കോടേശ്വരിലെ അത്ഭുതമായ അവതാർ മലകൾ…

ഹിമാലയം , അത് ഒളിപ്പിച്ചു വച്ച അത്ഭുതങ്ങൾ കൊണ്ട്, നമ്മെ പ്രലോഭിപ്പിച്ച് കൊണ്ടേ ഇരിക്കും. അങ്ങനെ ഒരു പ്രലോഭനത്തിന്റെ തിരതള്ളലാണ് ഞങ്ങളെ കൊടേശ്വരിലേക്ക്‌ പോകാൻ പ്രേരിപ്പിച്ചത്. സാധാരണ യത്രികർ പെട്ടന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്ന, എന്നാൽ ചെന്നെത്തിയാൽ മനസ്സിനെ കീഴടക്കുന്ന ചില സ്ഥലങ്ങൾ പലപ്പോഴും പോകുന്ന വഴിയുടെ തൊട്ടടുത്ത് ഉണ്ടാവും. ദൂരെയുള്ള വലിയ ലക്ഷ്യം മനസിൽ നിറഞ്ഞ് നിൽക്കുമ്പോൾ അവ നമുക്ക് നഷ്ടമാവുകയും ചെയ്യും. 2017 ഒക്ടോബർ മാസം ബദരീനാഥിലേക്കുള്ള യാത്രയിൽ സാധിച്ചാൽ “കൊടേശ്വർ” പോകണം എന്ന് മനസിൽ ഉറപ്പിച്ചിരുന്നു.

പുലർച്ചെ ഋഷികേശിൽ നിന്നും 10 km അകലെ ഗംഗയുടെ തീരത്ത് പ്രഭാത ഭക്ഷണത്തിനുള്ള ചപ്പാത്തി ചുട്ടു കൊണ്ട് ഞങ്ങൾ യാത്രയുടെ വിശദമായ പ്ലാനിംഗ് നടത്തി. കൊടേശ്വരിനെ പറ്റി രുദ്രപ്രയാഗിൽ ചെന്ന് അന്വേഷിക്കാം എന്ന ധാരണയിൽ യാത്ര തുടർന്നു. രുദ്രപ്രയാഗിലെ ക്ഷേത്രദർശനവും ഗംഗസ്നാനവും ഒഴിവാക്കി കൊടേശ്വരിലാവാം അതെന്ന തീരുമാനത്തിൽ വഴി അന്വേഷിക്കാൻ ആരംഭിച്ചു. പെട്ടന്ന് ശ്രദ്ധിക്കാത്ത ഒരു ജംഗ്ഷനിൽ നിന്നുമിടത്തേക്ക്‌ തിരിഞ്ഞ് ഗംഗയുടെ കുറുകെയുള്ള ചെറിയ ഇരുമ്പ് പാലം കടന്ന് യാത്ര തുടങ്ങി.

നന്നേ വീതി കുറഞ്ഞ പാതയിൽ എതിരെ ഒരു ടുവീലർ വന്നാൽ പോലും സൈഡ് കൊടുക്കാൻ ബുദ്ധിമുട്ടാകും. ഗൂഗിൾ മാപ് പ്രകാരം 4 km ആണ് ദൂരം കാണിക്കുന്നത്. ചെറിയ ജനവാസ കേന്ദ്രങ്ങളും വിജനമായ വനപ്രദേശങ്ങളും പിന്നിട്ട് കുറെ ദൂരം പോയിട്ടും ക്ഷേത്രത്തിന്റെ അടയാളങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. വഴിയിൽ കണ്ട ഒരു ആട്ടിടയനോട് ചോദിച്ചപ്പോൾ കുറെ കൂടി മുന്നോട്ട് പോയാൽ ക്ഷേത്രത്തിന്റെ പടികൾ കാണാം എന്ന വിവരം ലഭിച്ചു. പടർന്നു പന്തലിച്ച വലിയൊരു ആൽവൃക്ഷവും ബോർഡും കണ്ട് വാഹനം ഒതുക്കി അവിടെ ഇറങ്ങി.

കൊടേശ്വരിന് പകരം ഉമര നാരായണ ക്ഷേത്രത്തിന്റെ മുന്നിലാണ് ഞങ്ങൾ എത്തിയത്. അവിടെ എത്തണമെങ്കിൽ മലയുടെ വളരെ ഉയരത്തിൽ പടികൾ കയറി ചെല്ലണം. കൊടേശ്വർ ആണെങ്കിൽ അളകനന്ദയുടെ തീരത്തും. വിജനമായ ആ വനപ്രദേശത്ത് നിന്നാൽ താഴ്‌വരയിലൂടെ ഒഴുകുന്ന നദിയുടെ ശബ്ദം പോലും കേൾക്കുന്നില്ല. ഏതായാലും ഉച്ചഭക്ഷണം കഴിച്ചിട്ട് ആവാം അന്വേഷണം എന്ന് തീരുമാനിച്ചു. റോഡിൽ വട്ടത്തിലിരുന്ന് കൈയിലുണ്ടായിരുന്ന ചപ്പാത്തിയും അവൽ നനച്ചതും പഴവും കഴിച്ചു. യാത്രകളിൽ കൈയിൽ അവലും ശർക്കരയും കരുതിയാൽ5 മിനിറ്റ് കൊണ്ട് ഭക്ഷണം റെഡി.മണിക്കൂറുകൾ യാത്ര ചെയ്യാൻ അത് തരുന്ന ഊർജം ധാരാളം.

അല്പസമയം മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചിട്ട്‌ വീണ്ടും കൊടേശ്വർ അന്വേഷിച്ച് നടന്നു. തിരിച്ച് 2 km വന്നാൽ മലയുടെ കീഴ്‌ക്കാംതൂക്കായ ചേരുവിലാണ് അമ്പലമെന്ന് മാത്രം മനസ്സിലായി..റോഡിൽ നിന്നും കല്ല് പാകിയ നടവഴി തുടങ്ങുന്നു.റോഡരുകിൽ തന്നെ മനോഹരമായ ഒരു കവാടം നിർമിച്ചിട്ടുണ്ട്. ചെറിയ അങ്ങാടിയും വളവും മൂലം ഗോപുരം പെട്ടന്ന് ശ്രദ്ധിക്കാൻ സാധ്യതയില്ല. കുത്തനെ നില കൊള്ളുന്ന മലയുടെ അരികിൽ വെട്ടിയുണ്ടാക്കിയ വഴി താഴേക്ക് നീണ്ട് കിടക്കുന്നു.

