വിദ്യാര്‍ഥികള്‍ കൂട്ടമായി കയറി; ജീവനക്കാര്‍ ബസ് നടുറോഡിലുപേക്ഷിച്ചു മുങ്ങി

പാമ്പാടി: വിദ്യാര്‍ഥികള്‍ കൂട്ടമായി കയറിയെന്നാരോപിച്ച് ജീവനക്കാര്‍ സ്വകാര്യ ബസ് നടുറോഡിലുപേക്ഷിച്ച് മുങ്ങി. കോട്ടയം- പള്ളിക്കത്തോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന നരിമറ്റത്തില്‍ ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ കടന്നത്. ളാക്കാട്ടൂരിനുസമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.

പള്ളിക്കത്തോട്ടില്‍നിന്ന് കോട്ടയത്തേക്കു വരികയായിരുന്നു ബസ്. ളാക്കാട്ടൂര്‍ സ്‌കൂളിലെ നാല്പതോളം വിദ്യാര്‍ഥികളും 20 മുതിര്‍ന്നവരുമാണ് ബസിലുണ്ടായിരുന്നത്. ഏറെനാളായി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. കയറുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ടിക്കറ്റു വേണമെന്ന ബസ് ജീവനക്കാരുടെ ആവശ്യമാണ് തര്‍ക്കത്തിലെത്തിയത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളിന് ഒരുകിലോമീറ്റര്‍ അകലെയത്തിയപ്പോള്‍ ജീവനക്കാര്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോവുകയായിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചുകൂടി ജീവനക്കാരുമായി തര്‍ക്കത്തിലായി. വിവരമറിഞ്ഞ് പാമ്പാടി എസ്.ഐ. ടി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

ഈ സമയം ജീവനക്കാര്‍ സ്ഥലത്തുനിന്ന് മുങ്ങി. തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്ത് പാമ്പാടി സ്റ്റേഷനിലെത്തിച്ചു. പിന്നീട് ജീവനക്കാരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ബസ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Source – http://www.mathrubhumi.com/kottayam/malayalam-news/kottayam-bus-1.2351070

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply