാം അതിന്നു ഭംഗി കൂട്ടാൻ മഞ്ഞും മേഘവും. മുന്നേ പറഞ്ഞിരുന്ന ഹോട്ടൽ തപ്പി ഒരു ഒന്നര മണിക്കൂർ ഹുന്തറിൽ അലഞ്ഞു. കാരണം പുള്ളിയുടെ അഡ്ഡ്രസ്സും നമ്പറും തെറ്റായിരുന്നു . അവസാനം വേറൊരു ഹോം സ്റ്റെയിൽ കേറി പറ്റി. അവിടുത്തെ ചേച്ചിയെ കണ്ടപ്പോ ഇവരെ നമ്മൾ ലേയിലെ ആന്റിക് കടയിൽ കണ്ടതല്ലേ എന്നുള്ള സംശയം ഞങ്ങൾ രണ്ടാൾക്കും. മിക്കവാറും എല്ലാരും കാണാൻ ഒരുപോലെയാ. ഹോം സ്റ്റേ നല്ല കിടു ആണ് പക്ഷെ WiFi ഇല്ല. സേഥി അണ്ണനെ കോൺടാക്ട് ചെയ്യാനും വഴി ഇല്ല. പുള്ളി വിചാരിച്ചു കാണണം രാവിലെ യാത്ര പറഞ്ഞത് ഫലിച്ചെന്ന്.

അവിടെ തണുപ്പ് ലേയിലെതിനേക്കാൾ കൂടുതലാണ് കാലിലെ മസിലു പിടിച്ച വേദന അല്പം കൂടി കൂടി. അത്യാവശ്യം ചെറിയ തലവേദനയും നല്ല ക്ഷീണവും രണ്ടുപേർക്കും ഉണ്ട്. പ്ലാനിലെ ഏറ്റവും കൂടുതൽ ദൂരം ആണ് അടുത്ത ദിവസം പോകാൻ ഉള്ളത്. രാവിലെ 7-8 നു ഇറങ്ങണം. വീണ്ടും റിസ്ക് എടുക്കാതെ ചോറും ദാൽ കറിയും അച്ചാറും കഴിച്ചു കിടന്നുറങ്ങി.

Day 3 : തണുപ്പ് തലേ ദിവസത്തിൻറെ ഇരട്ടി ഉള്ളത് പോലെ തല വേദന കാരണം എഴുന്നേൽക്കാൻ താമസിച്ചു. അത് പറഞ്ഞപ്പോഴാ ഓർത്തത് ഇവിടെ രാത്രി 8 മണി വരെയും അത്യാവശ്യം സൂര്യ പ്രകാശം കാണും. രാവിലെ നാലരക്ക് മുന്നേ നല്ല വെളിച്ചം വീഴുകയും ചെയ്യും. അപ്പൊ പറഞ്ഞു വന്നത് തലവേദന – പാങ്കോങ് പോക്ക് ക്യാൻസൽ ചെയ്യാം എന്നങ്ങു വിചാരിച്ചു കാരണം മാപ്പിൽ നോക്കിയപ്പോ നല്ല സമയം എടുക്കും ഹോട്ടൽ ബുക്ക് ചെയ്തിട്ടുമില്ല നല്ലൊരെണ്ണം കണ്ടുപിടിക്കാൻ എത്ര സമയം എടുക്കും എന്നും നിശ്ചയമില്ല, റൂം കിട്ടിയില്ലെങ്കിൽ തിരിച്ചു വരാൻ പോലും പറ്റില്ല. ഇവിടത്തെതിനേക്കാൾ തണുപ്പും കൂടുതൽ, തലവേദന, ക്ഷീണം, കാലു വേദന അങ്ങനെ അങ്ങനെ അങ്ങനെ. എങ്കിൽ റെഡി ആയി തലേ ദിവസം കണ്ട ക്വാഡ് ബൈക്കിങ് നു പോയി തല വെച്ച് ഡസ്‌കീതും ഹുന്തറും കറങ്ങി നാളെ ലേ യ്ക്ക് തിരിച്ചു പോകാമെന്നു വെച്ചു. റെഡി ആയി കഴിഞ്ഞപ്പോ വീണ്ടും ഒരു വിഷമം. ഇവിടെ വരെ വന്നിട്ട് പാങ്കോങ് ലേക് കാണാതെ പോകണോ.? വേണ്ട താമസിച്ചു എങ്കിലും കാണാതെ പോകുന്നില്ല. “അമ്മച്ചി ഞങ്ങ വെക്കേറ്റിങ്” ന്നു പറഞ്ഞു വരുന്നിടത്തു വെച്ച് കാണാമെന്ന മട്ടിൽ അവിടുന്ന് ഇറങ്ങി.