ഇത് വരെ കണ്ട സ്ഥലങ്ങളെല്ലാം പർവതങ്ങളുടെ മുകളിലേക്ക് നടക്കണമെങ്കിൽ കോടേശ്വർ അഗാധമായ ഒരു മലയിടുക്കിന്റെ താഴെയാണ്.ഏകദേശം 1km മാത്രമേ നടക്കേണ്ടതായിട്ടുള്ളൂ. ഇടത് വശത്തെ പാറയുടെ വിടവുകളിലെല്ലാം നിരവധി ഗുഹകൾ കാണാം. യുഗയുഗങ്ങളായി അവ അങ്ങിനെ നിലകൊള്ളുന്നു.ക്ഷേത്രത്തിന്റെ മുകൾ ഭാഗം ദൂരെ നിന്നേ കാണാം. അടുത്തുള്ള ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ ഒരു സന്യാസിയും നിരവധി ശിഷ്യന്മാരും വട്ടത്തിലിരുന്ന് പഠനം നടത്തുന്നുണ്ട്. കോടേശ്വർ ചെറിയ ക്ഷേത്രമാണ്…ഒരു ശ്രീകോവിലും ചുറ്റിലും അഴിയിട്ട ചുറ്റമ്പലവും. ഉപദേവതാ പ്രതിഷ്ഠകൾ പല സ്ഥലങ്ങളിലായി കാണാം. ശാഖോപശാഖകളായി പടർന്നു പന്തലിച്ച ഒരു വൻ ആൽവൃക്ഷം അമ്പലവും അതുൾപ്പെടുന്ന പ്രദേശമാകെയും തണൽ വിരിച്ച് നില കൊള്ളുന്നു. ആൽത്തറയും പരിസരങ്ങളും മാർബിൾ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് നിന്നും നദിയിലേക്ക് കോൺക്രീറ്റ് പടികൾ തുടങ്ങുന്നു. ഞങ്ങൾ നദിയിലേക്കിറങ്ങി. ഒരേ സമയം ഭീതിജനകവും അത്ഭുതകരമായ പ്രകൃതിയുടെ ഒരു ദൃശ്യ വിസ്മയം ആണ് ഇവിടെ അളകനന്ദ. വലിയ രണ്ട് പാർവതങ്ങളുടെ, ഇടുങ്ങിയ വിടവിലൂടെ ഞെരുങ്ങി ഒഴുകിവരുന്ന പ്രവാഹം വിശാലമായ ഒരിടത്തേക്ക് എത്തുമ്പോൾ പ്രകൃതി തീർത്ത വലിയ ഒരു തടയണയാൽ തടയപ്പെടുന്നു. ഇരുവശത്തു നിന്നും രണ്ട് പാറകൾ ജലപ്രവഹത്തെ തടയുന്നതിനാൽ ഒരു അണക്കെട്ട് തന്നെ രൂപപ്പെട്ടിരിക്കുന്നു. പാറയുടെ ഇടയിൽ ഒരു വിടവ് മാത്രമാണ് ഉള്ളത്.

ഒഴുകിവരുന്ന ജലം കടന്ന് പോകാൻ ഇടമില്ലാത്തതിനാൽ ആപ്രദേശം മുഴുവൻ പരന്നു വട്ടത്തിൽ ചുറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്.ചെറിയ വിടവിലൂടെ അതിശക്തമായി കടന്ന് പോകുന്ന ജലം ഒരു ഷട്ടർ തുറന്ന പോലെയാണ് നമുക്ക് തോന്നുക. മഴക്കാലത്ത് കവിഞ്ഞ് ഒഴുകി ഒരു മനോഹര വെള്ളച്ചാട്ടം ഉണ്ടാവുമായിരിക്കണം. വെള്ളം ഒഴുകാത്ത ഭാഗങ്ങളെല്ലാം കടപ്പുറത്ത് കാണുന്ന രീതിയിലുള്ള പഞ്ചാര മണൽതരികളാണ്. ഇരു പർവ്വതങ്ങളും ബന്ധിപ്പിച്ച് ഒരു തൂക്കുപാലം മുകളിലായി കാണാം.കുരങ്ങന്മാർ ധാരാളം പരിസരങ്ങളിൽ താവളമുറപ്പിച്ചിട്ടുണ്ട്. മരവിച്ചു പോകുന്ന തണുപ്പാണ് നദിയിലെ വെള്ളത്തിന്. കൈയും കാലും മുഖവും മാത്രം കഴുകി വേഗം കരയിൽ കയറി.പടവുകളിലാകെ അർച്ചന ചെയ്ത പുഷ്പങ്ങൾ ചിതറിക്കിടക്കുന്നു.

തീരത്ത് നിന്ന് 20 അടിയോളം ഉയരത്തിൽ ആണ് കൊടേശ്വർ ശിവലിംഗം ഉൾപ്പെടുന്ന ഗുഹ.അവിടേക്ക് കോൺക്രീറ്റ് കൊണ്ട് നിർമിച്ച നടവഴിയുണ്ട്. മുകളിലെ മലഞ്ചെരുവിൽ നിന്ന് ഒഴുകി വരുന്ന നീരുറവകൾ സമൃദ്ധമായ പുൽനാമ്പുകളിൽ നിന്നും മഴത്തുള്ളികൾ പോലെ നമ്മുടെ ദേഹത്തിലേക്ക്‌ വീണു കൊണ്ടിരിക്കും. ചെറിയ ചുവന്ന പുഷ്പങ്ങൾ ആണ് പുല്ലുകളിലാകെ.ഓരാൾ ഉയരമുണ്ട് ഗുഹമുഖത്തിന്. ഗുഹക്കുള്ളിൽ പ്രകൃത്യാ രൂപപ്പെട്ട ശിവലിംഗവും മറ്റ് പ്രതിഷ്ഠകളും നിരയായി ഇരിക്കുന്നു.കഠിനമായ തണുപ്പാണ് ഗുഹയുടെ ഉള്ളിൽ.പുറത്തേക്ക് നോക്കുമ്പോൾ നദിയിൽ വെള്ളം ചുറ്റിത്തിരിയുന്ന കാഴ്ചയാണ് കാണുക.കോൺക്രീറ്റ് പാത പണിയുന്നതിന് മുൻപ് ഇത്രയും ഉയരത്തിലുള്ള ഗുഹയിലേക്ക് കയറാൻ നന്നേ കഷ്ടപ്പെട്ടിട്ടുണ്ടാവണം.കൂടുതൽ സമയം ഉള്ളിൽ നിൽക്കാൻ സാധിക്കില്ല.വേഗം ഞങ്ങൾ പുറത്തിറങ്ങി…

പ്രളയകാലത് അളകനന്ദയിലെ ജലം ഗുഹ നിറഞ്ഞ് അഭിഷേകം ചെയ്യുന്നുണ്ടാകണം.നദിയുടെ അക്കരെ പർവതത്തിന്റെ പള്ളയിലുള്ള ബദരിനാധിലേക്കുള്ള വഴിയേ വാഹനങ്ങൾ അരിച്ചരിച്ച് നീങ്ങുന്നത് കാണാം.അവിടെ എത്തണമെങ്കിൽ തിരികെ രുദ്രപ്രയാഗ് വരെ ചെന്ന് മറുകര കടന്നാൽ മാത്രമേ കഴിയൂ…സമയം മൂന്ന് മണിയോട്‌ അടുത്തിരിക്കുന്നു.അന്നേ ദിവസം ജോഷിമട് വരെയെങ്കിലും എത്തേണ്ടതിനാൽ ഞങ്ങൾ കൊടേശ്വരിനോട് വിട പറഞ്ഞ് തിരികെ മല കയറാൻ തുടങ്ങി…

കൊടേശ്വരിലെ സ്വാഭാവികഅണക്കെട്ടും, കേരളത്തിലെ ഭൂതത്താൻ കെട്ടും ഒരേ പോലെ പ്രകൃതി നിർമിച്ച അത്ഭുത ദൃശ്യങ്ങളാണല്ലോ എന്നായിരുന്നു മടക്കയാത്രയിൽ ഞങ്ങൾ ചിന്തിച്ചു കൊണ്ടിരുന്നത്. കൊടേശ്വർ വരെ പോയി ഇൗ കാഴ്ച കാണാൻ സാധിക്കാത്തവർ രുദ്രപ്രയാഗ് കഴിഞ്ഞ് ബദരി റൂട്ടിൽ 4 km കഴിയുമ്പോൾ ഉള്ള ഒരു പാലത്തിൽ നിന്നാൽ ഇടത് വശത്ത് താഴെയായി കൊടേശ്വരിന്റെ ഒരു വിഹഗവീക്ഷണം സാധ്യമാകും. മനോഹരമായ ഒരു കാഴ്ചയാണ് അതും.

വിവരണം – അനീഷ്‌ കൃഷ്ണമംഗലം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply