ഞാനും എൻ്റെ അമ്മയും കൂടി മാഞ്ചോല യിലേക്ക് നടത്തിയ യാത്ര

വിവരണം – Nazeem Sali.

ലീലാമ്മ എപ്പോളും പറയും “മോനെ മ്മക്ക് ബോണക്കാട് പ്രേത ബംഗ്ലാവിൽ പോകണം. ഒരു ദിവസം ഫുൾ അവിടെ ചിലവഴിച്ചു വൈകുന്നേരം തിരിച്ചു വരാം.” അതൊക്കെ കേൾക്കുമ്പോൾ ഞാൻ പറയും “എന്റെ പൊന്നു മമ്മി അവിടെ പ്രേതവും ഇല്ല ഒരു മണ്ണാങ്കട്ടയും ഒന്നുമില്ല. അതൊക്കെ കെട്ടു കഥകൾ ആണ്.” അങ്ങനെ ഓരോ യാത്രകളും ഓരോ കാരണങ്ങൾ പറഞ്ഞു ഞാൻ ഒഴിവാക്കുന്ന സമയത്താണ് അമ്മയുടെ വിളി വന്നത്. അന്നേരം ഞാൻ എറണാകുളതു ആയിരുന്നു .

അമ്മ കഥകളുടെ കെട്ടഴിച്ചു. “പിന്നെ മക്കളെ നമ്മളെ കൊല്ലത്തെ പോലീസ്കാരൻ സുജിത് ഉണ്ടല്ലോ, അവൻ ശനിയാഴ്ച മാഞ്ചോല എസ്റ്റേറ്റ് ൽ പോകുന്നു, മ്മക്കും കൂടി പോയാലോ?” മാഞ്ചോല എസ്റ്റേറ്റ് പണ്ടേ എനിക്കൊരു സ്വപ്നം ആയിരുന്നു . അതുകൊണ്ട് വേറൊന്നും ആലോചിക്കേണ്ടി വന്നില്ല. “മ്മക്ക് പോകാം മമ്മി” എന്ന് പറഞ്ഞു. അമ്മേടെ മുഖത്തു താമര വിരിഞ്ഞ പോലെ സന്തോഷം ആയിരിക്കും, ആ സമയത്ത് ഞാൻ ഊഹിച്ചു. “സുജിത് കൊല്ലത്തുന്നു പാലരുവി എക്സ്പ്രസ്സ്‌ ലാണ് പോകുന്നത്. ഞാൻ അതിൽ പുനലൂർ ന്നു കയറാം. മോൻ കൊല്ലത്തുന്നു കേറിക്കോ” അമ്മ പറഞ്ഞു.

ഞാൻ പറഞ്ഞു “ഒരു കഥ സൊല്ലട്ട് മാ.” നീ ഒരു കഥയും ചൊല്ലണ്ട കൂടെ വരുവോ ഇല്ലയോ അതു പറ. “യ്യോ എന്റെ മമ്മി ഞാൻ എറണാകുളത്തുന്നു കയറാമെന്ന പറയാൻ വന്നത്. അവിടെ രാത്രി 7 മണിക്ക് പാലരുവി എക്സ്പ്രസ്സ്‌ ട്രെയിൻ എത്തും. ഞാൻ അതിൽ കയറി വന്നോളാം. അമ്മച്ചിയാണേ സത്യം.” “ആ ശെരി ഞാൻ രാത്രി 1 മണിക്ക് പുനലൂർ സ്റ്റേഷൻൽ ഉണ്ടാകും. നീ ഏതു compartment ൽ ആയാലും പ്ലാറ്റ് ഫോമിൽ ഇറങ്ങി എന്നെ അതിലേക് കയറ്റണം” ന്നു പറഞ്ഞു ഫോൺ കട്ട്‌ ആക്കി.

അങ്ങനെ ശനിയാഴ്ച രാത്രിയിൽ 7 മണിക്ക് ഞാൻ പാലരുവി എക്സ്പ്രസ്സ്‌ ൽ എറണാകുളം നിന്നും കയറി. സാധാരണ എല്ലാ യാത്രകളിലും ഒരു ബാഗ് പാക്കിങ് ഒകെ ഉണ്ട്. സോപ്പ് മുതൽ ചീപ് വരെ എടുക്കും. പക്ഷെ ഈ യാത്രയിൽ അങ്ങനെ ഒന്നുമില്ല. എന്റേതെന്നു പറയാൻ ഒരു സെൽഫി സ്റ്റിക്ക് മാത്രം. സോപ്പ് ഉം പേസ്റ്റ് മൊക്കെ ‘അമ്മ കൊണ്ട് വരും. പിന്നെ ഞാൻ എന്തിനാ അതൊക്കെ ചുമക്കുന്നത് എന്നൊരു അഹംഭാവം എനിക്ക് ഉണ്ടായിരുന്നു .

രാത്രി 11.30 പാലരുവി എക്സ്പ്രെസ് കൊല്ലം റെയിൽവേ സ്റ്റേഷൻ ൽ എത്തിച്ചേർന്നു. പറഞ്ഞത് പോലെ സുജിത് അതിലേക് കയറി . രാത്രിയിൽ ഫുഡ്‌ പോലും ഞാൻ കഴിച്ചില്ല. ട്രെയിനിൽ നിന്നും ഒരു ചായ കുടിച്ചു. ഫുഡ്‌ കഴിച്ചു വയറു നിറഞ്ഞു പോയാൽ ‘അമ്മ കൊണ്ട് വരുന്ന പലഹാരങ്ങൾ ഒക്കെ ആര് തിന്നു തീർക്കും? അങ്ങനെ ഒരു വേവലാതി എനിക്കുള്ളത് കൊണ്ട് പുനലൂർ വരെ വിശപ്പ് കടിച്ചു പിടിച്ചു ഇരുന്നു .കൊട്ടാരക്കര എത്തിയപ്പോൾ ഞാൻ അമ്മയെ വിളിച്ചു ട്രെയിൻ കൊട്ടാരക്കര പിന്നിട്ടു തയാർ എടുത്തു ഇരുന്നോ എന്ന്.

ഞാൻ 12 മണിക്കേ പുനലൂർ എത്തി. (വേണേൽ ഇനിയും അരമണിക്കൂർ മുന്നേ പുറപ്പെടാമെന്നു പറയാത്തത് ഭാഗ്യം) ഓഹ് പിന്നെ ഞാൻ ഈ യാത്രകൾ എത്ര കണ്ടതാ എന്ന മട്ടിൽ ഫോൺ കട്ട്‌ ചെയ്തു . രാത്രി 1 മണിക്ക് ട്രെയിൻ പുനലൂർ സ്റ്റേഷൻ ൽ എത്തി ചേർന്നു . അമ്മ പറഞ്ഞത് പോലെ ഞാൻ പ്ലാറ്റ് ഫോമിൽ ചെന്ന് ബാഗ് വാങ്ങി ട്രെയിനിൽ ലേക്ക് കയറാൻ തുടങ്ങി പിന്നിൽ നിന്നു അമ്മയുടെ ശബ്ദം അയ്യോ മോനെ ഞാൻ ടിക്കറ്റ് എടുത്തില്ല. അടിപൊളി 12 മണിക്ക് സ്റ്റേഷൻ ൽ വന്ന ആളാ ഇതുവരെ ടിക്കറ്റ്‌ എടുത്തില്ലേ. ആ ഞാൻ ടിക്കറ്റ്‌ കൌണ്ടർ കണ്ടില്ല. ഞാൻ പറഞ്ഞു “ആ കണ്ടില്ലേൽ വേണ്ട. ടിക്കറ്റ് എടുക്കണ്ട. വാ കേറാം ട്രെയിൻ ഇപ്പൊ പോകും.”

ഇത് കേട്ട ഒരു റെയിൽവേ പോലീസ് പറഞ്ഞു “5 മിനിറ്റ് കൂടുതൽ ട്രെയിൻ നു സ്റ്റോപ്പ്‌ ഉണ്ട് ടിക്കറ്റ് എടുക്കാൻ സമയം ഉണ്ടന്ന്” . ഇത് കേട്ട ഞാൻ ഓടി ടിക്കറ്റ് കൌണ്ടർലേക്ക് ചെന്ന് അംബാ സമുദ്രതേക്കു ടിക്കറ്റ്‌ എടുത്തു . തിരിച്ചു വന്നു ട്രെയിൻ ൽ കേറിയപ്പോൾ ‘അമ്മ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ സുജിത് നോട്‌ വിശേഷങ്ങൾ ചോദിക്കുന്നു. ടികെറ്റ് കിട്ടിയോന്നു പോലും ചോദിച്ചില്ല. ട്രെയിൻ പുനലൂർ പിന്നിട്ടു തെന്മല വഴി 13 കണ്ണറ പാലവും പിന്നിട്ടു ആര്യൻ കാവിലേക്ക് കുതിക്കുന്നു. പകൽ ഈ വഴി ട്രെയിനിൽ യാത്ര ചെയ്യണം ഒന്നൊന്നര കാഴ്ച ആണ് ‘അമ്മ സുജിത് നോട്‌ പറയുന്നത് കേട്ടു. ഞാൻ അതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്യാതെ ‘അമ്മ കൊണ്ട് വന്ന ഏത്തപ്പഴവും പപ്പട ബോളി യും തിന്നുന്ന തിരക്കിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞു അമ്മയെ താഴെ കിടത്തി ഞാൻ മുകളിലേക്കു കയറി. 4 മണിക്ക് അലാറം വെച്ച് സുഖമായി ഉറക്കം .

ട്രെയിൻ കൃത്യ സമയത്ത് തന്നെ അംബാസമുദ്രം എത്തി. സമയം 4 30. റെയിൽവേ സ്റ്റേഷൻൽ ഇറങ്ങി ബസ് സ്റ്റാൻഡിൽ ലേക്ക് നടന്നു. അവിടന്ന് ബസ് സ്റ്റാൻഡിൽ ലേക്ക് 3 കിലോമീറ്റർനു അടുത്ത് നടക്കാൻ ഉണ്ട്. പുലർച്ചെ നടക്കാൻ പോകുമത്രെ അതുകൊണ്ട് ഓട്ടോ പിടിക്കണ്ടന്നു അമ്മയും പറഞ്ഞു . തമിൾ ഗ്രാമങ്ങളിൽ ഉറക്കം ഇല്ല എന്ന് തോന്നുന്ന വിധത്തിൽ റോഡിൽ നിറയെ ആൾകാർ. കൂടുതൽ ചായക്കടകളിൽ തന്നെയാണ് തിരക്ക് . മുക്കിനു മുക്കിനു ചായക്കടകൾ തന്നെയാണ്. തലങ്ങും വിലങ്ങും ഓടി നടക്കുന്ന കാലികൂട്ടങ്ങൾ. ശെരിക്കും സിനിമകളിൽ കാണുന്ന പോലെ ഉൾനാടൻ തമിഴ് ഗ്രാമം തന്നെയാണ്.

ഏതോ അമ്പല നടയിൽ സുപ്രഭാതം ഉയരുന്നു. ചെണ്ടു മല്ലിപ്പൂ കൊണ്ട് മാല കെട്ടുന്ന തമിഴ് പെണ്ണുങ്ങളെ കാണാം. ഉണർന്നു വരുന്ന തമിൾ ഗ്രാമങ്ങളിലൂടെ നമ്മൾ തെണ്ടി തിരിഞ്ഞു നടന്നു. 5. 30 നു മാഞ്ചോലയിലേക്ക് ഉള്ള ഫസ്റ്റ് ബസ് എന്ന് കേട്ടു അതുകൊണ്ട് നടത്തത്തിനു ഒത്തിരി വേഗം കൂട്ടി. 5. മണി ആയപ്പോൾ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു . അവിടെ സ്റ്റാൻഡിൽ ഒരു മുല്ലാക്ക ഇരിക്കുന്നു ഞാൻ പകുതി തമിളിലും മലയാളത്തിലുമായി ചോദിച്ചു മാഞ്ചോല ബസ് എത്ര മണിക്കാണെന്ന് . മലയാളി ആണ് എന്ന് മനസിലാക്കിയത് കൊണ്ടാകാം പുള്ളി മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി.

“ഇവിടന്നു ആദ്യത്തെ ബസ് 3.30 ആണ്. അതു തിരുനെൽവേലിന്നു വരുന്നതാണ്. ഇനി അടുത്ത ബസ് 8.15 ഉള്ളു” എന്നും പറഞ്ഞു. ഇത്രയും നന്നായി മലയാളം പറയാൻ നിങ്ങൾക് എങ്ങനെ അറിയുന്നു എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഗൾഫിൽ ആയിരുന്നു എന്നും റൂമിൽ മലയാളികളായ മലപ്പുറം കോഴിക്കോട് കാർ ആയിരുന്നു അതൊക്കെ കൊണ്ട് മലയാളം നന്നായി അറിയാമെന്നും മലയാളികളെ ഒത്തിരി ഇഷ്ടം ആണെന്നും പറഞ്ഞു. മാഞ്ചോലയെക്കാളും നല്ലത് അതു കഴിഞ്ഞു ഉള്ള ഊത് മല ആണെന്നും നിങ്ങൾ അങ്ങോട്ടേക്ക് ടിക്കറ്റ് എടുത്താൽ മതിയെന്നും പറഞ്ഞു. ജീവിതത്തിൽ ഇന്നോളം കേട്ടിട്ടില്ലത്ത ഒരു പുതിയ അറിവ് ആയിരുന്നു അദ്ദേഹത്തോട് ന്ദിയും പറഞ്ഞു ഞാൻ അയാളുടെ ഒരു ഫോട്ടോയും എടുത്തു. തെങ്കാശി യിൽ ഏതോ ആവശ്യത്തിന് പോകാൻ വന്നതായിരുന്നു ആ മനുഷ്യൻ. പേര് അബ്ദുൽ ഖാദർ.

ഏതായാലും ബസ് 8. നു ശേഷം ഉള്ളു ഇനി മ്മക്ക് ഒരു ചായ കുടിക്കാം . ബസ് സ്റ്റാൻഡിനു അടുത്തുള്ള ടീ ഷോപ്പിൽ പോയി ചായകുടിച്ചു. ആ സമയം സുജിത്തിന്റെ കൂട്ടുകാരൻ താഹിർ ന്റെ പരിചയത്തിൽ ഒരു റൂം ഉണ്ടെന്നു പറഞ്ഞു ഒരു വയനാട് കാരൻ അവിടെ താമസം ഉണ്ടന്നും നമുക്ക് അങ്ങോട്ട് പോകാന്നു പറഞ്ഞു . ഒരു ഓട്ടോ പിടിച്ചു അങ്ങോട്ട്‌ പോയി. അവിടെ എത്തി കുളിച്ചു ഫ്രഷ് ആയി തിരിച്ചു ബസ് സ്റ്റാണ്ടിലേക് വന്നു. വന്നവഴി ഹോട്ടലിൽ കയറി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. ഇഡലിയും സാമ്പാറും ചായയും വടയും. ഒരു ചെറിയ ഹോട്ടൽ ആണ് പക്ഷെ ഒടുക്കത്തെ ടേസ്റ്റ്. നമ്മുടെ നാട്ടിലെ തമിഴന്മാരുടെ വെജിറ്റേറിയൻ ഹോട്ടൽ എടുത്തു കിണറ്റിൽ ഇടാൻ തോന്നി അവിടത്തെ ഫുഡ്‌ കഴിച്ചപ്പോൾ. വട യുടെ ടേസ്റ്റ് പറഞ്ഞാൽ തീരില്ല.

8 മണിയോടെ നമ്മൾ ബസ് സ്റ്റാൻഡിൽ എത്തി. ഒരു കടയുടെ തിണ്ണയിൽ ഞാനും അമ്മയും കുത്തി ഇരുന്നു . സൈഡ് സീറ്റ് തന്നെ പിടിക്കണം എന്നമ്മയോട് ഞാൻ പറഞ്ഞു. ഏകദേശം 8 15 ഓടെ ബസ് വന്നു. അമ്മേടെ ബാഗ് എടുത്തു ഞാൻ ബസ് ൽ കേറാൻ നോക്കവേ PT ഉഷ യെ കാളും വേഗത്തിൽ ബാഗും എടുത്തു അമ്മ ബസിൽ കേറി സൈഡ് സീറ്റ്‌ പിടിച്ചു. എനിക്കും കിട്ടി സൈഡ് സീറ്റ്. 8.30 നു ബസ് സ്റ്റാർട്ട്‌ ചെയ്തു.

ഓരോ ചുരവും കയറി ബസ് മുന്നോട്ടു പോകുന്നു. പൊട്ടി പൊളിഞ്ഞ ഒരു വണ്ടിക് മാത്രം കഷ്ടിച്ച് പോകാൻ പറ്റുന്ന ചെറിയ റോഡിലൂടെ വണ്ടി മുന്നോട്ടു പോകുകയാണ്. 2 സൈഡിലും അഗാധമായ കൊക്കകൾ. കൊടും കാട്ടിലൂടെ ഉള്ള ചെറിയ റോഡ് പോകുന്ന വഴിയിൽ മരത്തിന്റെ ചില്ലകൾ ശക്തിയായി ബസ് ൽ തട്ടുന്നു. വിൻഡോയിൽ ഗ്ലാസ്‌ ഇട്ടതു കൊണ്ട് നമ്മുടെ ശരീരത്തിൽ തട്ടുന്നില്ല എന്നേയുള്ളു. ഗവിയിലെ റോഡ് ഉം ഇതുപോലെയാണ്

കുറച്ചു കഴിഞ്ഞു അമ്മ അടുത്തേക്ക് വന്നു ഇന്നലെ തന്ന കപ്പലണ്ടി മുട്ടായി താ അതു തിന്നില്ലേൽ അമ്മ ഉറങ്ങിപോകും എന്ന്. ഞാൻ ബാഗ് ൽ നിന്ന് മുട്ടായി എടുത്തു കൊടുത്തു. ഒരു ചെറിയ കഷ്ണം എടുത്തിട്ട് ബാക്കി തിരിച്ചു തന്നു. എന്റെ സ്വഭാവം അറിയാവുന്ന കൊണ്ടായിരിക്കും മൊത്തത്തിൽ തിന്നു തീർക്കരുത് സുജിത് നു കൂടി കൊടുക്കണം ന്നു പറഞ്ഞു. പോകുന്ന സമയം രാവിലെ കഴിച്ച വട 2 എണ്ണം കൂടി തിരിച്ചു വരുമ്പോൾ വാങ്ങണം എന്നുകൂടി ഓർമിപ്പിച്ചു കൊണ്ട് അമ്മ ലേഡീസ് സീറ്റ്‌ ലേക്ക് പോയി.

മണി മുത്തിയർ ഡാംന്റെ അടുത്ത് ഒരു ചെക് പോസ്റ്റ്‌ ഉണ്ട്. ബസ് അവിടെ 5 മിനിറ്റ് നിർത്തി ഇടുന്ന സമയത്ത് നമുക്ക് വേണേൽ ഫോട്ടോസ് ഒകെ എടുക്കാം. അതും കഴിഞ്ഞു ബസ് ചുരങ്ങൾ ഓരോന്നായി കയറി തുടങ്ങി. മണി മുത്തിയർ ഡാമിലെ കാഴ്ചകൾ കണ്ടു കണ്ടു കൂടെ കപ്പലണ്ടി മുട്ടായിയും ചവച്ചു ചവച്ചു അതിന്റെ രസം കൊണ്ട് ഞാൻ ഉറങ്ങിപോയി. 11.മണിക്ക് ബസ് മാഞ്ചോല എത്തിയപ്പോൾ ചായകുടിക്കാൻ ഇറങ്ങി. ആ സമയം അമ്മ പറയുന്നു “എന്ത് തരം പൂക്കളാണ് മോനെ പോകുന്ന വഴിയിൽ നീ കണ്ടായിരുന്നോ”. “ആ ഞാൻ ഉറങ്ങി പോയി”. അമ്മ എന്റെ മുഖത്തു പുച്ഛത്തോടെ നോക്കി. “ഏതായാലും 10 മിനിറ്റ് ഇവിടെ സമയം ഉണ്ടല്ലോ. ബാ മ്മക്ക് ഫോട്ടോ എടുക്കാം” – അമ്മ എന്നേം വിളിച്ചു കൊണ്ട് പോയി ഫോട്ടോ എടുക്കാൻ തുടങ്ങി.

ഏതോ ക്രിസ്ത്യൻ പള്ളിയുടെ സ്റ്റെപ്പിൽ കയറി പോയി “ഇനി ഞാൻ താഴോട്ട് ഇറങ്ങി വരുന്ന പിക് എടുക്കണം”. അമ്മ ഉത്തരവ് ഇട്ടു.. ശെരി ഞാൻ തലങ്ങും വിലങ്ങും ഫോട്ടോ എടുത്തുതുടങ്ങി . തൊട്ടടുത്ത മരക്കൊമ്പിൽ ഇരുന്ന കരിംകുരങ്ങു എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു. അതിന്റെം രണ്ടു ഫോട്ടോ ഞാൻ എടുത്തു. സെൽഫി എടുക്കാൻ തിരിഞ്ഞപ്പോൾ കുരങ്ങു കണ്ടം വഴി ഓടി. ഈ പള്ളിയിൽ ആകും അല്ലെ മോനെ പണ്ട് നീതു അലക്സൻഡർ ഉം അനിയനും വന്നപ്പോൾ പള്ളിയിലെ അച്ഛൻ ദോശയൊക്കെ കൊടുത്തത്. ആ എനിക്കറിയില്ല അവളോട്‌ നാളെ ചോയിക്കാം. പള്ളിയിൽ കുർബാന നടക്കുന്നുണ്ട് .

10 മിനിറ്റ് ആയപ്പോൾ വീണ്ടും തിരികെ ബസ് ലേക്ക് കയറി. മാഞ്ചോല എസ്റ്റേറ്റ് താണ്ടി ബസ് മുന്നോട്ട് പോകുന്ന വഴിയിൽ തേയില തോട്ടത്തിന് നടുക്ക് ചെറിയ ചെറിയ തടാകങ്ങൾ ഇടുക്കിയിലെ ലാൻഡ്രം പോലെ. ആ തടാകത്തിൽ വെള്ളം കുടിക്കാൻ വരുന്ന നിറയെ പക്ഷികൾ മയിലും കാട്ടുകോഴിയും പേരറിയാത്ത പക്ഷികൾ ഒത്തിരി യുണ്ട്. കുറച്ചു ദൂരം വരെ ബസ് പോകുള്ളൂ പാലം പൊളിഞ്ഞു കിടക്കുകയാണ് എല്ലാവരും ബസ് ൽ നിന്നിറങ്ങി തടിപ്പാലം കടന്നു അപ്പുറത്തേക്ക് നടന്നു. അവിടെ നമ്മളെ കൊണ്ട് പോകാൻ ടെമ്പോ വന്നു കിടപ്പുണ്ട്. ഇനിയുള്ള യാത്രകൾ അതിലാണ് ഒരു സ്റ്റൂൾ ഇട്ടു ഓരോരുത്തരും അതിലേക് കയറി. ബാഗാളികളെ പണിക്കു കൊണ്ട് പോകുന്ന പോലെ ഇനിയുള്ള 5 കിലോമീറ്റർ അതിൽ ആണ് യാത്ര .

വന്നതിനേക്കാളും ചെറിയ റോഡിലൂടെ തേയില തോട്ടങ്ങൾക് നടുവിലൂടെ ടെമ്പോ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. സൂര്യ കിരണങ്ങൾ പോലും കടന്നു വരാൻ പറ്റാത്ത തരത്തിൽ മരങ്ങൾ നിറഞ്ഞ ഒരു കാട്ടുവഴി യിലൂടെ യാത്ര. പോകുന്ന വഴിയിൽ ടീ ഫാക്ടറി കാണാം. ബിബിസിയുടെ (ബോംബെ ബർമ്മ കമ്പനി) ആണ്. കുണ്ടും കുഴിയിലൂടെ യുള്ള റോഡിൽ ടെമ്പോ മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരിക്കുന്നു. വണ്ടിയിൽ നിറയെ തേയില തൊഴിലാളികൾ, തമിഴ് സ്ത്രീകൾ തന്നെ കൂടുതൽ. പാലം തകർന്ന് പോയതിൽ ദൈവത്തിനു നന്ദി പറഞ്ഞു. കാരണം ബസ് ൽ ഇരിക്കുമ്പോൾ കിട്ടുന്ന കാഴ്ചകൾ അല്ല, അതിന്റെ 100 ഇരട്ടി കാഴ്ചകൾ ഈ 5 km യാത്രയിൽ കാണാം.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഊത് മല കണ്ടു തുടങ്ങി. നട്ടുച്ചക്ക് പോലും തണുപ്പ് ആണ് അവിടെ. നിറയെ നിറയെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടുകൾ. ഷീറ്റ് പാകിയ വീടിനു മുകളിൽ മണൽ ചാക്കുകൾ നിറച്ചു വെച്ചിരിക്കുന്ന കാഴ്ചകൾ കാണാം. അവിടെ നല്ല കാറ്റാണ് കാറ്റിൽ ഷീറ്റ് പറന്നു പോകാതിരിക്കാൻ വേണ്ടിയാണു അങ്ങനെ ചെയ്തിരിക്കുന്നത്. 12 മണിയോടെ ബസ് ഊത് മലയിൽ എത്തി ചേർന്നു. ഓരോരുത്തർ ആയി ബസ് ൽ നിന്നിറങ്ങി. അടുത്ത് കണ്ട ഹോട്ടലിലേക്കു കയറി ഉച്ചയ്ക്ക് ഊണ് ഉണ്ടോ എന്നറിയാൻ. ചെന്ന് ഓർഡർ പറഞ്ഞാൽ മാത്രം ഊണ് ഉണ്ടാക്കി തരുന്ന ഹോട്ടൽ ആണ് അല്ലാതെ ചോറൊന്നും അവിടെ വെയ്ക്കാറില്ല ( ലക്ഷക്ഷദ്വീപ് സ്റ്റൈൽ ).

മലയാളി ആയ ഒരാളുടെ ഹോട്ടൽ ആണത് ഹോട്ടൽ ന്റെ ഉടമ പുനലൂർ കാരൻ എന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് ഭയങ്കര സന്തോഷം ഞാനും പത്തനാപുരംകാരി ആണന്നു പറഞ്ഞു പിന്നെ പരിചയപ്പെടൽ ആയി. ഹോട്ടൽ ഉടമ നല്ലൊരു മനുഷ്യൻ ആയിരുന്നു. ഇവിടെ അടുത്ത് ഒരു കുതിരവെട്ടി എന്ന സ്ഥലം ഉണ്ടെന്നും അവിടെ പോകാൻ അനുമതി ഇല്ല എന്നും എന്റെ നാട്ടുകാരി ആയത് കൊണ്ട് ഫോറെസ്റ്റ്ന്റെ പ്രത്യേക അനുമതിവാങ്ങി തരാമെന്നും പോയിട്ട് വരുമ്പോൾ ഊണ് റെഡി ആക്കി വെച്ചേക്കാം എന്നും പറഞ്ഞു. അതുകേട്ടപ്പോൾ ‘അമ്മ അഭിമാനത്തോടെ ഗമയിൽ അങ്ങനെ നിന്നു കണ്ടോ പിള്ളേരെ ഞാൻ ഉള്ളത്കൊണ്ട് കൊണ്ട് നിനക്കു ഒകെ കാട്ടിൽ കയറാൻ പറ്റി എന്നുള്ള മട്ടിൽ.

അയാൾ ആരെയൊക്കെയോ ഫോൺ വിളിച്ചു . അവിടന്ന് ഒരു ചായയും കുടിച്ചു കുറച്ചു വെള്ളവും എടുത്തു കുതിര വെട്ടി ലക്ഷ്യമാക്കി യാത്ര തുടർന്നു. പിന്നെയും 5 കിലോമീറ്റർ ഉൾ കാട്ടിലൂടെ നടന്നു നടന്നു വേണം കുതിര വെട്ടിയിലേക്ക് എത്താൻ. പൈൻ മര കാടും തേയില തോട്ടങ്ങളും താണ്ടി മുന്നോട്ടു നടന്നു. പിന്നെ അങ്ങോട്ട് കാപ്പി തോട്ടം ആണ്. അതു കഴിഞ്ഞു മുന്നോട്ട് പോയാൽ ഇട തൂർന്ന മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വഴിയിൽ ലൂടെ നമ്മൾ നടന്നു. സൂര്യന്റെ പ്രകാശം തീരെ കുറവാണു . നിറയെ പൂക്കൾ ആണ് പോകുന്ന വഴിയിൽ. നീല കുറിഞ്ഞിയെക്കാളും ഭംഗിയുള്ള കാട്ടു പൂക്കൾ. ഒരു വെള്ളച്ചാട്ടം ഉണ്ട് പക്ഷെ വെള്ളം തീരെ കുറവാണു . ഏകദേശം അതിരപ്പിള്ളി വാട്ടർ ഫാൾസ് ന്റെ അത്രയും ഉയരം വരും.

നടന്നു നടന്നു ഞാൻ തളർന്നു എന്നെക്കാൾ വേഗത്തിൽ കുന്നും മലയും താണ്ടി അമ്മ മുന്നിലേക്ക് കുതിക്കുന്നു. അമ്മയ്ക്ക് ബിപി ഒക്കെ ഉള്ളതല്ലേ കുറച്ചു നേരം ഇരുന്ന ശേഷം യാത്ര തുടരാം കുറച്ചു വെള്ളം കുടിച്ചു റസ്റ്റ്‌ എടുത്താലോ? അമ്മയോട് ഞാൻ പറഞ്ഞു. “ഓഹ് പിന്നെ ഇതൊക്കെ ഒരു നടപ്പ് ആണോ. 63 ആം വയസ്സിൽ 15 കിലോമീറ്റർ അപ്പുറം കുദ്രമുക് ട്രെക്കിങ്ങ്നു സജിന അലിയോട് ഒപ്പം കേറിയവളാ ഈ ഞാൻ. അതും പെരുമഴയത്. ചെരിപ്പും പൊട്ടി അവസാനം ചെരിപ്പില്ലാതെ ട്രെക്കിങ്ങ് പൂർത്തി ആയ എന്നോടാണോ നീ റസ്റ്റ്‌ എടുക്കാൻ പറയുന്നേ. നിനക്കു വേണേൽ റസ്റ്റ്‌ എടുത്തോ അതങ്ങു പറഞ്ഞാൽ പോരെ.” അയ്യോടി അമ്മക്കള്ളി കണ്ടുപിടിച്ചു കളഞ്ഞു. ഞൻ മനസ്സിൽ പറഞ്ഞു .

“ആ നീ ഒരു കാര്യം ചെയ്യൂ ബാഗിൽ നിന്നു പഴവും ആപ്പിളും എടുക്ക് നമുക്ക് കഴിച്ചു കഴിച്ചു പോകാം അപ്പൊ ക്ഷീണം അറിയില്ല.” അവസാനം കുതിരവട്ടി എത്തി. ഫോറെസ്റ്റ് ഓഫിസിലേക്ക് കയറി . ഹോട്ടൽ ഉടമ നേരത്തെ റെക്കമെന്റ് ചെയ്തു വന്നവരാണ് എന്നറിഞ്ഞപ്പോൾ കയറ്റി വിട്ടു . 5 മിനിറ്റ് സമയത്തിനകം വ്യൂ പോയിന്റ് കണ്ടു തിരിച്ചു വരണം. അനുമതി ഇല്ലാത്ത സ്ഥലം ആണെന്നും പറഞ്ഞു. എല്ലാം സമ്മതിച്ചു നമ്മൾ വ്യൂ പോയിന്റിലേക് നടന്നു. വ്യൂ പോയിന്റ് ആണ് ഊത് മലയുടെ അവസാനം. അതിനെ കുതിരപ്പെട്ടി എന്ന പേരിൽ അറിയപ്പെടുന്നു . ചെന്ന് കണ്ട കാഴ്ച്ചകൾ പറയാൻ പറ്റില്ല, ഊട്ടിയിലെ കോത്തഗിരിയുടെ വ്യൂ പോയിന്റ് ഒന്നുമല്ല ഇതിന്റെ മുന്നിൽ. ഇവിടെ നിന്നാൽ മണിമുത്തിയാർ ഡാമിലെ കാഴ്ചയും അങ്ങ് ദൂരെ തെങ്കാശി മുതൽ രാജപാളയം വരെ യും പോരാഞ്ഞു അംബാസമുദ്രം മുഴുവൻ നല്ല വ്യക്തമായി കാണാം.

5 മിനിറ്റ് എന്നുള്ളത് 25 മിനിറ്റോളം അവിടെ ചിലവഴിച്ചു. തിരിച്ചു പോകാൻ തോന്നുന്നില്ല. ഒരുപാട് ഫോട്ടോസ് എടുത്തു നമ്മൾ തിരിച്ചു വന്നപ്പോൾ ഒരു ടെമ്പോ വരുന്നുണ്ട്. നമ്മൾ അതിൽ കൈ കാണിച്ചു. വണ്ടി നിർത്തി നമ്മൾ അതിലേക് വലിഞ്ഞു കേറി. കാട്ടിലെ തേനും വിറകും അടയ്ക്കയും കൊണ്ട് പോകാൻ വരുന്ന വണ്ടിയാണ്. മാസത്തിൽ ഒരിക്കൽ മാത്രം വരുന്നുള്ളു എന്നു അതിലെ ജോലിക്കാരൻ വേലയ്യ പറഞ്ഞു. നമ്മൾ മലയാളികൾ ആണെന്നും ആദ്യമായി ആണ് ഇവിടെ വരുന്നത് എന്ന് അറിഞ്ഞ വേലയ്യ പോകുന്ന വഴിയിൽ കാടിന്റെ മുഴുവൻ കഥകൾ പറഞ്ഞു തന്നു. 91 തരം പുലികളെ ഈ കാട്ടിൽ കണ്ടെത്തിയിട്ടുണ്ട് എന്നും അതുകൊണ്ട് ആണ് ഇവിടെ ആരെയും കയറ്റി വിടാത്തത്. നിങ്ങൾ നടന്നു വന്ന വഴിയിൽ ചീറ്റയും പുലിയും കരടിയും എല്ലാമേ ഉണ്ട് അതു നിങ്ങളെ കാണുന്നുണ്ട് നിങ്ങൾ അവയെ കണ്ടില്ലേലും . മാത്രമല്ല 2028 വരെ ഇവിടെ തേയില തോട്ടം അനുവദിക്കുകയുള്ളൂ അത് കഴിഞ്ഞാൽ റിസേർവ് ഫോറെസ്റ്റ് ആകുമെന്നും പിന്നെ ഇങ്ങോട്ട് മനുഷ്യരെ ആരും കടത്തി വിടില്ല. ഇവിടത്തെ തോട്ടം തൊഴിലാളികളെ മുഴുവൻ ഒഴിപ്പിച്ച് ഇവിടെ വന്യ മൃഗ സംരക്ഷണ കേന്ദ്രം ആക്കുമെന്നും പറഞ്ഞു.

അതു കേട്ടതും അതുവരെ ഉണ്ടായിരുന്നു അമ്മയുടെ ധൈര്യം എല്ലാം എങ്ങോട്ടോ ചോർന്നു പോയി. ഹയ്യോ മോനെ ഇത്രയും വന്യ മൃഗങ്ങൾ ഉള്ള കാട്ടിലൂടെ ആണോ നമ്മൾ വന്നത്. അതു കേട്ടപ്പോൾ തോട്ടം തൊഴിലാളി പറഞ്ഞു – “ഇല്ല അമ്മ അതു എല്ലാമേ സാധുക്കൾ. നമ്മൾ അവരെ ഉപദ്രവിക കൂടാതു. അതു ഒന്നുമേ സെയ്യില്ല.” തമിഴ് മലയാളം ഭാഷയിൽ അയാൾ നമ്മളോട് പറഞ്ഞു. ഇറങ്ങിയപ്പോൾ അമ്മ ഒരു 100 രൂപ കൊടുത്തു. വളരെ നിർബന്ധിച്ചു ശേഷമാണു ആ ക്യാഷ് വാങ്ങിയത്.

ഹോട്ടലിൽ ഫുഡ്‌ റെഡി ആയി. ചോറും സാമ്പാറും തോരനും തൈരും അച്ചാറും ചിക്കൻ വേണേൽ അതും റെഡി. അമ്മ ഓരോന്നായി വിളമ്പി. ഫുഡ്‌ കഴിഞ്ഞു വീണ്ടും നമ്മൾ തേയില തോട്ടത്തിലേക്ക് കയറി. വൈകുന്നേരം പോകാൻ 4.30 ആയപ്പോൾ ടെമ്പോ വന്നു. ഇനിയും വരുമെന്ന് പറഞ്ഞു യാത്ര ആയി. രാത്രി 8.30 അംബാസമുദ്രം എത്തി. രാത്രി 11.30 നുള്ള പാലരുവി എക്സ്പ്രസ്സ്‌ ൽ അമ്മയും മോനും കൊല്ലത്തേക്.

ഒരാൾക്കു വന്ന ചിലവ് വണ്ടി കൂലി അടക്കം 300 രൂപ. “ഇനി നമ്മക് തൻജ്ജവൂര് ഒരു ട്രിപ്പ്‌ അങ്ങ് പോകാം മോനെ. അതു കഴിഞ്ഞു കശ്മീർ പോകാം” എന്നും പറഞ്ഞു അമ്മ ഉറക്കം തുടങ്ങി. തൊട്ടടുത്ത സീറ്റിൽ ഞാനും കിടന്നു.. അടുത്ത യാത്രക്കുള്ള മനോഹര സ്വപ്നംവും കണ്ടു.

Nb. ലീലാമ്മ എന്റെ സ്വന്തം അമ്മ അല്ല. പറമ്പികുളത്തെ യാത്രയിൽ എനിക്ക് കിട്ടിയ അമ്മ യാണ്. ആ വയറ്റിൽ നിന്നും ജനിക്കാൻ പറ്റിയില്ല എന്ന സങ്കടം മാത്രം എനിക്കുള്ളൂ. അല്ലേലും ജനിപ്പിച്ചതുകൊണ്ട് മാത്രം അമ്മ ആകില്ല ആരും. പിന്നെ അമ്മയെ കുറിച്ച് പറയുകയാണേൽ അമ്മയുടെ മുന്നിൽ ഞാൻ ഒന്നുമല്ല. ഈ 63 വയസ്സിൽ എന്നേക്കാൾ കൂടുതൽ യാത്ര ചെയ്തു ഞാൻ കേറിയ പർവതങ്ങളെ ക്കാൾ ഉയരത്തിൽ ഉള്ള മലകൾ എന്റെ അമ്മ കീഴടക്കി. പിന്നെ മല കയറാനും നീന്താൻ വരെ എന്നെ തോൽപിച്ച ലീലാമ്മ മരണമാസ് ആണ്. പത്തനാപുരം സ്കൂളിൽ ഹിസ്റ്ററി ടീച്ചർ ആയിരുന്ന ലീലാമ്മ ഇപ്പൊ പെൻഷൻ ആയി നമ്മളോട് ഒപ്പം യാത്ര തുടരുകയാണ്. 28 വയസ് ഉള്ള ഈ മകനും 63 വയസ് അല്ല 36 വയസ്സ് ഉള്ള ഈ അമ്മയും യാത്രകൾ തുടരുകയാണ്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply