തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റിയൂട്ടിന്റെ മുന്നിലൂടെയാണ് കേരളത്തിന്റെ പ്രധാന പാത കടന്നുപോകുന്നതെങ്കിലും അതുവഴിയുള്ള കെഎസ്ആർടിസിയുടെ ഒരു ബസിനും അവിടെ സ്റ്റോപ്പ് അനുവദനീയമല്ല. ദിവസവും ഇവിടെ ഒട്ടനവധിയാളുകൾ വന്നുപോകുന്നു, പ്രത്യേകിച്ച് ആശാൻ ജന്മദിനാഘോഷ ദിനങ്ങളിൽ. ഒന്നര കിലോമീറ്റർ അപ്പുറമുള്ള സ്റ്റോപ്പിൽ ഇറങ്ങി നടന്നുവേണം ഇൻസ്റ്റിറ്റിയൂട്ടിലെത്താൻ. ദൂരെനിന്നും വേഗത കൂടിയ ബസിൽ വരുന്നവർക്കാണ് ഏറെ പ്രയാസം.
സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ വിദേശ സഞ്ചാരികൾ, പഠനയാത്രക്കാർ ഇങ്ങനെ ഒട്ടനവധിപ്പേർ ഈ പ്രയാസം അനുഭവിക്കുന്നു. ആശാനും നാരായണഗുരുവും ഒരുമിച്ചു താമസിച്ചിട്ടുള്ള തോന്നയ്ക്കൽ ഭവനം സാധാരണക്കാരുടെ തീർഥാടനകേന്ദ്രം കൂടിയാണ്. ഇവർക്കൊക്കെ സൗകര്യപ്രദമായി വന്നുപോകാൻ കെഎസ്ആർടിസിയുടെ എല്ലാ വർഗത്തിലുമുള്ള ബസുകൾക്ക് ‘തോന്നയ്ക്കൽ’ എന്ന പേരിൽ ഒരു ബസ് സ്റ്റോപ്പ് ഉണ്ടാവണം.
ബസുകൾ അരമിനിട്ടെങ്കിലും നിർത്തി, കേരളത്തിൽ കുമാരനാശാൻ എന്നൊരു മഹാകവിയുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഒരു വലിയ സാംസ്കാരിക സ്ഥാപനമിതാണെന്നും ബസിലിരിക്കുന്ന ദേശിയും പരദേശിയുമായ യാത്രക്കാരെ കാണിച്ച് അറിയിക്കേണ്ട ബാധ്യത സാംസ്കാരിക വകുപ്പിനും കെഎസ്ആർടിസിക്കും വേണ്ടതല്ലേ? ആശാനോളം മഹാനല്ലായിരുന്നവരുടെ പേരിൽ ഇവിടെ റയിൽവേസ്റ്റേഷനും പാലവും പള്ളിക്കൂടവും പണിയുമ്പോൾ ഈ മഹാകവിയുടെ പേരിൽ അദ്ദേഹത്തിന്റെ നാട്ടിൽ ഒരു ചെറിയ ബസ് സ്റ്റോപ്പ് എങ്കിലും അനുവദിക്കണം. അത് ആ കവിയോടുള്ള കെഎസ്ആർടിസിയുടെ ബഹുമാന സൂചകം കൂടിയായിരിക്കും.
News : Janayugam