ടസ്‌കീത് ലെ പമ്പിൽ കേറി പെട്രോൾ ഫുൾ അടിച്ചു. കറങ്ങുന്ന റീഡിങ് ഉള്ള പഴയ പമ്പ് ആണ്. ലിറ്ററിന് 84 രൂപ. രണ്ടു രൂപ അവര് തള്ളുന്നതാ. ങാ എന്ത് ചെയ്യാം വേറെ ഓപ്‌ഷൻ ഇല്ല. പാങ്കോങ്ക് പോകുന്നവരെല്ലാം നേരത്തെ തന്നെ ഇറങ്ങിയതുകൊണ്ട് റോഡിൽ ഞങ്ങൾ മാത്രമേ ഉള്ളു. ഇടയ്ക്കിടെ വെള്ളം കുടിക്കാനും ഫോട്ടോ എടുക്കാനും എങ്ങാനും നിർത്തുമ്പോ ഒരു വണ്ടി കടന്നു പോയാൽ ആയി. തണുപ്പ് മൈനസ് ഡിഗ്രിയിൽ ആണ് റോഡ് ഇല്ല എന്ന് പറഞ്ഞാൽ ചില സ്ഥലത്തു റോഡെതാ തോട് ഏതാ എന്നറിയില്ല വഴി തെറ്റിയിട്ടില്ല എന്ന് നാവിഗേറ്റർ പുറകിൽ ഇരുന്നു ഓർമ്മിപ്പിക്കുന്നുണ്ട് എങ്കിലും വഴി പോലെ എന്തെങ്കിലും കാണണ്ടേ? വെള്ളത്തിൽ എങ്ങാനും തൊട്ടാൽ കറന്റ് അടിക്കുന്ന തണുപ്പാ.

ഇല്ലാത്ത റോഡിൽ കൂടി മാപ് മാത്രം നോക്കി കുറെ കിലോമീറ്റർ അങ്ങ് പോയി. ഇടയ്ക്കു റോഡിനു നടുവിലൂടെ ഒരു കൊച്ചു കൈവഴി പുഴ. ചപ്പാത്തു ആണ്. പക്ഷെ മുഴുവൻ കല്ലിളകി കിടക്കുവാ. അവസാന നിമിഷം തണ്ടർ ബേഡ് മാറ്റി Avenger ആക്കിയത് നല്ലതായെന്നു തോന്നി. കല്ലിനു മോളിൽ കേറുമ്പോ കാലു താഴെ കുഴിയിൽ എത്തണ്ടേ!!??? പിന്നെ ഉള്ള റോഡിൽ പ്രധാന പ്രശ്നം മണൽ കാറ്റാണ്. റോഡ് എന്ന സങ്കൽപ്പത്തിന് മുകളിൽ മുഴുവൻ മണല് പറന്നു വീണു കിടക്കുകയാണ്. ഇടയ്ക്കു മുന്നിലെ വഴി കാണാത്ത പോലെ മണൽ കാറ്റ് വന്നപ്പോ വണ്ടി നിർത്തി അത് കഴിയുന്ന വരെ വെയിറ് ചെയ്യേണ്ടി വന്നു. എന്നിട്ടും കാറ്റിൽ നിർത്തി ഇട്ട വണ്ടി മറിഞ്ഞു വീഴുമോ എന്നുള്ള പേടി ഉണ്ടായിരുന്നു.

കാമറ നശിപ്പിക്കണ്ട എന്ന് കരുതി മാറ്റി വെച്ച്. മൊബൈൽ കൈക്കുള്ളിൽ പൊത്തി പിടിച്ചു ഫോട്ടോ എടുക്കാൻ നോക്കിയത് സ്‌ക്രീനിൽ ഒരു വരയായി പരിണമിച്ചു. (താഴെ വീണു അയിനാണ് ..) അവസാനം റോഡ് കണ്ടു. പക്ഷെ കണ്ട കാറ്റിനേക്കാൾ വലുതായിരുന്നു അടുത്ത ചുരത്തിൽ കാത്തിരുന്നത് . വെള്ളാനകളുടെ നാട്ടിൽ പപ്പു ചേട്ടൻ പറഞ്ഞ പോലെ ഒരു വശം അഗാധമായ കുഴി അല്ലെ കുഴി.. പോയാൽ തവിടു പൊടി പോയിട്ട് ഒരു തരി പോലും ബാക്കി കിട്ടില്ല അതും കാറ്റ് കൊണ്ടുപോകും . റോഡിനാണേൽ വീതി ഇല്ല അല്ല റോഡ് എന്ന് പറയണ്ട. പ്രാചീന കാലത്തെ അല്പം ടാർ അങ്ങിങ്ങു പറ്റി പിടിച്ചു ഇരിപ്പുണ്ട് അത്രേ ഉള്ളു. അതുവരെ കൈ പൊക്കി പിടിച്ചും എഴുന്നേറ്റു നിന്നും വീഡിയോയും ഫോട്ടോയും ഒക്കെ എടുത്ത, അങ്ങനെ സാധാരണ പേടിയൊന്നും ഇല്ലാത്ത കുരിപ്പ് വീഡിയോയും വേണ്ട ഫോട്ടോയും വേണ്ട വഴിയും നോക്കണ്ട എങ്ങനേലും അപ്പുറം കടന്നാൽ മതി എന്നുള്ള രീതിയിൽ മിണ്ടാതെ ഇരിപ്പുണ്ട് പുറകിൽ. (പുറകിൽ തന്നെ ഇല്ലേ എന്ന് ഉറപ്പാക്കാൻ ഞാൻ ഇടയ്ക്കിടെ വിളിച്ചു നോക്കുന്നുണ്ട് “ങാ ഒണ്ട് ഒണ്ടു പറന്നു പോയിട്ടില്ല” എന്നുള്ള മറുപടി കിട്ടും) ഇടയ്ക്കു നിർത്താൻ പോലും സമ്മതിച്ചില്ല.

അങ്ങനെ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ വഴി പിന്നിട്ടു. ഇടയ്ക്കൊരു ചെക് പോസ്റ്റുണ്ട്. നമ്മുടെ പാസ് അവിടെ കാണിക്കണം. ചുരത്തിൽ ഒഴികെ സ്ട്രെയ്റ് റോഡിൽ പലയിടത്തും ഇഷ്ടം പോലെ ചെറിയ റസ്റ്റോറന്റുകൾ ഉണ്ട്. വൈകുന്നേരം 3 കഴിഞ്ഞപ്പോഴേക്കും പാങ്കോങ്ക് എത്തി. തണുപ്പ് നല്ലപോലെ ഉണ്ട്. മൂക്കിന് ഉള്ളിൽ നല്ല നീറ്റൽ . അത് പിന്നെ കാറ്റടിച്ചതു കൊണ്ട് ആവും എന്ന് കരുതി. ആദ്യം കണ്ട കൊച്ചു റെസ്റ്റോറന്റിൽ കയറി നല്ല ചൂട് കട്ടൻ ചായ കുടിച്ചപ്പോ തണുപ്പിനെ പറ്റി ഒന്ന് ചോദിച്ചു മൈനസ് 9 ഡിഗ്രി എന്ന് ഉത്തരം കിട്ടിയപ്പോ രണ്ടു ജോഡി കണ്ണുകൾ നന്നായി അങ്ങട് തള്ളി. കൂടുതൽ റിസ്ക് എടുക്കാതെ അടുത്തുള്ള ഹോട്ടലിൽ തന്നെ റൂം എടുത്തു. ചെറിയ സെറ്റപ് ആണ് പക്ഷെ നല്ല വൃത്തി ഒക്കെ ഉണ്ട്. തൊട്ടടുത്ത റൂമിൽ 60 കഴിഞ്ഞ ഫ്രഞ്ച് ദമ്പതികൾ ആണ്. ബാഗ് റൂമിൽ വെച്ച് പാങ്കോങ് ലേക് കാണാൻ ഇറങ്ങി. 3 Idiots ന്റെ ക്ലൈമാക്സ് ൽ കാണിക്കുന്ന സ്ഥലത്താണ് 2 Idiots വന്നു നിന്ന് തണുത്തു വിറക്കുന്നതു എന്നോർത്തപ്പോ നല്ല രസം.

ലേക് നു സൈഡിലൂടെ കുറെ ദൂരം മുന്നോട്ടു പോയി. പോയിട്ടും പോയിട്ടും ഇതിനൊരു അറ്റം കാണുന്നില്ല ഇനീം പോയാൽ ചൈനയിൽ എത്തും എന്നുള്ളത് കൊണ്ടും തണുത്ത കാറ്റ് പിന്നെയും കൂടുന്നത് കൊണ്ടും തിരിച്ചു വിട്ടു. ശെരിക്കും ലേക് ന്റെ നല്ലൊരു ഭാഗം ചൈനയിൽ ആണ്. എന്നാലും ഇത്രേം മോളിൽ ഇത്രേം വല്യ ഒരു ലേക്. ഹോ! മൈനസ് 9 ആണ് എങ്കിലും അത്രയ്ക്ക് മഞ്ഞൊന്നും ഇല്ല വെള്ളത്തിനു ആണെങ്കിൽ നല്ല ഇളം നീല കളർ. എന്നാ വൃത്തിയാന്നേ!! ഗ്ലൗസ് ഊരി വെള്ളത്തിൽ ഒന്ന് തൊട്ടു… എന്റെ ഡിങ്കാ കറന്റ് അടിച്ച പോലൊണ്ട്. മൈനസ് 9 തള്ള് അല്ലാന്നു മനസ്സിലായി. അത് കണ്ടപ്പോഴേ അവള്‍ ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു. കൂട്ടമായി വന്ന കുറെ ബൈക്കുകൾ ഉണ്ട്. പലതിനും കൂടെ ലഗ്ഗേജ് വാനും മെക്കാനിക്കും സപ്പോർട് ടീമും ഒക്കെ ഉണ്ട്. ബുള്ളറ്റുകൾ തന്നെയാണ് കൂടുതൽ. അതിനിടയിൽ കണ്ട രസകരമായ ഒരു കാഴ്ച നാല് ബുള്ളറ്റുകൾക്കു നടുവിൽ അല്പം പഴയ ഒരു ഹരിയാന രജിസ്‌ട്രേഷൻ ബജാജ് പ്ലാറ്റിന. പ്ലാറ്റിനയെ ട്രോളുന്നവർ കാണേണ്ട കാഴ്ച്ച തന്നെയാണ്. എന്നാലും ഇത് എങ്ങനെ?? ങാ..!!!!!!

7:30 വരെ വെള്ളത്തിൽ കല്ല് തെറ്റിച്ചും ഫോട്ടോ എടുത്തും അവിടെ കറങ്ങി അവസാനം കഴിക്കാനായി റെസ്റ്റോറന്റിൽ എത്തി അവിടെ നമ്മുടെ ഫ്രഞ്ചുകാർ ഇരുന്നു ചീട്ടുകളിയാ. റമ്മിയോ കഴുതയോ എങ്ങാനും ആണേൽ കൂടാമാരുന്നു. ഇത് വേറെ എന്തോ ഐറ്റം ആണ്. ചീട്ടു കണ്ടപ്പോ ആദ്യം താളവട്ടത്തിലെ ചീട്ടുകളി പോലെ ആണോ എന്ന് സംശയിച്ചു. ഹിമാചലിൽ നിന്ന് വന്ന ഒരുത്തന്നെയും ഒരു ലോക്കൽ ഫ്രീക്കനേയും പരിചയപ്പെട്ടു. ഹിമാചൽകാരന് മുഴുവൻ സംശയങ്ങളാ ഫ്രീക്കൻ എല്ലാം ക്ലിയർ ആക്കി കൊടുക്കുന്നുണ്ട്. പുള്ളിക്കാരൻറെ പരാതി മുഴുവൻ ലേ-പാങ്കോങ് റോഡിനെപ്പറ്റിയാ. നുബ്ര വാലി പോകാൻ പ്ലാൻ ഇല്ല .അതുകൊണ്ട് ഞങ്ങൾ വന്ന വഴി പുള്ളി പോകില്ല. പോയാൽ ഇങ്ങനെ പരാതി പറയില്ലായിരുന്നു. നുബ്ര-പാങ്കോങ്ക് റോഡ് അതിനേക്കാൾ മോശം ആണെന്ന് ഞങ്ങൾ പറഞ്ഞത് പുള്ളിക്ക് അത്ര വിശ്വാസം വന്നില്ല. ഫ്രീക്കൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിറ്റേന്ന് ഞങ്ങൾക്ക് പോകേണ്ടത് ചാങ്-ലാ പാസ് വഴി ആണ്. ആ റോഡ് എങ്ങനെ ഉണ്ടെന്ന് ചോദ്യത്തിന് ഫ്രീക്കൻ ആദ്യം ഒന്ന് ചിരിച്ചു എന്നിട്ട് “3rd Highest Motor Drivable Road ആണ് ചാങ് ലാ പാസ് പിന്നെ റോഡ് അത്…” വീണ്ടും ചിരി.. ങാ അപ്പൊ വല്യ മെച്ചമൊന്നും ഇല്ലാ ല്ലേ..!!! നല്ല ചപ്പാത്തിയും പനീർ ടിക്ക യും കട്ടൻ ചായയും തട്ടിയിട്ട് റൂമിലേക്ക് പോയി അപ്പോഴും നമ്മുടെ ഫ്രഞ്ച് കപ്പിൾസ് അവിടെ ഭയങ്കര ചീട്ടു കളിയാ. തണുപ്പ് ഒരു രക്ഷയും ഇല്ല. മൂക്കിലെ നീറ്റലിൽ ചോര പൊടിഞ്ഞു തുടങ്ങി. രാത്രി തണുപ്പ് വീണ്ടും കൂടും എന്ന് ഫ്രീക്കൻ പറഞ്ഞിരുന്നു. ചോര തുമ്മി ചാകുമോ എന്തോ.! എന്തായാലും ഏറ്റവും സാഹസികമായ ഒരു ദിവസമാണ് കഴിഞ്ഞത് എന്നുള്ള സന്തോഷം രണ്ടു പേർക്കും.
Hunder to Pangong Tso (Via Tangtse) 164 kms.

Day 4 മൂക്കിൽ ചോര കട്ട പിടിച്ചു അടഞ്ഞിരിക്കുന്നതു കാരണം ഉറക്കം അത്രയ്ക്ക് അങ്ങട് ശെരിയായില്ല. 4 മണി ആയപ്പോഴേക്കും ഉച്ചിയിൽ വെയിലടിക്കുന്നത് എന്തൊരു കഷ്ടമാണ്. ഇവിടെ രാത്രി ഇല്ലേ !! തണുപ്പ് ഇന്നലത്തേക്കാൾ അല്പം കുറവുണ്ട്. എങ്കിലും മൈനസ്സിൽ തന്നെ ആവനാ ചാൻസ്. 9 നു മുന്നേ റെഡി ആയി വീണ്ടും ലെയ്ക്കിലിറങ്ങി 3 idiots ലെ ആ മഞ്ഞ സ്‌കൂട്ടറും കരീനയുടെ ഡ്രെസ്സും ഒക്കെ ഇട്ടുള്ള നീതുൻറെ ഫോട്ടോ സെഷനും കഴിഞ്ഞു ഭക്ഷണവും കഴിച്ചു ചീട്ടുകളി ഫ്രഞ്ച് കരോടും ഫ്രീക്കനോടും ടാറ്റാ പറഞ്ഞിറങ്ങി. കാലിനു മാത്രമല്ല കൈക്കും ചെറുതായി വേദന ഉണ്ട്. പക്ഷെ കാണുന്ന കാഴ്ചകൾ എല്ലാം ആ വേദനയെ മറക്കത്തക്ക തരത്തിൽ ഉള്ളത് തന്നെ. റോഡ് കുഴപ്പമില്ല ഇടയ്ക്കിടെ ഒന്നും ഇല്ല എന്നുള്ള പ്രശ്നമേ ഉള്ളു. യാത്ര അത്യാവശ്യം പതിയെ തന്നെയാണ് പുറകില്‍ ഇരിക്കുന്നവര്‍ മാത്രം കാഴ്ചകൾ കണ്ടാൽ പോരല്ലോ എനിക്കും കാണണ്ടേ? ഇടയ്ക്കിടെ നിർത്തിയും ഫോട്ടോ എടുത്തും വെള്ളം കുടിച്ചും ആണ് പോക്ക്. തലേ ദിവസങ്ങളിലെ അപേക്ഷിച്ചു റോഡിന്റെ (ങാ അങ്ങനെ പറയാം ) രണ്ടു വശവും മഞ്ഞു പുതഞ്ഞു കിടക്കുകയാണ്. റോഡിലെ മഞ്ഞു മാറ്റാൻ പകൽ മുഴുവൻ ജോലിക്കാർ ഉണ്ട് . സമ്മതിക്കണം അവരെ.

അങ്ങനെ ചുരം കേറി കേറി ഞങ്ങൾ ചാങ്-ലാ പാസിൽ എത്തി. 5,360 മീറ്റർ അഥവാ 17,585 അടി ഉയരെ. സംഭവം കാർദുങ് ലാ ടോപ്പിനേക്കാൾ മഞ്ഞു കൂടുതൽ ആണ് ഇവിടെ. അതുകൊണ്ട് എങ്ങോട്ടു വേണമെങ്കിലും മഞ്ഞിലേക്ക് ഇറങ്ങി ആർമാദിക്കാം. എല്ലായിടത്തും അങ്ങനെ ആർമാദം തന്നെ. കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അപ്പുറത്തു ഉള്ളവരേം ഒക്കെ എറിഞ്ഞും കൊണ്ടും കഴിഞ്ഞപ്പോ ഇനീം കളിച്ചാൽ കൈ ചിലപ്പോ ആക്സിലറേറ്ററിൽ ഒട്ടി പോകും എന്ന് മനസിലായത് കൊണ്ട് കളി നിർത്തി. വീണ്ടും ചുരം ഇറങ്ങി. ഇതിപ്പോ കേറിയതിന്റെ ഇരട്ടി ഉണ്ട് ഇറങ്ങാൻ. ഓടീട്ടും ഓടീട്ടും തീരുന്നില്ല. വഴിയിൽ മൂന്നു ബുള്ളറ്റിൽ 6 പേരുടെ ഒരു കൂട്ടം പണി കിട്ടി നിൽക്കുന്നു. ഒരു ബൈക് സ്റ്റാർട്ട് ആകുന്നില്ല അതാണ് പ്രശ്നം. ഗുജറാത്തുകാരാണ് ലേയിൽ നിന്ന് rent എടുത്തതാണ് മൂന്നു ബുള്ളറ്റും. ഞങ്ങൾ നിർത്തി എന്തേലും ഹെല്പ് വേണമെങ്കിലോ. അപ്പോഴേക്കും ഉന്തി തള്ളി എങ്ങനെയോ സ്റ്റാർട്ട് ആക്കി. അടുത്ത പിറ്റ് സ്റ്റോപ്പിൽ ഞങ്ങളെ ടാറ്റ കാണിച്ചു അവർ കേറി പോയി. പത്തു മിനിറ്റു കഴിഞ്ഞില്ല ദാണ്ടെ അവർ വീണ്ടും റോഡിൽ. വണ്ടി നിർത്തി ചെന്നു.

നോക്കുമ്പോ പഴയ പൾസറിൽ ഇട്ട് അടിക്കുന്ന പോലെ ചോക്ക് വലിച്ചു വെച്ച് കിണു കിണു കിണാ ന്ന് കിക്കർ അടിക്കുവാ ഒരുത്തൻ. പെട്രോളിൻ്റെ മണം ദൂരെന്നെ അടിക്കുന്നുണ്ട്. സംഗതി പെട്രോൾ ഓവർ ഫ്ലോ ആയതാ. ചോക് ഓഫാക്കാക്കി അൽപനേരം വെയിറ് ചെയ്യാൻ പറഞ്ഞു. എല്ലാത്തിന്റെയും മുഖം പേടിച്ചു വിളറി വെളുത്തിരിക്കുവാ. ഒരുത്തൻ മൊബൈലിൽ ഇല്ലാത്ത റെയ്ഞ്ച് വലിച്ചു പിടിച്ചു മെക്കാനിക്കിനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ വെപ്രാളം കണ്ടപ്പോ വയ്യാത്ത കാലും വെച്ച് കിക്കർ അടിച്ചു.. ങാ സ്റ്റാർട്ട് ആകുന്ന ലക്ഷണം കാണുന്നുണ്ട്. അപ്പഴേ മുന്നേ ചവിട്ടി ക്ഷീണിച്ചവൻ ചാടി വന്നു ചാടി കേറി ഇരുന്നു കിണു കിണാ തുടങ്ങി. അതും കിക്കർ പകുതി വരെ പോലും എത്തുന്നില്ല വീണ്ടും പെട്രോൾ മണം.

പുതിയ വണ്ടി തിരിച്ചടിക്കാത്തത് ഇവന്റെ ഭാഗ്യം അല്ലേൽ ഇപ്പൊ കാലും ഒടിഞ്ഞു അവിടെ കിടന്നേനെ. അവസാനം ഇങ്ങനെ കിണുകിണ അടിക്കാതെ എങ്ങനെയാ അടിക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു എന്നിട്ട് അൽപനേരം കഴിഞ്ഞു ട്രൈ ചെയ്യാൻ പറഞ്ഞു എല്ലാരും അത് സമ്മതിച്ചു എന്നിട്ടും ഇവന് ടെൻഷൻ ഇടയ്ക്കിടെ വന്ന് ട്രൈ ചെയ്യും.. ഏതാ മറ്റേ കിണു കിണാ തന്നെ. അവസാനം വേറൊരുത്തനെ പറഞ്ഞു ചെയ്യിപ്പിച്ചു സ്റ്റാർട്ട് ആക്കി. അപ്പോഴേക്കും അവൻ പിന്നേം വന്നു ചോക് ഓൺ ആക്ക് അല്ലേൽ ഇപ്പൊ ഓഫ് ആകും എന്നും പറഞ്ഞോണ്ട്. സംഗതി അത് തന്നെ ഫുൾ ചോക്ക് വലിച്ചു വെച്ച് പണി ഒപ്പിച്ചതാ. കുറെ കിലോമീറ്റർ കഴിഞ്ഞപ്പോ ഒരു കൊച്ചു മെക്കാനിക്ക് ന്റെ അടുത്ത് നിൽക്കുന്നു നമ്മുടെ ടീം. കുഴപ്പമൊന്നും ഇല്ല ഒന്ന് ചെക് ചെയ്യാൻ കേറിയതാണെന്നു പറഞ്ഞു വീണ്ടും ടാറ്റ..

അതിനിടെ നമ്മുടെ ആനവണ്ടി പോലത്തെ അവിടുത്തെ ആനവണ്ടി JKSRTC ഒരെണ്ണം ചീറി പാഞ്ഞൊരു പോക്ക്. കിടുവേ.. അവസാനം ഓടി ഓടി താഴെ എത്തി. റോഡ് പണി നടക്കുകയാണ്. ടാർ ചെയ്യുന്നതിന് വേണ്ടി വീതി കൂട്ടി മെറ്റിൽ അടിച്ചിട്ടെക്കുവാ. അത് ഇപ്പൊ തീരും ഇപ്പൊ തീരും എന്നും പറഞ്ഞു പണ്ടാരം തീരുന്നുമില്ല സ്പീഡിൽ പോകാനും പറ്റുന്നില്ല ഒടുക്കത്തെ കുലുക്കവും ഭയങ്കര പൊടിയും. കാരൂ എന്ന സ്ഥലത്തു ലേ-മണാലി ഹൈവേയിൽ കേറുന്നത് വരെ ഈ അവസ്ഥ ആയിരുന്നു. ആ 15 km കുലുങ്ങി കുലുങ്ങി നട്ടെല്ല് റബ്ബർ ആയി. കാരുവിൽ എത്തി ആദ്യം കണ്ട ടൗണിലെ ആദ്യം കണ്ട ധാബയിൽ കേറി വിശപ്പിന്റെ വിളി തൽക്കാലത്തേക്ക് അങ്ങ് അടക്കി. ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു 8 അംഗ ലേ-മണാലി ടീമിനെ അവിടെ കണ്ടു. അവർക്കു മലമോളിൽ കേറാൻ താല്പര്യം ഇല്ല മണാലി ആണ് ലക്‌ഷ്യം. അവിടെ നിന്ന് ലെ വരെ ഉള്ള 35 km സുഖം ആയിരുന്നു. നല്ല റോഡ് നല്ല കാലാവസ്ഥ സിന്ധു നദീടെ സൈഡിലൂടെ ഇങ്ങനെ കാഴ്ച കണ്ടു പോകാം. ഏകദേശം 5 മണി ആയപ്പോഴേക്കും ഹോട്ടലിൽ തിരിച്ചെത്തിയ ഞങ്ങളെ കണ്ടതും “നിങ്ങൾ അപ്പൊ ചത്തില്ലേ?” എന്നുള്ള ഭാവത്തിൽ സേഥി അണ്ണൻ..!!

രാത്രി ആയപ്പോഴേക്കും ഡസ്ക്യോങ് അണ്ണന്റെ ശിങ്കിടി ബൈക് കൊണ്ടുപോകാൻ എത്തി. പെട്രോൾ ആണെങ്കിൽ പകുതി ടാങ്കോളം ഉണ്ട്. രണ്ടു ക്യാനും ലേയിൽ നിന്ന് അടിച്ചത് അല്പം ആവി ആയി പോയത് ഒഴിച്ച് അതുപോലെ തന്നെ ഉണ്ട്. വെറുതെ ബാഗും ക്യാനും വാരി കെട്ടി കൊണ്ട് പോയി. പക്ഷെ ക്യാനിന്റെയും ബാഗിന്റെയും 300 രൂപ Rent ശിങ്കിടിക്കു വേണം. 700 ൽ അധികം രൂപയുടെ പെട്രോൾ ബാക്കി ഉണ്ട്. അവനതു വേണ്ട 300 മതി. ഞാൻ സേഥിയെ വിളിച്ചു പെട്രോൾ ഊറ്റി എടുത്തുകൊള്ളാൻ പറഞ്ഞു പുള്ളി 300 രൂപയും കൊടുത്തു പെട്രോൾ മൊത്തം ഊറ്റി. എല്ലാവര്ക്കും സന്തോഷം.. എനിക്കും നീതുവിനും തല വേദന വീണ്ടും തല പൊക്കി. സേഥി അണ്ണന്റെ കുക്ക് അങ്കിൾ പുലിയാ. നമുക്ക് ഇഷ്ടം ഉള്ളത് പറയുന്ന പോലെ പുള്ളി ഉണ്ടാക്കി തരും. വയറു നിറച്ചു ഫുഡും Dolo ടാബ്‌ലെറ്റും വിഴുങ്ങി സുഖമായി കിടന്നുറങ്ങി. ലാസ്റ്റ് ഡേ വീണ്ടും ലേ മുഴുവൻ ഒന്നുകൂടി നടന്നു കാണാൻ ആണ് പ്ലാൻ. Pangong Tso to Leh (Via Changla Pass) 153kms.

Day 5 : തലവേദന അതിൻ്റെ പീക്കിൽ എത്തി. മൂക്കിൽ മുഴുവനും ചോരയും അതുകൊണ്ട് ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു വീണ്ടും റസ്റ്റ്. അടുത്ത് മല മോളിലെ ശാന്തി സ്തൂപയിലേക്ക് രാവിലെ പോകാനാരുന്നു പ്ലാൻ. തല വേദന കാരണം കുറെ കഴിഞ്ഞ ഇറങ്ങിയത്. മലമൂട്ടിൽ ചെന്നപ്പോ നല്ല കട്ട വെയിലും ഒരുപാട് പടികളും. തലവേദനക്ക് ഒട്ടും കുറവ് ഇല്ലാത്തതിനാൽ കയറ്റം അങ്ങ് ഒഴിവാക്കി ലേ മാർക്കറ്റിലേക്ക് ഇറങ്ങി. ഇവിടെ വരെ വന്നിട്ട് ടിബറ്റൻ പ്രെയർ ഫ്ലാഗ് വാങ്ങാതെ പോകുന്നത് മോശമല്ലേ എല്ലാ വണ്ടിക്കു വേണ്ടിയും ഓരോന്ന് വെച്ച് വാങ്ങി. (ബാംഗ്ലൂർ ഫ്ലാറ്റിൽ എത്തി ആദ്യം ചെയ്തത് ഫ്ലാഗ് എടുത്തു ബൈക്കിൽ കെട്ടൽ ആരുന്നു ) അത്യാവശ്യം ചില പർച്ചേസും കറക്കവും ഫോട്ടോ പിടുത്തവും ഒക്കെ കഴിഞ്ഞു പതിയെ തിരിച്ചു റൂമിലേക്ക്. ഇത്രയും ദിവസം കൊണ്ട് തണുപ്പിനോട് പൊരുത്തപ്പെട്ടു എങ്കിലും മൂക്കിലെ ബ്ലഡ്ഡും തലവേദനയും ഇങ്ങനെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരുന്നു . ഹൈറ്റ് മൂലമുള്ള പ്രഷർ വ്യത്യാസവും ഓക്സിജന്റെ കുറവും ഡി ഹൈഡ്രേഷനും ഒക്കെ തന്നെയാണ് കാരണം. പിറ്റേന്ന് രാവിലെ ആണ് ഡൽഹി ഫ്ളൈറ്റ്. അതിനുള്ള വണ്ടിയും ഏർപ്പാടാക്കി ഫുഡ്ഡും അടിച്ചു സുഖമായി കിടന്നുറങ്ങി. അങ്ങനെ ആറു ദിവസത്തെ ട്രിപ്പ്, ബൈക്കിൽ 502 km , ബക്കറ്റ് ലിസ്റ്റിലെ ഒരു ഐറ്റത്തിൽ കൂടി ടിക്ക് വീഴ്ത്തികൊണ്ട് അവസാനിച്ചു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply