വിവരണം – മുഹമ്മദ് ഷഫീർ.
ആലംകോട് എന്ന എൻ്റെ ഗ്രാമത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് ‘മോസ്കോ’. ഞങ്ങളുടെ നാട്ടിലെ റേഷൻ ഷോപ്പും അടുത്ത ചില ബന്ധുക്കളും മോസ്കോയിലായിരുന്നതുകൊണ്ടു തന്നെ ഇവിടം ഞങ്ങളുടെ നിത്യ സന്ദർശന കേന്ദ്രമായിരുന്നു . കുട്ടികാലത്ത് ‘മോസ്കോ’ തൊട്ടടുത്തുള്ള നാടിൻ്റെ പേര് മാത്രമായിരുന്നെങ്കിൽ ഹൈ-സ്കൂൾ കാലത്തെ ചരിത്ര പുസ്തകങ്ങളാണ് കാലത്തിൻ്റെ പ്രയാണത്തിലെ മോസ്കോയുടെ പ്രാധാന്യത്തെ മനസ്സിലാക്കി തന്നത് . നാട്ടിലെ കമ്മ്യൂണിസ്റ്റു സഖാക്കങ്ങളിൽ നിന്നാണ് ആ നഗരത്തിൻ്റെ വിപ്ലവ വീര്യത്തെ അടുത്തറിഞ്ഞത് . ചെറിയ വായനയിൽ ദസ്തെവിസ്കിയും ടോൾസ്റ്റോയിയും ‘യുദ്ധവും സമാധാനവും’ അന്ന കരെനീനയുമെല്ലാം കടന്നുവന്നപ്പോഴാണ് ആ നഗരത്തോടുള്ള പ്രണയം മൊട്ടിട്ടത്. പുട്ടിനും അദ്ദേഹത്തിൻ്റെ നിഘൂടമായ ആൽഫ മെയിൽ വക്കും ( Alpha male walk ) കെജിബിയും , റഷ്യൻ ശാസ്ത്ര സാങ്കേതിക വിദ്യയും എന്നും അറിയാൻ ആവേശമുള്ള വിഷയങ്ങളായിരുന്നു . മോസ്കോ എൻ്റെ നാട്ടിൽ മാത്രമല്ല കേരളത്തിൽ ഇങ്ങനെയുള്ള ഒത്തിരി ഗ്രാമപ്രദേശങ്ങൾ ഇന്നും നിലനിൽക്കുന്നു.
ഒരു സഞ്ചാരിക്ക് ‘മോസ്കോ’ എന്നും മോഹിപ്പിക്കുന്നതും ഒരു ഇന്ത്യക്കാരന് കാലങ്ങളായി തുടരുന്ന റഷ്യയുമായുള്ള നയതന്ത്ര ബന്ധം എന്നും സ്നേഹത്തോടെ സ്മരിക്കുന്നതുമാണ്. ഈയിടെയായി സഞ്ചാരിയിൽ ചിലരുടെ റഷ്യൻ യാത്രകൾ വായിച്ചിരുന്നതുകൊണ്ടു തന്നെ പഴയ റഷ്യൻ യാത്ര മോഹം മനസ്സിൽ വീണ്ടും ചിറകുമുളച്ച് തുടങ്ങി. മുൻപ് റഷ്യൻ യാത്ര ഉദ്ദേശിച്ചിട്ടുണ്ടായിരുന്നെങ്കിലും വിസ എടുക്കാനായി എംബസ്സിയിൽ പോകാൻ ജോലിയിൽ നിന്നും ഒരു ദിനം അവധിയെടുക്കേണ്ടതുള്ളതുകൊണ്ട് , ആ അവധി വാർഷിക അവധി ദിവസങ്ങളിൽ നിന്നും കുറയും എന്നതുകൊണ്ടും ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അങ്ങനെയിരിക്കുമ്പോഴാണ് ഫുട്ബോൾ ലോകകപ്പ് റഷ്യയിൽ തുടങ്ങാൻ പോകുന്നത് , ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം. വലിയൊരു കളിപ്രേമിയല്ല ഞാൻ എന്നിരുന്നാലും ഒരു മലപ്പുറത്തുകാരനിൽ കാൽ പന്തുകളിയുടെ ആവേശം തെല്ലും ഇല്ലാതിരിക്കില്ലല്ലോ ?!
മനസ്സിലെ ‘മോസ്കോ’ മോഹം വീണ്ടും തളിർക്കാൻ തുടങ്ങി. ഫാൻ ഐഡി ഉള്ളവർക്കു റഷ്യയിൽ വിസ ഓൺ അറൈവൽ ഉണ്ട് എന്നറിഞ്ഞതോടെ മറഡോണയുടെ അർജന്റീന സ്നേഹം പോലെ എൻ്റെ യാത്ര സ്നേഹം ഉച്ചസ്ഥായിയിലെത്തി. യാത്രക്കുള്ള ആദ്യപടി ഏതെങ്കിലും കളിയുടെ ടിക്കറ്റ് ഒപ്പിക്കുക എന്നതാണ് , അതുവച്ച് വേണം FAN ID ക്ക് അപേക്ഷിക്കാൻ. FAN ID ഓൺലൈൻ അപേക്ഷയിൽ ടിക്കറ്റിൻ്റെ സീരിയൽ നമ്പർ ചേർത്തിരിക്കണം . ടിക്കറ്റിനായി ഫിഫ യുടെ ഔദ്യോദിക വെബ്സൈറ്റിൽ നോക്കിയപ്പോഴാണ് ഇതൊക്കെ കഴിഞ്ഞ വർഷം ടിക്കറ്റ് വില്പന തുടങ്ങിയ സമയം തന്നെ വിറ്റുപോയിരിക്കുന്നു എന്നതും ഇനി ഫിഫ വഴി കിട്ടാനുള്ള സാധ്യത കുറവാണ് എന്നും മനസ്സിലായത്. മറ്റു ചില വെബ്സൈറ്റുകൾ ടിക്കറ്റ് അധിക വിലക്ക് വിൽക്കുന്നുണ്ടെങ്കിലും അവരുടെ വിശ്വസ്തതയുടെ കാര്യത്തിലും ടിക്കറ്റ് ഡെലിവെറിയുടെ കാര്യത്തിലും അത്ര വിശാസം എനിക്കുണ്ടായില്ല, അപ്പോഴാണ് കൂടെ ജോലിചെയ്യുന്ന സുഹൃത്ത് dubizzle നോക്കാൻ പറഞ്ഞത്, അവിടെയതാ മുൻപ് ടിക്കറ്റ് എടുത്തുവെച്ച മിടുക്കന്മാർ കൂടിയ വിലയിൽ ടിക്കറ്റ് വിൽക്കുന്നു എന്ന് മാത്രമല്ല അതൊരു ബിസിനസ് ആയിക്കണ്ടു നല്ല ലാഭം ഇതുവഴി ഉണ്ടാക്കുന്നു.
യാത്രയാണ് എൻ്റെ ആദ്യ മുൻഗണന,കളി രണ്ടാമതായതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു ടിക്കറ്റ് എടുക്കാനാണ് ഞാൻ ശ്രമിച്ചത്. അങ്ങനെ ഒരു ലബനീസ്കാരനിൽനിന്നും ജൂൺ 23-ലെ ബെൽജിയം- ട്യൂണീഷ്യ കളിയുടെ ടിക്കറ്റ് യാഥാർത്ഥവിലായ $165/ – (11000/- രൂപ )ൽ ഇത്തിരി കൂടുതൽ നൽകി അദ്ദേഹത്തിൻ്റെ ഓഫീസിൽ പോയി സ്വന്തമാക്കി. അന്ന് രാത്രി തന്നെ ഇതുവെച്ച് FAN ID ക്ക് അപേക്ഷിക്കുകയും കൃത്യം മൂന്നുമിനിറ്റുനുള്ളിൽ FAN ID യുടെ ഇലക്ട്രോണിക് പതിപ്പ് ഇ-മെയിലായി ലഭിക്കുകയും ചെയ്തു. ഇതുവെച്ച് റഷ്യയിൽ പ്രവേശിക്കാമെന്നും അസ്സൽ സാധനം മോസ്കോയിൽ FAN ID വിതരണകേന്ദ്രത്തിൽ നിന്നും കളക്ട് ചെയ്യാമെന്നും ഞാൻ മനസ്സിലാക്കിയിരുന്നു . മാസങ്ങൾക്കു മുൻപേ രജിസ്റ്റർ ചെയ്തവർക്ക് കൊറിയർ വഴിയോ VFS Center വഴിയും ഒറിജിനൽ ലഭ്യമാക്കിയിരുന്നു .
ഫാൻ ഐഡി കിട്ടിയതുകൊണ്ട് തന്നെ ധൈര്യമായി ടിക്കറ്റെടുത്തു, റഷ്യൻ എയർലൈനായ Aeroflot ൽ 1400 ദിർഹത്തിനു ദുബായ്-മോസ്കോ റിട്ടേൺ ടിക്കറ്റ് എടുക്കുകയും Booking.com വഴി കൂടുതൽ ആലോചിക്കാതെ കിട്ടിയ ഒരു ഹോസ്റ്റലിൽ താമസം ബുക്ക് ചെയ്യുകയും ചെയ്തു.
അങ്ങനെ ആശിച്ച സുദിനം വന്നെത്തി, പുലർച്ചെ രണ്ടുമണിക്കുള്ള വിമാനം അഞ്ചുമണിക്കൂർ യാത്രക്ക് ശേഷം രാവിലെ ഏഴുമണിക്ക് മോസ്കോയിലെത്തും, ദുബായ് എയർപോർപോർട്ടിലെ പണമിടപാട് സ്ഥാപനത്തിൽനിന്നും 200 ദിർഹം മാറ്റി റഷ്യൻ റൂബിൾ വാങ്ങി. വിനിമയ നിരക്കിൻ്റെ കാര്യത്തിൽ റഷ്യൻ കറൻസിയായ റൂബിൾ ഇന്ത്യൻ രൂപയുടെ അടുത്ത് തന്നെയാണ് എന്നത് ആശ്വാസമായി. ഒരു ദിർഹത്തിന് 17 റഷ്യൻ റൂബിളാണ് ലഭിക്കുക ഇന്ത്യൻ രൂപയാകട്ടെ 18.6 ആണ് ഇന്നത്തെ നിരക്ക് .
വിമാനത്തിൻ്റെ ഇരിപ്പിടം കിട്ടിയ ഉടനെ തന്നെ എൻ്റെ സുദീർഘമായ ഉറക്കം ആരംഭിച്ചു ഇത് ഏകദേശം
മോസ്കോവിലെ ഷെറീമേറ്റിയാവോ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ വിമാനമിറങ്ങും വരെ തുടർന്നു.
ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ മോസ്കോവിൽ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നു . ഷെറീമേറ്റിയാവോ റഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ആണെങ്കിലും അതിരാവിലെ ഞങ്ങളിറങ്ങുമ്പോൾ തീരെ തിരക്കില്ലായിരുന്നു,
എമിഗ്രെഷൻ കൗണ്ടറിലെ സുന്ദരി പാസ്പോർട്ട് തിരിച്ചും മറിച്ചും ഇടക്കിടെ ഇടം കണ്ണിട്ട് എൻ്റെ മുഖത്തേക്കും നോക്കുകയും FAN ID ഓരോ അക്ഷരവും പാസ്സ്പോർട്ടുമായി താരതമ്യം ചെയ്തു അവസാനം സീൽ ആഞ്ഞുകുത്തി ഒന്നും മിണ്ടാതെ പാസ്പോർട്ട് എൻ്റെ കയ്യിൽ തന്നു. ഫുട്ബോൾ ആരാധകരെ അഭിവാദ്യം ചെയ്തു എല്ലായിടത്തും ബോർഡുകൾ വെച്ചിരിക്കുന്നു. FAN ID കളക്ഷൻ സെന്ററിൻ്റെ ലൊക്കേഷൻ നൽകിയിരിക്കുന്ന ബോർഡിൻ്റെ ഒരു ഫോട്ടോയുമെടുത്ത് ഞാൻ പതിയെ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. ആദ്യ ലക്ഷ്യം മൊബൈൽ സിം എടുക്കലാണ്, അടുത്തുള്ള കൗണ്ടറിൽ ഭയങ്കര തിരക്കുണ്ട് , പിറകെ ഞാനും കൂടി , എയർപോർട്ട് വൈഫൈ ഉപയോഗിച്ച് നഗരത്തെ കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കി , അവസാനം സിം എടുക്കാൻ എൻ്റെ ഊഴമെത്തിയപ്പോൾ 400 റൂബിൾ കൊടുത്ത് 7GB ഡാറ്റയും 600 ലോക്കൽ മിനിറ്റ് ഫ്രീയുമുള്ള MTC സിം എടുത്ത് ആക്റ്റീവ് ചെയ്തു.
എയർപോർട്ടിന് പുറത്തിറങ്ങി അടുത്തുകണ്ട ചെയറിൽ മാനം നോക്കി ചുമ്മാതിരുന്നു. ഏകാന്ത യാത്രയുടെ ഒരു ഗുണം ഇതാണ് ,തോന്നിയത് ചെയ്യാം 😉 FAN ID ഔദ്യോഗിക യാത്ര രേഖ ആയതുകൊണ്ട് തന്നെ അത് ആദ്യം കളക്ട് ചെയ്യാമെന്നു വെച്ചു . ഒരു ഫ്രീക്കൻ എന്നെ സമീപിച്ച് ടാക്സി വേണോ എന്ന് ആരാഞ്ഞു. ഊബറെടുക്കാൻ ഉദ്ദേശിച്ച ഞാൻ അവസാനം 1000 റൂബിളിന് വിലപേശി 40 km അകലെയുള്ള കളക്ഷൻ സെന്ററിലേക്ക് യാത്ര ആരംഭിച്ചു. എവിടെപ്പോയാലും ഔദ്യോഗിക യാത്ര മാർഗം സ്വീകരിക്കാറുള്ള ഞാൻ എന്തിനു ഈ മണ്ടത്തരത്തിനു തലവെച്ചു എന്ന് പിന്നീടാണ് ആലോചിച്ചത് . ഗൂഗിൾ ഒരു മണിക്കൂർ പറഞ്ഞ ദൂരം ലംഘിക്കാവുന്ന എല്ലാ ട്രാഫിക് നിയമങ്ങളും ലംഘിച്ച്കൊണ്ട് 40 മിനിറ്റിനുള്ളിൽ ഫ്രീക്കൻ എന്നെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു , ഇനിയും പത്തുമിനിറ്റ് കഴിഞ്ഞ് ഒൻപതു മണിക്കാണ് കളക്ഷൻ സെൻറർ തുറക്കുക , പത്ത് മിനിറ്റ് കാത്തിരുന്നു ആ ദിവസത്തിലെ ആദ്യ FAN ID ഞാൻ സ്വന്തമാക്കി.
ഇനി ഹോസ്റ്റലിൽ പോയി ഇത്തിരി വിശ്രമിക്കാമെന്നും ബാഗ് ഇറക്കിവെക്കാമെന്നും തീരുമാനിച്ചു. ഗൂഗിൾ മാപ്പിൽ മൈ ലോക്കേഷൻ TO ഹോസ്റ്റൽ വഴി അന്വേഷിച്ചു. മെട്രോയിൽ നാല്പതുമിനിറ്റ് സഞ്ചരിച്ച് ആറു മിനിറ്റ് നടന്നാൽ ഹോസ്റ്റലിൽ എത്താമെന്ന് ഗൂഗിൾ പറഞ്ഞു തന്നു. മാപ്പ് കാണിച്ച വഴി മെഴുകുതിരി വെട്ടത്തിൽ ഇരുട്ടത്ത് നടക്കുന്നവനെ പോലെ ഞാൻ നടന്നു നീങ്ങി.
നഗരം ഉണർന്ന് തുടങ്ങിയിരിക്കുന്നു, ആളുകൾ ജോലിക്ക് പോകുന്ന തിരക്കിലാണ് , സിഗ്നൽ പച്ചയാകാൻ കാത്തുനിൽക്കുന്നതിനിടയിൽ പരിചയപ്പെട്ട പയ്യനുമായി കുശലം പറഞ്ഞു അവൻ വെട്ടിയ എളുപ്പ വഴിയിലൂടെ ഭൂഗർഭ മെട്രോയിലെത്തി. ‘𝗪𝗲 𝗦𝗽𝗲𝗮𝗸 𝗘𝗻𝗴𝗹𝗶𝘀𝗵’ എന്ന സ്റ്റിക്കർ ഒട്ടിച്ച ടിക്കറ്റുകൊണ്ടറിൽ എനിക്കുപോകാനുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു . ഒരു യാത്രക്ക് 45 റൂബിലാണ് മെട്രോ നിരക്ക്. ഗൂഗിൾ മാപ്പ് ഒരു അനുഗ്രഹമാണ് എത്ര സ്റ്റോപ്പ് കഴിഞ്ഞു ഇറങ്ങണമെന്നും ,പുറത്തേക്കുള്ള ഏതു വഴിയിലൂടെ ഇറങ്ങണമെന്നും എല്ലാം വിശദമായി കാണിക്കുന്നു. മുക്കാൽ മണിക്കൂറെടുത്ത യാത്ര കഴിഞ്ഞു ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു .
വളരെ ഉയരത്തിലുള്ള ചുറ്റുമതിലിനികത്തെ ഗാര്യേജിനോട് ചേർന്ന് കിടക്കുന്ന പഴയ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് ഹോസ്റ്റൽ , ആ സെറ്റപ്പ് തന്നെ തട്ടിക്കൂട്ടിയതാണെന്ന് പെട്ടെന്ന് മനസിലാകും. ഹോസ്റ്റൽ ഉടമയായ സ്ത്രീ എന്നെ ഓരോ റൂമും കാണിച്ച് തന്നു. കിടക്കാൻ വൃത്തിയുള്ള ഒരു സ്ഥലം മാത്രമാണ് എൻ്റെ ആവശ്യം പക്ഷെ അവിടം വളരെ അരോചകമായി തോന്നി എന്ന് മാത്രമല്ല ഓരോ മുറിയിലുള്ള താമസക്കാരും എന്നോട് വേറെ സ്ഥലം നോക്കാൻ എനിക്ക് മനസ്സിലാകുന്ന ഭാഷയിൽ മൊഴിഞ്ഞുകൊണ്ടിരുന്നു. റൂം സൗജന്യമായി കാൻസൽ ചെയ്യാനുള്ള പരിധി കഴിഞ്ഞിരിക്കുന്നു , എന്തായാലും ഒരു വിശ്രമം ആവശ്യമായതുകൊണ്ട് 500 റൂബിൾ കൊടുത്ത് ഒരു ദിവസത്തേക്ക് സ്പേസ് എടുത്തു . 100 റൂബിൾ കൊടുത്ത് വലിയ ഒരു കുപ്പിവെള്ളം വാങ്ങുകയും റൂമിൽ ഇത്തിരി നേരം ഇരിക്കുകയും മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തു. ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് അടുത്ത ബെഡിലെ പുതപ്പിൽ നിന്നും ഒരു ശരീരം ഉയർന്നു വരുന്നത് . പരിചയപ്പെട്ടപ്പോൾ ഈജിപ്തുകാരനാണ്, പേര് അബ്ദുറഹ്മാൻ, അദ്ദേഹം റഷ്യയിൽ എഞ്ചിനീയറിംഗിന് പഠിക്കുന്നു ,മോസ്കോയിൽ ഒരു കാര്യത്തിന്ന് വന്നതാണ്. ഞങ്ങൾ പരസ്പരം അടുത്തറിയുകയും ഇത്തിരി നേരം സംസാരിക്കുകയും ചെയ്തു.
റഹ്മാൻ മോസ്കോയിലെ ഒരു ഗവണ്മെന്റ് കാര്യാലയത്തിലേക്ക് പോകുകയാണ് , റഷ്യൻ ഭാഷ നല്ല വണ്ണം സംസാരിക്കുന്ന അവനുമായി പുറത്തുപോകാം എന്ന് ഉദ്ദേശിച്ച് ബാഗും എടുത്ത് പുറത്തിറങ്ങി. ഇനി ഇങ്ങോട്ടു തിരിച്ചുവരാനുള്ള മനസ്സില്ലാത്തതുകൊണ്ടാണ് ബാഗെടുത്ത് പുറത്തിറങ്ങിയത് . അബ്ദുറഹ്മാൻ ദുബായിലെ ജോലി സാധ്യതകളെ കുറിച്ചും ഹിന്ദി സിനിമാലോകത്തെ കുറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരുന്നു , ഒത്തിരി മെട്രോകൾ കയറിയിറങ്ങി അത്യവശ്യം നടന്നു ചോദിച്ചു ചോദിച്ചു സർക്കാർ ഓഫീസിലെത്തി , ചെറിയ ഒരു ഓഫീസ് ആണെങ്കിലും സെക്യൂരിറ്റിയും നല്ല വൃത്തിയും മനോഹരമായ ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു , ഞങ്ങൾക്ക് മുൻപേ വന്നവരുടെ പിറകിൽ ഞങ്ങൾ ഇരിപ്പിടം പിടിച്ചു .ശേഷം അബ്ദുറഹ്മാൻ ഓഫീസറെ കണ്ടു കയ്യിലുള്ള ചില പേപ്പറുകളിൽ ഒപ്പും സീലും വേടിച്ചു .
വിശപ്പ് അതിൻ്റെ പരമാവധി അവസ്ഥയിൽ എത്തിയിരിക്കുന്നു കൂടാതെ ഒത്തിരി ദൂരം നടക്കുകയും ചെയ്തു,ഇനി ഭക്ഷണം കഴിക്കലാണ് അടുത്ത കലാപരിപാടി , അബ്ദുറഹ്മാനാണെങ്കിൽ KFC തന്നെ കഴിക്കണം , അങ്ങനെ കുറച്ച് അധികം നടന്ന് മൊകോവോയ തെരുവിൽ നിന്ന് തീരുമാനിച്ച പോലെ KFC തന്നെ കഴിച്ചു . ഭക്ഷണം കഴിച്ച് ഇത്തിരി വിശ്രമിച്ചത് മൊബൈലിനു കൂടി ഊർജം കൊടുക്കാനാണ്. അവിടെയിരിക്കുമ്പോൾ അടുത്തുള്ള വേറൊരു ഹോസ്റ്റൽ booking.com വഴി ബുക്ക് ചെയ്തു.
ഹോസ്റ്റൽ താമസത്തിൻ്റെ രസം തന്നെ ഒത്തിരിപേരുള്ള സഹവാസമാണ് , വിവിധ ദേശക്കാരുമായി മതിവരുവോളം രാവ് പുലരും വരെ തള്ളികൊണ്ടിരിക്കൽ , അനുഭവങ്ങളും അറിവുകളും കൈമാറൽ , ഒരു സിഗരറ്റ് കൈപൊള്ളുവോളം എല്ലാവരുമായി പങ്കിടൽ , ഒരുമിച്ച് ഭക്ഷണം പാകം ചെയ്യൽ തുടങ്ങി പഴയ കോളേജ് ഹോസ്റ്റലുകളിലേക്കുള്ള മടങ്ങിപ്പോക്കാണ് , അതുകൊണ്ടു തന്നെ 500 റൂബിൾ പോയാലും അവിടെ വിട്ടുവീഴ്ച ചെയ്യണ്ട എന്നുവെച്ച് നല്ല വൃത്തിയും റിവ്യൂ വുമുള്ള YUM YUM ഹോസ്റ്റൽ എടുത്തത്.
വാഷ്റൂമിൽ പോയി ഒഴിവാക്കേണ്ട ചില കാര്യങ്ങളൊക്കെ ഒഴിവാക്കി. യൂറോപ്യൻമാർ നമ്മുടെ പോലെ എല്ലാ കാര്യത്തിലും വെള്ളം ഉപയോഗിക്കുന്നവരല്ല ,അത് കൊണ്ടുതന്നെ കയ്യിൽ ഹാൻഡ് സാനിറ്റൈസറും വെള്ളം പിടിക്കാൻ കാലിയായ ഒരു കുപ്പി ബാഗിൽ കരുതുകയും ചെയ്യുന്നത് ‘കാര്യം’ സാധിക്കാൻ നല്ലതാണ്. അബ്ദുറഹ്മാന് എത്രയും വേഗം 𝗥𝗲𝗱 𝗦𝗾𝘂𝗮𝗿𝗲 എത്തണം , മോസ്കോ സന്ദർശിക്കുന്നവരുടെ പ്രിയപ്പെട്ട സന്ദർശന കേന്ദ്രമാണിവിടം . റഷ്യയിൽ വരുന്ന എല്ലാ സെലിബ്രിറ്റികളെയും ഇവിടെ കാണാം എന്നതാണ് അദ്ദേഹത്തെ അങ്ങോട്ട് ചെല്ലാൻ പ്രേരിപ്പിക്കുന്നത് . ഞങ്ങൾ പതിയെ പുറത്തിറങ്ങി നടത്തത്തിൻ്റെ വേഗത കൂട്ടി 𝗥𝗲𝗱 𝗦𝗾𝘂𝗮𝗿𝗲 ലക്ഷ്യമാക്കി മുന്നോട്ടു നടന്നു.
മോസ്കോയിലെ പ്രധാന തെരുവിലേക്കുള്ള കവാടമാണ് Red Square .ഇതിനരികിലായാണ് റഷ്യൻ പ്രസിഡനന്റിൻ്റെ ഔദ്യോദിക വസതി നിലകൊള്ളുന്ന ക്രെംലിൻ ,മോസ്കോ നദി,റഷ്യൻ പ്രതീകമായ Saint Basil’s Cathedral, ലെനിൻ്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന ലെനിൻ മുസോളം , റഷ്യൻ ദേശീയ മ്യൂസിയം തുടങ്ങിയവ സ്ഥതിചെയ്യുന്നത് . റെഡ് സ്ക്വയറിൽ പ്രവേശിക്കുന്നിടത്ത് അസാമാന്യ സുരക്ഷാ ക്രമീകരണമാണ് , ശരീരം മാത്രമല്ല കയ്യിലുള്ള ബാഗിൻ്റെ വലിപ്പെല്ലാം വിശദമായി തുറന്ന് കാണിക്കണം , ഭക്ഷണ സാധങ്ങളോ വെള്ളമോ അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. സുരക്ഷാ പരിശാധന പൂർത്തിയാക്കി ആ വലിയ മൈതാനത്ത് ഞങ്ങളെത്തി.
ഒരു ഉത്സവ പ്രതീതി പക്ഷെ ഒരു ആഗോള ഉത്സവമാണെന്നു മാത്രം. അബ്ദുറഹ്മാൻ രണ്ടു സ്വന്തം നാട്ടുകാരെ കണ്ടപ്പോൾ അവരുമായി സംസാരത്തിൽ മുഴുകി , രണ്ടു പേരും രണ്ടു വഴിക്കായതുകൊണ്ട് തന്നെ പരസ്പരം ചേർത്ത് പിടിച്ച് യാത്ര പറഞ്ഞ് ഞാൻ എൻ്റെ ഏകാന്ത ചുറ്റിത്തിരിയലിലേക്ക് നടന്നു നീങ്ങി. റോയിറ്റേഴ്സ് അടക്കം മിക്ക മാധ്യമങ്ങളും ഇവിടെ തമ്പടിച്ച് കളിയാരാധകരുടെ വാർത്തകൾ ലൈവായി റിപ്പോർട്ട് ചെയ്യുന്നു , കൂടാതെ ഫിഫ യുടെ തന്നെ കാല്പന്തുമായി ബന്ധമുള്ള ഒത്തിരി വിനോദ പരിപാടികൾ ഇവിടെ നടന്നു കൊണ്ടിരിക്കുന്നു.
ലോകത്തുള്ള എല്ലാ രാജ്യക്കാരെയും ഇവിടെ കാണാൻ കഴിയുന്നുണ്ട് , ലോകകപ്പിലെ തൻ്റെ ഇഷ്ട ടീമിന്റെയും സ്വന്തം രാജ്യത്തിന്റെയും പതാകയുമായി ആണും പെണ്ണും ഒരുമിച്ച് നടന്നു നീങ്ങുന്നു . അർജന്റീനയും ബ്രസീലും കെട്ടിപിടിച്ച് സെൽഫി എടുക്കുകയും കത്രീഡറലിനെ പശ്ചാത്തലമാക്കി ഗ്രൂപ് ഫോട്ടോ എടുക്കുകയും ചെയ്യുന്നു ഫുട്ബോൾ പോലെ മനുഷ്യനെ ഇത്രമാത്രം കോർത്തിണക്കുന്ന മറ്റൊരു കളിയുണ്ടോ ആവോ ..? പല ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ നമ്മൾ കേട്ടതും അറിഞ്ഞതും പന്തിനു പിറകെ പോയപ്പോഴാണ് . ജീവിതത്തിൽ ഒരു നോക്ക് കാണാൻ പോലും സാധ്യതയില്ലാത്ത പലരും നമ്മുടെ നായകന്മാരായി, അവരുള്ളതുകൊണ്ടു മാത്രം അവരുടെ രാജ്യം നമ്മുക്ക് പ്രിയപ്പെട്ടതായി. നമ്മുടെ സ്നേഹത്തിലും പ്രാർത്ഥനകളിലും അവരും ഇടം പിടിച്ചു.
അതിർത്തിയും രാജ്യവും രാഷ്ട്രീയവും സംസ്കാരവും മതവും വർണ്ണവും വെത്യസ്ഥമായിരുന്നു എന്ന വസ്തുതകളെല്ലാം ഈ സ്നേഹത്തിനു മുൻപിൽ അലിഞ്ഞില്ലാതായി.
എല്ലാവരും പാട്ടുപാടുകയും നൃത്തം വെക്കുകയും കണ്ടവരുടെ എല്ലാം തോളിൽ കയ്യിട്ടു ഫോട്ടോ എടുക്കുകയും ചെയുന്നു. ആളുകൾ കൂടിക്കൊണ്ടിരുന്നു എന്നല്ലാതെ കുറയുന്നതായി തോന്നിയില്ല . കുറച്ച് സമയം അവിടെയെല്ലാം ചുറ്റിക്കണ്ടു പുതിയ ഹോസ്റ്റലിൽ എത്താനുള്ള മാർഗം ആരാഞ്ഞു. തൊട്ടടുത്തുള്ള Okhtony Ryad മെട്രോ സ്റ്റേഷനിൽ നിന്നും Komsolomaskya സ്റ്റേഷൻ വരെ മെട്രോയിൽ പോയി ആറാം നമ്പർ വാതിലിലൂടെ പുറത്തുകടന്നു 37 നമ്പർ ട്രാമിൽ കയറി നാലാം സ്റ്റോപ്പിൽ ഇറങ്ങിയാൽ വലതുവശത്ത് ഹോസ്റ്റൽ കാണാമെന്നു ഗൂഗിൾ പ്രവചിച്ചു. മെട്രോ യാത്ര കൂടുതൽ ഉണ്ടാവുന്നതുകൊണ്ട് 10 ട്രിപ്പ് പോകാൻ കഴിയുന്ന പിന്നീട് വേണേൽ റീചാർജ് ചെയ്യാൻ കഴിയുന്ന മെട്രോ കാർഡ് വാങ്ങി , ഇതാകുമ്പോൾ ഓരോ തവണയും ടിക്കറ്റ് എടുക്കേണ്ടതില്ല.
ഗൂഗിൾ മാപ്പിനെ പുന്തുടർന്ന് ഇത്തിരിപോലും തെറ്റാതെ കൃത്യമായി ഹോസ്റ്റൽ എത്തി , സംഗതികൊള്ളാം , നല്ല വൃത്തി , നല്ല ലൊക്കേഷൻ , നല്ല സൗകര്യങ്ങൾ കൂടാതെ ഒത്തിരി ആളുകളും . താമസിക്കുന്നതിനുള്ള നടപടികളെലാം പൂർത്തിയാക്കി റിസപ്ഷനിസ്റ്റ് ബെഡ് കാണിച്ചു തരികയും ഹോസ്റ്റലിലെ സൗകര്യങ്ങൾ വിവരിച്ചു തരികയും ചെയ്തു എങ്കിലും പാസ്സ്പോർട്ട് മാത്രം തിരികെ തന്നില്ല . പാസ്പോർട്ടിലെ അഡ്രസ്സ് ഉള്ള പേജ് മാത്രമല്ല എല്ലാ പേജുകളും കമ്പ്യൂട്ടറിൽ സ്കാൻ ചെയ്തു സൂക്ഷിക്കണമെത്രെ .
വസ്ത്രങ്ങൾ മാറി ഒരു കട്ടൻ ചായയും ഉണ്ടാക്കി ഹോസ്റ്റലിൻ്റെ ഉമ്മറ പടിയിൽ വന്നിരുന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു . ചുമ്മാ മൊബൈലിൽ നോക്കിയപ്പോൾ സമയം രാത്രി ഒൻപതുമണി. പുറത്താണെകിൽ നമ്മുടെ നാട്ടിലെ മൂന്നുമണി പോലത്തെ വെളിച്ചം . റഷ്യയിൽ ചൂടുകാലത്ത് സൂര്യോദയം പുലർച്ചെ മൂന്നുമണിക്കും അസ്തമയം രാത്രി ഒൻപതിന് ശേഷവുമാണ് , തണുപ്പുകാലത്ത് ആകട്ടെ ഇത് എട്ടുമണിക്കും നാലുമണിക്കുമാണ് , രാത്രി പകലുകളുടെ ദൈർഗ്യത്തിന് വെത്യാസം ഉണ്ടെകിലും ജോലിസമയത്തിനും മറ്റും കാര്യമായ വ്യത്യാസമില്ല എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഹോസ്റ്റലിൽ ഉള്ളവരെയൊക്കെ പരിചയപ്പെടാനും സംസാരിക്കാനും ആഗ്രഹമുണ്ടെകിലും ക്ഷീണം അതിനനുവദിച്ചില്ല , നാല് രത്രികൾ ഇവിടെ തങ്ങുന്നതുകൊണ്ട് പിന്നീടാകാം എന്ന് കണക്കുകൂട്ടി ഉറക്കത്തിലേക്കു ഊളിയിട്ടു.
നേരത്തെ ഉറങ്ങിയതുകൊണ്ടു തന്നെ എല്ലാവരും ഉണരുന്നതിനു മുൻപേ എഴുന്നേറ്റു പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു നെറ്റ് കോൾ വഴി നാട്ടിലുള്ള മാതാപിതാക്കളുമായി സംസാരിക്കുകയും വിശേഷം പങ്കുവെക്കുകയും ചെയ്തു.
ഇന്നത്തെ പ്രധാന കലാപരിപാടി രണ്ടു മണിക്ക് Spartak Stadium ത്തിൽ നടക്കുന്ന Belgium vs Tunisia കളി കാണലാണ്. 12 മണി മുതൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രേവേശിപ്പിക്കും. താമസ സ്ഥലത്തുനിന്ന് സ്റ്റേഡിയത്തിൽ എത്താനുള്ള വഴിയും സമയവും നോക്കിവെച്ചു .
ചായ കുടിച്ച ഗ്ലാസ് കഴുകിവെക്കാനായി കിച്ചണിൽ പോയപ്പോഴാണ് മലയാളികൾ എന്ന് തോന്നിക്കുന്ന മൂന്നു പെൺകുട്ടികൾ വലിയ-പയർ തോരൻ വെക്കുന്നതും, ഉള്ളി അരിയുന്നതും ബ്രെഡ് ടോസ്സ്റ് ചെയ്യുന്നതും ശ്രദ്ധയിൽപെട്ടത്. സ്വന്തം നാട്ടുകാരെ അന്യനാട്ടിൽ കണ്ട ആവേശത്തിൽ അവരെ പരിചയപ്പെടാൻ തുടങ്ങി.
എല്ലാവരും തമിഴ്നാട്ടിൽനിന്നുള്ളവരാണ് ,ആറുപേരുടെ ഒരു സംഘം മെഡിസിന് പഠിക്കുന്ന കോളേജിൽ നിന്നും മോസ്കൊ കാണാൻ ഇറങ്ങിയതാണ് ,മൂന്നു ദിവസം ഇവിടിയുണ്ടാകും. പ്രാതൽ കഴിക്കുന്ന സമയത്ത് അവർ എന്നെ വിളിക്കുകയും സ്വാദിഷ്ടമായ പയർ തോരനും ബ്രെഡും ഓംലെറ്റും ആസ്വദിച്ച് അകത്താക്കുകയും ചെയ്തു എന്ന് മാത്രമല്ല തൊട്ടടുത്ത ദിവസം കൃത്യസമയത്ത് ഞാൻ അവിടെ അപ്രതീക്ഷിതമായി എന്ന് തോന്നുന്ന വിധത്തിൽ മനഃപൂർവ്വം ഹാജരായി. ഹോസ്റ്റലിൽ ബ്രെഡും നട്ട്സും റസ്കും സിറിയൽസും ഉള്ള ലഘു പ്രഭാത ഭക്ഷണം സൗജന്യമായി ലഭ്യമാണ്.
കുളിയും കഴിഞ് വസ്ത്രവും മാറി അത്യാവശ്യ സാധങ്ങളായ പവർബാങ്ക് , സാനിറ്റൈസർ , ടിഷ്യു പേപ്പർ ,സെൽഫിസ്റ്റിക്ക് , കാമറ ,പാസ്പോർട്ട് കോപ്പി തുടങ്ങിയവ ചെറിയൊരു ബാഗിലാക്കി ചുമലിൽ തൂക്കി അരകിലൊമീറ്റർ അകലെയുള്ള മെട്രോയിലേക്ക് വലിഞ്ഞു നടന്നു. മോസ്കോയിലെ പൊതുഗതാഗത സൗകര്യങ്ങൾ വളരെ ഭ്രിഹത്തായതും , സൗകര്യമാർന്ന രീതിയിൽ വളരെ ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്നതുമാണ്. വിമാനത്തവാളത്തിലേക്ക് മാത്രമായുള്ള എയിറോഎക്സ്പ്രെസ്സ് തീവണ്ടി , ദീർഘ ദൂര അതിവേഗ യാത്ര തീവണ്ടി , മെട്രോ ട്രെയിൻ , ട്രാം , ബസ് ,മിനി ബസ് തുടങ്ങിയ ഒട്ടനവധി ജനപ്രിയ യാത്ര മാർഗങ്ങൾ ലഭ്യമാണ്. വിശാലമായ വൃത്തിയുള്ള റോഡിലൂടെ വെദ്യുത കമ്പിയിൽ കോർത്ത് ചെറിയ പാളത്തിലൂടെ ട്രാമും അതിനോട് ചേർന്ന് ശാന്തമായി മറ്റു വാഹനങ്ങളും ഒരേ സമയം സുഗമമായി കടന്നു പോകുന്നു.
മോസ്കോ മെട്രോയാകട്ടെ കൊച്ചി മെട്രോ വരുന്നതിനു എൺപത് വർഷങ്ങൾക്ക് മുൻപ് ഓട്ടം ആരംഭിച്ചതാണ്. തിരക്കുള്ള സമയങ്ങളിൽ 90 സെക്കൻറ് ഇടവിട്ട് ട്രെയിൻ ഓടുന്നുവെങ്കിലും സമയ കൃത്യത 99.99 ശതമാനമാണ് എന്നത് ആരെയും അത്ഭുതപെടുത്തുന്നതാണ്. 1935 ഇൽ പതിനഞ്ച് സ്റ്റേഷനുകളുമായി ആരംഭിച്ച യാത്ര ഇന്ന് ഇരുന്നൂറിലധികം സ്റ്റേഷനുകൾ പിന്നിട്ട് ഓട്ടം തുടരുന്നു. മെട്രോയുടെ ഭൂരിഭാഗവും സ്റ്റേഷനുകളും ട്രാക്കുകളും ഭൂമിക്കടിയിലാണ് , ചില ഭാഗങ്ങളിൽ 84 മീറ്റർ ആഴത്തിലാണ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത്.
ഭൂഗർഭ സ്റ്റേഷനുകൾ ചരിത്രത്തിൽ പല ദൗത്യങ്ങൾ നിർവഹിച്ചിട്ടുണ്ട്, യുദ്ധ കാലത്ത് ബോംബിങ്ങിൽ നിന്ന് ജനങ്ങൾ അഭയം തേടിയിരുന്ന കേന്ദ്രങ്ങളെയും , യുദ്ധ തന്ത്രങ്ങൾ മെനയുന്ന വാർ റൂമായും , ധാന്യങ്ങൾ സംഭരിക്കാനുള്ള ഇടമായും ചരിത്രത്തിൽ ഉപയോഗിച്ചിരുന്നു. 200 സ്റ്റേഷനുകളിൽ 44 എണ്ണം മനോഹരമായ പ്രതിമകളാലും ജലധാരകളാലും നിർമ്മാണത്തിൻ്റെ സൗന്ദര്യം കൊണ്ടും സാംസ്കാരിക പൈതൃക സ്ഥലങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. പഴയകാല സമ്പന്നതയുടെ പ്രൗഢി ഓരോ സ്റ്റേഷനിലും ദൃശ്യമാവുന്നു. വെളിച്ചത്തിനായി ഉപയോഗിച്ചിരിക്കുന്ന ഷാൻഡലിയേഴ്സ് പോലും പുരാതനവും ലക്ഷങ്ങൾ വിലമതിക്കുന്നതുമാണ്. മെട്രോയുടെ ഭിത്തികളിൽ കലാരൂപങ്ങളുടെ കൂട്ടത്തിൽ വെങ്കലത്തിൽ തീർത്ത അരിവാളും നെല്കതിരും കണ്ടു , ഇവിടെയല്ലാതെ വേറെ എവിടെയും ഇത് കണ്ടില്ല താനും! മെട്രോയുടെ പത്തിലധികം വരുന്ന വിവിധ ലൈനുകൾ വ്യത്യസ്ത കളറുകളിൽ തരം തിരിക്കുകയും പരസ്പരം ഭൂഗർഭ പാതകൾ കൊണ്ട് ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ നടപ്പാതകളിൽ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും ,ഗാനങ്ങൾ ആലപിക്കുന്നവരും സൊറ പറയുന്ന കമിതാക്കളും ഇടം പിടിച്ചിരിക്കുന്നു.
മെട്രോ സ്റ്റേഷൻ എത്തും തോറും ട്യുണീഷ്യയുടെ പതാകയുമായി നടന്നുവരുന്ന ആളുകളെ ധാരാളമായി കാണാൻ തുടങ്ങി. വാദ്യ ഉപകരണങ്ങളുമായി നടന്നു നീങ്ങുന്ന ഒരു കുടുംബത്തിൻ്റെ പിറകെ ഞാനും കൂടി. ട്രെയിൻ കയറാനായി എസ്കലേറ്ററിൽ താഴെ ഇറങ്ങുമ്പോൾ ഒരു ബെൽജിയം സംഘവും ഞങ്ങളുടെ കൂടെ കൂടി.
രണ്ടു വ്യത്യസ്ത സംസ്കാരങ്ങൾ ഒന്നായി ഒരു വികാരത്തിൽ ഒന്നിച്ചിറങ്ങി. ട്രെയിൻ ഓരോ സ്റ്റേഷനുകൾ പിന്നിടും തോറും കളികാണാനുള്ള ആളുകൾ കൂടിതുടങ്ങി, അവസാനം Spartak stadium ത്തിനടുത്തെ തുഷ്യൻസ്ക്യ മെട്രോ സ്റ്റേഷനിൽ ഞങ്ങളിറങ്ങി. സ്റ്റേഷൻ്റെ നടപ്പാതയിലും തൂണുകളിലും സ്റ്റേഡി യത്തിലേക്കുള്ള വഴി സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നു. സ്റ്റേഷനുകളിലും നഗരത്തിൽ ആളുകൾ കൂടുന്ന ഇടങ്ങളിലുമെല്ലാം ലോകകപ്പ് കളി കാണാനായി വരുന്ന സഞ്ചാരികളെ സഹായിക്കാനായി വിവിധ ഭാഷകൾ സംസാരിക്കുന്ന വളണ്ടിയേഴ്സിൻ്റെ സേവനം ലഭ്യമാക്കിയിരുന്നു. റഷ്യക്കാരും ,ഇംഗ്ലീഷ്കാരും ,ചൈനക്കാരും കൊറിയക്കാരും ഇങ്ങനെ വളണ്ടിയർമാരായി പ്രവർത്തിക്കുന്നു.
മെട്രോയിൽ നിന്ന് പുറത്തുകടന്നപ്പോൾ കളിയാരാധകരുടെ സംഘങ്ങൾ പാട്ടും വാദ്യമേളവുമായി സ്റ്റേഡിയം ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. ടിക്കറ്റിൽ കളിയുടെ തിയ്യതിയും ഏറ്റുമുട്ടുന്ന ടീമുകളുടെ പേരും , കളിയുടെ സമയവും , കടക്കേണ്ട പ്രധാന കവാടത്തിന്റെ നമ്പറും ഇരിക്കേണ്ട ഇരിപ്പിടത്തിൻറെ നമ്പറും മറ്റും രേഖപ്പെടുത്തിയിരിക്കുന്നു.
ഒരു കിലോമീറ്ററിലധികം നടന്നു വേണം സ്റ്റേഡിയത്തിലെത്താൻ , ഇത്രയധികം ആളുകളുടെ ഇടയിലൂടെ നടക്കുമ്പോൾ ദൂരം അറിയുന്നില്ല. വഴിയിൽ മുഴുവൻ ഫിഫയുടെ വളണ്ടിയേഴ്സ് സഹായിക്കാനായി നിലയുറപ്പിച്ചിട്ടുണ്ട്, ഹായ് പറയുകയും കൈകൊണ്ടു ഹൈഫൈ അടിക്കാതെയും ഒരാളെയും അവർ വിടുന്നില്ല. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15000 ത്തിലധികം വളണ്ടിയേഴ്സിനെയാണ് ഫിഫ പ്രത്യക പരിശീലനം നൽകി ലോകക്കപ്പിനായി നിയമിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിനു ചുറ്റും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നു. പോലീസും സൈന്യവും ,മണം പിടിക്കുന്ന നായകളും കുതിരപടയാളികളും ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു.
സ്റ്റേഡിയം കോമ്പൗണ്ടിനകത്തേക്ക് പ്രവേശിക്കാനുള്ള വരിയിലെത്തി. അകത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന സാധനങ്ങൾക്ക് നിയന്ത്രമുണ്ട് . ബാഗിൻ്റെ വലിപ്പം തന്നെ 25x 25 CM കൂടാൻ പാടില്ല. ബാനറുകളോ കുടയോ ആയുധങ്ങളോ ഭക്ഷണമോ കൂടെ കൂട്ടാൻ പാടില്ല തുടങ്ങീ കർശന നിയന്ത്രണങ്ങൾ നില നിൽക്കുന്നു. കൊണ്ടുപോകാൻ കഴിയാത്ത സാധങ്ങൾ സൂക്ഷിക്കാനായി storage room സ്റ്റേഡിയം കോമ്പൗണ്ടിൽ സൗജന്യമായി ലഭ്യമാണ്. FAN ID യും ടിക്കറ്റും കണ്ണും സ്കാൻ ചെയ്തു അകത്ത് കടന്നു , അകത്താണെങ്കിൽ വിമാനത്താവളത്തിനകത്തെ പോലെ സ്കാനറും മെറ്റൽ ഡിറ്റക്ടറും ഉപയോഗിച്ചുള്ള വിശദമായ പരിശോധന. മെബൈൽ ഓണാക്കിയും , കാമറയുടെ ലെൻസ് ഊരിയും സെൽഫി സ്റ്റിക്ക് മുഴുവനായും വലിച്ചുനീട്ടിയും കാണിക്കണം. ഇങ്ങനെയുള്ള സുരക്ഷാ പരിശോധനകളോട് പൂർണമായി സഹകരിക്കുക എന്നത് നമ്മുടെ ഏറ്റവും ചെറിയ ഉത്തരവാദിത്വമാണ്.
സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞു അകത്ത് കടന്നു. ഇനിയും മുന്നൂറു മീറ്റർ നടന്നാലേ Spartak Stadium പരിസരത്ത് എത്തനാകൂ. നടപ്പാത മുഴുവൻ wheel chair സൗഹാർദപരമായാണ് നിർമിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിനു ചുറ്റും ഫിഫയുടെ ലഘുപാനീയ – ബിയർ വില്പന കൗണ്ടറുകളും , ടീമിൻ്റെ ജേഴ്സികളും സുവനീറുകളും വിൽക്കുന്ന കിയോസ്കുകളും ,ലഘുഭക്ഷണ ശാലകളും പ്രവർത്തിക്കുന്നു. VISA ഫിഫ ലോകകപ്പിൻ്റെ പ്രധാന തലതൊട്ടപ്പനായതുകൊണ്ട് തന്നെ പണമിടപാടുകൾക്ക് VISA കാർഡ് അല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നില്ല, കാശുണ്ടായാൽ പോരാ കാർഡുണ്ടാകണം എന്ന് ചുരുക്കം.
ഇഷ്ട ടീമിൻ്റെ ജേഴ്സി അണിഞ്ഞും , ദേശീയ പതാകയുടെ കളർ മുഖത്ത് ചായം പൂശിയും ആളുകൾ കൂട്ടത്തോടെ കടന്നു വരുന്നു. ഇരുടീമിന്റേയും ആരാധകർ തൊട്ടടുത്തിരുന്ന് ബിയർ കുടിക്കുകയും തങ്ങളുടെ ടീമിന് അവരുടെ പ്രാദേശിക ഭാഷയിൽ ജയ് വിളിക്കുകയും ചെയ്യുന്നു. ടുണീഷ്യൻ ആരാധകരാണ് കൂടുതൽ എന്ന് തോന്നുന്നു. അവരുടെ ആട്ടവും പാട്ടും ആവേശവും കാണേണ്ടതുതന്നെയാണ്. ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന കവാടത്തിലൂടെ വീണ്ടും സ്കാൻ ചെയ്തു സ്റ്റേഡിയത്തിനകത്ത് പ്രവേശിച്ചു. മൂന്നു നില ഉയരത്തിലാണ് ഇരിപ്പിടം,പടികൾ കയറി മുകളിലെത്തി സീറ്റ് നമ്പർ ഉറപ്പ് വരുത്തി ഗാലറിയിലിരുന്നു.
ആളുകൾ തങ്ങളുടെ ഇരിപ്പിടത്തിലേക്ക് എത്തിത്തുടങ്ങുന്നേയുള്ളൂ. DJ സ്റ്റേഡിയത്തിനകത്തെ സംഗീതം നിയന്ത്രിക്കുകയും ആലപിക്കുകയും ചെയുന്നു. പുൽമൈതാനം വെള്ളം സ്പ്രേ ചെയ്തു അവസാന വട്ട മിനുക്കുപണിയിലാണ്. വലിയ മാധ്യമ പടയും കാണികൾക്ക് അനുസൃതമായി ഗാർഡുകളും (stewards ) നിരനിരയായി നിൽക്കുന്നു. ഓരോ കളിക്കാരനേയും ഫോക്കസ് ചെയ്യാൻ ഒന്നിലധികം കാമറകൾ സജ്ജീകരിച്ചിരിക്കുന്നു. കളിയുടെ ഓരോ നിമിഷവും ഒപ്പിയെടുക്കാനായി നൂറുകണക്കിന് കാമറകളാണ് പുൽ മൈതാനത്തിനു ചുറ്റും ഒരുക്കിയിരിക്കുന്നത്. അതുപോലെ തന്നെ ഇത് ലൈവ് ആയി പ്രക്ഷേപണം ചെയ്യാനുള്ള കൂറ്റൻ സാങ്കേതിക വിദ്യകൾ സ്റ്റേഡിയത്തിനു സമീപത്ത് ഒരുക്കിയിരിക്കുന്നു , കളി TV യിൽകാണുമ്പോൾ അതിനുപിറകിലുള്ള അദ്വാനത്തെ കുറിച്ച് നമ്മൾ ആലോചിക്കാറില്ല. വീഡിയോ അസിസ്റ്റൻറ് റഫറീ (VAR ) സംവിധാനം ആദ്യമായി നടപ്പിൽ വരുന്ന ലോകക്കപ്പ് ആണിത്.
റഷ്യയിലെ വിവിധ നഗരങ്ങളിലായി പതിനൊന്നു സ്റ്റേഡിയത്തിലാണ് 32 ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന കളികൾ നടക്കുന്നത്. നഗരങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള ദൂരമുണ്ട്, എത്രയെന്നുവെച്ചാൽ ഒരു കളി ഡൽഹിയിലും മറ്റേത് കൊൽക്കത്തയിലും ,അഹമ്മദാബാദിലും , കേരളത്തിലുമെന്ന പോലെ. ഇപ്പോൾ കളി നടക്കുന്ന Spartak സ്റ്റേഡിയത്തിൽ 45000 കാണികളെ ഉൾക്കൊള്ളാനാകും . ഉത്ഘാടന മത്സരം നടന്ന , ഫൈനൽമത്സരം നടക്കാൻ പോകുന്ന Luzhniki stadium ത്തിലാകട്ടെ ഇത് 81000 ആണ്! ഇന്നത്തെ കളികാണാൻ സ്റ്റേഡിയത്തിൽ 41833 കാണികളുണ്ട് എന്ന് കളിക്കിടയിൽ വലിയ സ്ക്രീനിൽ എഴുതികാണിച്ചു , ഞങ്ങളെല്ലാവരും കയ്യടിച്ച് ഹാജർ വരവുവെച്ചു.
കളിയാരംഭിക്കുന്നതിനു മുൻപായി മിക്കവരും ഡസൻ കണക്കിന് ബിയറുമായി തങ്ങളുടെ ഇരിപ്പിടത്തിലെത്തി. ഇരുടീമിന്റേയും ദേശീയ ഗാനം സ്റ്റേഡിയം മുഴുക്കെ മുഴങ്ങി തുടങ്ങി.
‘ജനഗണ’ ഒരു ദിനം ഇവിടെയും മുഴങ്ങും എന്ന എൻ്റെ ആത്മഗതം ആശയായി പുറത്തുവന്നു . കളിക്കിടയിൽ ചില സമയത്തെല്ലാം കയ്യിലുണ്ടായിരുന്ന ഇന്ത്യൻ ദേശീയ പതാക ഉയരത്തിൽ വീശി. ‘ഇന്ന് കളിക്കുന്നില്ല എന്നതിനർത്ഥം എന്നും കളിക്കില്ല’ എന്നല്ല എന്ന് ഉച്ചത്തിൽ എനിക്ക് വിളിച്ചുപറയാൻ തോന്നി. പുൽമൈതാനത്തിൻ്റെ മുകളിൽ കയറിൽ തൂക്കിയിട്ടിരിക്കുന്ന വലിയ കാമറ ബോളിൻ്റെ ഗതിക്കനുസരിച്ച് ഒഴുകിനടന്നു അനശ്വര നിമിഷങ്ങൾ ഒപ്പിയെടുത്ത് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നു. മൊത്തത്തിൽ ഏഴ് ഗോളുകൾ പിറന്ന ഈ മത്സരത്തിൽ ഓരോ ഗോളിനുശേഷവും സ്റ്റേഡിയത്തിൽ മുഴങ്ങി കേൾക്കുന്ന ആരവം ജീവിതത്തിൽ മറക്കാൻ സാധ്യതയില്ലാത്തതാണ്. ഓരോ ഗോളിനുശേഷവും ആ രാജ്യത്തിൻ്റെ പ്രശസ്തമായ ഗാനം മുഴങ്ങുകയും ആളുകൾ ആടിത്തിമിർക്കുകയും ചെയ്യുന്നു.
ബെൽജിയം സ്കോറ് ചെയ്യുമ്പോൾ ട്യുണീഷ്യക്കാരുടെ മുഖത്തുണ്ടാകുന്ന നിരാശയും ദുഖവും സങ്കടവും ചെറുതായി നമ്മെ വേദനിപ്പിക്കുന്നു. എന്തൊക്കെയായാലും കളി നല്ല പോലെ തോറ്റിട്ടും അവർ തങ്ങളുടെ ടീമിനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നു. 90 മിനിറ്റ് 90 സെക്കൻഡുകൾ പോലെ കടന്നുപോയി. കളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴ. ബെൽജിയം യുവത്വം മഴയിലും വിജയഹ്ളാദം നിർത്തുന്നില്ല , ചിലർ ട്യുണീഷ്യക്കാരെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നു. മടക്ക വഴിയിൽ മെട്രോയിലും ട്രെയിനിലും ആഘോഷങ്ങൾക്ക് കുറവില്ല.
റഷ്യയിൽ കണ്ട കളി ആരാധകരിൽ നിന്നും എനിക്ക് മനസിലായത് അവർ കളിയെയാണ് ഇഷ്ടപ്പെടുന്നത്, ജയവും തോൽവിയും രണ്ടാമതാണ് ,അതുകൊണ്ടു തന്നെ തോറ്റ ടീമിന് ജയിച്ച ടീമിൻ്റെ ആരാധകരുമായോ തിരിച്ചോ ഒരു പ്രശ്നവുമില്ല ഇത് കാണുമ്പൊൾ ഞാൻ എൻ്റെ നാട്ടിലെ ബ്രസീൽ അർജന്റീന ആരാധകരെ ഓർത്തുപോയി. തിരികെ മടങ്ങും വഴി ഉളിത്സാലിങ്ക തെരുവിൽ കുറച്ച് സമയം ചിലവഴിച്ചു , തെരുവ് മുഴുവൻ മനോഹരമായ വർണ്ണ നിറമുള്ള ചെറിയ ബൾബുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ തെരുവ് ചെന്ന് മുട്ടുന്നത് St Basils cathedral ലേക്കാണ് അതുകൊണ്ടു തന്നെ ഇവിടം ജന നിബിഡമാണ് .
തെരുവിൻ്റെ ഇരു ഭാഗങ്ങളിലും വിവിധങ്ങളായ ഭക്ഷണ ശാലകളും , ബാറുകളും ,പബ്ബുകളും വസ്ത്ര വില്പന ശാലകളും പ്രവർത്തിക്കുന്നു തെരുവിൽ ചെറിയ കുട്ടികളുടെ ഫ്ലാഷ് മൊബ് പോലെയുള്ള ഡാൻസ് അരങ്ങേറുന്നു, അതുകഴിഞ്ഞു കുട്ടികളും സംഘാടകരും കയ്യിൽ ചെറിയൊരു ബാനർ ഉയർത്തിപിടിച്ചിരിക്കുന്നു. കാര്യം എന്താണെന്ന് മനസിലായില്ല എന്നിരുന്നാലും ബാനറിൽ ആംഗലേയ ഭാഷയിൽ എഴുതിയത് മനസിലായി “Not only Football we are united by ” സംഗതി ശെരിയാണ് പലതുമുണ്ട് നമ്മളെ ചേർത്ത്നിർത്തുന്നത്,പതിവുപോലെ മെട്രോയും ട്രാമും കയറി വൈകുന്നേരത്തോടെ ഹോസ്റ്റലിൽ തിരിച്ചെത്തി.
പതിവില്ലാത്ത നടത്തം കാരണം കാല് വേദന തുടങ്ങിയിരിക്കുന്നു, നല്ലൊരു കുളി പാസാക്കുകയും ശേഷം തൊട്ടടുത്തുള്ള ചെറിയ ഭക്ഷണ ശാലകൾ മാത്രം പ്രവർത്തിക്കുന്ന ഒരു മാളിൽപോയി അവിടെ കണ്ട ഇന്ത്യൻ റസ്റ്റോറന്റിൽ നിന്നും റൊട്ടിയും ചിക്കൻ തന്തൂരിയും കഴിച്ചു. തിരികെ വരും വഴി പ്രായമായ ഒരു അമ്മൂമ്മ വിൽക്കുന്നുണ്ടായിരുന്ന ഫ്രഷ് ചെറിയും ഇത്തിരിവാങ്ങി ഹോസ്റ്റലിൽ തിരിച്ചെത്തി.
പ്രത്യകിച്ച് ഒരു പരിപാടിയുമില്ലാത്തതിനാൽ ഹോസ്റ്റലിൽ ഉള്ള ചിലരുമായി സംസാരത്തിൽ ഏർപ്പെടുകയും ചില വിനോദ പരിപാടികളിൽ മുഴുകുകയും ചെയ്തു. ഇതിനിടയിൽ ഞാൻ കൊൽക്കത്തയിൽനിന്നുള്ള ബിബിൻകുമാറിനെ പരിചയപെട്ടു, അഹമ്മദാബാദിൽ ജോലിചെയ്യുന്ന അദ്ദേഹം തൻ്റെ ചെറിയ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് കളികാണാൻ വന്നതാണ്. കൊൽക്കത്തക്കാരുടെ കാൽപന്തുകളിയുടെ സ്നേഹം വിവരിക്കേണ്ടതില്ലലോ .. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് അറിഞ്ഞ ഉടനെ അദ്ദേഹം എന്നോട് ‘ജോപോളിൻ്റെ’ വിശേഷം ചോദിച്ചു ! കൂടെ അദ്ദേഹം വിജയൻ എന്ന് കൂടി പറഞ്ഞതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ജോപോൾ അഞ്ചേരിയാണ് എന്നെനിക്ക് പെട്ടെന്ന് മനസിലായി. ഐ എം വിജയനെ കുറിച്ചും ജോപോൾ അഞ്ചേരിയെ കുറിച്ചും ഇന്ത്യൻ ഫുട്ബോളിന് കേരളത്തിൻ്റെ സംഭാവനകളെ കുറിച്ചും വാതോരാതെ സംസാരിച്ചോണ്ടിരുന്നു, അദ്ദേഹത്തിൻ്റെ സംസാര ഭാഷയിൽ
നമ്മുടെ ‘കറുത്ത മുത്തിന്’ അവർ നൽകുന്ന ബഹുമാനം എന്നെ തെല്ലുമല്ല അത്ഭുതപെടുത്തിയത്.
ഈ സമയം അദ്ദേഹത്തിൻ്റെ മുറിയിലുണ്ടായിരുന്ന ബ്രസീലുകാരൻ ഫ്ലാവിയോ ഞങ്ങളുടെ അടുത്തവന്നു.
ഞാൻ എൻ്റെ മൊബൈലിൽ ഉണ്ടായിരുന്ന എൻ്റെ ഗ്രാമത്തിലെ ബ്രസീൽ ഫ്ലെക്സ് കാണിക്കുകയും അത് കണ്ട് അദ്ദേഹം തുള്ളിച്ചാടുകയും എൻ്റെ മൊബൈലിൽ നിന്ന് ആ ഫോട്ടോകൾ വാങ്ങുകയും എൻ്റെ ഫോട്ടോ എടുക്കുകയും എനിക്കൊരു ബ്രസീൽ തൊപ്പി സമ്മാനിക്കുകയും ചെയ്തു.
പിന്നീട് എൻ്റെ മുറിയിലുണ്ടായിരുന്ന ലൂയിസുമായും ബെൽജിയംകാരി നികോളുമായും ചുമ്മാ വലിയ വായിൽ തള്ളികൊണ്ടിരുന്നു. ലൂയിസ് ഒരു ഹെർബൽ മെഡിസിൻ കമ്പനിയുടെ വൈസ്പ്രസിഡണ്ടാണ് , അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പെറുവിലും ചിലിയിലും ഇക്കഡോറിലും ജോലിചെയ്യുന്നു. ഒന്നിലധികം തവണ അദ്ദേഹം ഇന്ത്യയിൽ വന്നിട്ടുണ്ട്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരക്ഷരം ഇംഗ്ലീഷ് സംസാരിക്കില്ല ,അദ്ദേഹത്തിൻ്റെ പ്രധാന സംസാര ഭാഷ സ്പാനിഷ് ആണ്, ഞങ്ങൾ സംസാരിച്ചിരുന്നതാകട്ടെ ഗൂഗിൾ ട്രാൻസ്ലേറ്റർ വഴിയും!
ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ ഹോസ്റ്റലിലും പുറത്തും ഞാൻ അഭിമുഖീകരിച്ച പ്രധാന ചോദ്യമായിരുന്നു ഇത്ര വലിയ രാജ്യവുമായിട്ടും , ഇത്രയധികം ജനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടുന്നില്ല എന്നത്, കൃത്യമായ ഒരു ഉത്തരം എനിക്കും നൽകാൻ സാധിച്ചില്ല. ചോദിച്ച എല്ലാവരോടും പിടിച്ചുനിൽക്കാനായി ഞാൻ പറഞ്ഞു “ശാസ്ത്രത്തിലും വിവര സാങ്കേതിക വിദ്യയിലും രാജ്യത്തിൻ്റെ അടിസ്ഥാന വികസനത്തിലൊക്കെയാണ് ഞങ്ങളിപ്പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഇതിലെല്ലാം ഇന്ത്യ ഇന്ന് ലോകത്ത് നെറുകയിൽ നിൽക്കുന്ന വൻ ശക്തിയാണ്, ഇതൊക്കെയാണ് ഞങ്ങളുടെ ഇപ്പോഴത്തെ മുൻഗണന , അധികം വൈകാതെ ഞങ്ങൾ സ്പോർട്സിലും ശ്രദ്ധ കേന്ദ്രീകരിക്കും ,അന്ന് ഇതൊന്നുമായിരിക്കില്ല കളി”
യാത്രയുടെ മൂന്നും നാലും ദിവസങ്ങളിൽ ഉച്ചവരെ മോസ്കോയിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുകയും മോസ്കോ നദിയിലൂടെ ക്രൂയിസ് യാത്ര നടത്തുകയും നദിക്കരയിലെ പാർക്കിലൂടെ ഒരു ലക്ഷ്യവുമില്ലാതെ ഒത്തിരി നടക്കുകയും , റോഡരികിൽ വാടകക്ക് എടുക്കാവുന്ന സൈക്കിളെടുത്ത് ചുമ്മാ ചുറ്റിത്തിരിയുകയും ചെയ്തു. മോസ്കോ നഗരം നാല്പതുശതമാനം പച്ചപ്പാണ് ,അതുകൊണ്ട് തന്നെ സാധാരണയായി മഹാ നഗരത്തിൽ ഉണ്ടാകുന്ന ബഹളം നമ്മൾ അനുഭവിക്കില്ല.
ഈ ഒറ്റയാൻ യാത്രക്കിടയിൽ ഒത്തിരി നാട്ടുകാരുമായി സംസാരിക്കുകയും അവരുടെ ജീവിതത്തെ അടുത്തറിയുകയും ചെയ്തു. പൊതുവെ അത്ര സൗഹാര്ദപരമായല്ല റഷ്യൻ ജനത പെരുമാറുക എന്നാണ് പറയപ്പെടുന്നത്. പരിചയമില്ലാത്തവരുമായി ചിരിക്കാറില്ല എന്ന് മാത്രമല്ല “കാരണമില്ലാതെ ചിരിക്കുന്നത് വിഡ്ഢികളുടെ ലക്ഷണമാണ് ” എന്ന് പറയുന്നവരുമാണ് റഷ്യക്കാർ . അതുകൊണ്ടൊക്കെയാണ് ഫിഫയും മെട്രോയും റെയിൽവേയും തങ്ങളുടെ ജീവനക്കാർക്ക് ചിരിക്കാൻ പഠിപ്പിക്കുന്ന ക്ളാസ്സുകൾ ലോകകപ്പിനെ വരവേൽക്കുന്നതിന് മുന്നോടിയായി നൽകിയത്.
മോസ്കോ നദിക്കരയിലെ Zaryadye park ഇൽ ചുറ്റിനടക്കുന്ന സമയത്താണ് റഷ്യൻ പെൺകുട്ടി അന്നയെ പരിചയപെട്ടത് , നല്ല മനോഹരമായ രീതിയിൽ ആ പെൺകുട്ടി ഇംഗ്ലീഷ് സംസാരിക്കുന്നു. മോസ്കോയിൽനിന്നും ഒത്തിരി ദൂരെ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന അവൾ പോളണ്ടിൽനിന്നും വരുന്ന തൻ്റെ കൂട്ടുകാരിക്ക് മോസ്കോയിൽ എന്തെല്ലാം കാണിക്കണം എന്ന ലിസ്റ്റ് ഉണ്ടാക്കാൻ വന്നതാണ്. എല്ലാം സ്വയം കണ്ടു മനസിലാക്കി ഏറ്റവും നല്ല സ്ഥലങ്ങളുടെ ചെറിയൊരു ലിസ്റ്റുണ്ടാക്കുകയാണ് ഉദ്ദേശം. ഫാൻഫെസ്ററ് കാണാൻപോകുന്ന എനിക്ക് അവൾ മാപ് നോക്കി വഴികൾ പറഞ്ഞു തരികയും മെട്രോ സ്റ്റേഷൻ വരെ അനുഗമിക്കുകയും ചെയ്തു.
തൊട്ടടുത്തത ദിവസം സൈക്കിൾ ചവിട്ടി നടക്കുന്നതിനിടയിലാണ് അലക്സിനെയും എലിനീനയെയും കാണുന്നത് , വളരെ കുറച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന അവർ പറയുന്ന ഇംഗ്ലീഷ് നമുക്ക് മനസിലായി എന്നവർക്ക് മനസിലായാൽ അവരുടെ മുഖത്ത് അതിയായ സന്തോഷം കളിയാടുന്നു . റഷ്യൻ സംസ്കാരം വ്യക്തിഗതമല്ല, കുടുംബത്തിനും സൗഹൃദത്തിനും സമൂഹത്തിനും അവർ വില കൽപ്പിക്കുന്നു. നായക്കുട്ടിയോ പൂക്കളോ ഇതുരണ്ടുമില്ലേൽ ഒരു ആണിൻ്റെ കൈചേർത്തുപിടിച്ചല്ലാതെ തെരുവിലൂടെ നടന്നു നീങ്ങുന്ന യുവതികളെ കാണുക പ്രയാസമാണ്. പകലിനേക്കാളും രാത്രികളെ അവർ ഇഷ്ടപെടുന്നു, സംഗീതവും നാടകവും മേളവും ഡാൻസും ലൈവ് പെർഫോമൻസും അവരുടെ ജീവിതത്തിൻ്റെ ഭാഗമാണ് .ബിയറും ക്ലബ്ബും പബ്ബും അവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാത്തതാണ് , അമ്മമാർ വരെ ചെറിയകുട്ടികളുമായാണ് നിശാക്ലബ്ബ്കളിൽ വരിക.
മോസ്കോയിലെ ഫിഫയുടെ ഫാൻഫെസ്റ്റ് Moscow state university കോംപൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്.
1755 ഇൽ സ്ഥാപിതമായ യൂണിവേഴ്സിറ്റിയിൽ അൻപതിനായിരത്തിനടുത്ത് വിദ്യാർത്ഥികൾ പഠിക്കുകയും അവർക്കായി 6000 ത്തിലധികം പ്രൊഫസർമാർ ക്ളാസെടുക്കുകയും ചെയ്യുന്നു. ലോകത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പ്രധാന രാജ്യമാണ് റഷ്യ കൂടാതെ റഷ്യയിലെ ഉന്നത വിദ്യഭ്യാസം ലോക പ്രശസ്തവും ധാരാളം അന്തരാഷ്ട്ര വിദ്യാർത്ഥികൾ റഷ്യയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരഗതമാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
Fan Fest എന്ന പരിപാടി 2002 ലോക്കപ്പ് മുതലാണ് തുടങ്ങിയത് , ടിക്കറ്റ് കിട്ടാത്തവർക്കെല്ലാം കൂറ്റൻ സ്ക്രീനിൽ കളികാണാനുള്ള സൗകര്യം. വലിയ സ്റ്റേജിനുമുകളിലെ കൂറ്റൻ സ്ക്രീനിൽ എല്ലാ കളിയും പ്രദർശിപ്പിക്കുന്നു . കളിയില്ലാത്ത സമയങ്ങളിൽ സ്റ്റേജിൽ കാല്പന്തുമായി ബന്ധപ്പെട്ട വിനോദ പരിപാടികളും പാട്ടുമേളങ്ങളും നടന്നുകൊണ്ടിരിക്കുന്നു.ഇംഗ്ലണ്ട്-പനാമ , ഉറുഗ്ഗോ-റഷ്യ എന്നീ കളികൾ ഞാൻ Fan-Fest ലാണ് കണ്ടത്.
ഉറുഗ്ഗോ-റഷ്യ മത്സരം സ്ക്രീനുകളിൽ കാണാൻ ഒരുലക്ഷത്തിലധികം കാണികൾ ഇവിടെ തടിച്ചുകൂടിയിരുന്നു എന്ന് അറിയുമ്പോഴാണ് ഇതിൻ്റെ ജനപ്രീതി മനസ്സിലാകുക. നാട്ടുകാർ തങ്ങളുടെ ദേശീയ ടീമിനെ ആകുംവിധം പ്രോത്സാഹിപ്പിക്കാൻ വേണ്ടി fan fest ലേക്ക് കുടുംബ സമേതം ഒഴുകിയെത്തിരിക്കുകയാണ്. മോസ്കോയിൽ കണ്ട കളിയാരാധകരിൽ ഏറ്റവും ഇഷ്ടമായത് ബ്രസീൽ ആരാധകരെയാണ് , അവരുടെ ആവേശവും കളിയോടുള്ള സ്നേഹവും മറ്റാരാക്കാളും ഒരു മുന്നിലാണ്. ലോകകപ്പ് സ്പോൺസർമാരുടെ വിവിധ സമ്മാന മത്സരങ്ങളും ഫോട്ടോ സെഷനുകളും , ഫിഫയുടെ ഔദ്യോഗിക സുവനീർഷോപ്പും ഇവിടെ പ്രവർത്തിക്കുന്നു, ഇവിടെയെല്ലാം നേരത്തെ പറഞ്ഞ പോലെ visa കാർഡ് മാത്രമേ പണമിടപാടുകൾക്ക് സ്വീകരിക്കുകയുള്ളൂ. ബിയർ വാങ്ങുമ്പോൾ അത് കാൻ പൊട്ടിച്ച് മൽസരത്തിൻ്റെ പേരെഴുതിയ മനോഹരമായ ഗ്ലാസ്സിലാണ് നൽകുന്നത് , വെള്ളം വാങ്ങിക്കുമ്പോൾ പ്ലാസ്റ്റിക് കുപ്പി അടപ്പ് തുറന്നു അടപ്പില്ലാതെ വെള്ളക്കുപ്പി മാത്രം നമുക്ക് തരുന്നു ,അതുകൊണ്ട് തന്നെ വെള്ളം വേഗം കുടിച്ച് നിശ്ചിത സ്ഥലത്ത് ഒഴിഞ്ഞ കുപ്പി ഉപേക്ഷിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. സ്വദേശികളെ കൂടാതെ ഒന്നര ദശ ലക്ഷത്തിലധികം വിനോദ സഞ്ചാരികൾ മറ്റു രാജ്യങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം വളരെ സുരക്ഷയോടുകൂടിയും പരിസ്ഥിതിക്ക് കോട്ടം വരാതെ സംരക്ഷിക്കാനും നടത്തിപ്പുകാർ ശ്രമിക്കുന്നുണ്ട്.
‘ലോകം ഒരു പന്തിനു പിന്നാലെ എന്നതാണ്’ ഇത്തവണത്തെ ലോകകപ്പിൻ്റെ മുദ്രാവാക്യം , ആ പന്തിനു പിറകെ ഇത്തിരി ദൂരം ഞാനും നടന്നു. പ്രതീക്ഷിച്ചതിലും വളരെ മനോഹരമായ കാഴ്ചകളായിരുന്നു മോസ്കോ സമ്മാനിച്ചത് , ചരിത്രത്തിലെ ഗതിവേഗം മാത്രമല്ല ,കൊട്ടാരങ്ങളും ,ഉദ്യാനങ്ങളും ,നദികളും പച്ചപ്പും അതിനപ്പുറം കാൽപന്തുകളിയുടെ വീറും വാശിയും ആവേശവും സൗന്ദര്യവും ഞാൻ അനുഭവിച്ചു.ഇത് ലോകകപ്പ് യാത്ര വിവരണമായതുകൊണ്ട് ഞാൻ സന്ദർശിച്ച മറ്റു പ്രധാന സന്ദർശന കേന്ദ്രങ്ങളെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും ഞാനിവിടെ പ്രതിപാദിച്ചിട്ടില്ല. ദിവസങ്ങൾ നിമിഷങ്ങളായി കടന്നുപോയി, ഒരുയാത്രികൻ്റെ ഏറ്റവും വലിയ നിരാശയാണ് യാത്രയിൽ നിന്നുള്ള മടക്കം,ഓരോ മടക്കവും മറ്റൊരു യാത്രയുടെ തുടക്കമാണ് എന്ന് കരുതി ആശ്വസിക്കാം.