വൈദ്യുതി ബസ് നിരത്തിലിറക്കാൻ കെഎസ്ആർടിസി; ഇന്ധനച്ചെലവ് കുറയും

തിരുവനന്തപുരം∙ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കുന്ന വൈദ്യുതി ബസുകൾ (ഇ–ബസ്) നിരത്തിലിറക്കാൻ കെഎസ്ആർടിസി. ഇ– ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസി മാനേജ്മെന്റ് ബസ് നിർമാണ കമ്പനികളുമായി ചർച്ച തുടങ്ങി. ഇ–ബസുകൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്സിഡി കൂടി ഉപയോഗപ്പെടുത്താനാണു ശ്രമം.

എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം), സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ബസുകൾ ഉപയോഗിക്കാൻ കേരളം നേരത്തെ ശ്രമം തുടങ്ങിയിരുന്നു. കേരളത്തിലെ ആദ്യ സിഎൻജി സ്റ്റേഷൻ തിരുവനന്തപുരം ആനയറയിൽ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ധാരണയിലെത്തി.

അതേസമയം, എൽഎൻജി ബസുകൾ ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഡീസൽ, സിഎൻജി, എൽഎൻജി ബസുകളെ അപേക്ഷിച്ച് ഇന്ധനച്ചെലവു പത്തിലൊന്നു വരെ കുറയ്ക്കാൻ കഴിയുമെന്നതാണ് ഇ–ബസുകളുടെ പ്രത്യേകത. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഇ–ബസുകൾക്കു 30 ലക്ഷം രൂപ മുതൽ 66 ലക്ഷം രൂപവരെ കേന്ദ്രസർക്കാർ സബ്സിഡി ലഭിക്കും.

സിഎൻജി, എൽഎൻജി ഇന്ധനം സംഭരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഇല്ല എന്നതും ഇ–ബസുകളിലേക്കു മാറാൻ കെഎസ്ആർടിസിയെ പ്രേരിപ്പിക്കുന്നു. മറ്റു ബസുകളെ അപേക്ഷിച്ച് ഇ–ബസുകൾക്കു വില കൂടും–ഒന്നരക്കോടി മുതൽ രണ്ടരക്കോടി വരെയാണ് ഇപ്പോഴത്തെ വില. എന്നാൽ, ഒരു കിലോമീറ്റർ ഓടിക്കാൻ ചെലവ് ശരാശരി അഞ്ചു രൂപ മാത്രമേ വരൂ.

ചെന്നൈയിലും ബെംഗളൂരുവിലും പരീക്ഷണം

ഇ–ബസുകൾ ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ നഗരങ്ങളിൽ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്. ബെംഗളൂരുവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വൈദ്യുതി ബസ് രണ്ടു വർഷം മുൻപുതന്നെ സർവീസ് തുടങ്ങിയിരുന്നു. അശോക് ലൈലാൻഡ് പുറത്തിറക്കിയ ‘സർക്യൂട്’ എന്ന ഇ–ബസ് ആണു ചെന്നൈയിൽ ഓടുന്നത്.

മൂന്നു മണിക്കൂർ ചാർജ് ചെയ്താൽ 120 കി.മീ. യാത്ര ചെയ്യാൻ കഴിയുന്ന ബസുകളിൽ 31 സീറ്റുണ്ട്. ലിഥിയം അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്റർ. ഒരു തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സഞ്ചരിക്കാം.

കെഎസ്ആർടിസി ബസുകൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ നേരത്തെ ചൈനയുടെ സഹായം തേടിയിരുന്നു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ ചാഹൂ കേരളത്തിലെത്തിയപ്പോഴാണു മുഖ്യമന്ത്രി പദ്ധതി അവതരിപ്പിച്ചത്. കഴിയാവുന്ന സഹായം നൽകാമെന്നു സ്ഥാനപതി ഉറപ്പുനൽകിയിരുന്നു.

Source – http://www.manoramaonline.com/news/kerala/2017/09/24/06-cpy-ksrtc-electric-bus.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply