ആനവണ്ടികളോടാണു പ്രണയം, ആനവണ്ടി യാത്രകളോടാണു ഇഷ്ടം, ആനവണ്ടികളുടെ ഇരമ്പലുകളാണു സംഗീതം, ആനവണ്ടികളുടെ ചിത്രങ്ങൾ എടുക്കലാണു വിനോദം. ഞാൻ റിയാസ്, ഒരാനവണ്ടി പ്രാന്തൻ.
കുന്നും മലയും തോടും ദേശങ്ങളും താണ്ടി സാധാരണക്കാരന്റെ ജീവിതയാത്രയിൽ നിറ സാനിദ്ധ്യമായ ആനവണ്ടികൾ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന K.S.R.T.C ബസ്സുകൾ, നിരവധി ജീവിതങ്ങളും അനുഭവങ്ങളുടെ നേർകാഴ്ചകളും സമ്മാനിക്കുന്നതാണു നമുക് ഓരോ ബസ് യാത്രകളും, അത്തരം ഒരു ആനവണ്ടി യാത്രയെ പരിജയപ്പെടുത്തുകയാണിവിടെ,
ഇത് എർണാകുളം ജില്ലയിലെ കടമക്കുടിയിലേക്കുള്ള KSRTC ബസ് ആണു, ഇങ്ങോട്ടേക്കുള്ള ഒരേയൊരു ആനവണ്ടി കൂടിയാണിത്. കടമക്കുടിയുടെ ഒറ്റയാൻ എന്നു ഞാൻ ഇവനെ വിശേഷിപ്പിക്കുന്നു.
ഇനി കടമക്കുടിയെക്കുറിച്ചു ഒരു ചെറുവിവരണം നല്‍കാം. പെരിയാർ നദിയുടെ വരദാനമായാണു കടമക്കൂടി അറിയപ്പെടുന്നത്. 1341 ല്‍ ഉണ്ടായ വലിയൊരു വെള്ളപ്പൊക്കത്തോടെയാണ് കടമക്കുടിയുടെ ചരിത്രം ആരംഭിക്കുന്നത്. അതുവരെ പെരിയാര്‍ നദി കടലില്‍ പതിച്ചിരുന്നത് കൊടുങ്ങല്ലൂര്‍ അഴിയിലൂടെയായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ഫലമായി മണ്ണടിഞ്ഞുകൂടി കൊടുങ്ങല്ലൂര്‍ അഴിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നതിന് തടസ്സം നേരിട്ടു. ഇതേത്തുടര്‍ന്ന് മലയില്‍നിന്നും കുത്തിയൊലിച്ചു വന്നുകൊണ്ടിരുന്ന വെള്ളം വൈപ്പിന്‍കരയുടെ തെക്കുഭാഗത്തുണ്ടായിരുന്ന ‘കൊച്ചഴി’ വഴി കടലിലേക്ക് ഒഴുകുകയും പ്രസ്തുത അഴി വലുതായി പിന്നീട് കൊച്ചി അഴിമുഖം രൂപപ്പെടുകയും ചെയ്തു.
പെരിയാറിന്റെ കൈവഴികളില്‍ പരസ്പര ബന്ധമില്ലാതെ കിടക്കുന്ന വലിയ കടമക്കുടി, മുറിക്കല്‍, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂര്‍, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, നാളികേരം എന്നിവയാണ് പ്രധാന വിളകള്‍. പഞ്ചായത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ 15.84 % മാത്രമെ കരഭാഗമുള്ളൂ. ബാക്കി സ്ഥലം പൊക്കാളിപ്പാടങ്ങളും പുറംപോക്ക് പുഴകളും ജലാശയങ്ങളുമാണ്
ആലുവയിൽ നിന്നും രാവിലെ 6.30 നു ആണു കടമക്കുടിയിലേക്കുള്ള KSRTC ബസ് യാത്ര തിരിക്കുന്നത്, പുലർകാല കടമക്കൂടിയെ ആനവണ്ടിയിൽ യാത്ര ചെയ്തു ആസ്വദിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണു, 7.10 ആകുംബോൾ ഈ ബസ് കടമക്കുടിയിൽ എത്തും, നേർത്ത മൂടൽ മഞ്ഞിലൂടെ കായലും പൊക്കാളി പാടങ്ങളും കണ്ടു കൊണ്ടു ഒരു മനോഹരമായ കൊച്ചു യാത്ര.
ഇനി യാത്രകൾ നടന്നു കാണാം, ചെറിയ ചെറിയ ധാരാളം തുരുത്തുകളും ദ്വീപുകളും കാണുവാൻ ബോട്ടു സർവീസും വള്ളങ്ങളും ഉണ്ടിവിടെ, നല്ല ഭക്ഷണം കിട്ടുന്ന ഷാപ്പുകളും ധാരാളം, നല്ല നാട്ടുകാരും, ഗ്രാമീണ ജീവിതങ്ങൾ നടന്നു കാണുക, അവരിൽ ഒരാളായി മാറുക, ജീവിതമാണു ഏറ്റവും വലിയ യാത്ര എന്നു വിശ്വസിക്കുന്നു ഞാൻ.
അരമണിക്കൂർ ഇടവിട്ട് എർണാകുളം ജില്ലയിലെ പല ഭാഗത്തേക്കും ഇവിടുന്നു പ്രൈവറ്റ് ബസ്സുകൾ ലഭിക്കുന്നതാണു. വൈകിട്ട് 6 മണിക്കാണു തിരിച്ചു ആലുവയിലേക്കുള്ള KSRTC ബസ്, സായാഹ്നം ആസ്വദിക്കുവാൻ താത്പര്യമുള്ളവർക്ക് 5.10 നു ആലുവയിൽ നിന്നും എടുക്കുന്ന ഇതേ KSRTC ബസ്സിൽ കടമക്കുടിയിലേക്കു ഒരു വൈകുന്നേര സവാരിയുമാകം, നിരാശപ്പെടേണ്ടി വരില്ല, ഉറപ്പ്.
വിവരണം : റിയാസ് റഷീദ് റാവുത്തര്‍